തൃശ്ശൂര്‍: ഒരു കൊല്ലം രാജ്യത്തെ മണ്ണില്‍ മാലിന്യമായി മാറുന്നത് 9000 ടണ്‍ സാനിറ്ററി നാപ്കിനുകള്‍. അതായത്, 43.2 കോടി പാഡുകള്‍. അമ്പരപ്പിക്കുന്ന ഈ കണക്കുകണ്ട് ഐശ്വര്യ ഞെട്ടിയില്ല. ആ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ ബുദ്ധിയും ചിന്തയും ചൂടുപിടിച്ചു. ഒടുവില്‍ അവള്‍ കണ്ടെത്തിയ പരിഹാരത്തിന് കിട്ടിയത് ദേശീയ അംഗീകാരം.
ഉപയോഗശേഷം സാനിറ്ററിനാപ്കിനുകള്‍ പ്രകൃതിസൗഹൃദമായി മറ്റാവശ്യങ്ങള്‍ക്ക് മാറ്റിയെടുക്കാം എന്ന കണ്ടെത്തലിന് സ്വച്ഛ്ഭാരതിന്റെ ഭാഗമായി ദേശീയ കുടിവെള്ള, ശുചിത്വ മന്ത്രാലയം സംഘടിപ്പിച്ച സ്വച്ഛത്തണ്‍ മത്സരത്തില്‍ രണ്ടാംസ്ഥാനം ലഭിച്ചു. സാനിറ്ററി പാഡിലെ കോട്ടണിനെ കമ്പോസ്റ്റാക്കി മാറ്റാനും പ്ലാസ്റ്റിക്കിനെ ഗ്രോബാഗ് നിര്‍മിക്കാനും സാധിക്കുമെന്നായിരുന്നു കണ്ടെത്തല്‍.
തലക്കോട്ടുകര വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ നാലാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് ഈ തൃശ്ശൂര്‍ സ്വദേശി. കണ്ടെത്തലിന് പേറ്റന്റ് ലഭിക്കാന്‍ അപേക്ഷ നല്‍കിയിരിക്കയാണ്. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണെങ്കിലും കെമിക്കല്‍ എന്‍ജിനീയറിങ്ങിലെ താത്പര്യമാണ് കണ്ടെത്തലിലേക്ക് നയിച്ചത്. രസതന്ത്രത്തില്‍ മുമ്പ് പഠിച്ച പരിമിതമായ അറിവുമാത്രമായിരുന്നു കൈമുതല്‍.
ഒന്നരലക്ഷം രൂപയുടെ അവാര്‍ഡ് നേടിയ ഐശ്വര്യയാണ് മത്സരത്തില്‍ പങ്കെടുത്ത ഏകമലയാളിയും പ്രായംകുറഞ്ഞ വ്യക്തിയും. സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഒപ്പം മത്സരിച്ചത് സ്ഥാപനങ്ങളും അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരുമടങ്ങുന്ന ടീമുകളാണ്.
അവസാനറൗണ്ടില്‍ നാലുടീമുകള്‍ക്കൊപ്പം വ്യക്തിഗതമായി മത്സരിച്ചാണ് രണ്ടാംസ്ഥാനം നേടിയത്. പശ്ചിമബംഗാളിലെ ഒരു സ്ഥാപനത്തിനാണ് ഒന്നാംസ്ഥാനം. ഐശ്വര്യയുടെ സാങ്കേതികവിദ്യക്ക് പിന്തുണയുമായി നിരവധി കമ്പനികളാണ് എത്തിയിരിക്കുന്നത്. പേറ്റന്റ് ലഭിച്ചാല്‍ നിര്‍മാണരംഗത്തേക്ക് കടക്കാനാണ് ഐശ്വര്യക്ക് ആഗ്രഹം.
ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയയും പങ്കെടുത്ത സ്വച്ഛതാ അവാര്‍ഡ് വിതരണച്ചടങ്ങിലേക്ക് ഐശ്വര്യക്കും ക്ഷണമുണ്ടായിരുന്നു. ഫര്‍ണിച്ചര്‍ ബിസിനസുകാരനായ തൃശ്ശൂര്‍ വരടിയം പടിഞ്ഞാറെപുരയില്‍ ഗോപാലകൃഷ്ണന്റെയും ശാന്തകുമാരിയുടെയും മകളാണ്. സൈക്കോളജി ബിരുദവിദ്യാര്‍ഥിയായ അക്ഷയ അനിയത്തിയാണ്.