ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ടാല്‍കം പൗഡര്‍ ഉപയോഗിച്ചതിലൂടെ അണ്ഡാശയ കാന്‍സര്‍ ബാധിച്ച സ്ത്രീക്ക് കമ്പനി 417 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്കണമെന്ന കോടതിവിധി വന്നത് കഴിഞ്ഞ ദിവസമാണ്. സമാന സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. അമേരിക്കയില്‍ നിന്നും മറ്റും പുറത്തുവരുന്ന ഇത്തരം വാര്‍ത്തകളെ ലോകം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ടാല്‍കം പൗഡര്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍ വരുന്നതെങ്ങനെ എന്ന സംശയവും ശക്തമാണ്.
ടാല്‍കം പൗഡറും കാന്‍സറും തമ്മില്‍ എന്താണ് ബന്ധം
മഗ്നീഷ്യം,സിലിക്കണ്‍,ഓക്‌സിജന്‍ എന്നിവ ചേരുന്ന ധാതുവാണ് ടാല്‍ക് . ലോകത്തിലെ ഏറ്റവും മാര്‍ദവമുള്ള ധാതുവും ഇതുതന്നെ. ടാല്‍കം പൗഡര്‍, ബേബി പൗഡര്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയിലെ പ്രധാന ചേരുവയാണ് ഈ ടാല്‍ക്.
ടാല്‍കിന്റെ സ്വാഭാവികസ്ഥിതിയില്‍ ചിലപ്പോഴൊക്കെ കാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് കാണാറുണ്ട്. ഇങ്ങനെയുള്ള ടാല്‍ക് ഉപയോഗിച്ച് പൗഡറുകള്‍ നിര്‍മിക്കുന്നത് വളരെക്കാലം മുമ്പ് തന്നെ അവസാനിപ്പിച്ചു എന്നാണ് പൗഡര്‍ നിര്‍മാണ കമ്പനികള്‍ വാദിക്കുന്നത്. എന്നാല്‍, ഇതില്‍ സത്യം എത്രത്തോളമുണ്ടെന്നത് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല.
ജനനേന്ദ്രിയ ഭാഗങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, ഗര്‍ഭനിരോധന ഉറകള്‍, ഡയഫ്രങ്ങള്‍ എന്നിവയില്‍ ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും ഇത് അണ്ഡാശയ കാന്‍സറിന് വഴിവയ്ക്കുമെന്നുമാണ് അമേരിക്കന്‍ സൊസൈറ്റി ഓഫ് കാന്‍സര്‍ മുന്നറിയിപ്പ് നല്കുന്നത്. ജനനേന്ദ്രിയ ഭാഗത്ത് ഇടുന്ന പൗഡര്‍ യോനിയിലൂടെ ഗര്‍ഭപാത്രത്തിലും ഫലോപിയന്‍ ട്യൂബുകളിലും അണ്ഡാശയത്തിലും എത്തിച്ചേരുന്നതാണ് രോഗകാരണമാകുന്നത്.
ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറും ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.