'അവരെന്നെ കൊണ്ടുപോയത് ഒരു മുറിയിലേക്കാണ്, അവിടെ അവരെന്നെ കെട്ടിയിട്ടു..ഒന്നോ രണ്ടോ മാസത്തേക്ക് ആ മുറി അവര്‍ പുറത്തുനിന്നു പൂട്ടി. ഭക്ഷണസമയത്ത് അവര്‍ ആഹാരം കൊടുത്തയക്കും. ഞാന്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. എനിക്ക് ഭക്ഷണം കൊണ്ടുതന്നിരുന്നത് ഒരു ചൈനീസ് യുവാവാണ്. ഓരോ തവണയും ഭക്ഷണവുമായി വരുമ്പോള്‍ അയാള്‍ എന്നെ ബലാത്സംഗം ചെയ്യും.' 16-ാം വയസ്സില്‍ മനുഷ്യക്കടത്തിന് ഇരയായ മ്യാന്‍മര്‍ 'വധു'ക്കളില്‍ ഒരാള്‍ അനുഭവം പങ്കുവെക്കുന്നു.
ചൈനയിലെ ലിംഗാനുപാതത്തിലെ അപകടകരമായ വ്യത്യാസം ഉറക്കം കെടുത്തിയത് സത്യത്തില്‍ മ്യാന്‍മര്‍ കച്ചിനിലെ സ്ത്രീകളുടെയാണ്. സ്വന്തം മകന് വധുവിനെ കണ്ടെത്താനാകാതെ വരുന്ന ചൈനീസ് മാതാപിതാക്കളുടെ ആശ്രയമാണ് മ്യാന്‍മര്‍ വധുക്കള്‍. ഏജന്റുമാര്‍ വഴി ഇവര്‍ വധുവിനെ വില കൊടുത്തുവാങ്ങുന്നു. ഇങ്ങനെ വാങ്ങിക്കുന്ന വധുക്കളെ മകന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കായി ഒരു മുറിയില്‍ പൂട്ടിയിടും ഒരു കുഞ്ഞ് ജനിക്കുന്നത് വരെ. വധുവിനേക്കാള്‍ അവര്‍ വിലകല്‍പിക്കുന്നത് കുഞ്ഞിനാണ്. കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ പല മ്യാന്‍മര്‍ വധുക്കളും ആ വീട്ടില്‍ നിന്നും പുറത്താകുകയോ, രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യും. പക്ഷേ ഇനിയൊരിക്കലും സ്വന്തം രക്തത്തില്‍ പിറന്ന ആ കുഞ്ഞിനെ ഒരു നോക്കുകാണാനാകില്ലെന്ന് ഉറപ്പിച്ച് വേണം മടങ്ങാന്‍.
'എന്നെ അവര്‍ ഒരു വര്‍ഷമാണ് മുറിയില്‍ പൂട്ടിയിട്ടത്. എനിക്ക് ഒരു കുഞ്ഞുണ്ടാകുന്നത് വരെ. എന്നോടവര്‍ വളരെ മോശമായാണ് പെരുമാറിയത്. എത്രയും വേഗം ഞാന്‍ ഗര്‍ഭിണിയാകാത്തതില്‍ അവര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. ആ ചൈനീസ് ഗൃഹനാഥ എനിക്ക് ഭക്ഷണം തരാന്‍ പോലും മടിച്ചു. എനിക്കൊരു കുഞ്ഞുവേണമെന്ന് ചൈനീസ് യുവാവും എന്നോട് ആവര്‍ത്തിച്ചു. എന്നാല്‍ ഒരു കുഞ്ഞിനെ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു എന്റെ മറുപടി. അയാള്‍ എന്നെ മര്‍ദിച്ചു. ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ മ്യാന്‍മര്‍ വധുക്കള്‍ക്ക് തിരികെ വീട്ടിലേക്ക് പോകാം. പക്ഷേ പിന്നീട് കുഞ്ഞിനെ കാണാന്‍ സാധിക്കില്ല. അതിനാല്‍ കുഞ്ഞുണ്ടായ ശേഷം മടങ്ങാന്‍ ഞാന്‍ സമ്മതിച്ചില്ല.' മനുഷ്യക്കടത്തിന് ഇരയായ മറ്റൊരുവള്‍ പറയുന്നു.
ഉയര്‍ന്ന ജോലിയോ, മറ്റു മധുര വാഗ്ദാനങ്ങളോ നല്‍കി മ്യാന്‍മര്‍ സ്ത്രീകളെ ചൈനയിലേക്ക് കടത്തുന്നത് പലപ്പോഴും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ തന്നെയാണ്. 3000-13000 ഡോളറിനിടയിലാണ് ഒരു മ്യാന്‍മര്‍ വധുവിന്റെ വില.
'ചൈനയിലുള്ള കസിന്‍സൊപ്പം കുറച്ചുദിവസങ്ങള്‍ ചെലവഴിക്കാമെന്ന് പറഞ്ഞാണ് എന്റെ അമ്മായി എന്നെ ചൈനയിലേക്ക് ക്ഷണിക്കുന്നത്. അവിടെ ചെന്ന് ഒരുമാസം കഴിഞ്ഞുകാണും. ഒരു ദിവസം ബോധം കെട്ടുവീണ ഞാന്‍ ബോധം തെളിയുമ്പോള്‍ മറ്റൊരു വീട്ടിലാണ്. എനിക്കുചുറ്റും നിറയെ അപരിചിതര്‍. അവര്‍ എന്നെ ഒരു മുറിയില്‍ പൂട്ടിയിട്ടു. ഒരു ചൈനീസ് യുവാവ് നിത്യവും എന്നെ ബലാത്സംഗം ചെയ്തു. ആ കുടംബത്തിലെ ഗൃഹനാഥനും ഗൃഹനാഥയും പറഞ്ഞാണ് ഞാനറിയുന്നത് ഞാന്‍ വില്‍ക്കപ്പെട്ടിരിക്കുന്നുവെന്ന്. നിന്നെ ഞങ്ങള്‍ വാങ്ങിയതാണ്. നീ ഇവിടെ നിന്നേ മതിയാകൂ എന്നവര്‍ എന്നോട് പറഞ്ഞു.' നാങ് സെങ് (യഥാര്‍ഥ പേരല്ല) പറയുന്നു.
19 വയസ്സുള്ളപ്പോഴാണ് നാങ് സെങ് മനുഷ്യക്കടത്തിന് ഇരയാകുന്നത്. പക്ഷേ തന്റെ വിധിയെ പഴിച്ചിരിക്കാന്‍ നാങ് സെങ് ഒരുക്കമല്ലായിരുന്നു. രക്ഷപ്പെടാനുള്ള പഴുതുകള്‍ ഓരോന്നായി തിരഞ്ഞു. ഒരു ദിവസം ആ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് അവര്‍ ആദ്യം കണ്ട പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി. പക്ഷേ അവളെ തടവിലാക്കിയ വീട്ടുകാരില്‍ നിന്ന് 5000 യുവാന്‍ കൈക്കൂലി വാങ്ങി പോലീസുകാര്‍ അവളെ തിരികെ ആ വീട്ടുകാരുടെ കൂടെത്തന്നെ വിട്ടു.
വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് പോലീസില്‍ അഭയം തേടുന്ന പലരുടെയും അവസ്ഥ ഇതുതന്നെയാണ്. ഒന്നുകില്‍ പഴയ തടങ്കലിലേക്ക് ഒരു മടങ്ങിപ്പോക്ക് അല്ലെങ്കില്‍ കുടിയേററ നിയമലംഘനത്തിന്റെ കുറ്റമാരോപിച്ച് ജയിലില്‍ അടയ്ക്കും. അതേസമയം അവരെ വിറ്റവരും വാങ്ങിയവരും നിയമത്തിന്റെ യാതൊരു നൂലാമാലകളിലും അകപ്പെടാതെ സുഖജീവിതം നയിക്കുകയും ചെയ്യും.
നാങ് സെങ്ങിന്റെ കാര്യത്തില്‍ പതിനാലുമാസങ്ങള്‍ക്ക് ശേഷം നാങ് സെങ് എവിടെയാണെന്ന് കസിന്‍സില്‍ ഒരാള്‍ അവളുടെ മാതാപിതാക്കളെ അറിയിച്ചു. അതുമാത്രമല്ല വധുവിനെ വിറ്റ പണത്തിന്റെ ഒരുപങ്ക് നല്‍കുകയും ചെയ്തു. മറ്റൊരു ഇരയെയും കുടുംബസമ്പത്തിന്റെ പാതിയും നാങ് സെങ്ങിന്റെ കുടുംബത്തിന് മോചനദ്രവ്യമായി നല്‍കിയാണ് വീട്ടുകാര്‍ അവളെ വീണ്ടെടുത്തത്. പക്ഷേ രക്ഷപ്പെട്ട് വരുന്നവരുടെ ജീവിതം അത്ര സുഖകരമല്ല. വിവാഹത്തിന് മുമ്പ് ഒരു സ്ത്രീ പുരുഷനുമൊത്ത് ശയിക്കാന്‍ പാടില്ലെന്നാണ് കച്ചിനിലെ സംസ്‌കാരം. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ ലൈംഗിക അടിമയായി കഴിയേണ്ടി വന്ന് രക്ഷപ്പെട്ടു വരുന്ന ഒരുവളുടെ ജീവിതം എത്രമേല്‍ ദുസ്സഹമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
സമൂഹത്തില്‍ അവര്‍ പലപ്പോഴും ഒറ്റപ്പെടും. തലയുയര്‍ത്തി ആരുടെയും മുഖത്ത് നോക്കാന്‍ കഴിയാത്ത വിധം പരിഹാസ നോട്ടങ്ങളുടെ ചാട്ടുളി അവള്‍ക്ക് മേല്‍ പതിയും. പലരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വീടിന്റെ ഇരുട്ടറകളില്‍ ജീവിതം തള്ളി നീക്കും. കുഞ്ഞുണ്ടായിക്കഴിഞ്ഞ ശേഷമായിരിക്കും പലരുടെയും മടക്കം. അതിനാല്‍ തന്നെ സ്വന്തം കുഞ്ഞിനെ കാണാനാകാത്തതിന്റെ മാനസിക വ്യഥയും ഇവരെ വല്ലാതെ അലട്ടും. ഇത്തരത്തില്‍ രക്ഷപ്പെട്ടെത്തുന്ന മ്യാന്‍മര്‍ വധുക്കളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഏതാനും പ്രാദേശിക സംഘടനകള്‍ മാത്രമാണ് ഇവരുടെ നീതിക്കായി ശബ്ദമുയര്‍ത്തുന്നതും പ്രവര്‍ത്തിക്കുന്നതും.
എത്ര സ്ത്രീകള്‍ ഇത്തരത്തില്‍ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ട് എന്നുള്ളത് തിട്ടപ്പെടുത്തുക എളുപ്പമല്ലെങ്കിലും 2017-ല്‍ മാത്രമായി 226 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മനുഷ്യക്കടത്തിന് തടയിടാന്‍ മ്യാന്‍മര്‍ പോലീസും ചൈനീസ് പോലീസും ചേര്‍ന്ന് പദ്ധതികളാവിഷ്‌കരിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പലപ്പോഴും മകളുടെ തിരോധാനം അറിയിക്കാന്‍ ചെല്ലുന്ന മാതാപിതാക്കളില്‍ നിന്നും പോലീസ് കനത്ത തുക കൈക്കൂലി ആവശ്യപ്പെടുന്നതായും പരാതിയുണ്ട്.
മനുഷ്യക്കടത്ത് നിര്‍ബാധം തുടരുമ്പോള്‍ മ്യാന്‍മര്‍, ചൈനീസ് അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ ആക്ടിങ് വിമന്‍സ് റൈറ്റ്‌സ് കോ ഡയറക്ടറായ ഹെതര്‍ ബാര്‍ പറയുന്നു. മനുഷ്യക്കടത്തിന് ഇരയായ 37 സ്ത്രീകളോടും മ്യാന്‍മര്‍ സര്‍ക്കാര്‍ അധികൃതരോടും പോലീസിനോടും ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ വ്യക്തികളുമായും സംസാരിച്ച് 112 പേജുള്ള ഒരു റിപ്പോര്‍ട്ടാണ് ഇതുസംബന്ധിച്ച് ഹെതര്‍ തയ്യാറാക്കിയത്. 'ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തരൂ, ഞങ്ങള്‍ നിന്നെ പോകാന്‍ അനുവദിക്കാം: മ്യാന്‍മറില്‍ നിന്നും ചൈനയിലേക്കുള്ള കച്ചിന്‍ വധുക്കളുടെ കടത്ത്' റിപ്പോര്‍ട്ടിന് അവര്‍ നല്‍കിയ പേരിതാണ്.
(മ്യാന്‍മര്‍ സൈന്യവും കച്ചിന്‍ വംശീയ-മതന്യൂനപക്ഷ പോരാളികളായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയും തമ്മിലുള്ള പോരാട്ടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2011-ല്‍ ഇത് കുറേക്കൂടി രൂക്ഷമായി. ഇതിന്റെ ഫലമായി ഒരുലക്ഷത്തിനടുത്ത് കച്ചിന്‍ നിവാസികളാണ് അഭയാര്‍ഥികളായത്. ഇവരില്‍ പലരും ക്യാമ്പുകളിലാണ് കഴിയുന്നത്. ഇതേ ക്യാമ്പുകളിലാണ് മനുഷ്യക്കടത്തിനിരയായി രക്ഷപ്പെട്ടെത്തുന്ന സ്ത്രീകളും കഴിയുന്നത്. പുരുഷന്മാരില്‍ പലരും ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി പുറത്തായിരിക്കും. അതിനാല്‍ മിക്കയിടങ്ങളിലും ഉപജീവനമാര്‍ഗം കണ്ടെത്തുന്നത് സ്ത്രീകളാണ്. വളരെ പരുങ്ങലിലാണ് ഇവരുടെ ജീവിതം. ചൈനീസ് ബോര്‍ഡറിനോട് ചേര്‍ന്നാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. പാസ്‌പോര്‍ട്ടില്ലാതെ ചൈനയിലേക്ക് അതിര്‍ത്തി കടക്കുന്നത് ഇവര്‍ക്ക് എളുപ്പമാണ്. തൊഴിലന്വേഷണവുമായി പലരും അതിര്‍ത്തി കടക്കുന്നത് ഇവിടെ പതിവാണ്. മ്യാന്‍മറില്‍ നിന്നെത്തുന്നവര്‍ക്ക് ജോലി നല്‍കാന്‍ ചൈനീസ് തൊഴില്‍ദാതാക്കളും തയ്യാറാണ്. ഈ സാഹചര്യങ്ങള്‍ മുതലെടുത്താണ് മനുഷ്യക്കടത്തുകാര്‍ ഇവിടെ വിലസുന്നത്. 1987 മുതലാണ് ചൈനീസ് ജനസംഖ്യയില്‍ സ്ത്രീകളുടെ കുറവ് ക്രമാതീതമായി ഉയരാന്‍ തുടങ്ങിയത്. 15-29 പ്രായക്കാര്‍ക്കിടയിലെ ലിംഗാനുപാതത്തിലുള്ള അന്തരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.)
Courtesy: www.hrw.org
Content Highlights: Trafficking Myanmar ‘Brides’ to China