കുഞ്ഞ് ജനിച്ചശേഷം അമ്മയ്ക്ക് വിഷാദം ഉണ്ടാകാറുണ്ട്. ഈ സമയം അമ്മ കുഞ്ഞിനെ ശ്രദ്ധിക്കുന്നതിനും പാലുകൊടുക്കുന്നതിനും പരിചരിക്കുന്നതിനുമൊക്കെ മടി കാണിക്കാറുണ്ട്. സ്‌നേഹപൂര്‍ണമായ പരിചരണവും പിന്തുണയും കൊണ്ട് ഈ അവസ്ഥ മറികടക്കാവുന്നതേയുള്ളു. എന്നാല്‍ കുഞ്ഞ് ജനിച്ചശേഷം പിതാവിനും ഇതേ വിഷാദം ഉണ്ടാകാം. ഇരുപത് പേരിൽ ഒരാള്‍ക്ക് വീതം ഇത്തരത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ വിഷാദം ഉണ്ടാകുന്നുണ്ടെന്നാണ് ഗവേഷണം പറയുന്നത്.
പെണ്‍കുട്ടികളുടെ കൗമാരപ്രായത്തില്‍ പിതാവിന് ഉണ്ടാകുന്ന ഡിപ്രഷന്‍ ഭാവിയില്‍ ഇവരുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് വൈകാരികമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും പഠനം പറയുന്നു. പ്രത്യേകിച്ച് കൗമാരക്കാരായ പെണ്‍കുട്ടികളെ ഇത് കൂടുതല്‍ വൈകാരികമായി ബാധിക്കും. എന്നാല്‍ ആണ്‍കുട്ടികളില്‍ ഇത് കാര്യമായ വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് പഠനം വ്യക്തമാക്കുന്നു. വളര്‍ച്ചയുടെ പ്രായത്തില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ പിതാവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇതു മൂലം പിതാവിന്റെ മാനസികാവസ്ഥ ഇവരെ കൂടുതല്‍ സ്വാധീനിക്കുന്നതാകാമെന്നാണ് ഗവേഷണം നിരീക്ഷിക്കുന്നത്.
പിതാവിന്റെ വിഷാദം കുട്ടികളെ എങ്ങനെ ബാധിക്കും എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. ജേണല്‍ ഓഫ് സൈക്കാട്രിയിലാണ് ഇത് പ്രസിദ്ധികരിച്ചിരിക്കുന്നത്. പിതാവിന്റെ വിഷാദം വര്‍ധിക്കുന്നത് കുടുംബത്തിലെ ഏല്ലാവരുടെയും മാനസികാവസ്ഥയെ മോശമായി ബാധിക്കുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജിലെ പ്രൊഫസര്‍ പോള്‍ റാംചാന്ദിനി വ്യക്തമാക്കുന്നു. അമ്മയുടെ മാനസികാവസ്ഥ പോലെ തന്നെ പിതാവിന്റെ മാനസികാവസ്ഥയും ഏറെ പരിഗണന ആവശ്യമുള്ളതാണെന്നാണ് ഇവരുടെ നിരീക്ഷണം.
Content Highlights: Depression of fathers and their daughters linked, finds study