സാരിയുടുപ്പിക്കുന്ന ജോലിയോ? ഇന്‍ഫോ പാര്‍ക്കിലെ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ കാര്‍ത്തിക രഘുനാഥ് പറയും സാരിയുടുപ്പിക്കല്‍ പാര്‍ട്ട് ടൈം ജോലിയാക്കിയതിന്റെ വിജയഗാഥ. സാരി ഏറെ ഇഷ്ടപ്പെടുന്നവരാണ് ന്യൂജെന്‍ പെണ്‍കുട്ടികളെങ്കിലും അത് ഉടുക്കാന്‍ അറിയുന്നവര്‍ തീരെക്കുറവ്. എല്ലാ പെണ്‍കുട്ടികളെയും പോലെ കാര്‍ത്തികയ്ക്കും പറയാനുണ്ട് കുട്ടിക്കാലത്ത് അമ്മയുടെ സാരി വാരിച്ചുറ്റിയ കഥ.
വീട്ടമ്മയായ അമ്മ സാരിയുടുക്കുന്നതിനെപ്പറ്റി കൂട്ടുകാര്‍ ചോദിക്കാറുള്ള ചോദ്യമാണ് തന്നെ സാരിയോടടുപ്പിച്ചതെന്ന് കാര്‍ത്തിക പറയുന്നു. അന്നുമുതലാണ് സാരി വലിയ സംഭവമാണെന്നുള്ള ഒരിഷ്ടം മനസ്സിലുണ്ടായത്-അവര്‍ പറഞ്ഞു. മോഡേണായി വസ്ത്രം ധരിക്കുന്ന തനിക്ക് വിശേഷാവസരങ്ങളില്‍ സാരിയല്ലാതെ മറ്റൊരു വസ്ത്രത്തെക്കുറിച്ച് ചിന്തിക്കാനാവില്ല.
കൂട്ടുകാര്‍ക്ക് സാരി ഉടുപ്പിച്ചായിരുന്നു തുടക്കം. അഞ്ചുമിനിറ്റില്‍ സാരിയുടുപ്പിക്കുന്ന കാര്‍ത്തിക പത്തുപേരെയൊക്കെ ഒരുമിച്ച് സാരിയുടുപ്പിക്കും. വിവാഹമൊഴിച്ച് ബാക്കിയുള്ള സാരിയുടുപ്പിക്കലിന് 400 മുതല്‍ 2,000 രൂപ വരെയാണ് ചാര്‍ജ്. വിവാഹസാരിയുടുപ്പിക്കലിന് 2,500 മുതല്‍ 4,500 രൂപ വരെ ഈടാക്കും. സാരിയും രീതിയും ഒക്കെ അനുസരിച്ച് അതില്‍ വ്യത്യാസം വരും. സ്മാര്‍ട്ട് സിറ്റിയിലെ 'ഗാഡ്ജിയോണ്‍' എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഓഫീസിന് അവധിയുള്ള ശനിയും ഞായറുമാണ് പ്രധാനമായും കാര്‍ത്തിക സാരിയുടുപ്പിക്കാന്‍ പോകുന്നത്. വെറും പാര്‍ട്ട്ടൈം ജോലി മാത്രമല്ലിത്. ഐ.ടി. പ്രൊഫഷണലിന്റെ ജോലിസമ്മര്‍ദങ്ങളെല്ലാം മറക്കുന്നത് പാഷന്‍ കൂടിയായ സാരിയുടുപ്പിക്കുമ്പോഴാണെന്ന് കാര്‍ത്തികയുടെ മറുപടി. ഇന്‍സ്റ്റഗ്രാമില്‍ പേജ് തുടങ്ങിയതോടെയാണ് കാര്‍ത്തികയുടെ പാഷന്‍ പാര്‍ട്ട്ടൈം ജോലിയായി മാറുന്നത്.
ഒരുപാടുപേര്‍ സാരിയുടുപ്പിക്കാനെന്ന ആവശ്യവുമായി മെസേജ് ചെയ്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ ഏപ്രിലിലാണ് പ്രതിഫലം വാങ്ങി സാരിയുടുപ്പിച്ചുതുടങ്ങുന്നത്. പിന്നീട് ഇതുവരെ എല്ലാ അവധി ദിവസങ്ങളിലും തിരക്കിട്ട പണിയുണ്ട്.
വിവാഹങ്ങള്‍ക്കു മാത്രമേ എറണാകുളത്തിന് പുറത്തുപോയി സാരി ഉടുപ്പിക്കാറുള്ളൂ. യാത്രച്ചെലവും അതിനോടൊപ്പം വാങ്ങും. വിവാഹത്തിനൊക്കെ ഒരിടത്തുനിന്ന് ആറുപേരെയൊക്കെ വരെ സാരിയുടുപ്പിക്കാന്‍ കിട്ടും. മാസം നല്ലൊരു തുക വരുമാനമായി കിട്ടുന്നുണ്ട്.
നന്നായി സാരിയുടുപ്പിക്കാനറിയുന്ന വീട്ടമ്മമാര്‍ക്ക് വളരെ എളുപ്പം ചെയ്യാന്‍ കഴിയുന്ന ജോലിയാണിതെന്ന് കാര്‍ത്തിക.
അഞ്ചു വര്‍ഷമായി കൊച്ചിയിലാണ് തൃശ്ശൂര്‍ സ്വദേശിയായ കാര്‍ത്തികയുടെ താമസം. അച്ഛന്‍ രഘുനാഥും അമ്മ ശ്രീദേവിയും സഹോദരി കവിതയുമടങ്ങുന്നതാണ് കുടുംബം.
Content :Software Engineer Karthika Raghunath turns her hobby, saree draping, into part time job