നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദശകത്തിലാണ് തൊഴിലിടത്തിലെ സ്ത്രീസുരക്ഷ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനാവിഷയമായത്. 2007-ല്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീസുരക്ഷാചട്ടവും 2013-ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 'തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍' നിയമവും കുറച്ചൊന്നുമല്ല സ്ത്രീസുരക്ഷയ്ക്ക് ആക്കംകൂട്ടിയത്. എന്നാല്‍, കേന്ദ്ര നിയമത്തെക്കാള്‍ ശക്തമായ വ്യവസ്ഥകളുള്ള, 2007-ല്‍ സംസ്ഥാനം അംഗീകരിച്ച നിയമം റദ്ദാക്കാന്‍ സര്‍ക്കാര്‍തന്നെ അസാധാരണമായ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ചട്ടത്തിലെ വ്യവസ്ഥ ഒഴിവാക്കിയാണ് തൊഴില്‍വകുപ്പ് കരടുചട്ടം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതായത്, കരടുചട്ടം അംഗീകരിക്കപ്പെട്ടാല്‍ കേന്ദ്രനിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംസ്ഥാനത്തെ ലേബര്‍ ഓഫീസര്‍മാര്‍ക്ക് അധികാരമില്ലാതാകും.
എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതിപരിഹാര സമിതി രൂപവത്കരിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന, താരതമ്യേന ദുര്‍ബല വ്യവസ്ഥകളാണ് കേന്ദ്ര നിയമത്തിലുള്ളത്. വീഴ്ചവരുത്തിയാല്‍ 50,000 രൂപ പിഴചുമത്താമെന്നുമാത്രം. എന്നാല്‍, വി.എസ്. സര്‍ക്കാര്‍ അംഗീകരിച്ച നിയമമനുസരിച്ച് സ്ത്രീതൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും അതിന്റെ അനുബന്ധ ശാഖയിലും ഒരു വനിത അധ്യക്ഷയായി ആഭ്യന്തര പരാതിപരിഹാരസമിതി (ഐ.സി.സി.) രൂപവത്കരിക്കണമെന്നും കമ്മിറ്റിയില്‍ പകുതിയും സ്ത്രീകളാകണമെന്നും ലൈംഗികാധിക്ഷേപങ്ങളില്‍ 90 ദിവസത്തിനകം അന്വേഷണം നടത്തണമെന്നും വ്യവസ്ഥയുണ്ട്. 90 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ കമ്മിറ്റിക്കെതിരേ പരാതി നല്‍കാവുന്നതാണ്. ലേബര്‍ ഓഫീസര്‍ക്കാണ് ഈ നടപടികള്‍ പരിശോധിക്കാനുള്ള അധികാരം. നിര്‍ദേശങ്ങളിലേതെങ്കിലും ലംഘിക്കപ്പെട്ടാല്‍ തൊഴിലുടമയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലേബര്‍ ഓഫീസര്‍ക്ക് ശുപാര്‍ശചെയ്യാനും സമിതി രൂപവത്കരിക്കാതിരുന്നാല്‍ രണ്ടുലക്ഷംരൂപ പിഴ ചുമത്താനും അധികാരമുണ്ട്. കരടുബില്‍ പാസായാല്‍ ഇതെല്ലാം റദ്ദാക്കപ്പെടും. സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ ദുര്‍ബലമാകാന്‍ ഇത് വഴിയൊരുക്കുമെന്ന ആശങ്ക ന്യായമാണ്.
സര്‍ക്കാര്‍ നീക്കത്തിനെതിരേ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈനും ഇരിക്കാനുള്ള അവകാശത്തിനായി പോരാടിയ സംഘടിത തൊഴിലാളിയൂണിയന്‍ നേതാവ് പി. വിജി പെണ്‍കൂട്ടും ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളും ലഭിക്കുന്ന പരാതികളും കൂടിവരുകയാണെന്നും ഐ.സി.സി. രൂപവത്കരിക്കാനും പരിശോധിക്കാനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്നുമാണ് വനിതാ കമ്മിഷന്‍ ആവശ്യപ്പെടുന്നത്. വനിതാമതിലൊക്കെ കെട്ടിയ സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ അസംഘടിത തൊഴിലാളി യൂണിയനും വിമര്‍ശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18-ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്മേല്‍ പരാതി ബോധിപ്പിക്കാന്‍ രണ്ടുമാസമാണ് സമയം. അത് തിങ്കളാഴ്ച അവസാനിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനമായതുകൊണ്ടുതന്നെ സര്‍ക്കാര്‍നീക്കം പലരും അറിഞ്ഞിട്ടില്ല. അത് വലിയ ചര്‍ച്ചയായിട്ടുപോലുമില്ല. നവംബര്‍ 14-ന് വ്യാഴാഴ്ച ഞങ്ങള്‍ പ്രസിദ്ധീകരിച്ച 'സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീസുരക്ഷാചട്ടം സര്‍ക്കാര്‍ റദ്ദാക്കുന്നു' എന്ന വാര്‍ത്തയിലൂടെയാണ് ഇത് കേരളം അറിയുന്നതുപോലും. സ്ത്രീസുരക്ഷയുടെപേരില്‍ അധികാരത്തില്‍ വന്ന, ലിംഗസമത്വത്തിനായി നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിച്ച് അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് സ്ത്രീസമൂഹം പ്രതീക്ഷിക്കുന്ന ഒരു നടപടിയല്ല ഇത്. ഇതുപിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
സ്ത്രീസുരക്ഷയുടെപേരില്‍ അധികാരത്തില്‍ വന്ന, ലിംഗസമത്വത്തിനായി നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിച്ച് അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് സ്ത്രീസമൂഹം പ്രതീക്ഷിക്കുന്ന നടപടിയല്ല ഇത്. ഇതുപിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം
Content Highlights: Sexual Harassment Of Women At Workplace, Government repeals Women's Protection Act