തിരുവനന്തപുരം: നഗരത്തിലെ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് സൗജന്യനിരക്കില്‍ സാനിട്ടറി നാപ്കിനുകള്‍ നല്‍കുന്നു. നഗരത്തിലെ 73 ചേരി പ്രദേശങ്ങളില്‍ താമസിക്കുന്ന 10നും 19നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായുള്ള ദേശീയ ആര്‍ത്തവ ആരോഗ്യത്തിന്റെ ഭാഗമായാണ് നാപ്കിനുകളുടെ വിതരണം.
ആദ്യഘട്ട വിതരണത്തിനുള്ള നാപ്കിനുകള്‍ 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നല്‍കിക്കഴിഞ്ഞു. ആശാ പ്രവര്‍ത്തകര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്നിവരിലൂടെയാണ് ഗുണഭോക്താക്കള്‍ക്ക് നാപ്കിനുകള്‍ എത്തിക്കുന്നത്. ആദിവാസി കോളനികളിലെ പെണ്‍കുട്ടികള്‍ക്കും പദ്ധതിയിലൂടെ നാപ്കിനുകള്‍ നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ആരോഗ്യദൗത്യം വഴിയാണ് പദ്ധതിയുടെ നടത്തിപ്പ്.
ഒരുരൂപ നിരക്കില്‍ ഒരു മാസം ഒരു പെണ്‍കുട്ടിക്ക് 40 നാപ്കിനുകള്‍വരെ നല്‍കും. ആദ്യഘട്ടത്തില്‍ 4,94,000 നാപ്കിനുകളാണ് എത്തിയിരിക്കുന്നത്. 20 നാപ്കിനുകള്‍ വില്‍ക്കുമ്പോള്‍ ആശാപ്രവര്‍ത്തകര്‍ക്ക് അഞ്ചുരൂപയും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന് മൂന്നുരൂപയും ലഭിക്കും. ബാക്കിത്തുക അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസറുടെയും ജില്ലാ പ്രോഗ്രാം മാനേജരുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. 6640 ഗുണഭോക്താക്കളെയാണ് ഇതുവരെ ചേരിപ്രദേശത്ത് കണ്ടെത്തിയിരിക്കുന്നത്. ആദിവാസി കോളനികളില്‍ 1660 പെണ്‍കുട്ടികള്‍ക്കും നാപ്കിനുകള്‍ ലഭിക്കും.
ചേരിപ്രദേശങ്ങളില്‍ അങ്കണവാടികളിലൂടെയും നേരിട്ട് വീട്ടിലും നാപ്കിനുകളെത്തിക്കും. ശരിയായ ആര്‍ത്തവ ശുചിത്വ അറിവുകള്‍ നല്‍കുന്നതിനായി കൗമാരപ്രായക്കാര്‍ക്ക് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. കൂടാതെ നാപ്കിനുകള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനുള്ള പരിശീലനം നല്‍കും. നിശ്ചിത സമയത്തിനിടയില്‍ ഗുണഭോക്താക്കളുടെ പട്ടിക ക്രമീകരിക്കുന്ന തരത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്. കൗമാരക്കാരിലെ ഗര്‍ഭധാരണം തടയുക, മാതൃശിശു മരണ നിരക്ക് കുറയ്ക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
പ്ലാസ്റ്റിക് കുറഞ്ഞതും കൂടുതല്‍ പഞ്ഞി അടങ്ങിയതുമായ ഉയര്‍ന്ന നിലവാരത്തിലുള്ള നാപ്കിനുകളാണ് വിതരണം ചെയ്യുന്നതെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സ്വപ്നകുമാരി പറഞ്ഞു. ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആര്‍ത്തവദിവസങ്ങളില്‍ സ്‌കൂളില്‍ പോകാറില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.