അപകടത്തില്‍പ്പെട്ട് രണ്ടുകൈയും കാലും ഒടിഞ്ഞിട്ടും ലക്ഷ്യത്തിലേക്ക് സഞ്ചരിച്ച ദിവ്യയും കൂടെനിന്ന് ധൈര്യം പകര്‍ന്ന ഇരട്ട സഹോദരി ധന്യയും ഏവര്‍ക്കും പ്രചോദനമാണ്. ഒരപകടവും ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കു തടസ്സമാകില്ലെന്ന് ഈ സഹോദരിമാരുടെ വിജയം തെളിയിക്കുന്നു.
2013 ആഗസ്ത് 20. എല്ലാ സ്വപ്നങ്ങളും തകര്‍ന്നെന്ന് ദിവ്യ ജോണ്‍സണ്‍ കരുതിയ ദിനം. ദിവ്യയെ ഒരപകടത്തിനും വിട്ടുകൊടുക്കില്ലെന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും സഹോദരിയായ ധന്യ ജോണ്‍സണ്‍ നിശ്ചയിച്ചുറപ്പിച്ച ദിവസം കൂടിയാണിത്. ഭൂമിയിലേക്ക് പിറവിയെടുത്ത അന്നുമുതല്‍ ഒരുമിച്ച് മുന്നേറിയ ഇരുവരും ഒടുവിലിതാ ഇംഗ്ലീഷ് വിഷയത്തില്‍ പിഎച്ച്.ഡി.യും കരസ്ഥമാക്കിയിരിക്കുന്നു. ഇത് സഹോദരിമാരുടെ ഒരു കഥ മാത്രമല്ല, എല്‍.കെ.ജി.മുതല്‍ പിഎച്ച്.ഡി.വരെ ഒരുമിച്ച് പഠിച്ചും പരസ്പരം പ്രചോദിപ്പിച്ചും വിജയം നേടിയ അധ്യാപകരുടെ കഥകൂടിയാണ്.
രണ്ട് മിനിറ്റ് വ്യത്യാസത്തില്‍ ധന്യ മുന്നില്‍
കുറവന്‍കോണം ജയഭവനില്‍ അധ്യാപക ദമ്പതിമാരായ പരേതനായ വി.ജോണ്‍സന്റെയും ജയയുടേയും ഇരട്ടമക്കളായിരുന്നു ദിവ്യയും ധന്യയും. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തില്‍ ധന്യ ചേച്ചിയും ദിവ്യ അനിയത്തിയുമായി. അന്ന് മുതല്‍ അവര്‍ ഒരുമിച്ചായിരുന്നു എപ്പോഴും. എല്‍.കെ.ജി.മുതല്‍ രണ്ടുപേരും ഒരേ ക്ലാസില്‍ പഠിച്ചു. സ്‌കൂളിലേക്ക് പോകുന്നതും വരുന്നതും പഠിക്കുന്നതും ഭക്ഷണംകഴിക്കുന്നതും എല്ലാം ഒരുമിച്ച്. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തില്‍ നിന്നു പത്താം ക്ലാസ് ഡിസ്റ്റിങ്ഷനോടെ പാസായി. കുടപ്പനക്കുന്ന് കണ്‍കോഡിയ സ്‌കൂളില്‍ നിന്നു പ്ലസ്ടു വും. ബിരുദത്തിനായി നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജിലെത്തിയതോടെയാണ് മാതാപിതാക്കളെപ്പോലെ അധ്യാപകരാകണമെന്ന ആഗ്രഹം മനസ്സില്‍ ഉറച്ചതെന്നു പറയുന്നു ഇരുവരും.
ഒരേമാര്‍ക്ക്, ഒരേ തെറ്റ്
പഠിക്കുമ്പോഴെല്ലാം രണ്ടുപേര്‍ക്കും ഒരേ മാര്‍ക്കായിരുന്നു. ചിലവിഷയങ്ങളില്‍ ഒന്നോ രണ്ടോ മാര്‍ക്ക് വ്യത്യാസം വരുമെങ്കിലും ആകെ മാര്‍ക്ക് നോക്കുമ്പോള്‍ മിക്കപ്പോഴും തുല്യമാകും. എല്ലാ ക്ലാസിലെയും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഇതൊരത്ഭുതമായിരുന്നെന്ന് ദിവ്യയും ധന്യയും പറയുന്നു.
ബിരുദാനന്തര ബിരുദത്തിന് കേരള സര്‍വകലാശാലയില്‍ ഇംഗ്ലീഷിന് ദിവ്യ രണ്ടാം റാങ്ക് നേടിയതാണ് ഇതിനൊരപവാദം. ചെറിയ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ ചേച്ചി ധന്യ തൊട്ടടുത്തെത്തിയെങ്കിലും ആദ്യ അഞ്ച് റാങ്കില്‍ ഉള്‍പ്പെട്ടില്ല.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ രണ്ടുപേരും ഒരേ തെറ്റ് വരുത്തിയപ്പോള്‍ അധ്യാപകര്‍ക്ക് നോക്കി എഴുതുന്നതാണോയെന്ന് സംശയമായി. രണ്ട് ക്ലാസ് മുറികളില്‍ ഇരുത്തി പരീക്ഷ എഴുതിച്ചപ്പോഴും ഒരേ തെറ്റ് വീണ്ടും ആവര്‍ത്തിച്ചതോടെ അധ്യാപകരുടെ സംശയം അത്ഭുതമായിമാറി. ഇത് പിന്നീടും ആവര്‍ത്തിച്ചിട്ടുണ്ട്. പി.ജി.ക്ക് പഠിക്കുമ്പോള്‍ ഒരേമാര്‍ക്ക് നേടി ഒന്നാമതെത്തിയതിന് കോളേജില്‍ നിന്നും ഉപഹാരവും കിട്ടി.
എല്ലാം തകര്‍ന്നെന്ന് കരുതിയ ദിനങ്ങള്‍
ബി.എഡ്. എടുത്തതിനുശേഷം ദിവ്യ അഞ്ചലിലെ സെന്റ് ജോണ്‍സ് കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. അവിടെ നിന്നു സഹപ്രവര്‍ത്തകരോടൊപ്പം കാറില്‍ വീട്ടിലേക്കു വരുമ്പോഴായിരുന്നു 2013 ഓഗസ്ത് 20-ന് അപകടം. ഇവരുടെ കാറില്‍ വെമ്പായത്തു വച്ച് നഴ്സിങ് കോളേജിലെ വാന്‍ വന്നിടിച്ചു. കൂടെയുണ്ടായിരുന്ന ഒരു അധ്യാപകന്‍ തല്‍ക്ഷണം മരിച്ചു. ദിവ്യയുടെ രണ്ടുകൈയും കാലും ഒടിഞ്ഞുതൂങ്ങി. ഇടിച്ച ഉടന്‍ ബോധം പോയി, ഓര്‍മവരുമ്പോള്‍ ആശുപത്രിക്കിടക്കയിലായിരുന്നു. പിഎച്ച്.ഡി.ക്ക് രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ അപ്പോള്‍. മാസങ്ങളോളം കിടക്കേണ്ടിവന്നു. പിഎച്ച്.ഡി. എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വരുമോയെന്ന് പേടിച്ച ദിവസങ്ങള്‍. എന്നാല്‍ സഹോദരിയോടൊപ്പം ധന്യ ചേര്‍ന്നുനിന്നു. അപകടത്തിന്റെ ഓര്‍മയില്‍ നിന്നും ദിവ്യയെ പതിയെ മോചിപ്പിച്ച്, നടക്കാറാക്കി. പിഎച്ച്.ഡി. എന്ന സ്വപ്നത്തിലേക്ക് വീണ്ടും രണ്ടുപേരും ഒരുമിച്ച് നടന്നു.
ഇനിയുമുണ്ട് ചെയ്യാനേറെ...
പിഎച്ച്.ഡി. കൊണ്ട് നിര്‍ത്താതെ ധന്യയ്ക്കും ദിവ്യയ്ക്കും ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് മാര്‍ ഇവാനിയോസ് കോളേജില്‍ ഇംഗ്ലീഷ് വകുപ്പ് മുന്‍ മേധാവിയും ഇരുവരുടെയും പ്രിയ അധ്യാപകനുമായ ഡോ.എബ്രഹാം ജോസഫ് പറയുന്നു. ക്ലാസില്‍ സെമിനാര്‍ എടുക്കുന്നത് കാണുമ്പോഴേ ഇരുവരും അധ്യാപകരാകുമെന്ന് സഹപ്രവര്‍ത്തകര്‍ അന്ന് തന്നെ പറഞ്ഞിരുന്നതായും എബ്രഹാം ജോസഫ് ഓര്‍ത്തെടുക്കുന്നു. ഗുരുദക്ഷിണയായി ദിവ്യയോട് 25 വിദ്യാര്‍ഥികളെ ഗൈഡ് ചെയ്യാനും ധന്യയോട് ബൈബിളിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് റഫന്‍സ് ഗ്രന്ഥം എഴുതാനും നിര്‍ദേശിച്ചതായും അദ്ദേഹം പറയുന്നു.
കുടുംബം, പിന്തുണ
ഒപ്പം നില്‍ക്കാന്‍ കഴിവുണ്ടായിട്ടും വ്യക്തിപരമായ നേട്ടത്തിന് പിറകെ പോകാതെ ലോകനേതാക്കളെ അവരുടെ ഭാര്യമാര്‍ ഏതൊക്കെ വിധത്തില്‍ സ്വാധീനിച്ചുവെന്നതിനെക്കുറിച്ച് തീസിസ് എഴുതിയാണ് ദിവ്യ ഡോക്ടറേറ്റ് നേടുന്നത്. മാര്‍ ഇവാനിയോസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ദിവ്യ. ഭര്‍ത്താവ് പാപ്പനംകോട് എസ്.സി.ടി. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ നെല്‍വിന്‍ രാജ്. ഏക മകള്‍ അന്ന.
മാര്‍ ഇവാനിയോസില്‍ തന്നെ ഇംഗ്ലീഷ് അധ്യാപികയാണ് ധന്യ. ബൈബിളിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ള ഫെമിനിസ്റ്റ് പുനരവലോകനം നടത്തിയാണ് ദിവ്യ ഡോക്ടറേറ്റ് നേടുന്നത്. ഭര്‍ത്താവ് എസ്.ആര്‍.ബിനു കൊച്ചി കോര്‍പ്പറേഷനില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്. മകന്‍ യൊഹാന്‍ ഡി.ബിനു.
Content Highlights: Success Story of two Sisters Divya Johnson and Dhanya Johnson