ഒരുദിവസം പെട്ടെന്നാണറിയുന്നത് ഇതുവരെ ജീവിച്ചതുപോലെ ഇനി ജീവിക്കാനാവില്ലെന്ന്. വീട്ടിലും ഓഫീസിലും പ്രത്യേകിച്ച് പ്രയാസങ്ങളൊന്നുമില്ലാതെ പോയ്‌ക്കൊണ്ടിരുന്നതാണ്. പക്ഷേ ഒറ്റ ദിവസംകൊണ്ട് എല്ലാം മാറ്റേണ്ടി വരുന്നു. ഭക്ഷണം, ഉറക്കം, നടത്തം, കിടത്തം.. എല്ലാം. ഇതുവരെയില്ലാത്ത രോഗങ്ങളിലേക്ക് ജീവിതം നീങ്ങുന്നു.
ഇത്തരം സംഭവങ്ങള്‍ ഏറിവരികയാണോ? മാറിയ കാലം സ്ത്രീകളെ പുതിയ രോഗങ്ങളുമായി കൂട്ടിക്കെട്ടിയിടുകയാണെന്നുവേണം കരുതാന്‍. അതിനുള്ള തെളിവുകള്‍ ഏറെയാണ്. ഏഴാം വയസ്സില്‍ ആര്‍ത്തവം, പതിമൂന്നും പതിനാലും വയസ്സില്‍ മുതിര്‍ന്നവര്‍ക്കുവരുന്ന പ്രമേഹം, പതിനേഴാം വയസ്സില്‍ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം, 35 ല്‍ ആര്‍ത്തവ വിരാമം, നാല്‍പതു കഴിയുന്നതോടെ രക്തസ്രാവം...
പഴയകാലത്ത് സ്ത്രീകള്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു പൊതുവേ. എന്നാല്‍ മാറിയ കാലത്തെ ജീവിതശൈലീ രോഗങ്ങള്‍ സ്ത്രീകളെ പ്രത്യേകമായി നോട്ടമിട്ടതുപോലെ. ആര്‍ത്തവ വിരാമംവരെ സ്ത്രീയ്ക്ക് ലഭിച്ചിരുന്ന ഹോര്‍മോണ്‍ സംരക്ഷണം പല കാരണങ്ങള്‍ക്കൊണ്ടും കുറഞ്ഞുവരികയാണെന്നുവേണം കരുതാന്‍.
5 വയസ്സുമുതല്‍ 10 വയസ്സുവരെ
അപക്വ ആര്‍ത്തവം (പ്രീമെച്ച്വര്‍ മെനാര്‍കെ): എട്ടു വയസ്സിനുമുമ്പേ ആര്‍ത്തവമുണ്ടായാല്‍ അത് അപക്വ ആര്‍ത്തവം ആണ്. സാധാരണകുട്ടികളില്‍ പത്തു വയസ്സിനു മുകളിലാണ് ആര്‍ത്തവപ്രായം. ഇപ്പോഴത് ഒമ്പതു വയസ്സുവരെയായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ എട്ടുവയസ്സിനും മുമ്പ് ആര്‍ത്തവമുണ്ടായാല്‍ അതൊരു രോഗാവസ്ഥയായിത്തന്നെ കാണണം.
അപക്വ ആര്‍ത്തവമുണ്ടാവുന്ന കുട്ടികള്‍ പൊക്കം വെക്കുന്നത് കുറയാനിടയുണ്ട്. ഭാവിയില്‍ ഇവരില്‍ ഗര്‍ഭാശയ ക്യാന്‍സറിനും സ്തനാര്‍ബുദത്തിനും സാധ്യത കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു. ആര്‍ത്തവ വിരാമവും നേരത്തേയാകാനിടയുണ്ട്. ആര്‍ത്തവ സമയത്ത് വേണ്ടവിധം ശുചിത്വം പാലിക്കാന്‍ ഈ പ്രായത്തിലുളള കുട്ടിക്ക് അറിഞ്ഞുകൊള്ളണമെന്നില്ല. മാത്രമല്ല, കുട്ടിത്തം വിടുംമുമ്പ് 'വയസ്സറിയിച്ച' കുട്ടി സഹപാഠികളില്‍നിന്ന് ചില്ലറ കളിയാക്കലുകളും കേള്‍ക്കേണ്ടി വന്നേക്കാം.
ഒരിക്കല്‍ ആര്‍ത്തവമുണ്ടായാല്‍ പിന്നീടത് തടഞ്ഞു നിര്‍ത്തി ചികിത്സിക്കാനാവില്ല. എന്നാല്‍ അപക്വ ആര്‍ത്തവം വരാതെ നോക്കാം. ആനാരോഗ്യകരമായ ഭക്ഷണശീലം ഒഴിവാക്കിയാല്‍ മതി. അധിക കാലറിയുള്ള ജങ്ക് ഫുഡുകളാണ് ഇവിടെ വില്ലന്‍. അത് അമിതവളര്‍ച്ചയുണ്ടാക്കും. പ്ലാസ്റ്റിക് കണ്ടയിനറുകളില്‍ ചൂടുള്ള ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുമ്പോഴുണ്ടാവുന്ന രാസവസ്തു സ്ത്രീഹോര്‍മോണായ ഈസ്ട്രജന്‍ പോലെ കുട്ടികളുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതായി പഠനങ്ങളില്‍ െതളിയിക്കപ്പെട്ടിട്ടുണ്ട്. ഇതും കുട്ടികള്‍ പെട്ടെന്ന് 'സ്ത്രീ'യാവുന്നതിന് കാരണമാവുന്നു. ലൈംഗിക ദൃശ്യങ്ങളുമായും വായനയുമായും കൂടുതല്‍ ബന്ധമുണ്ടാവുന്നതും അപക്വ ആര്‍ത്തവത്തിന് ഒരു കാരണമാണ്. ഇത്തരം ദൃശ്യങ്ങളും വായനയും ഹൈപ്പോത്തലാമസിനെ ഉണര്‍ത്തും. ഇതോടെ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള നിര്‍ദ്ദേശം ഹൈപ്പോത്തലാമസില്‍നിന്ന് ഓവറിക്ക് നേരത്തേതന്നെ കിട്ടും. ആര്‍ത്തവം നേരത്തേയെത്തും.
10 മുതല്‍ 20 വരെ
ആര്‍ത്തവം വൈകുന്നത് (ലേറ്റ് മെനാര്‍കെ): 16 വയസ്സായിട്ടും ആര്‍ത്തവം ഉണ്ടാവാത്ത അവസ്ഥയാണ് ലേറ്റ് മെനാര്‍കെ. വിശദമായ പരിശോധനകളാണ് ആദ്യം വേണ്ടത്. ചിലരില്‍ ഗര്‍ഭപാത്രംതന്നെ ഇല്ലാതെ കാണാറുണ്ട്. മറ്റു ചിലപ്പോള്‍ ഗര്‍ഭപാത്രത്തിന് രൂപവ്യത്യാസമുണ്ടാവാം. ആണ്‍-പെണ്‍ ക്രോമോസോമുകള്‍ കലര്‍ന്ന് കാണുന്നവരിലും ആര്‍ത്തവമുണ്ടാകാതിരിക്കാം. എന്നാല്‍ ഇത്തരം ഗുരുതര കാരണങ്ങള്‍ക്കൊണ്ടല്ലാതെയും ആര്‍ത്തവം വൈകാം. സ്‌കാനിങ്ങുള്‍പ്പെെടയുളള പരിശോധനകള്‍ നടത്തണം.
ഹ്രസ്വ കാലഹോര്‍മോണ്‍ ചികിത്സകൊണ്ട് ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ചിലര്‍ക്ക് ദീര്‍ഘകാല ചികിത്സ വേണ്ടിവരും.
(10മുതല്‍ 20 വരെ)
1)5 വയസ്സുവരെ ആര്‍ത്തവമുണ്ടായിട്ടില്ലെങ്കില്‍ ഹോര്‍മോണ്‍ ടെസ്റ്റുകള്‍, എം ആര്‍ ഐ സ്‌കാനിങ്, ക്രോമസോം സ്റ്റഡി.
2)ആര്‍ത്തവ ക്രമക്കേടുകളോ അമിതമായ തടിയോ കാണുന്നുണ്ടെങ്കില്‍ തൈറോയ്ഡ് ടെസ്റ്റുകള്‍.
3)പി. സി. ഒ. ഡി ഉണ്ടോ എന്നറിയാന്‍ സ്‌കാനിങ്.
4)സെര്‍വാറിക്‌സ് വാക്‌സിന്‍ (ഗര്‍ഭാശയഗള കാന്‍സര്‍ തടയാനുള്ള വാക്‌സിന്‍)
പകര്‍ച്ചവ്യാധിപോലെ പടരുകയാണ് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസോര്‍ഡര്‍ (പി.സി.ഒ.ഡി) എന്നു പറഞ്ഞാല്‍ തെറ്റില്ല. കേരളത്തിലെ പെണ്‍കുട്ടികളില്‍ പി.സി.ഒ.ഡിയുടെ അളവ് അടുത്തകാലത്തായി പതിന്മടങ്ങാണ് ഉയര്‍ന്നത്. എന്താണ് ഈ രോഗം?
അണ്ഡാശയ ഭിത്തിയില്‍ അനേകം തരികള്‍നിറഞ്ഞിരിക്കുന്നതുപോലെയുള്ള അവസ്ഥയാണ് പി.സി.ഒ.ഡി. കൗമാരപ്രായത്തിലാണ് ഇതിന്റെ തുടക്കം.
ക്രമരഹിത ആര്‍ത്തവമാണ് പ്രധാന ലക്ഷണം. ചിലപ്പോള്‍ രണ്ടോ മൂേന്നാ മാസം ആര്‍ത്തവമുണ്ടാവില്ല. വരുമ്പോള്‍ പത്തോ ഇരുപതോ ദിവസം തുടര്‍ച്ചയായി രക്തസ്രാവം. ആദ്യ ആര്‍ത്തവം മുതല്‍ ഒരു വര്‍ഷത്തിനുശേഷവും ആര്‍ത്തവം ക്രമപ്പെട്ടിട്ടില്ലെങ്കില്‍ ശ്രദ്ധിക്കണം. ആര്‍ത്തവം ക്രമമല്ലാത്തിനാല്‍ത്തന്നെ ഇത് ഗര്‍ഭധാരണത്തെയും പ്രതികൂലമായി ബാധിക്കും.
ഇത്തരം കുട്ടികളില്‍ രോമവളര്‍ച്ച കൂടുതലായിരിക്കും. ചിലര്‍ക്ക് ധാരാളമായി മുഖക്കുരുവും അമിത വണ്ണവും കാണാം. (എല്ലാ മുഖക്കുരുവും രോമവളര്‍ച്ചയും പി.സി.ഒ.ഡി യുടെ ലക്ഷണമല്ല). പി.സി.ഒ.ഡി കൂടുതലാണെങ്കില്‍ ചിലര്‍ക്ക് കഴുത്തിനുചുറ്റും കറുത്ത പാടുകള്‍ കാണാം.ഏറെക്കുറേ ഇതൊരു ജനിതകരോഗമാണെന്നു പറയാം. ഒരു കുടുംബത്തില്‍ത്തന്നെ പലര്‍ക്കും പി.സി.ഒ.ഡി കാണാം. എന്നാല്‍ പി.സി.ഒ.ഡി യിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് പുതിയകാല ജീവിതശൈലിക്കുണ്ട്. അമിതമായ ജങ്ക് ഫുഡാണ് ഇതില്‍ പ്രധാനം. ഇത് അമിതവണ്ണത്തിലേക്ക് നയിക്കും. എന്നാല്‍ മെലിഞ്ഞ കുട്ടികളിലും പി.സി.ഒ.ഡി കാണാറുണ്ട്. ഇവരും കഴിക്കുന്നത് ജങ്ക് ഫുഡ് തെന്ന. പക്ഷേ ശാരീരിക പ്രത്യേകതകൊണ്ട് വണ്ണം വെക്കുന്നില്ലെന്നു മാത്രം. പി.സി.ഒ.ഡിയുള്ളവരില്‍ പകുതിയും വണ്ണക്കാരും 25 ശതമാനം മെലിഞ്ഞവരുമാണ്.
ഇവരുടെ ശരീരം ശരിയായ രീതിയില്‍ ഇന്‍സുലിന്‍ ഉപയോഗിക്കുന്നതിനു പകരം അതിെന പ്രതിരോധിക്കും.(ഇന്‍സുലിന്‍ റസിസ്റ്റന്‍സ്). ശരീരത്തില്‍ ഉപയോഗിക്കപ്പെടാത്ത ഇന്‍സുലിന്റെ അളവ് കൂടുമ്പോള്‍ ആണ്‍ ഹോര്‍മോണുകള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇതു വേെറയും പ്രശ്‌നങ്ങളുണ്ടാക്കും. പ്രസവ സമയത്തുണ്ടാവുന്ന പ്രമേഹം, നാല്‍പതു വയസ്സിനു ശേഷം രക്തസ്രാവം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഗര്‍ഭാശയ കാന്‍സര്‍ എന്നിവക്കെല്ലാമുള്ള ആദ്യ സൂചനയാണ് പി.സി.ഒ.ഡി.
പി.സി.ഒ.ഡി കണ്ടുപിടിച്ചാല്‍ ആദ്യം ഭക്ഷണശൈലി മാറ്റാം, വ്യായാമം തുടങ്ങാം. അതോടെ പകുതിപേരിലും ഇത് നിയന്ത്രിക്കാം. രക്തസ്രാവം നിയന്ത്രിക്കാന്‍ മരുന്നുകളുണ്ട്. ബ്ലീഡിങ് മൂലം ഹീമോഗ്ലോബിന്‍ കുറയുന്നതു തടയാന്‍ അയേണ്‍ ഗുളികകള്‍ കഴിക്കണം. എന്നിട്ടും ഫലമില്ലെങ്കില്‍ വൈകാതെ ഹോണ്‍മോണ്‍ ചികിത്‌സയിലേക്കു നീങ്ങാം. ഇതിലും ഫലം കണ്ടില്ലെങ്കില്‍ അണ്ഡാശയത്തില്‍ പങ്ചര്‍ ചെയ്ത് പി.സി.ഒ.ഡിയെ മെരുക്കാം.
വിവാഹത്തിനുശേഷം ഗര്‍ഭധാരണം നടക്കാതിരിക്കുേമ്പാഴാണ് പലരും പി.സി.ഒ.ഡി കാര്യമായെടുക്കുന്നത്. എന്നാല്‍ നേരത്തേ ചികിത്സിച്ചാല്‍ ഇത് എളുപ്പത്തില്‍ നിയന്ത്രിക്കാം.
(വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ.സറീന ഖാലിദ്, ഡോ.ആര്‍.ചാന്ദ്‌നി, ഡോ.മിലി മണി, ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.)
( തുടരും)