ആരാണ് ശനി ശിംഘ്നാപുരും ഹാജി ദർഗയും തുറന്ന് മല കയറാൻ വന്ന തൃപ്തി ദേശായി?


3 min read
Read later
Print
Share

സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷങ്ങള്‍ക്കു ശേഷവും ആരാധനാലയങ്ങളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോരാടെണ്ടി വരുന്നത് നാണക്കേടാണെന്ന് തൃപ്തി പറയുന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ മുറവിളി കൂട്ടുമ്പോള്‍ ശബരിമലയില്‍ കയറിയേ കേരളത്തില്‍ നിന്ന് മടങ്ങൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു വൈകുന്നേരം വരെ തൃപ്തി ദേശായി. എന്നാല്‍ ശബരിമലയില്‍ കയറണമെന്ന് നിര്‍ബന്ധം പിടിക്കുന്ന തൃപ്തി ദേശായി ആരാണെന്ന് ചിന്തിക്കുന്ന മലയാളികൾ കുറവല്ല.

കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലുള്ള നിപാനി എന്ന താലൂക്കില്‍ ജനിച്ച തൃപ്തി ഇന്ത്യയിലെ പ്രശസ്തയായ ലിംഗസമത്വ പ്രവര്‍ത്തകയാണ്. 2010ല്‍ പുണെയിലായിരുന്നു തൃപ്തി ഭൂമാത ബ്രിഗേഡ് എന്ന സംഘടന സ്ഥാപിച്ചത്. സ്ത്രീകള്‍ക്കെതിരായ അനീതിക്കും അഴിമതിക്കുമെതിരായി സ്ഥാപിച്ച സംഘടന ആരാധാനാലയങ്ങളിലെ സ്ത്രീകളുടെ സമത്വത്തിനു വേണ്ടി ശക്തമായി നിലകൊള്ളുന്നുണ്ട്. മഹാരാഷ്ട്രയിലെ ശനി ശിംഘ്നാപുർ ക്ഷേത്രം, മുംബൈയിലെ ഹാജി അലി ദര്‍ഗ തുടങ്ങിയ ആരാധനാലയങ്ങളില്‍ സ്ത്രീപ്രവേശനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ഭൂമാത ബ്രിഗേഡും തൃപ്തി ദേശായിയുമായിരുന്നു.

തൃപ്തിക്ക് എട്ടു വയസുള്ളപ്പോള്‍ കുടുംബം മഹാരാഷ്ട്രയിലുള്ള ആള്‍ദൈവം ഗഗന്‍ ഗിരിമഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് മഹാരാഷ്ട്രയില്‍ താമസമാക്കി. പിന്നീട് തൃപ്തി പുണെയിലെ ശ്രീമതി നതിബാല്‍ ദാമോദര്‍ താക്കര്‍സേ വുമണ്‍ സര്‍വകലാശാലയില്‍ നിന്ന് ഹോം സയന്‍സില്‍ ബിരുദത്തിന് ചേര്‍ന്നെങ്കിലും കുടുംബത്തിലെ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് പഠനം പുര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച 2003 ലായിരുന്നു തൃപ്തി തന്റെ പൊതുപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. ഇക്കാലയളവില്‍ ചേരിനിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘിന്റെ പ്രസിഡന്റായി തൃപ്തിയെ തിരഞ്ഞെടുത്തു. ചേരിനിവസികള്‍ക്കിടയിലെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന തൊഴിലില്ലായ്മയും നിയമപ്രശ്നങ്ങളും കൈകാര്യം ചെയ്യുകയായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം. ഇതിനുശേഷം 2007 മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായിരുന്ന അജിത് പവാര്‍ ഉള്‍പ്പെട്ട 50 കോടിയുടെ സഹകരണബാങ്ക് അഴിമതി കേസ് പുറത്തു കൊണ്ടുവരുന്നതിന് തൃപ്തി മുന്നിട്ടിറങ്ങുകയായിരുന്നു. ബാങ്കില്‍ പണം നിക്ഷേപിച്ച 35,000 പേരുടെ പണം നഷ്ടപ്പെട്ടെന്നായിരുന്നു കേസ്. നാലുവര്‍ഷത്തെ പോരാട്ടത്തിനു ശേഷം 29,000 പേര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ സാധിച്ചു എന്ന് തൃപ്തി അവകാശപ്പെടുന്നു. അജിത് പവാറിനെതിരായ കാമ്പയിന്‍ വിജയം കണ്ടതോടെ ഒരു സംഘടന രൂപവത്കരിക്കണമെന്ന് ആവശ്യമായി പലരും തൃപ്തിയെ സമീപിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് 2010 സെപ്റ്റംബര്‍ 27 ന് തൃപ്തി ദേശായി ഭൂമാത ബ്രിഗേഡ് എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ടത് മണ്ണാണെന്ന ചിന്തയില്‍ നിന്നാണ് സംഘടനയ്ക്ക് ഇങ്ങനെ ഒരു പേരു വന്നതെന്ന് തൃപ്തി പറയുന്നു. പിന്നീട് കര്‍ഷക ആത്മഹത്യ, അഴിമതി, സ്ത്രീകളുടെ അവകാശസംരക്ഷണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയിലും സംഘടന ഇടപെട്ടു തുടങ്ങി. അസമത്വവും അസംതൃപ്തിയും ഉണ്ടാകുന്നിടത്ത് തങ്ങളുടെ സംഘടന ഇടപെടുമെന്ന് തൃപ്തി പറയുന്നു. അണ്ണാ ഹസാരേയുടെ ജൻലോക്പാല്‍ മുന്നേറ്റത്തിനും കള്ളപ്പണത്തിനെതിരായ ബാബാ രാംദേവിന്റെ പോരാട്ടത്തിലും തൃപ്തി പങ്കാളിയായിരുന്നു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കാളിത്തമുള്ള സംഘടനയാണ് ഭൂമാത ബ്രിഗേഡ്. എന്നാല്‍ സംഘടനയില്‍ സ്ത്രീകള്‍ക്കായി ഭൂമാത രാഗിണി ബ്രിഗേഡ് എന്ന പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. 2010 ല്‍ 40 പേര്‍ അംഗങ്ങളായി തുടങ്ങിയ സംഘടന 2016 ല്‍ 5000 അംഗങ്ങളായി വളർന്നു. ലിംഗ വിവേചനത്തിനെതിരേയാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രാര്‍ഥിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് ഉറക്കെ പറഞ്ഞ തൃപ്തിയും ഭൂമാത രാഗിണി ബ്രിഗേഡും ജനശ്രദ്ധ നേടിയത് മഹാരാഷ്ട്രയില്‍ ശനി ശിംഘ്നാപുർ ക്ഷേത്രത്തിൽ സ്ത്രീകള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് നടത്തിയ പോരാട്ടത്തിലൂടെയായിരുന്നു.

2015 ഡിസംബര്‍ 20ന് ശനി ശിംഘ്നാപുർ ക്ഷേത്രത്തിൽ പ്രവേശിക്കാന്‍ തൃപ്തിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും അന്നത് സാധിച്ചില്ല. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയെ സമീപിച്ച തൃപ്തി ക്ഷേത്രത്തിൽ ലിംഗവിവേചനം പാടില്ലെന്ന ഉത്തരവ് നേടിയെടുത്തു. ശനി ശിംഘ്നാപുർ ക്ഷേത്രത്തിനുശേഷം കോലാപുർ മഹാലക്ഷ്മി ക്ഷേത്രത്തിലായിരുന്നു തൃപ്തിയും സംഘടനയും പ്രാര്‍ഥനാ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത്. ക്ഷേത്ര ഭരണസമിതിക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെങ്കിലും പൂജാരിമാരായിരുന്നു തടസ്സം.

എല്ലാ മതത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും അവരുടെ ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ഥിക്കാന്‍ കഴിയണമെന്നും അതിനുള്ള സ്വാതന്ത്ര്യം വേണമെന്നുമാണ് തൃപ്തിയുടെ വാദം. 2012 ലായിരുന്നു ഹാജി അലി ദര്‍ഗയില്‍ സ്ത്രീപ്രവേശനം തടഞ്ഞത്. ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയതിനെതിരേ 2014-ല്‍ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ എന്ന് സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തൃപ്തിയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടത്തില്‍ 100 ഒാളം സ്ത്രീകള്‍ ദര്‍ഗയില്‍ പ്രവേശിക്കുകയായിരുന്നു. നാസിക്കിലെ ത്രയമ്പകേശ്വര ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിനെ തുടര്‍ന്ന് സ്ത്രീ പ്രവേശനം സാധ്യമായിരുന്നു.

നിലവില്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട കാമ്പയിനാണ് തൃപ്തി നടത്തിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് 66 വര്‍ഷങ്ങള്‍ക്കുശേഷവും ആരാധനാലയങ്ങളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോരാടെണ്ടി വരുന്നത് നാണക്കേടാണെന്ന് തൃപ്തി പറയുന്നു.

Content Highlights: who is trupti desai Bhoomatha Brigade

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram