ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും അനുയോജ്യമായ ഡയറ്റ് പ്ലാനുകള്‍ ക്ഷമയോടെ പിന്തുടര്‍ന്നാല്‍ എളുപ്പത്തില്‍ കുറയ്ക്കാന്‍ കഴിയും. കൃത്യമായ ഡയറ്റ് പിന്തുടര്‍ന്ന പഞ്ചാബ് സ്വദേശിനി നവജോത് കൗര്‍ ഏഴുമാസം കൊണ്ട് കുറച്ചത് 20 കിലോയാണ്. 75 കിലോ ശരീരഭാരം ഉണ്ടായിരുന്ന നവജോതിന് ഇപ്പോള്‍ 55 കിലോയാണ് ഭാരം.
ശരീരഭാരം വര്‍ധിച്ചപ്പോള്‍ പലരും വളരെ മോശമായി കളിയാക്കി തുടങ്ങി. ഇതോടെ വീടിനു പുറത്തിറങ്ങാതായി. ശരീരഭാരം ഡിപ്രഷനിലേയ്ക്ക് നയിക്കും എന്ന് അവസ്ഥയായി. മറ്റുള്ളവര്‍ ബോഡി ഷെയിമിങ് നടത്തിയതോടെ താന്‍ ശരീരഭാരം കുറയ്ക്കുന്നതിന്റെ ആവശ്യകഥയെക്കുറിച്ച് ചിന്തിച്ചു തുടങ്ങി എന്ന് നവജോത് പറയുന്നു.
പഞ്ചാബ് കുടുംബത്തില്‍ വളര്‍ന്ന തനിക്ക് ഭക്ഷണത്തോട് അമിത താല്‍പ്പര്യമായിരുന്നു. എന്തുപരിപാടിക്കും മധുരപലഹാരവും നിര്‍ബന്ധമായിരുന്നു. ശരീരഭാരം കുറയ്ക്കണം എന്നു തീരുമാനിച്ചതോടെ ഭക്ഷണകാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. നവജോതിന്റെ ഡയറ്റ്പ്ലാനായിരുന്നു ഏറെ ശ്രദ്ധേയം. പ്രഭാതഭക്ഷണമായി 5 മുട്ടയുടെ വെള്ള ചേര്‍ത്ത ഓംലറ്റ്, ഒരു കപ്പ് കട്ടന്‍ കാപ്പിയും രണ്ടുകഷ്ണം ബ്രൗണ്‍ ബ്രെഡുമാണ് കഴിക്കുക.
ഉച്ച ഭക്ഷണമായി രണ്ട് ചപ്പത്തിക്കൊപ്പം ചീസോ മുട്ടയോ കഴിക്കാം. ഒപ്പം കുക്കുമ്പര്‍ റൈത്തയും ഗ്രീന്‍സലാഡും ഉണ്ടാകും. അത്താഴത്തിന് ഒരു ബൗള്‍ ദാലും ഒരു ചപ്പാത്തിയും ഗ്രീന്‍ സലാഡുമാണ് കഴിക്കുക. പിസ, പാസ്ത, സ്‌ട്രോബറി, ചീസ് കേക്ക്, ഐസ്‌ക്രീം എന്നിവ വല്ലപ്പോഴും കഴിക്കും.
ഒരു ആഴ്ചയില്‍ 5 ദിവസമാണ് വ്യായാമം ചെയ്യുക. 60 മിനിറ്റ്‌വര്‍ക്കൗട്ടും 15 മിനിറ്റ് നടത്തവുമാണ് വ്യായാമം. രാവിലെ എഴുന്നേല്‍ക്കുന്ന ഉടനെ ധാരാളം ചൂടുവെള്ളം കുടിക്കും. വൈകുന്നേരങ്ങളിലും ഇടസമയങ്ങളിലും വിശക്കുമ്പോള്‍ ചൂടുവെള്ളം കുടിക്കും. യഥാക്രമം രാവിലെ എട്ടുമണിക്കും ഉച്ചക്ക് ഒരുമണിക്കും വൈകിട്ട് എട്ടുമണിക്കും ആഹാരം കഴിക്കുമെന്ന് നവജോത് പറയുന്നു. തടികുറയ്ക്കാന്‍ ആവശ്യം മനസും ക്ഷമയും ആണെന്ന് നവജോത് പറയുന്നു.
Content Highlights: