ദിവസം പത്തുതവണ വരെ ഞാന്‍ കരഞ്ഞിരുന്നു; വിഷാദരോഗത്തെ കുറിച്ച് തുറന്നുപറഞ്ഞ് പരിനീതിയും


2 min read
Read later
Print
Share

വിഷാദരോഗത്തിന്റെ പിടിയലകപ്പെട്ട നാളുകളെ കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയും. ഒരു വെബ് ചാററ് ഷോക്കിടയിലാണ് താരം മനസ്സ് തുറന്നത്.

'ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടമായിരുന്നു അത്. 2014-15 സമയത്തായിരുന്നു അത്. ദാവാത് ഇ ഇഷ്‌ക്, കില്‍ ദില്‍ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്ത സമയം. എന്റെ ആദ്യ തിരിച്ചടി. ആ രണ്ടു ചിത്രങ്ങളും ഒന്നുപിറകെ ഒന്നായി റിലീസ് ചെയ്തു. ഞാന്‍ മാനസികമായി തകര്‍ന്നു. ഞാന്‍ എല്ലാവരുമായുമുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചു. എന്റെ വീട്ടുകാരെ പോലും അകറ്റി നിര്‍ത്തി. ദിവസം മുഴുവന്‍ എന്റെ മുറിയില്‍ ചെലവഴിച്ചു. ടിവി കണ്ടും ഉറങ്ങിയും, പുറത്തേക്ക് തുറിച്ചുനോക്കിയിരുന്നും..ഞാന്‍ ഉദാസീനയായിരുന്നു. ദിവസവും പത്തുതവണയെങ്കിലും ഞാന്‍ കരയുമായിരുന്നു.' - പരിനീതി ഓര്‍ക്കുന്നു

സഹോദരന്‍ സഹജാണ് പരിനീതിയെ സഹായിച്ചത്. പരിനീതിക്ക് പിന്തുണയുമായി അദ്ദേഹം ഒപ്പം നിന്നു. പരിനീതിക്ക് മുമ്പ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും, ആലിയ ഭട്ടും തങ്ങള്‍ കടന്നുപോയ വിഷാദത്തിന്റെ നാള്‍വഴികളെ കുറിച്ച് മനസ്സ് തുറന്നിരുന്നു.

വിഷാദരോഗം അഥവാ ഡിപ്രഷന്‍ എന്ന മാനസികാവസ്ഥ, 2030 ആകുന്നതോടെ ലോകത്തെ ഏറ്റവും വ്യാപകമായ ആരോഗ്യപ്രശ്‌നമായിത്തീരുമെന്നാണ് വൈദ്യശാസ്ത്രജ്ഞരുടെയും ാനസികാരോഗ്യവിദഗ്ധരുടെയും കണക്കുകൂട്ടല്‍.

വിഷാദരോഗം തിരിച്ചറിയാന്‍ പ്രയാസം

വിഷാദരോഗം തിരച്ചറിയുക ഏറെ ബുദ്ധിമുട്ടാണ്. തീവ്രമായ രോഗാവസ്ഥയായതിനാല്‍ കൗണ്‍സലിങ് കൊണ്ടുമാത്രം സുഖപ്പെടണമെന്നില്ല. രോഗനിര്‍ണയത്തിനുശേഷം സൈക്കോ തെറാപ്പിയിലൂടെയും ഔഷധചികിത്സയിലുടെയും പൂര്‍ണമായി മാറ്റാനാകും.

കാരണങ്ങള്‍

മസ്തിഷ്‌കത്തിനും നാഡിവ്യൂഹത്തിനും ഉണ്ടാകുന്ന പ്രവര്‍ത്തന വ്യതിയാനമാണ് പ്രധാന കാരണം. ജനിതകഘടകങ്ങളും കാരണമാകുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം തലച്ചോറില്‍ ഉണ്ടാക്കുന്ന വ്യതിയാനം വികാരനിയന്ത്രണം തകരാറിലാക്കി വിഷാദാവസ്ഥ ഉണ്ടാക്കും.

വിദ്യാഭ്യാസ, തൊഴില്‍മേഖകളിലെ സമ്മര്‍ദങ്ങള്‍, ബന്ധങ്ങളിലുണ്ടാകുന്ന സങ്കീര്‍ണത, മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്തത് എന്നിവയെല്ലാം രോഗത്തിലേക്ക് നയിക്കാം. ജൈവഘടികാരം തെറ്റിക്കുന്ന ഉറക്കമില്ലായ്മ ഉള്‍പ്പെടെ ലക്ഷണങ്ങളാണ്.

രോഗം തിരിച്ചറിയണം

വിഷാദം ആര്‍ക്കും വരാം. രോഗമുണ്ടെന്നത് വ്യക്തികള്‍ അംഗീകരിക്കണം. പലപ്പോഴും ഡോക്ടര്‍മാര്‍ക്കുപോലും രോഗം കണ്ടെത്താനാകുന്നില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പലപ്പോഴും ചികിത്സ. ഇത് രോഗിക്ക് സാമ്പത്തികനഷ്ടം മാത്രമാണുണ്ടാക്കുക. രോഗനിര്‍ണയം നടത്തിയാല്‍, വിഷാദം അംഗീകരിച്ച് ശാസ്ത്രീയ ചികിത്സ നടത്തണം. ഫലപ്രദമായ ഔഷധചികിത്സ ലഭ്യമാണ്.

പരിശീലനം വേണം

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിഷാദരോഗം തിരിച്ചറിയാന്‍ പരിശീലനം നല്‍കണം. മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ സ്‌കൂളില്‍നിന്നുതന്നെ പരിശീലനം തുടങ്ങണം. പുതിയ തലമുറയ്ക്ക് പ്രതിസന്ധികളെ നേരിടാനുള്ള കഴിവുകുറവാണ്. അത്തരം അനുഭവങ്ങള്‍ ലഭിക്കുന്ന ജീവിതരീതിയല്ല ഇപ്പോഴത്തേത്. സാമൂഹികബന്ധങ്ങള്‍ കുറഞ്ഞുവരുന്നു. സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. സമൂഹ ജീവിയായി മാറുകയാണ് രോഗത്തെ നേരിടാനുള്ള പോംവഴി.

Content Highlights: Parnineeti reveals about her Depression

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram