വയസ്സ് ഒരു വെറുമൊരു നമ്പറാണെന്ന് ഈ 89-കാരിയെ കണ്ടാല്‍ ആരും സമ്മതിച്ചുപോകും. 89-ാം വയസ്സില്‍ ലതിക ചക്രവര്‍ത്തിയെന്ന ഈ മുത്തശ്ശി തുടക്കമിട്ടിരിക്കുന്നത് ഒരു പോട്‌ലി ബാഗ് ഓണ്‍ലൈന്‍ സ്‌റ്റോറിനാണ്. ന്യൂസീലന്‍ഡ്,ജര്‍മനി, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് മുത്തശ്ശിയുടെ ബാഗുകളെ തേടി ആവശ്യക്കാരെത്തുന്നത്.
അസം സ്വദേശിനിയാണ് ലതിക. സര്‍വേ ഓഫ് ഇന്ത്യയിലെ ഓഫീസര്‍ സര്‍വേയര്‍ ആയിരുന്നു ഭര്‍ത്താവ്. ഇടക്കിടക്ക് സ്ഥലംമാറ്റം ലഭിക്കുന്ന ജോലിയായിതിനാല്‍ ഭര്‍ത്താവിനൊപ്പം രാജ്യം മുഴുവന്‍ സഞ്ചരിച്ചിരുന്നു ലതിക. അത്യപൂര്‍വമായ തുണിത്തരങ്ങളും സാരികളും ശേഖരിക്കുകയായിരുന്നു അന്ന് ലതികയുടെ ഹോബി.
മക്കളെല്ലാം മുതിര്‍ന്നതോടെ കൈത്തുന്നലും ചിത്രത്തുന്നലുമായി വിനോദം. കൊച്ചമുക്കളായതോടെ പഴയ തുണിത്തരങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് ഉടുപ്പുകള്‍ തുന്നിത്തുടങ്ങി. പിന്നീട് അത് പാവകളായി. പതിയെ ചെറിയ പോട്‌ലി ബാഗുകളായി. ആദ്യമെല്ലാം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു നിര്‍മിച്ചുകൊടുത്തിരുന്നത്. ഒരിക്കല്‍ ലതിക നിര്‍മിച്ച ബാഗ് കാണാന്‍ ഇടയായ പേരക്കുട്ടി ജയ് ആണ് ഓണ്‍ലൈന്‍ സ്‌റേറാറിന് തുടക്കമിടുന്നത്. മറ്റു പേരക്കുട്ടികള്‍ എല്ലാം ചേര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അതിന് വലിയ പ്രചാരം നല്‍കി. അതോടെ ആവശ്യക്കാരേറി. അതോടെ ബാഗ് നിര്‍മാണത്തിന് സഹായവുമായി മരുമകളും രംഗത്തെത്തി. ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് മകനാണ്.
എന്നാല്‍ ബിസിനസ് മുന്നില്‍ കണ്ടല്ല താന്‍ ബാഗുകള്‍ നിര്‍മിക്കുന്നത് എന്നാണ് ലതിക പറയുന്നത്. മാനസികോല്ലാസം മാത്രമാണ് ഇതെന്നും അവര്‍ പറയുന്നു. തന്റെ യൗവനകാലത്ത് സ്ത്രീകള്‍ക്ക് വേണ്ട അടിസ്ഥാന ഗുണങ്ങളിലൊന്നായിരുന്നു കൈത്തുന്നല്‍ എന്ന് ഓര്‍ക്കുന്നു ലതിക. മക്കള്‍ക്ക് സ്വന്തം കൈകൊണ്ട് വസ്ത്രം തുന്നിക്കൊടുക്കുന്നതും കമ്പിളിയുടുപ്പുകള്‍ തുന്നിക്കൊടുക്കുന്നതുമായിരുന്നു അന്നത്തെ കാലത്ത് അമ്മമാരുടെ വിനോദം. തന്റെ പഴയ സാരികള്‍ കാണുമ്പോള്‍ പഴയ പ്രൗഢിയുടെ കാലം ഓര്‍മവരുമെന്ന് പറയുന്നു ലതിക. അതുകൊണ്ടുതന്നെ എല്ലാ പഴയ സാരികളും പുനരുപയോഗിക്കാനും അവര്‍ തയ്യാറല്ല.
വിവാഹത്തിനോ, എന്തെങ്കിലും ആഘോഷങ്ങള്‍ക്കോ അണിഞ്ഞതായിരിക്കും അവയില്‍ പലതും. ഓരോ സാരിക്കും ഒരോ കഥയാണ് പറയാനുള്ളത്. എന്നാല്‍ സാരിയും പോട്‌ലി ബാഗുകളാക്കാന്‍ ലതിക തയ്യാറല്ല. അത് മനോഹരമായതുകൊണ്ടല്ല ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നത് മറിച്ച് അതുമായി ബന്ധപ്പെട്ടിട്ടുള്ള ഓര്‍മകള്‍ പ്രിയപ്പെട്ടതായതുകൊണ്ടാണ്. 64 വര്‍ഷം പഴക്കമുള്ള തയ്യല്‍മെഷീനും സഹായത്തിനായി ഉപയോഗിക്കാറുണ്ട്.
നിത്യവും അഞ്ചുമണിക്ക് ഉണരുന്ന ഇവര്‍ രണ്ടു-മൂന്ന് മണിക്കൂറുകളാണ് ജോലിക്കായി നീക്കിവെക്കുന്നത്.
Content highlights: Starting business at 89