'ആശുപത്രിക്കിടക്കയിലിരുന്ന് അച്ഛനെ ആ കഥകൾ വായിച്ചു കേൾപ്പിക്കാമെന്നു ഞാൻ പറഞ്ഞതാണ്, പക്ഷേ... '


By സിറാജ്‌ കാസിം

2 min read
Read later
Print
Share

നടി ഗായത്രി അരുണിന്റെ ആദ്യത്തെ കഥാ സമാഹാരമായ ‘അച്ഛപ്പം കഥകൾ’ ഹൃദയബന്ധങ്ങളുടെ മഷിയിൽ എഴുതിയ പുസ്തകമാണ്.

​ഗായത്രി അരുൺ അച്ഛനൊപ്പം | Photo: instagram.com|gayathri__arun|

കൊച്ചി: അച്ഛന്റെ തമാശകളും അബദ്ധങ്ങളുമൊക്കെ അച്ഛനെ തന്നെ വായിച്ചു കേൾപ്പിക്കാനായി എഴുതിത്തുടങ്ങിയ ഒരു മകൾ. ആ കഥകൾ വായിച്ചാൽ അത്‌ ഏറ്റവുമധികം ആസ്വദിക്കുന്നതും അച്ഛൻ തന്നെയായിരിക്കുമെന്നു മകൾക്ക് ഉറപ്പായിരുന്നു.

മകൾ കുത്തിക്കുറിച്ച ആദ്യത്തെ കഥ വായിച്ച് പൊട്ടിച്ചിരിച്ച അച്ഛന്റെ മിഴികൾ ഇടയ്ക്കെപ്പോഴോ അല്പം നനഞ്ഞിരുന്നു. അച്ഛന്റെ ചിരിയും നനഞ്ഞ മിഴികളും മാത്രം ഓർത്ത്‌ മകൾ പിന്നെയും കുറേ കഥകൾ എഴുതി. ഒടുവിൽ ആ കഥകളെല്ലാം ചേർത്തൊരു സമാഹാരം. ആ കഥകൾ വായിക്കാൻ പ്രിയപ്പെട്ട അച്ഛൻ ഈ ഭൂമിയിൽ ഇല്ലല്ലോയെന്ന സങ്കടത്തിൽ മിഴികൾ നിറയുമ്പോഴും അവൾ പറഞ്ഞു, “ഇത് അച്ഛനുള്ള എന്റെ സമ്മാനമാണ്”.

സിനിമ, സീരിയൽ നടി ഗായത്രി അരുണിന്റെ ആദ്യത്തെ കഥാ സമാഹാരമായ ‘അച്ഛപ്പം കഥകൾ’ ഹൃദയബന്ധങ്ങളുടെ മഷിയിൽ എഴുതിയ പുസ്തകമാണ്. അച്ഛൻ രാമചന്ദ്രൻ നായരുടെ ഓർമകളിൽ ഗായത്രി പറയുന്നതും അതു തന്നെയാണ്.

“അച്ഛൻ പറഞ്ഞ തമാശകളും അച്ഛനു പറ്റിയ അബദ്ധങ്ങളുമൊക്കെ വെറുതെ ഒരു രസത്തിനു ഞാൻ ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടിരുന്നു. അതു വായിച്ച സുഹൃത്തുക്കളാണ് ഇനിയും അതുപോലെ എഴുതിക്കൂടേയെന്നു ചോദിച്ചത്. ഇതൊരു പുസ്തകമാക്കിക്കൂടെയെന്ന്‌ അവർ ചോദിച്ചപ്പോഴാണ് ആ സാധ്യതയെക്കുറിച്ച്‌ ഞാനും ചിന്തിച്ചത്.

അച്ഛന്റെ ഒന്നാം ചരമ വാർഷിക ദിനത്തിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം”-ഗായത്രി എഴുത്തിന്റെ പിറവിയെക്കുറിച്ച് പറഞ്ഞു.

സ്വപ്‌നങ്ങൾ എഴുതിയ ഡയറി

നടി എന്ന മേൽവിലാസത്തിൽ തിളങ്ങുമ്പോഴും അതിനു മുമ്പേ മനസ്സിൽ നിറഞ്ഞ എഴുത്തിന്റെ ഒരു ലോകം ഗായത്രിക്കുണ്ടായിരുന്നു. “സ്വപ്‌നങ്ങൾ എഴുതിവെയ്ക്കുന്ന ഒരു ഡയറി എനിക്കുണ്ടായിരുന്നു. അതു ഞാൻ ആരെയും കാണിച്ചിട്ടില്ല. അതിൽ കുത്തിക്കുറിക്കുമ്പോൾ മനസ്സിൽ നിറയുന്ന വികാരങ്ങൾ ഏറെയായിരുന്നു. മകൾ കല്യാണിയെ ഗർഭം ധരിച്ചിരുന്ന സമയത്ത്‌ ഒരുപാട് സ്വപ്‌നങ്ങൾ കാണുമായിരുന്നു. രാവിലെ ഉണരുമ്പോൾ ഈ സ്വപ്‌നങ്ങളെല്ലാം സിനിമ പോലെ വീണ്ടും മനസ്സിൽ തെളിയും.

അതിൽ പലതും ഡയറിയിൽ കുറിച്ചിട്ടു. ഈ എഴുത്തെല്ലാം ചേർന്നാണ് എന്നിലെ കഥാകാരിയെ സൃഷ്ടിച്ചതെന്നാണ് വിശ്വസിക്കുന്നത്” - ഗായത്രി പറഞ്ഞു.

ആശുപത്രികിടക്കയിലെ അച്ഛൻ

അച്ഛപ്പം ഉണ്ടാക്കിയ കാരക്കാപ്പം, ഇന്ത്യയും ‘ബാക്കിസ്ഥാനും’, ആയിരം ചുംബനങ്ങൾ കുത്തിനിറച്ച കത്ത് എന്നിങ്ങനെ പത്തു കഥകളുടെ സമാഹാരമാണിത്. “ആദ്യത്തെ രണ്ടു കഥകൾ അച്ഛനെ വായിച്ചു കേൾപ്പിച്ചപ്പോൾ പൊട്ടിച്ചിരിയായിരുന്നു മറുപടി. നീ ഇങ്ങനെ എഴുതിയാൽ പത്തെണ്ണം ആകുമ്പോ എനിക്കു പുറത്തിറങ്ങി നടക്കാൻ പറ്റൂല്ലല്ലോ മോളേ എന്നൊരു ഡയലോഗും അച്ഛൻ പറഞ്ഞിരുന്നു.

അവസാനത്തെ കഥകൾ അച്ഛനെ വായിച്ചു കേൾപ്പിക്കാൻ സാധിച്ചിരുന്നില്ല. അതിനിടെ അച്ഛൻ സുഖമില്ലാതെ ആശുപത്രിയിലായി. ഒരു ദിവസം ആശുപത്രിക്കിടക്കയിൽ ചെന്നിരുന്ന് അച്ഛനെ ആ കഥകൾ വായിച്ചു കേൾപ്പിക്കാമെന്നു ഞാൻ പറഞ്ഞതാണ്. പക്ഷേ അതിനു മുമ്പേ അച്ഛൻ...” സങ്കടത്താൽ വാക്കുകൾ മുറിഞ്ഞു.

പിന്നെ നനഞ്ഞ മിഴികളോടെ പറഞ്ഞു, “അക്ഷരങ്ങളോ വാക്കുകളോ ആവശ്യമില്ലാത്ത ഒരു ലോകത്തിരുന്ന്‌ അച്ഛൻ ഇപ്പോൾ ഈ കഥകൾ വായിക്കുന്നുണ്ടാകും”.

മോഹൻലാലും മഞ്ജു വാരിയരും

കഥാ സമാഹാരം പ്രകാശനം ചെയ്യാൻ മോഹൻ ലാൽ, ആദ്യ പ്രതി ഏറ്റുവാങ്ങാൻ മഞ്ജു വാരിയർ. പ്രിയപ്പെട്ട രണ്ടുപേർ നൽകിയ പിന്തുണയുടെ ഊർജമാണ് എഴുത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യമായി ഗായത്രി പറയുന്നത്. “അച്ഛനോർമകളിൽ ജീവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി ഞാൻ ഇതു പ്രകാശനം ചെയ്യുന്നുവെന്നാണു ലാലേട്ടൻ പറഞ്ഞത്. എന്നെ അനുജത്തിയെ പോലെ ചേർത്തുപിടിച്ചാണ്‌ മഞ്ജുച്ചേച്ചി ആദ്യ പ്രതി ഏറ്റുവാങ്ങിയത്. പ്രിയപ്പെട്ടവർ തരുന്ന സ്‌നേഹമാണ് എഴുത്തിൽ ഏറ്റവും വലിയ ഊർജം” - ഗായത്രി പറഞ്ഞു.

Content Highlights: achappam kathakal by actress gayathri arun

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram