എനിക്കു മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സ്വന്തം ശക്തിയിലും കഴിവിലും മതിപ്പും ആത്മവിശ്വാസവും തോന്നാൻ ഇത്തരം ലളിതപാഠങ്ങൾ തന്നെ ധാരാളം.”- ഒല്ലൂർ പോലീസ് സ്റ്റേഷനു മുകളിലെ ഷെഡ്ഡിൽ ഒപ്പമുള്ള ചെറുപ്പക്കാരികളേക്കാൾ ചുറുചുറുക്കോടെ സ്ത്രീസുരക്ഷാ പാഠങ്ങൾ അഭ്യസിക്കുന്നതിനിടെ 65 കഴിഞ്ഞ കെ.രമാദേവി പറഞ്ഞു.
തൃശ്ശൂർ വിവേകോദയം സ്കൂളിലെ പ്രധാനാധ്യാപികയായി വിരമിച്ച രമാദേവി ഒളരിക്കരയിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ജീവിതത്തിൽ തനിച്ചാവേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ഒരുവശത്ത്. മാധ്യമങ്ങളിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്ന കവർച്ചകളുടെയും ആക്രമണത്തിന്റെയും പേടിപ്പെടുത്തുന്ന വാർത്തകൾ മറുവശത്ത്.
ഉള്ളിൽ അരക്ഷിതാവസ്ഥ നിറഞ്ഞ സമയത്താണ് ഒല്ലൂരിലെ സൗജന്യ വനിതാ സ്വയംരക്ഷാ പരിശീലനകേന്ദ്രത്തെക്കുറിച്ചറിഞ്ഞതെന്ന് രമാദേവി. വൈകാതെ ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് പ്രവേശനം നേടുകയും ചെയ്തു.
രണ്ടാഴ്ചത്തെ പരിശീലനം ജീവിതത്തിലുണ്ടാക്കിയ മാറ്റം വളരെ വലുതാണെന്ന് ഇവർ പറയുന്നു. സ്വയം പ്രതിരോധത്തിന് സ്വന്തം ശക്തിയിലുള്ള ആത്മവിശ്വാസം മാത്രം മതിയെന്ന പാഠമാണ് തന്നെ ഏറെ സ്വാധീനിച്ചതെന്ന് ടീച്ചർ പറയുന്നു.
ഏത് നിമിഷവും ഉണ്ടാകാവുന്ന അതിക്രമത്തെ പേടിച്ച് ആത്മവിശ്വാസം നശിക്കാതെ കാക്കാൻ, അക്രമിയെ നേരിടാനായി പരിശീലിച്ച ചെറിയ ഉപായങ്ങളുടെ സാധ്യത എത്രവലുതാണെന്ന തിരിച്ചറിവാണ് രമാദേവി ടീച്ചറടക്കം ക്യാമ്പിൽ പരിശീലനം നേടുന്ന മുഴുവൻ സ്ത്രീകളും പ്രകടിപ്പിച്ചത്. ചെമ്മാംകുഴി സ്വദേശിനി വത്സ ജോസ്, ഒല്ലൂരിലെ വീട്ടമ്മ വത്സ ജോസ്, കൂരുക്കുഴിയിലെ കെ.എ. കല തുടങ്ങി ഒട്ടേറെ പേരാണ് സ്വയം പ്രതിരോധത്തിന്റെ സ്ത്രീശക്തിയിൽ ആത്മവിശ്വാസം തിരികെ പിടിച്ച് ജീവിതത്തിലേക്കിറങ്ങുന്നവർ.
“ഇരുട്ടിയാൽ വഴിയിൽ തനിച്ച് നടക്കാൻ എനിക്ക് ഏറെ ഭയമായിരുന്നു. നമ്മുടെ യാത്രകളിൽ വീട്ടുകാരെ എപ്പോഴും ഒപ്പം കൂട്ടാനാവില്ലല്ലോ. നമുക്കു നേരെയുള്ള ആക്രമണം എത്ര കനത്തതായാലും അക്രമിയെ അമ്പരപ്പിക്കാനും അതിലൂടെ സ്വയം രക്ഷയ്ക്ക് അവസരമൊരുക്കാനുമുള്ള പ്രായോഗിക പരിശീലനം എന്റെ ചിന്തകളെ അടിമുടി മാറ്റിക്കഴിഞ്ഞു.” സഹകരണസ്ഥാപനത്തിലെ ജോലിക്കാരിയായ ഒല്ലൂർ സ്വദേശി ശ്രുതിമോൾ സുബ്രന്റെ വാക്കുകൾ നിലനിൽപ്പിനായി പുതിയ വഴിതേടി എത്തിയ സ്ത്രീശക്തിയുടെ കരുത്തിന് തെളിവ്.
ഒല്ലൂർ പോലീസ് സ്റ്റേഷനു മുകളിലാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. മാർച്ച് എട്ടിന് ലോക വനിതാ ദിനത്തിൽ ആ രംഭിച്ച കേന്ദ്ര ത്തിന്റെ ശ്രമഫലമായി ചുരുങ്ങിയ സമയത്തിനുള്ളിൽ 3000ത്തോളം പേർ സ്വയം പ്രതിരോധ പാഠങ്ങളിൽ അറിവ് നേടിക്കഴിഞ്ഞു.
ഒല്ലൂരിലെ കേന്ദ്രത്തിൽ നേരിട്ട് എത്താൻ കഴിയാത്തവർക്കായി സ്കൂളുകൾ, കോളേജുകൾ, വ്യവസായസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശീലകർ നേരിട്ടെത്തി പരിശീലനം നൽകുന്നു.
പരിശീലനം 60 മണിക്കൂർ
ആക്രമണ സ്വഭാവത്തോടെ കയ്യിൽ കയറിപ്പിടിക്കുക, ബസിൽ പിന്നിൽനിന്ന് ശല്യം ചെയ്യുക, ഹാന്റ് ബാഗ് തട്ടിപ്പറിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിക്കുക, ആസിഡ് ആക്രമണം തുടങ്ങി സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന പലതരം അതിക്രമങ്ങളിൽ അക്രമികളെ നേരിടേണ്ട രീതികളാണ് കേന്ദ്രത്തിൽ പരിശീലിപ്പിക്കുന്നത്. സിറ്റി പോലീസ് വനിതാ സെല്ലിന്റെ നേതൃത്വത്തിൽ തുടക്കമിട്ട കേന്ദ്രത്തിൽ വീട്ടമ്മമാരും സ്ത്രീകളുമടക്കം 19 പേർ ഇപ്പോൾ സ്ഥിരം പരീശീലനത്തിലുണ്ട്. ദിവസവും രാവിലെ 10 മുതൽ 12 വരെ ഒല്ലൂർ പോലീസ് സ്റ്റേഷനു മുകളിലാണ് പരിശീലനം. ഇതിനാവശ്യമായ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ശാരീരിക പ്രതിരോധശേഷി ഉയർത്തുന്ന ലഘുവ്യായാമമുറകൾ മുതൽ ആത്മവിശ്വാസമുയർത്തുന്ന ക്ലാസുകൾ വരെയുള്ള പരിശീലന കോഴ്സ് 60 മണിക്കൂർ ആയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിനൊപ്പമാണ് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ അക്രമിയെ അമ്പരപ്പിച്ച് സ്വരക്ഷനേടാനുള്ള പ്രതിരോധപരിശീലനവും. പോലീസ് തയ്യാറാക്കിയ പാഠഭാഗങ്ങളാണ് കേന്ദ്രത്തിൽ അഭ്യസിപ്പിക്കുന്നത്.
മാന്യമായ ശരീരഭാഷയും എതിരാളിയെ പ്രതിരോധിക്കുന്ന നോട്ടവും മൂലം 80 ശതമാനം അക്രമികളും പിന്തിരിയും. 20 ശതമാനം അക്രമികളെ പിന്തിരിപ്പിക്കാൻ മാത്രമേ കായികമായി നേരിടേണ്ടതുള്ളൂ. അപ്രതീക്ഷിത ആക്രമണങ്ങളിൽ സ്ത്രീകൾക്ക് ചെറുത്ത് നിൽക്കാനും രക്ഷപ്പെടാനും കരുത്ത് നൽകുന്ന 13 കായിക വിദ്യകളാണ് സ്ത്രീ സുരക്ഷാ സ്വയംപ്രതിരോധ പാഠങ്ങളിലുള്ളത്.
പാഠങ്ങൾ പുറത്തേക്കും
ഗാർഹിക അതിക്രമങ്ങൾക്ക് പുറമേ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും നടക്കുന്ന കയ്യേറ്റങ്ങൾക്കെതിരെ സ്ത്രീകളിൽ പ്രതികരണശേഷി ഉയർത്തുകയാണ് പരിശീലനകേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സിറ്റി ജനമൈത്രി പോലീസ് അധികൃതർ പറയുന്നു. സി.പി.ഒ.മാരായ പി.കെ. പ്രതിഭ, പി.ബി. ഷിജി, ഐ.എ. ഷീജ, പി.ജെ. ഷൈനി എന്നിവരാണ് പരിശീലകരായുള്ളത്.
തൃശ്ശൂർ സിറ്റി പോലീസ് ഭരണവിഭാഗം എ.സി.പി. എം.കെ. ഗോപാലകൃഷ്ണൻ, വനിതാസെൽ സി.ഐ. ബി. ശുഭാവതി എന്നിവരും ഇവർക്ക് മാർഗനിർദേശങ്ങളുമായി ഒപ്പമുണ്ട്. പരിശീലനം ആവശ്യപ്പെടുന്ന കോളേജുകൾ, സ്കൂളുകൾ, വ്യാപാരസ്ഥാപനങ്ങൾ, ഓഫീസുകൾ, കുടുംബശ്രീകൾ, സ്വയം സഹായസംഘങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിലും സ്ത്രീകൾക്കിടയിൽ സംഘം പ്രതിരോധ പാഠങ്ങളുമായി എത്തുന്നു.
പരിശീലന രീതികളിലൂടെ
സ്വയം രക്ഷയ്ക്കായി അക്രമിയെ കായികമായി നേരിടുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 96, 160 വകുപ്പുകൾ അക്രമത്തിന് ഇരയാകുന്ന ആൾക്ക് സംരക്ഷണം നൽകുന്നുണ്ട്. ആക്രമിക്കാനെത്തുന്ന ആളുടെ ശരീരത്തിലെ ദുർബലഭാഗങ്ങളിൽ അപ്രതീക്ഷിതപ്രഹരമേൽപ്പിച്ച് രക്ഷപ്പെടുന്ന രീതികളിലാണ് പരിശീലനം. അക്രമിയുടെ ദുർബല ഭാഗങ്ങളായ തലമുടി, കണ്ണ്, മൂക്ക്, കണ്ഠമുഴയുടെ ഇരുവശവും, നെഞ്ചിന്റെ മധ്യഭാഗം, മടിക്കുത്ത് എന്നിവയിൽ പ്രഹരമേൽപ്പിക്കാനുള്ള സാധ്യതകളാണ് ഇതിൽ പ്രധാനം.
ഒരു കൈയിൽ അക്രമി ഒരു കൈകൊണ്ട് പിടിച്ചാൽ എതിരാളിയുടെ പിടിത്തത്തിൽ ഏറ്റവും ദുർബലഭാഗമായ വിരലുകൾ ചേരുന്ന ഭാഗത്തേക്ക് കൈ തിരിക്കുന്നതോടൊപ്പം ശരീരവും തിരിച്ചാൽ എത്രശക്തിയുള്ള പിടിത്തവും വിടുവിക്കാം.
പിന്നിൽക്കൂടി വന്ന് മാലപിടിച്ചുപറിക്കാൻശ്രമിച്ചാൽ വലതുഭാഗത്താണെങ്കിൽ ഇടതു കൈകൊണ്ടും ഇടതുഭാഗത്താണെങ്കിൽ വലതു കൈകൊണ്ടും അക്രമിയുടെ കൈത്തണ്ടയിൽ പിടിച്ച് തിരിക്കുക. ഒപ്പം മറുകൈകൊണ്ട് എതിരാളിയുടെ കൈ ശക്തിയായി തിരിച്ച് മടിക്കുത്തിൽ പ്രഹരിച്ച് രക്ഷപ്പെടാം.
ബസ്, തീവണ്ടി യാത്രകളിൽ പിന്നിൽ നിന്നുള്ളശല്യപ്പെടുത്തൽ നേരിടാൻ ആദ്യം നോട്ടംകൊണ്ടും പിന്നീട് മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കും വിധം ഉച്ചത്തിൽ മാറിനിൽക്കാൻ പറഞ്ഞും പിന്തിരിപ്പിക്കാൻ ശ്രമിക്കുക. വീണ്ടും ശല്യം തുടർന്നാൽ കൈമുട്ടുകൊണ്ട് ശല്യക്കാരന്റെ നെഞ്ചിൻകുഴിയിൽ പ്രഹരിക്കുന്നതോടൊപ്പം അല്പം ചെരിഞ്ഞ് മടിക്കുത്തിൽ ശക്തിയായി പ്രഹരിച്ച് രക്ഷനേടാം. വെട്ടിത്തിരിഞ്ഞ് കൈമുട്ടുകൊണ്ട് ശല്യക്കാരന്റെ മുഖത്ത് ഇടിച്ച് രക്ഷപ്പെടാനുമാകും.
പിന്നിൽക്കൂടി ബാഗ് തട്ടിപ്പറിക്കാനുള്ള അക്രമിയുടെ ശ്രമം തടയാൻ ബാഗിൽ ആദ്യം മുറുകെപിടിക്കുക. പിന്നീട് ബാഗ് തൂക്കിയിട്ടിരിക്കുന്ന വശത്തേക്ക് പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് അക്രമിയുടെ മൂക്കിൽ ഉള്ളം കൈകൊണ്ട് പ്രഹരിച്ച് രക്ഷപ്പെടാം. കൂടാതെ കാൽമുട്ടുകൊണ്ട് മടിക്കുത്തിൽ പ്രഹരിച്ചും അക്രമിയെ കീഴ്‌പ്പെടുത്താം.
ലിഫ്റ്റിനുള്ളിലെ അതിക്രമം, എ.ടി.എമ്മുകളിൽ വെച്ചുള്ള ആക്രമണം, ആസിഡ് ആക്രമണം, കത്തി കഴുത്തിൽവെച്ച് ഭീഷണിപ്പെടുത്തൽ, തലമുടിയിൽ പിടിച്ച് ആക്രമിക്കൽ, ലൈംഗികാതിക്രമങ്ങൾ എന്നിവയ്ക്കെതിരെയും ഫലപ്രദമായ പ്രതിരോധമാർഗങ്ങൾ കേന്ദ്രത്തിൽ അഭ്യസിപ്പിക്കുന്നു.