ആഹാരശീലങ്ങള്‍
ഭക്ഷണത്തെ വളരെയേറെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍. വെജും നോണുമെല്ലാം കഴിക്കും, നോര്‍ത്തിന്ത്യനും ദക്ഷിണേന്ത്യന്‍ വിഭവങ്ങളും ഇറ്റാലിയനുമെല്ലാം ആസ്വദിച്ച് കഴിക്കാറുണ്ട്. ഷൂട്ടിങ് ഇടവേളകളില്‍ കോഴിക്കോട് വീട്ടിലെത്തുമ്പോഴെല്ലാം ഭക്ഷണം കഴിക്കുന്നതാണ് പ്രധാനപരിപാടി.
ഭക്ഷണപ്രേമിയാണെന്ന് കണ്ടാല്‍ പറയില്ല
ഭക്ഷണകാര്യത്തില്‍ ചെറിയ നിയന്ത്രണങ്ങളൊക്കെയുണ്ട്. അരിയാഹാരം കഴിക്കാറില്ല. ചോറും ഒഴിവാക്കി. പകരം ചപ്പാത്തിയോ സാലഡോ കഴിക്കും. ഇഷ്ടമുള്ളതെല്ലാം കഴിക്കും. പക്ഷേ കുറച്ചേ കഴിക്കൂ.
എരിവും മധുരവുമെല്ലാം ഇഷ്ടമാണ്. ഇടനേരങ്ങളില്‍ ചിലപ്പോള്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കും. ശീതളപാനീയങ്ങളോട് താല്പര്യമില്ല. സമയം കിട്ടുമ്പോഴെല്ലാം പുറത്തുപോയി പുതിയ വിഭവങ്ങള്‍ കഴിക്കുന്നതാണ് ഇഷ്ടമുള്ള കാര്യം.
ശരീരം ഫിറ്റാക്കേണ്ടേ
ഫിറ്റ്‌നസ്സില്‍ തീരെ ശ്രദ്ധയില്ലെന്ന് പറയുന്നില്ല. പക്ഷേ ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചനയില്ല. ഡാന്‍സിന്റെ കാര്യത്തിലും ഇതാണ് സ്ഥിതി. ഞാനൊരു പ്രൊഫണല്‍ ഡാന്‍സര്‍ അല്ല. മുന്‍പ് കോളേജില്‍ പഠിക്കുന്ന കാലത്ത് ഡാന്‍സ് ചെയ്യുമായിരുന്നു. ഇപ്പോള്‍ അതും ഇല്ല. ഇടയ്ക്ക് യോഗ ചെയ്തു തുടങ്ങിയിരുന്നു. പക്ഷേ തുടരാന്‍ പറ്റിയില്ല. ഒന്നും കൃത്യമായി ഫോളോ ചെയ്യാന്‍ പറ്റുന്നില്ല എന്നതാണ് എന്റെ പ്രധാന പ്രശ്‌നം.
ഉറക്കം
നല്ല ആഹാരം കഴിച്ച് നന്നായി ഉറങ്ങാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങണമെന്ന് നിര്‍ബന്ധമുണ്ട്. അതിലും കൂടുതല്‍ സമയം കിട്ടിയാല്‍ അതിലും സന്തോഷം.
( ജൂണ്‍ ലക്കം ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത് )