23 വര്‍ഷത്തെ അധ്യാപകജീവിതത്തില്‍നിന്ന് ദേവകീദേവി ടീച്ചര്‍ വിരമിച്ചെങ്കിലും സ്‌കൂളിനും കുട്ടികള്‍ക്കും വേണ്ടിയുള്ള അവരുടെ കരുതല്‍ അവസാനിച്ചില്ല. ആ കനിവ് ചില്ലകള്‍ വീശി സ്‌കൂള്‍ വളപ്പില്‍ തഴച്ചുവളരും. തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന ദേവകീദേവിയാണ് സ്‌കൂള്‍ വളപ്പില്‍ 75 വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്.
2019 ഏപ്രില്‍ 30ന് സ്‌കൂളില്‍നിന്നു വിരമിച്ച ഇവര്‍ മേയ് ആദ്യവാരത്തോടെയാണ് വൃക്ഷത്തൈകള്‍ നട്ടത്. മൂന്നുവര്‍ഷമായ ആത്ത, പേര, സപ്പോര്‍ട്ട, മാവ്, പ്ലാവ്, നെല്ലിക്ക തുടങ്ങി 30 ഇനത്തില്‍പ്പെട്ട വൃക്ഷത്തൈകളാണ് നട്ടത്. പേരയും പുളിയുമൊക്കെ കായ്ച്ചുതുടങ്ങി. മറ്റുള്ളവ പൂവിടാനും തുടങ്ങിയിട്ടുണ്ട്.
പൂര്‍വവിദ്യാര്‍ഥികള്‍ സ്‌കൂളിനുവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇത്രയും കാലം അധ്യാപനം നടത്തിയ സ്‌കൂളിനും താന്‍ പഠിപ്പിച്ച കുട്ടികള്‍ക്കുമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലാണ് ഇതിലേക്ക് എത്തിച്ചതെന്ന് ടീച്ചര്‍ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ ഈ കരുതലിനു സമ്മതം മൂളി. കൃഷിയുമായി ബന്ധപ്പെട്ട മാസികയില്‍നിന്നു വായിച്ചറിഞ്ഞ പൊന്നാനിയിലെ നെല്ലിക്കല്‍ നഴ്‌സറിയില്‍നിന്നാണ് ആവശ്യമായ വൃക്ഷത്തെകള്‍ വാങ്ങിയത്. നഴ്‌സറി ഉടമ അനീഷ്, അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ നട്ടത്. അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമാണ് പരിപാലന ചുമതല. ഒരു അധ്യാപകന് അഞ്ച് വൃക്ഷങ്ങളുടെ ചുമതലയാണുള്ളത്.
തിരുവല്ല സ്വദേശിയായ ദേവകീദേവി ടീച്ചര്‍ 1996ലാണ് തന്റെ അധ്യാപകജീവിതം ആരംഭിക്കുന്നത്. 11 വര്‍ഷവും മോഡല്‍ സ്‌കൂളിലാണ് ജോലിചെയ്തത്. ചെറുപ്പം മുതല്‍ വീട്ടിലെ കൃഷികളില്‍ അച്ഛനെ സഹായിക്കുമായിരുന്നു. തുടര്‍ന്ന് ജോലിസംബന്ധമായി തിരുവനന്തപുരത്തേക്കു മാറിയെങ്കിലും പ്രകൃതിയെ സ്‌നേഹിക്കാന്‍ അവര്‍ മറന്നില്ല. സ്‌കൂളിലെ എക്കോ ക്ലബ്ബിന്റെ ചുമതലകള്‍ വഹിച്ചും വീട്ടില്‍ കൃഷികള്‍ചെയ്തും വൃക്ഷസ്‌നേഹം തുടര്‍ന്നു. പി.ടി.പി. നഗറില്‍ കുടജാത്രിയിലാണ് താമസം. വിമെന്‍സ് കോളേജില്‍നിന്നു വിരമിച്ച നാരായണന്‍പോറ്റിയാണ് ഭര്‍ത്താവ്. മക്കള്‍: ലക്ഷ്മി, അനഘ.
Content Highlights: Teacher palnts 75 tree saplings in school after retirement, women feature, devaki devi teacher