പ്രളയം കനത്തനാശം വിതച്ച പ്രദേശങ്ങളാണ് എട്ടുമനയും ആറാട്ടുപുഴയും. ശക്തമായ ഒഴുക്കില്‍ തകര്‍ന്ന ആറാട്ടുപുഴ ബണ്ട് റോഡിന്റെ അവസ്ഥയ്ക്ക് ഇന്നും മാറ്റമില്ല. കരുവന്നൂര്‍ ചെറിയപാലം ഭാഗം തകര്‍ന്നുകൊണ്ടിരിക്കുന്നു. ഇല്ലിക്കല്‍ക്കെട്ടു ഭാഗത്തെ ആശങ്കകളുമായി നാട്ടുകാര്‍ സമരത്തിലാണ്.സര്‍ക്കാര്‍ സംവിധാനങ്ങള്‍ തോല്‍ക്കുമ്പോള്‍ നാട്ടുകാരുടെ ഇച്ഛാശക്തിയില്‍ ഈ പ്രദേശങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതു കാണാം. അതിന്റെ മനോഹരമായ കാഴ്ചയാണ് ആറാട്ടുപുഴയിലെ മഹേശ്വരി എന്ന ഫോട്ടോഗ്രാഫറുടെയും വിജയഗാഥ.
പല്ലിശ്ശേരിയില്‍ ആദ്യമായി തുടങ്ങുന്ന മഹേശ്വരി എന്ന സ്റ്റുഡിയോ ഒരു വനിതാഫോട്ടോഗ്രാഫറുടെ ഉയിര്‍ത്തെഴുന്നേല്‍പ്പുകൂടിയാണ്. പ്രളയകാലം മുതല്‍ അഞ്ചുമാസമായി ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന മഹേശ്വരിയുടെ സ്വപ്നം കൂടിയാണ് ഈ സ്റ്റുഡിയോ. അഞ്ചുമാസം മുമ്പ് പത്തടിയിലേറെ വെള്ളം പൊന്തിയ പല്ലിശ്ശേരി സെന്ററിലാണ് ഈ സ്റ്റുഡിയോ. ആറാട്ടുപുഴ മന്ദാരക്കടവ് കിയ്യാത്ത് പരേതനായ വേലായുധന്റെ മകളാണ് മഹേശ്വരി. പ്രളയത്തില്‍ വീടുതകര്‍ന്നപ്പോള്‍ ക്ഷേത്രത്തിലെ ദുരിതാശ്വാസക്യാമ്പ് ആയിരുന്നു അഭയം. അമ്മയും സഹോദരങ്ങളും അവരുടെ മക്കളും അടക്കം ഏഴുപേര്‍ താമസിച്ച വീടാണ് തകര്‍ന്നത്. വീട് ഒരുഭാഗത്തേക്ക് ഇരുന്നതിനാല്‍ അവിടെ താമസിക്കാന്‍ സാധിക്കില്ല. അതിനാല്‍ ക്ഷേത്രം ക്യാമ്പില്‍നിന്ന് തൊട്ടടുത്ത പഴം, പച്ചക്കറി സംസ്‌കരണ യൂണിറ്റ് കെട്ടിടത്തിലെ ക്യാമ്പിലേക്ക് മാറി.
കഴിഞ്ഞ തിരുവോണനാള്‍ മുതല്‍ ഏഴു കുടുംബങ്ങളില്‍നിന്നായി 17 പേര്‍ ഈ ക്യാമ്പില്‍ താമസിക്കുന്നുണ്ട്. വെള്ളക്കെട്ടില്‍ മഹേശ്വരിയുടെ ക്യാമറയും അനുബന്ധ സാധനങ്ങളും നശിച്ചു. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി കൂടിയാണ് മഹേശ്വരി. ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന മഹേശ്വരി പ്രളയം വരുത്തിയ വേദനകളെ മറന്ന് ക്യാമ്പ് ജീവിതത്തിനിടയിലും നിറങ്ങളുടെ ലോകത്തായിരുന്നു. താത്കാലികമായി ലഭിച്ച ക്യാമറയുമായി ജോലി തുടര്‍ന്നു. പല്ലിശ്ശേരി സെന്ററില്‍ വാടകയ്ക്ക് കട എടുത്താണ് സ്റ്റുഡിയോ തുടങ്ങുന്നത്. ക്യാമറ, മറ്റു സാധനങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ശ്രമം തുടരുന്നു. പഞ്ചായത്ത് നടത്തിയ പരിശീലനത്തില്‍ പങ്കെടുത്ത് ഫോട്ടോഗ്രഫി രംഗത്തെത്തിയ മഹേശ്വരി 23 വര്‍ഷമായി ഈ രംഗത്ത് തുടരുന്നു.
Content Highlights: return of a woman photographer