പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ആര്‍ത്തവത്തിന്റെ ക്രമം തെറ്റുന്നതിന് ഒരു കാരണമാണ്. അമിത വണ്ണമുള്ളവരിലാണ് പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം കൂടുതലായി കണ്ടിരുന്നത്. എങ്കിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും ഇപ്പോള്‍ സാധ്യത കൂടി വരുന്നുണ്ട്. ഭക്ഷണരീതി, ജീവിതശൈലിയിലെ മാറ്റങ്ങള്‍, ജീനുകളുടെ ക്രമക്കേട്, പാരമ്പര്യം എന്നിവയാകാം ഇതിന്റെ കാരണങ്ങള്‍. ഹോര്‍മോണുകളുടെ വ്യതിയാനമോ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രതിരോധമോ മൂലം പി.സി.ഒ.എസ് വരാവുന്നതാണ്. ഇത് ആരംഭത്തില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കണം. അതുവഴി വന്ധ്യത, അമിതവണ്ണം, അമിത രോമവളര്‍ച്ച എന്നിവയൊക്കെ വരാതെ നോക്കാം. രോഗ ലക്ഷണങ്ങള്‍ അമിതവണ്ണമുളഅളവരിലും മെലിഞ്ഞവരിലും ഒരുപോലെ വരാവുന്നതാണ്.
പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കൂടുമ്പോള്‍ ക്രമംതെറ്റിയ ആര്‍ത്തവത്തിന് സാധ്യതയുണ്ട്. അണ്ഡോത്പാദനം ക്രമത്തില്‍ സംഭവിക്കാത്തതുകൊണ്ട് ആര്‍ത്തചക്രം നീണ്ടുപോകും. മാസമുറ വരുമ്പോള്‍ രക്തസ്രാവം കൂടാന്‍ സാധ്യതയേറുന്നു. എന്നാല്‍ ചിലരില്‍ അളവ് കുറവായിരിക്കും .മുഖത്ത് അമിതമായി മുഖക്കുരു, കാര, കൂടുതല്‍ രോമവളര്‍ച്ച എന്നിവയൊക്കെ കാണാറുണ്ട്. മുടികൊഴിച്ചിലും ഉണ്ടാകാറുണ്ട്. ശരീരത്തില്‍ ഇന്‍സുലിന്‍ സാധാരണനിലയിലാണെങ്കിലും അതിന്റെ പ്രവര്‍ത്തനം പൂര്‍ണരീതിയിലായിരിക്കില്ല. ഇവ പരിഹരിക്കാന്‍ ഭക്ഷണക്രമീകരണവും വ്യായാമവുമാണ് ഏറ്റവും അത്യാവശ്യം.
ഭക്ഷണത്തില്‍ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക. കുറവുള്ള പഴങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ അതായത് ചോറ്, കിഴങ്ങുവര്‍ഗങ്ങള്‍, ബേക്കറി എന്നിവ കഴിവതും ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് എണ്ണയില്‍ ഫ്രൈ ചെയ്തവ എന്നിവ ഉപേക്ഷിക്കണം. മത്സ്യമാംസാദികള്‍ കഴിക്കുമ്പോള്‍ കൊഴുപ്പ് കുറവുള്ളവ തിരഞ്ഞെടുക്കണം.
മെലിഞ്ഞ ശരീരപ്രകൃതിയാണെങ്കിലും ദിവസവും വ്യായാമം ചെയ്യണം. മാനസികസമ്മര്‍ദ്ദം ഒഴിവാക്കാനും ശ്രമിക്കണം. കാപ്പിപോലുള്ളവ ശരീരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കൂട്ടുമെന്നതിനാല്‍ അത് കുറയ്ക്കണം. പ്ലാസ്റ്റിക് കുപ്പിയില്‍നിന്ന് വെള്ളം കുടിക്കുന്നതും നന്നല്ല. കൗമാരപ്രായത്തില്‍തന്നെ നല്ല ഭക്ഷണക്രമം പരിശീലിച്ചാല്‍ ഒരു പിരിധി വരെ ഈ അവസ്ഥകള്‍ തടയാന്‍ കഴിയും.