കോട്ടയം: തങ്കമ്മ ടീച്ചറെ ആദ്യം കാണുന്നത് കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. രണ്ടാള്‍ താഴ്ചയിലെ വെള്ളത്തിലൂടെ ഒരു കൊച്ചു വള്ളത്തില്‍ അയ്മനത്തെ എക്കരശാലിപാലത്തിലേക്കുപോയി റിപ്പോര്‍ട്ടു ചെയ്തു മടങ്ങിയെത്തിയപ്പോള്‍ ദാ, മാനത്തുനിന്നെങ്ങാന്‍ പൊട്ടി വീണതുപോലെ തൊട്ടുമുന്നില്‍ പ്രസന്നവദനയായ ഒരമ്മ.കാണാമറയത്തെങ്ങും കായല്‍പോലെ ബണ്ടിനുള്ളിലെ വെള്ളക്കെട്ട്. ആ ഗ്രാമം മുഴുവന്‍ പെരുമഴക്കാലത്ത് ഒരു പാലത്തില്‍ കഴിഞ്ഞുകൂടുന്ന വാര്‍ത്തകേട്ട് നീന്താനറിയാഞ്ഞിട്ടും ഞാനും ഫോട്ടോഗ്രാഫറും പുറപ്പെട്ടതാണ്.
സുമനസ്സുകള്‍ എത്തിച്ചു നല്‍കുന്ന ഭക്ഷണസാധനങ്ങളായിരുന്നു പാലത്തിലുള്ളവരുടെ വിശപ്പകറ്റിയിരുന്നത്. ജീവന്‍ കൈയില്‍ പിടിച്ചുള്ള യാത്ര കഴിഞ്ഞ് കരയില്‍ ആശ്വാസത്തോടെ മടങ്ങിയെത്തിയപ്പോഴായിരുന്നു പാലത്തിലേക്കു പോകാനുള്ള അടുത്ത സംഘം എത്തിയത്. അവരുടെ ലീഡറായിരുന്നു ടീച്ചറമ്മ. എക്കരശാലിപ്പാലക്കാര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങളുമായി രണ്ടു വാഹനങ്ങളിലായി,38 കി.മീ ദൂരെയുള്ള കാഞ്ഞിരപ്പള്ളി തമ്പലക്കാട്ടുനിന്നുള്ള വരവായിരുന്നു അത്. മനസ്സില്‍ നന്‍മയുള്ള അമ്മയാണെന്ന് മനസ്സിലായി. പരസ്പരം സംസാരിച്ച രണ്ടു മിനുട്ടിനുള്ളില്‍ ടീച്ചറമ്മ ശരിക്കും തങ്കമ്മയാണെന്നു മനസ്സിലായി. ലാഭേച്ഛയില്ലാത്ത അവരുടെ പൊതുപ്രവര്‍ത്തനത്തെപ്പറ്റി ഏകദേശ ധാരണ കിട്ടി. അങ്ങനെയാണ് കാഞ്ഞിരപ്പള്ളിയിലേക്കു പോയത്.
കെ കെ റോഡിലൂടെ ഒരിക്കലെങ്കിലും യാത്രചെയ്യാത്തവര്‍ ഭാഗ്യമില്ലാത്തവരാണെന്നു നാട്ടുകാര്‍ പറയാറുണ്ട്, കാരണം അത്ര മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് ഇരുവശത്തും. റബ്ബര്‍ വനങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും കയറ്റം കയറിപ്പോകുന്ന റോഡ്. നേരെ പോയാല്‍ കുമളിയിലെത്താം. കാഞ്ഞിരപ്പള്ളിയില്‍നിന്ന് തമ്പലക്കാട്ടേക്കു തിരിഞ്ഞപ്പോള്‍ 'മാനവോദയം' ചോദിച്ചു ചോദിച്ചു കണ്ടെത്തി. ശിവക്ഷേത്രത്തിന്റെ തോട്ടടുത്താണ് വീട്. വീടിന്റെ പൂമുഖത്തെത്തിയതും മാരുതിവാനിന്റെ വാതില്‍ വലിച്ചുതുറന്ന് എല്‍.കെ.ജി കുട്ടികള്‍ വന്നിറങ്ങുംപോലെ ഒരു പറ്റം വയോധികരായ സ്ത്രീകള്‍ വന്നിറങ്ങുന്ന കാഴ്ച. എല്ലാവരും 60നു മീതെ പ്രായമുള്ളവര്‍.തങ്കമ്മ, ചെല്ലമ്മ, സരസമ്മ, സുമതി, കൃഷ്ണമ്മ....കൂട്ടുകാരെ തിരയുന്നതിനിടെ ഒരാള്‍ വിളിച്ചു പറഞ്ഞു, ശാന്തമ്മയും ദേവകിയും മണിയും പൊന്നമ്മയും കുഞ്ഞമ്മയും പത്മകുമാരിയും ഇന്നു വരില്ല, മസ്റ്ററിങ്ങിനു പോയി. ദിവസവും തമ്പലക്കാട്ടുകാര്‍ കാണുന്ന കാഴ്ചയാണിത്. രാവിലെ ഒമ്പതരയാകുമ്പോഴെത്തും,നാലരയോടെ മടങ്ങും. ഇത് തങ്കമ്മടീച്ചറിന്റെ നന്മയുടെ വേറിട്ട മുഖം
ആയിരം പൂര്‍ണചന്ദ്രപ്രഭയില്‍ തെളിഞ്ഞ നന്മ
കാരിശ്ശേരി തറവാട്ടിലെ തങ്കമ്മടീച്ചര്‍ ആയിരം പൂര്‍ണചന്ദ്രപ്രഭയില്‍ തിളങ്ങിനിന്ന നിമിഷത്തില്‍ നിറഞ്ഞ മനസ്സോടെ മക്കള്‍ ചോദിച്ചു,'അമ്മയ്ക്ക് ഞങ്ങള്‍ എന്തു സമ്മാനമാണ് തരേണ്ടത്? അമ്മയ്ക്ക് വേണ്ടത് ഒരു പകല്‍വീടായിരുന്നു. അതൊരു വലിയ തുടക്കമായി. പകല്‍നേരങ്ങളില്‍ ഈ കിളിക്കൂട്ടില്‍ വന്നു വിശ്രമിക്കുന്നത് ഗ്രാമത്തിലെ 24 മുത്തശ്ശിമാര്‍. അവരില്‍ 22 പേരും വിധവമാരാണ്. കാഞ്ഞിരപ്പള്ളി തമ്പലക്കാട്ടെ കാരിശ്ശേരി തറവാട്ടിന്റെ 300 വര്‍ഷം പഴക്കമുള്ള വീടിന്റെ പൂമുഖത്തിരുന്ന് 87-കാരിയായ തങ്കമ്മടീച്ചര്‍ സംസാരിക്കുമ്പോള്‍ മുത്തശ്ശിമാര്‍ ചുറ്റും കൂടി.സോപ്പ് ,മെഴുകുതിരി, സാമ്പ്രാണി, കൊതുകുതിരി നിര്‍മാണം, പേപ്പര്‍ ബാഗ്, ടെക്‌സ്‌റ്റൈല്‍ ബാഗ്, ക്‌ളീനിംഗ് വസ്തുക്കള്‍, അച്ചാറുകള്‍ തുടങ്ങി ഒട്ടേറെ നിത്യോപയോഗ സാധനങ്ങളുണ്ടാക്കുന്നതിന്റെ തിരക്കൊരിടത്ത്. മാനവോദയത്തിന്റെ പേരില്‍ ഒരു കട തുറന്നിട്ടുണ്ട്. ഇവിടെയാണ് വില്‍പ്പന. ഇതില്‍നിന്നു കിട്ടുന്ന വരുമാനം ഉപയോഗിച്ച് വര്‍ഷത്തിലൊരിക്കല്‍ മുത്തശ്ശിമാരെ ഒന്നോ രണ്ടോ ദിവസം ടൂറിനു കൊണ്ടുപോകും. കഴിഞ്ഞ തവണ മലമ്പുഴയിലേക്കാണ് കൊണ്ടുപോയത്. മുത്തശ്ശിമാരുടെ കുടുംബാംഗങ്ങളെക്കൂടെ ചേര്‍ത്ത് ഒന്നോ രണ്ടോ ബസ്സുകളിലാണ് യാത്ര പോകുക.ഓണക്കാലത്ത് തിരുവാതിരയും നാടന്‍പാട്ടും ഡാന്‍സുമൊക്കെയായി മാനവോദയം അരങ്ങുതകര്‍ക്കുമ്പോള്‍ കൈയടിച്ചു പ്രോത്സാഹിപ്പിക്കാന്‍ ഗ്രാമം മുഴുവന്‍ ഈ മുറ്റത്തെത്തും. എല്ലാറ്റിനും മുമ്പില്‍ ഓടിനടക്കാന്‍ വാര്‍ഡ് അംഗം മണിരാജു ഒപ്പമുണ്ട്.
2003-ലാണ് ടീച്ചര്‍ ' മാനവോദയം' തുടങ്ങിയത്. പാവപ്പെട്ടവര്‍ക്ക് മാനുഷികസഹായം എന്നായിരുന്നു ലക്ഷ്യം. പകല്‍വീട് തുടങ്ങിയത് മൂന്നുവര്‍ഷം മുമ്പാണ്. മൂന്നു കി.മീ ദൂരത്തുനിന്നു വരുന്നവരും കൂട്ടത്തിലുണ്ട്. മുത്തശ്ശിമാരെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവരാനായി പുത്തനൊരു മാരുതി ഒമ്‌നിയും മക്കള്‍ വാങ്ങി നല്‍കി. രാവിലെ ഒമ്പതുമണിയോടെ എല്ലാവരും ഒരുങ്ങി വീട്ടുപടിക്കല്‍ പകല്‍വീടിന്റെ വണ്ടി കാത്തുനില്‍ക്കും. വൈകുന്നേരം വീട്ടിലെത്തിക്കും.
''വണ്ടിക്കൂലിയില്ലാത്തതുകൊണ്ട് ആരും വരാതിരിക്കരുത്. അതിനാണ് വാന്‍ വാങ്ങിയത്. പരസ്പരം മിണ്ടിപ്പറഞ്ഞ് സങ്കടങ്ങളെ മറക്കണം.പത്തുപേരുമായി തുടങ്ങിയതാണ്. തങ്കമ്മടീച്ചര്‍ പറയുന്നതു ശരിവച്ച് അമ്മമാരുടെ സംഘം ഒപ്പം കൂടി.
''ടീച്ചറമ്മയുള്ളതുകൊണ്ട് ഞങ്ങളിങ്ങനെ കൂട്ടുകൂടി ചിരിച്ചും കളിച്ചും പോകുന്നു,വീട്ടില്‍ തനിയെ ഇരിക്കുമ്പോള്‍ ഓരോന്നോര്‍ത്ത് സങ്കടപ്പെടുമല്ലൊ,ഇതാകുമ്പോള്‍ ഞങ്ങളുടെ പേരക്കുട്ടികള്‍ നഴ്‌സറികളില്‍ പോകുന്നതുപോലെ രാവിലെ ഒറ്റ പുറപ്പാടാ''കൃഷ്ണമ്മ പറയുന്നതു ശരിവച്ച് െചല്ലമ്മയും സരസമ്മയും സുമതിയും.
തമ്പലക്കാട് താഴത്തുകാവ് കുടിവെള്ളപദ്ധതിയ്ക്ക് 15 വര്‍ഷം മുമ്പ് ഒമ്പതുസെന്റ് സ്ഥലവും പണവും നല്കിയതും തങ്കമ്മ ടീച്ചറായിരുന്നു.താഴത്തുകാവില്‍ കോളനിയിലെ നൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്ന പദ്ധതിയാണിത്.പഴയ നാട്ടുപ്രമാണിയായ കാരിശ്ശേരി അഡ്വ.പി.ആര്‍.നാരായണപ്പണിക്കരുടെ മകളാണ് നാട്ടുകാരുടെ ടീച്ചറമ്മയായ കെ.എന്‍ തങ്കമ്മ.ആര്‍മി ഓഫീസറായിരുന്ന പരേതനായ പി.എന്‍.കേശവന്‍നായരുടെ ഭാര്യ. തമ്പലക്കാട് എന്‍.എസ്.എസ്.സ്‌കൂളില്‍ 30 വര്‍ഷം ഹിന്ദി അദ്ധ്യപികയായിരുന്നു.
പകല്‍വീട്ടില്‍ പ്രാതല്‍, ഉച്ചയൂണ്, നാലുമണി പലഹാരം. എല്ലാം ടീച്ചറുടെ വകയാണ്. മാസം ഭക്ഷണത്തിന് മാത്രം ഒരു ലക്ഷത്തിനടുത്ത ചെലവു വരും. പാചകം, ഡ്രൈവര്‍, ഓഫീസ് സ്റ്റാഫുകളുടെ ശമ്പളത്തിനായി നാല്‍പ്പതിനായിരം രൂപ വേറെ. ഭര്‍ത്താവിന്റെ ഫാമിലി പെന്‍ഷനും ടീച്ചറുടെ പെന്‍ഷനും തന്നെ മുഖ്യ വരുമാനം. മാസം ഒന്നരലക്ഷം രൂപയുടെ ചെലവുകള്‍ പരിഹരിക്കാന്‍ മക്കള്‍ മൂവരും ഒപ്പമുണ്ട്. മൂത്തമകന്‍ കേശവ് ശ്രീകുമാര്‍ അമേരിക്കയില്‍ സെതര്‍ലാന്‍ഡില്‍ ഐ.ടി കമ്പനി യുടെ ഗ്‌ളോബല്‍ മാനേജരാണ്. ദില്ലിയില്‍ കളക്ടര്‍ ആയിരുന്ന വിനീത കുമാറാണ് ഭാര്യ. രണ്ടാമത്തെ മകന്‍ സതീഷ് കുമാര്‍ ദില്ലിയില്‍ ഇമേജ് ഇന്‍ഫോ സിസ്റ്റം എം.ഡിയാണ് ഭാര്യ അര്‍ച്ചന.ഏക മകള്‍ ഗീത സാരസ്സ് ഹൈക്കോടതി അഭിഭാഷകയാണ്.
Content Highlights: Inspiring life of Thankamma Teacher