നിലവിലുള്ള ശമ്പളത്തിന്റെ ഏഴിരട്ടിയോളം അധിക തുക വാഗ്ദാനം ചെയ്താണ് കെനിയയിലെ ബോളിവുഡ് സ്‌റ്റൈല്‍ ഡാന്‍സ് ബാറിലേക്ക് നര്‍ത്തകിയാകാന്‍ നേപ്പാള്‍ സ്വദേശിനിയായ ഷീലയെ(യഥാര്‍ഥ പേരല്ല) ക്ഷണിച്ചുകൊണ്ട് ഒരു ഫോണ്‍കോളെത്തുന്നത്. ബ്യൂട്ടീഷനായി ജോലി നോക്കിയിരുന്ന ഷീല രണ്ടാമതൊന്നു ചിന്തിക്കാന്‍ കൂടി മിനക്കെട്ടില്ല. തനിക്ക് ഡാന്‍സറിയില്ലെന്നോ, ജോലി ചെയ്യാന്‍ പോകുന്ന ക്ലബിന്റെ ഉടമസ്ഥനെ പരിചയമില്ലെന്നോ, ജോലിയുമായി ബന്ധപ്പെട്ട കോണ്‍ട്രാക്ട് ക്ഷണിച്ചവര്‍ കാണിച്ചില്ലെന്നോ ഷീല ആലോചിച്ചില്ല. വയ്യാതായ രക്ഷിതാക്കളെ സംരക്ഷിക്കണം, ബൈക്കപകടത്തില്‍പ്പെട്ട സഹോദരന്റെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തണം, തരക്കേടില്ലാതെ ജീവിക്കണം ഇത്രമാത്രമായിരുന്നു ഷീലയുടെ മനസ്സില്‍.
'ഡ്രൈവര്‍ എല്ലായ്‌പ്പോഴും തുണയായി കൂടെയുണ്ടാകും, ജോലിക്കല്ലാതെ ഫ്‌ലാറ്റ് വിട്ട് പുറത്തുപോകേണ്ട സാഹചര്യമില്ല, പാസ്‌പോര്‍ട്ടും ഫോണും വാങ്ങിവെക്കുന്നത് സുരക്ഷയ്ക്ക് വേണ്ടിയാണ് എന്നാണ് എന്നോട് പറഞ്ഞിരുന്നത്.' ഷീല പറയുന്നു. പക്ഷേ, ഷീല കരുതിയിരുന്നത് പോലെയായിരുന്നില്ല കാര്യങ്ങള്‍. ഷീലയുള്‍പ്പടെ പതിനൊന്ന് നേപ്പാള്‍ സ്ത്രീകളെയാണ് കെനിയയിലെ തീരദേശ നഗരമായ മൊംബാസയില്‍ നിന്ന് കഴിഞ്ഞ ഏപ്രിലില്‍ പോലീസും മനുഷ്യാവകാശപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
നിശാ ക്ലബ് ഉടമ ആസിഫ് അമിറലി അലിഭായ് ജെത്തക്കെതിരെ കേസെടുത്തിട്ടുണ്ട്. അനധികൃതമായി യുവതികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കല്‍, വഞ്ചനാക്കുറ്റം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്ക് നേരെ ആരോപിക്കപ്പെട്ടത്. എന്നാല്‍ യുവതികളെല്ലാം സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്തതാണെന്നാണ് ഇയാള്‍ നല്‍കുന്ന വിശദീകരണം. ക്ലബുകളില്‍ യുവതികളെ നിയോഗിച്ചിരിക്കുന്നത് സാംസ്‌കാരിക നൃത്തരൂപങ്ങള്‍ക്ക് വേണ്ടിയാണ്. സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നില്ലെന്നും, ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിക്കുന്ന രീതിയില്‍ ഇവര്‍ക്ക് നൃത്തം ചെയ്യേണ്ടി വരുന്നില്ലെന്നും അയാള്‍ പറയുന്നു. എന്നാല്‍ ഇത്തരം ക്ലബുകളില്‍ ലൈംഗിക അടിമത്വം നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും ക്ഷേമപ്രവര്‍ത്തകരും ഉറപ്പിച്ച് പറയുന്നത്.
നേപ്പാള്‍, ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് കെനിയയിലെ ഡാന്‍സ് ബാറുകളിലേക്ക് മനുഷ്യക്കടത്തിന് ഇരയായി എത്തുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥരും ആക്ടിവിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്നതിനാവശ്യമായ ഔദ്യോഗിക കണക്കുകളൊന്നും ഇവരുടെ കൈയിലില്ല. പോലീസ് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് നിരവധി സ്ത്രീകളെ നിശാക്ലബുകളില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. 2016-2017 കാലഘട്ടത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും അടക്കം 43 പേരെ കെനിയയിലെയും ടാന്‍സാനിയയിലെയും ഡാന്‍സ് ബാറുകളില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചതായി നേപ്പാള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു.
മനുഷ്യക്കടത്തിന് ഇരയായി രക്ഷിച്ചുകൊണ്ടുവരുന്ന പെണ്‍കുട്ടികള്‍ അന്വേഷണവുമായി സഹകരിക്കാത്തതാണ് ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നത്. പലരും വളരെ ദരിദ്രമായ, യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് വരുന്നവരാണ്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറാകുന്നില്ല. കല്‍ച്ചറല്‍ ഡാന്‍സ് എന്ന പേരിലാണ് യുവതികള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്നത്. ആദ്യമാസ ശമ്പളം മുന്‍കൂറായി നല്‍കി ഇവര്‍ ജോലിക്കാരെ ഉറപ്പിക്കും. എന്നാല്‍ അവിടെ എത്തുന്നതോടെ നൃത്തരൂപങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഇടപാടുകാര്‍ക്കൊപ്പം ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിച്ചുകൊണ്ട് നൃത്തം ചെയ്യാനും അവരുമായി കിടപ്പറ പങ്കിടാനും നിര്‍ബന്ധിക്കും. മൂന്നുമാസത്തെ ടൂറിസ്റ്റ് വിസയിലാണ് കടത്തുന്നത്. കൈയില്‍ ഹാന്‍ഡ് ബാഗ് മാത്രമായി സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാന്‍ പോകുന്നു എന്ന വ്യാജേനയാണ് സ്ത്രീകളും പെണ്‍കുട്ടികളും എയര്‍പോര്‍ട്ടിലെത്തുക. അതല്ലെങ്കില്‍ താല്ക്കാലിക വര്‍ക്ക് പെര്‍മിറ്റില്‍.
ഒമ്പതുമാസത്തിനിടയിലാണ് മൊംബാസയിലെ ക്ലബിലേക്ക് ഷീലയടക്കം പതിനൊന്നുപേര്‍ എത്തുന്നത്. ഇവരില്‍ 16 വയസ്സുമുതല്‍ 34 വയസ്സുവരെ പ്രായമുള്ളവരുണ്ട്. അവിടയെത്തിയതും പാസ്‌പോര്‍ട്ട് ക്ലബ് ഉടമ വാങ്ങിവെച്ചതായി ഇവര്‍ പറയുന്നു. തങ്ങള്‍ ജോലി ചെയ്തിരുന്ന സ്ഥലത്തിന്റെ പേര് പോലും ഇവര്‍ക്ക് അറിയുമായിരുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സ്ത്രീകളെ ജോലിക്കെത്തിച്ചതും, അവരുടെ സ്വാതന്ത്ര്യങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതും പാസ്‌പോര്‍ട്ട് വാങ്ങിവെച്ചതുമെല്ലാം മനുഷ്യക്കടത്തിന്റെ കൃത്യമായ സൂചനകളാണ് നല്‍കുന്നത് എന്ന് മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ട്രെയ്‌സ് കെനിയ എന്‍ജിഒയിലെ പ്രധാന ഉദ്യോഗസ്ഥന്‍ പോള്‍ അഥോച്ച് പറയുന്നു.
Courtesy: Reuters
Content Highlights: South Asian women trafficked to Kenya's dance bars