എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച് സ്വന്തം കാര്യങ്ങള്‍ മറക്കുന്നവരാണ് സ്ത്രീകള്‍. കുട്ടികളും കുടുംബവുമായുള്ള നെട്ടോട്ടത്തിനിടയില്‍ നേരാം വണ്ണം ആഹാരം പോലും കഴിക്കാതെ, ക്ഷീണവും മറ്റും വകവെക്കാതെ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവര്‍ . എന്നാല്‍ ഏതു പ്രായത്തിലായാലും സ്ത്രീകള്‍ ആഹാര കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചേ തീരൂ. ഒരു സ്ത്രീയെന്ന നിലയില്‍ നമ്മള്‍ ജീവിതത്തിലുടനീളം വളരെയധികം മാറ്റങ്ങള്‍ക്ക് വിധേയരാകും. നമ്മുടെ ശരീരത്തിന്റെ ആവശ്യങ്ങള്‍ പുരുഷന്മാരില്‍ നിന്നും വ്യത്യസ്തമാണ്. ഓരോ സ്ത്രീയ്ക്കും അവളുടെ ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള വ്യത്യസ്ത സപ്ലിമെന്റ്‌സ് കൂടിയേ മതിയാകൂ. അത്തരത്തില്‍ സ്ത്രീ ശരീരത്തിന് ആവശ്യമായ സപ്ലിമെന്റ്‌സ് എന്തൊക്കയെന്നു നോക്കാം.
മള്‍ട്ടി വിറ്റാമിനുകള്‍
പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവയടങ്ങിയ ഡയറ്റ് നിങ്ങളുടെ ശരീരത്തിന വേണ്ട ദൈനംദിന മള്‍ട്ടി വിറ്റാമിനുകള്‍ ലഭിക്കുന്നതിന് പര്യാപ്തമാണ്. എന്നാല്‍ ഇന്നത്തെ ജീവിതരീതിയും ഭക്ഷണത്തിന്റെ നിലവാരമില്ലായ്മയും ഇവ വേണ്ട അളവില്‍ ലഭിക്കുന്നതിന് തടസ്സമാകും. വിറ്റാമിന്‍ എ, സി, ഡി, ഇ അയേണ്‍, സിങ്ക് എന്നിവ ലഭ്യമാകുന്ന ആഹാര പാതാര്‍ത്ഥങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
പ്രോട്ടീന്‍സ്
ശരീരത്തിലെ കൊഴുപ്പു നിയന്ത്രിക്കാനും,വയറു കുറയ്ക്കാനും പേശികള്‍ക്കും മസിലുകള്‍ക്കും ബലത്തിനും പ്രോട്ടീന്‍സ് അവശ്യ ഘടകമാണ്. ഇറച്ചി, മത്സ്യം, നട്ട്‌സ് എന്നിവയിലെല്ലാം ധാരാളം പ്രോട്ടീന്‍സ് ലഭ്യമാകും.
ഒമേഗ 3
തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഒമേഗ 3 ഫാറ്റി ആസിഡ്‌സ് അവശ്യ ഘടകമാണ്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിലും ശരീരത്തിന്റെ താപം നിയന്ത്രിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. നമ്മുടെ ശരീരത്തിന് ഒമേഗ 3 ഫാറ്റി ആസിഡ് സ്വയം നിര്‍മ്മിക്കാനാവില്ല. അതിനാല്‍ ഇവ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തേണ്ടത് അത്യാവശ്യമാണ്. നാട്ടില്‍ ധാരാളമായി കണ്ടു വരുന്ന മത്തി ഒമേഗ 3 ഫാറ്റി അസിഡിനാല്‍ സമ്പുഷ്ടമാണ്
കാല്‍ഷ്യം
എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും പേശികളുടെയും മസിലുകളുടെയും സങ്കോചത്തിനും വിപുലീകരണത്തിനും ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതിനും നാഡീവ്യവസ്ഥയിലൂടെ സന്ദേശങ്ങള്‍ അയക്കുന്നതിനും കാല്‍ഷ്യം അത്യാവശ്യ ഘടകമാണ്. ആര്‍ത്തവ വിരാമം സംഭവിച്ച സ്ത്രീകള്‍ക്കും യുവതികള്‍ക്കും വേണ്ട അളവില്‍ കാല്‍ഷ്യം ലഭിച്ചേ തീരു. പാല്‍ വെണ്ണ തൈര് ഇലക്കറികള്‍ എന്നിവയെല്ലാം കാല്‍ഷ്യത്തിന്റെ കലവറകളാണ്.
ഇരുമ്പ്
ശരീരത്തില്‍ ഓക്‌സിജന്‍ വഹിക്കുന്നതിലും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിലും രോഗപ്രതിരോധത്തെ പിന്തുണയ്ക്കുന്നതിലും ശരീരത്തിലെ ഊഷ്മാവ് നിയന്ത്രിക്കുന്നതിലും സെല്ലുകളുടെ ശരിയായ വളര്‍ച്ചക്കും അയേണ്‍ അത്യാവശ്യ ഘടകമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നത് വിളര്‍ച്ച, ക്ഷീണം , എന്നിവ ഉണ്ടാക്കുകയും , രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്നതിനും കാരാണമാകുന്നു. ഈന്തപ്പഴം, ചിക്കന്‍ ലിവര്‍,ധാന്യങ്ങള്‍,ഉരുളക്കിഴങ്ങ്, ഇലക്കറികള്‍ എന്നിവയെല്ലാം ഇരുമ്പിനാല്‍ സമൃദ്ധമാണ്.
ആന്റി ഓക്‌സിഡന്റ്‌സ്
അസ്ഥിര പദാര്‍ഥങ്ങളായ ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്നും ശരീരത്തെയും കോശങ്ങളെയും സംരക്ഷിക്കുന്നതാണ് ആന്റിഓക്‌സിഡന്റുകള്‍. ടെന്‍ഷനും സമ്മര്‍ദ്ദവും അനുഭവിക്കുന്ന സ്ത്രീകള്‍ നിത്യ ഭക്ഷണത്തില്‍ ആന്റി ഓക്‌സിഡന്റസ് ഉള്‍പെടുത്തിയെ മതിയാകൂ. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനുള്ള കഴിവ് ആന്റി ഓക്‌സിഡന്റ്‌സുകള്‍ക്കുണ്ട്.ഗ്രീന്‍ ടീ, ബ്രൊക്കോളി, ചുവന്ന മാംസം, ഡാര്‍ക്ക് ചോക്ലേറ്റ, എന്നിവയെല്ലാം
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്.
വിഷരഹിതമായ ഒരു വസ്തു പോലും ലഭിക്കാത്ത ഇന്നത്തെ കാലത്ത് ഇത്തരം സപ്ലിമെന്റ്‌സ് ലഭിക്കാന്‍ പലരും മരുന്നുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ മരുന്നുകള്‍ കഴിക്കുന്നത് ഏതെങ്കിലും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനോടുകൂടി വേണമെന്ന് മാത്രം