സ്ത്രീധനം വില്ലനാകുമ്പോള്‍


ഡോ.കൊച്ചുറാണി ജോസഫ്‌

3 min read
Read later
Print
Share

ഉത്തരവാദിത്വമുള്ള മാതാപിതാക്കൾ തങ്ങളുടെ അദ്ധ്വാനത്തിന്റെയും സമ്പത്തിന്റെയും ഓഹരി മക്കൾക്ക് നൽകുന്നതിൽ ഉത്സുകരാണ്. മക്കൾക്ക് ന്യായമായ ഷെയർ നൽകുന്നത് ഉചിതവുമാണ്. എന്നാൽ കണക്ക് പറഞ്ഞ് സ്വർണവും മറ്റും വാങ്ങുന്നത് ശോചനീയമായ അവസ്ഥയാണ്.

ഒരു സന്നദ്ധസംഘടന സംഘടിപ്പിച്ച സെമിനാറിൽ ഫാമിലി ബജറ്റിംഗ് എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തതിനുശേഷം പതിവുപോലെ ശ്രോതാക്കളുടെ സംശയനിവാരണത്തിനുതകുന്ന ചോദ്യങ്ങൾക്കായി കാത്തിരിക്കുകയായിരുന്ന ഞാൻ. പെട്ടെന്നാണ് സർക്കാർ ജോലിയിൽനിന്ന് വിരമിക്കാറായ രഘു തന്റെ അനുഭവം പങ്കുവയ്ക്കാൻ അവസരം ചോദിച്ചത്. അദ്ദേഹം പങ്കുവച്ച അനുഭവം ഏറെ ചിന്തിപ്പിക്കുന്നതാണ്. രഘുവിന് രണ്ടു പെൺമക്കളാണ്. വീടിന്റെ ലോണും ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും എല്ലാം കൂടി നാലംഗകുടുംബത്തെ വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം മുന്നോട്ട് തള്ളിനീക്കിയിരുന്നത്.

സാമ്പത്തിക ആസൂത്രണത്തിൽ വളരെ വിദഗ്ധനായിരുന്നു രഘു. അതിനാൽത്തന്നെ തന്റെ മൂത്ത കുട്ടിക്ക് അഞ്ചു വയസ്സായപ്പോൾ മുതൽ അവളുടെ പേരിൽ സമ്പാദ്യം തുടങ്ങിയിരുന്നു. മാസാമാസമടയ്ക്കുന്ന ചെറുതുകയിലൂടെ അവൾക്ക് 20 വയസ്സാവുമ്പോൾ വിവാഹത്തിന് ഉപയോഗിക്കാനുള്ള തുക രഘു സ്വരുക്കൂട്ടി. രണ്ടാമത്തെ കുട്ടിയുടെ ആവശ്യം വരുമ്പോൾ തന്റെ റിട്ടയർമെന്റ് ആവും.

അപ്പോൾ കിട്ടുന്ന റിട്ടയർമെന്റ് ആനുകൂല്യങ്ങൾ അവൾക്കായും ഉപയോഗിക്കാമെന്നും അയാൾ കരുതി. പദ്ധതി ചെയ്തതുപോലെതന്നെ ആദ്യത്തെ കുട്ടിയുടെ വിവാഹം കടമൊന്നുമില്ലാതെ അദ്ദേഹം നടത്തി. അഞ്ചു ലക്ഷം രൂപാ പണമായും 50 പവൻ സ്വർണമായും അയാൾ നൽകി. തന്റെ മകൾക്ക് നല്ല ഒരു ഷെയർ നൽകാനായതിന്റെ ചാരിതാർത്ഥ്യത്തിലായിരുന്ന അദ്ദേഹം.

എന്നാൽ അദ്ദേഹത്തിന് വിഷമമുണ്ടായത് ആ വിവാഹത്തിന് താൻ കൊടുത്ത തുക വരന്റെ വീട്ടുകാർ നിസ്സാരമായി അടിച്ചുപൊളിക്കുന്നത് കണ്ടപ്പോഴാണ്. അദ്ധ്വാനിക്കാതെ ലഭിച്ച പണം പൊങ്ങച്ച സംസ്കാരത്തിൽ നശിപ്പിക്കുന്നതുകണ്ടപ്പോൾ ആ പിതൃഹൃദയം തേങ്ങി. തന്റെ 15 വർഷത്തെ അദ്ധ്വാനഫലം വെറും രണ്ട് ആഴ്ചകൊണ്ട് ഇല്ലാതാക്കാൻ അവർക്ക് കഴിഞ്ഞു.

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ഉത്തരവാദിത്വമുള്ള മാതാപിതാക്കൾ തങ്ങളുടെ അദ്ധ്വാനത്തിന്റെയും സമ്പത്തിന്റെയും ഓഹരി മക്കൾക്ക് നൽകുന്നതിൽ ഉത്സുകരാണ്. മക്കൾക്ക് ന്യായമായ ഷെയർ നൽകുന്നത് ഉചിതവുമാണ്. എന്നാൽ കണക്ക് പറഞ്ഞ് സ്വർണവും മറ്റും വാങ്ങുന്നത് ശോചനീയമായ അവസ്ഥയാണ്.

വിവാഹങ്ങൾ ഇന്ന് ആർഭാടമാണ്. തങ്ങൾക്കില്ലാത്തത് എന്തൊക്കെയോ ഉണ്ടെന്ന് കാട്ടിക്കൂട്ടുവാനുള്ള വ്യഗ്രത പല വിവാഹവേളയിലും ദൃശ്യമാണ്. അത് വിവാഹത്തിന്റെ ക്ഷണക്കത്ത് അടിക്കുമ്പോൾ മുതൽ തുടങ്ങും. ആൺമക്കളുടെ വിവാഹം നടത്തി കടത്തിലായവരുണ്ട്. പിന്നീട് കിട്ടിയതു പോരാ എന്ന സ്ഥിരം പല്ലവിയിൽ പീഡനവും അനുബന്ധപ്രശ്‌നങ്ങളും ഉടലെടുക്കുന്നു.

എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്. ഹാർവി ലിവിങ്സ്റ്റൺ എന്ന സാമ്പത്തികശാസ്ത്രജ്ഞൻ വളരെ മനോഹരമായി മനുഷ്യന്റെ പ്രകടനപരതയെ വിശദമാക്കുന്നുണ്ട്. ബാൻഡ് വാഗൻ, സ്നോബ്, വെബ്ലൻ എന്നീ മൂന്ന് ഇഫക്ടുകളായിട്ടാണ് അദ്ദേഹം ഇതിനെ ചിത്രീകരിക്കുന്നത്. മറ്റുള്ളവർക്കൊക്കെ ഉള്ളതുകൊണ്ട് എനിക്കുവേണം. എന്ന് ബാൻഡ് വാഗൻ ഇഫക്ട് പറയുമ്പോൾ മറ്റുള്ളവർക്കാർക്കും ഇല്ലാത്തതുകൊണ്ട് എനിക്ക് വേണം എന്നതാണ് സ്നോബ് ഇഫക്ട് പറയുന്നത്.

എല്ലാവരും ആയിരക്കണക്കിനാൾക്കാരെ വിളിച്ച് സദ്യ നടത്തുമ്പോൾ നമ്മൾ എന്തിന് കുറയ്ക്കണം എന്നതാണ് ബാൻഡ്‌വാഗൻ ഇഫക്ടിലൂടെയുള്ള ചോദ്യം. മാത്രവുമല്ല വിളിക്കാൻ ധാരാളം പേരുമുണ്ട്. പക്ഷെ അത് പെൺവീട്ടുകാരുടെ ഓഹരി ഉപയോഗിച്ചുവേണം എന്ന ചിന്തയാണ് തെറ്റ്.

ഇനി അവളുടെ കാര്യങ്ങളെല്ലാം ഞങ്ങളെല്ലെ നോക്കുന്നത് എന്ന് ചിന്തിക്കുമ്പോഴും അവളും കൂടി ജോലിചെയ്താണ് ജീവിതം നയിക്കുന്നത് എന്ന് സൗകര്യപൂർവം മറന്നുപോവുന്നു. വരനും വധുവും രഥത്തിൽ യാത്ര ചെയ്യുന്നത് അപൂർവമായതുകൊണ്ട് എനിക്കും ആവണം എന്ന സ്നോബ് ഇഫക്ടും കടം വർധിപ്പിക്കുന്നു. താരതമ്യേന വില കുറഞ്ഞ വസ്തുക്കൾ ലഭ്യമാവുമ്പോഴും വിലയേറിയതിന്റെ പിന്നാലെ പോവുന്ന വെബ്ലൻ ഇഫക്ടും കൂടി ചേരുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോവുന്നു. മകളുടെ വിവാഹത്തോടെ ഉണ്ടായിരുന്ന കിടപ്പിടം പോലും നഷ്ടപ്പെട്ട ധാരാളം കുടുംബങ്ങൾ നമുക്ക് ചുറ്റുമുണ്ട്.

എന്താണ് ഇതിന് പ്രതിവിധി? വിവാഹങ്ങൾ ഷോ ആക്കാതിരിക്കാൻ ശ്രദ്ധിക്കുക. വിവാഹച്ചെലവ് ഒരു മാനസിക പക്വതയുടേയും മാന്യതയുടേയും ലക്ഷണമാക്കുക. ആവശ്യത്തിനുള്ള ആഹാരം വിളമ്പുക. വിവാഹത്തിന് ലഭിച്ച ഓഹരി മക്കൾക്ക് ആസ്തിയാവത്തവിധം നിക്ഷേപിക്കുക. അത് അവരുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ ആദ്യപടിയാകും. ആൺമക്കളുടെ വിവാഹം നടത്താനുള്ള ആസ്തി അവർക്കുണ്ടായതിനുശേഷം മാത്രം വിവാഹം നടത്തുക.

സാധിക്കുമെങ്കിൽ വിവാഹത്തോടനുബന്ധിച്ച് വലിയ പബ്ലിസിറ്റിയില്ലാതെ ക്ഷേമപ്രവർത്തനങ്ങൾ നടത്തുക. ബിൽഗേറ്റ്‌സിന്റെ അഭിപ്രായം ഓർക്കുക. ‘നിങ്ങളുടെ കൈയിൽ ആവശ്യത്തിലധികം പണം പെട്ടെന്ന് എത്തിച്ചേർന്നാൽ നിങ്ങൾ ആരാണ് എന്ന്‌ നിങ്ങൾ മാത്രം മറന്നുപോവുന്നു. നിങ്ങളുടെ കൈയിൽ ആവശ്യത്തിന് പണമില്ലെങ്കിൽ നിങ്ങൾ ആരാണെന്ന് മറ്റുള്ളവരും മറന്നുപോവുന്നു.’

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram