കുഞ്ഞുന്നാളിലേ സഞ്ജുനയുടെ മനസ്സില്‍ ഒരു സ്വപ്നം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പഠനവും യാത്രകളും സ്വപ്നത്തിലേക്കുള്ള ദൂരം കുറച്ചു. യു.കെ.യിലെ മോഡലും ഫാഷന്‍ ഡിസൈനറുമായി ആ യാത്ര നീളുമ്പോള്‍ മറ്റൊരു സ്വപ്നത്തിന് അരികിലാണ് സഞ്ജുന-ഹോളിവുഡ് സിനിമയിലൊരവസരം.
കണ്ണൂര്‍ പാനൂര്‍ അണിയാരത്തുകാരിയായ സഞ്ജുന മഡോണക്കണ്ടിക്ക് കുഞ്ഞുന്നാളിലെ ചില സ്വപ്നങ്ങളുണ്ടായിരുന്നു. അതിനൊപ്പം അച്ഛനുമമ്മയും സഹോദരങ്ങളും നിന്നപ്പോള്‍ യു.കെ.യില്‍ മോഡലായി. ''ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നാണ് ഞാന്‍ യു.കെ.യില്‍ മോഡലാകുന്നത്. ചിലയിടങ്ങളിലെല്ലാം അതിന് തടസ്സങ്ങളുണ്ടായിരുന്നു. പക്ഷേ, സ്വപ്നം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല'' -ആത്മവിശ്വാസത്തോടെ സഞ്ജുന തന്റെ യാത്രകളെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.
കേരള ടു യു.കെ.
പ്ലസ് ടു വരെ വീടിന്റെ ചുറ്റുവട്ടത്തുള്ള സ്‌കൂളിലാണ് സഞ്ജുന പഠിച്ചത്. അത് കഴിഞ്ഞുള്ള പഠനമാണ് സഞ്ജുനയെ അപ്പാടേ മാറ്റിയത്. അച്ഛന്‍ കുഞ്ഞിക്കണ്ണനും അമ്മ സരോജവും സഹോദരങ്ങളായ സനൂപും സനിഷയും ഒരുക്കിയ തണലില്‍നിന്നാണ് അപരിചിതമായ തിരുപ്പൂരിലേക്ക് പോയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ നിന്ന് അപ്പാരല്‍ ഫാഷന്‍ ഡൈസിനിങ്ങില്‍ ബുരുദം നേടി. സൗന്ദര്യമത്സരങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു. 2015-ല്‍ മിസ് ഇന്ത്യാ ഇലഗന്റ് മത്സരത്തില്‍ ആദ്യ അഞ്ച് സ്ഥാനത്തില്‍ ഇടം നേടി. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത സൗത്ത് ഇന്ത്യാ ക്വീന്‍ മത്സരത്തില്‍ മിസ് കേരളയായി. എം.ബി.എ.യും പൂര്‍ത്തിയാക്കി.
''ആ സമയത്ത് യൂറോപ്പിലേക്ക് തനിച്ച് ഒരു യാത്ര നടത്തി. ഒരു മാസം കൊണ്ട് 11 രാജ്യങ്ങള്‍ കണ്ടു. അപ്പോഴാണ് അവിടെ മോഡലിങ്ങിനുള്ള സാധ്യതകളെക്കുറിച്ചും അതിനു കിട്ടുന്ന അംഗീകാരത്തെക്കുറിച്ചും മനസ്സിലായത്. അതുതന്നെ കരിയറെന്ന് ഉറപ്പിച്ചതും അങ്ങനെയാണ്. ബ്രിട്ടീഷ് സ്‌കൂള്‍ ഓഫ് ഫാഷനില്‍ എം.ബി.എ. ലക്ഷ്വറി മാനേജ്മെന്റില്‍ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നേടാനും കഴിഞ്ഞു. ഇവിടെ ബെംഗളൂരുവില്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ എനിക്ക് ചില വേര്‍തിരിവുകളൊക്കെ അനുഭവപ്പെട്ടിരുന്നു. പക്ഷേ, അവിടെ അതുണ്ടായില്ല.'' - സഞ്ജുന പറഞ്ഞു.
ഒരു വര്‍ഷത്തെ കോഴ്സിനിടെ ചെറിയ ജോലികളും ചെയ്യാന്‍ തുടങ്ങി. കോഴ്സ് പൂര്‍ത്തിയാക്കിയ ഉടനെത്തന്നെ ജോലി കിട്ടിയതോടെ മോഡലിങ് രംഗത്തേക്കുള്ള യാത്ര എളുപ്പമായി. സുസ്ഥിര ഫാഷന്‍ എന്ന സങ്കല്പം മുന്നോട്ടുവെക്കുന്ന നോബഡി ചൈല്‍ഡിലാണ് ജോലി തുടങ്ങിയത്.
കാസ്റ്റിങ് ഏജന്‍സികള്‍ വഴി ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. ബ്രിട്ടീഷ് നാടകത്തിലും സഹകരിച്ചു. ''യു.എസ്. ആസ്ഥാനമായ ഹെയര്‍ കെയര്‍ പ്രൊജക്ടിന്റെ യു.കെ.യിലെ അംബാസഡറാവാന്‍ കഴിഞ്ഞതാണ് വലിയ നേട്ടം. ഒരു വര്‍ഷത്തേക്കാണ് അവരുമായുള്ള കരാര്‍. മോഡലിങ്ങിന്റെയും ഫാഷന്‍ ഡിസൈനിങ്ങിന്റെയും ഭാഗമായി ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൊക്കെ പോയി. ഇപ്പോള്‍ ജയ്പുരിലെയും തിരുപ്പൂരിലെയും ഗ്രാമങ്ങളില്‍ നിന്നുള്ളവരുടെ ഉത്പന്നങ്ങള്‍ അങ്ങോട്ടേക്ക് എത്തിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്'' -സഞ്ജുന പറഞ്ഞു. ഒരു നേട്ടത്തിനായുള്ള കാത്തിരിപ്പിലാണ് സഞ്ജുന. നാട്ടിലെത്തിയപ്പോള്‍ യു.കെ.യില്‍ നിന്നുവന്ന ഒരു ഫോണാണതിന് പിന്നില്‍. ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് 15-ന് എത്തണമെന്നായിരുന്നു ആ വിളി.
പറന്ന് പറന്ന് പറന്ന്
എന്നെങ്കിലും വിമാനം പറത്തണമെന്നൊരു ആഗ്രഹവും സഞ്ജുനയ്ക്കുണ്ടായിരുന്നു. അങ്ങനെയാണ് വിമാനം പറത്താന്‍ പഠിച്ചത്. ലൈസന്‍സ് കിട്ടിയിട്ടില്ല. ഒറ്റയ്ക്ക് 120 മണിക്കൂര്‍ വിമാനം പറത്തിയാലേ ലൈസന്‍സ് കിട്ടൂ. ഇപ്പോള്‍ ക്യാപ്റ്റന്റെ കൂടെയാണ് വിമാനത്തില്‍ പോകുന്നത്. നാല് പേര്‍ക്കുള്ള ചെറുവിമാനമാണത്.
നൃത്തവും വരയുമെല്ലാം ഇഷ്ടമുള്ള സഞ്ജുനയ്ക്ക് അഭിനയരംഗത്ത് ആക്ഷന്‍ വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അങ്ങനെ സഞ്ജുന കരാട്ടേ പഠനവും പൂര്‍ത്തിയാക്കി. ''എന്റെ ഒരുപാട് സ്വപ്നങ്ങള്‍ ഞാന്‍ പൂര്‍ത്തിയാക്കിയത് യു.കെ.യിലെത്തിയപ്പോഴാണ്. വളരെ സാധാരണമായ ഒരു ജീവിത സാഹചര്യത്തില്‍ നിന്നാണ് ഞാന്‍ ഈ രീതിയിലേക്ക് മാറിയത്. ആഗ്രഹം നടപ്പാക്കുമെന്ന എന്റെ ഉറച്ച വിശ്വാസമാണ് അതിനുപിന്നില്‍. പിന്നെ ഒപ്പം നിന്ന വീട്ടുകാരും'' -സഞ്ജുന നിറഞ്ഞ ചിരിയോടെ പറഞ്ഞു.
Content Highlights: UK Model and Fashion Designer Sanjuna talks about her dreams