കൊച്ചുമക്കളേയും നോക്കി വീട്ടിലിരിക്കേണ്ട പ്രായത്തിലാണോ മഞ്ഞെന്നോ മഴയെന്നോ ഇല്ലാതെ ഇക്കണ്ട യാത്രകള്‍ മുഴുവന്‍?! ഇടയ്ക്കെങ്കിലും തൃശൂര്‍ സ്വദേശിയായ ഗീതയെ ഇത്തരം കമന്റുകള്‍ അറ്റാക്ക് ചെയ്യാറുണ്ട്.. എന്നാല്‍ കമന്റടിച്ചവരോട് ഈ 60കാരിക്ക് ഒന്നേയൊന്നേ പറയാനുള്ളൂ.., വര്‍ത്താനം പറഞ്ഞിരിക്കാതെ ഉള്ള നേരം കൊണ്ട് ആസ്വദിച്ച് യാത്ര ചെയ്യാന്‍ നോക്കൂ എന്ന്... അതാണ് ഗീതാമ്മ, ഏയ്ജ് ഈസ് ജസ്റ്റ് എ നമ്പര്‍ എന്നാണ് ഗീതാമ്മയുടെ പോളിസി.. ഓരോ യാത്ര കഴിയുമ്പോഴും താന്‍ ചെറുപ്പമായി വരികയാണെന്ന് ഈ 60കാരി പറയും.
യാത്രകളെ കുറിച്ച് പറയുമ്പോള്‍ ഗീതാമ്മയ്ക്ക് നൂറുനാവാണ്. ഗീതാമ്മ അജന്ത എല്ലോറയെ കുറിച്ച് പറയുമ്പോള്‍ കാഴ്ചകളുടെ പൗരാണിക ശില്‍പങ്ങള്‍ കേള്‍വിക്കാര്‍ക്ക് മുന്നില്‍ ഉയരും, മണാലിയെ കുറിച്ച് പറയുമ്പോള്‍ മഞ്ഞില്‍ പുതഞ്ഞ് നമ്മളും തണുക്കും, കൈലാസവും കാശിയും ഈ അറുപതുകാരി തീര്‍ക്കുന്ന വാങ്മയ ചിത്രങ്ങളാവുമ്പോള്‍ ഭക്തിയും കൗതുകവും കൂടിക്കുഴഞ്ഞ് നമ്മളുമോരോ പര്‍വതങ്ങള്‍ കയറും..അതാണ് ഗീതാമ്മയുടെ രീതിയും..യാത്രകള്‍ അത്രത്തോളം ഹരം കൊള്ളിക്കുന്നുണ്ട് ഇവരെ.. ആദ്യ യാത്ര അപ്രതീക്ഷിതമാണെങ്കിലും യാത്രകളെന്ന ഗീതാമ്മയുടെ സ്വപ്നത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കോഴിക്കോടിനപ്പുറമോ ഗുരുവായൂരിനപ്പുറമോ കാണാത്ത ഒരു പെണ്‍കുട്ടിയുടെ മോഹങ്ങള്‍ അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം പൂത്തുതളിര്‍ക്കുകയാണ്, അതും സ്വന്തം മകനിലൂടെ.. ജീവിതത്തിലെ തിരക്കുകളെല്ലാം കഴിഞ്ഞ് സ്വസ്ഥമായി ഇരിക്കേണ്ട സമയം മുഴുവന്‍ മകന്‍ ശരത്തിനൊപ്പം യാത്ര ചെയ്താണ് ഗീതാമ്മ സൂപ്പറാക്കുന്നത്. ഇപ്പോഴിതാ ഈ അമ്മയുടെ മകനൊപ്പമുള്ള യാത്രകള്‍ സിനിമയാകുന്നു, 'ഓ, മദര്‍ ഇന്ത്യ'. ഷാനി ഷാകിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്. സ്വര്‍ഗത്തിലാണോ ഭൂമിയിലാണോ എന്ന് പോലും ഇടയ്ക്ക് മറന്നുപോവുന്ന യാത്രകളെ കുറിച്ച് ഗീതാമ്മ പറയുന്നു.
അമ്പത് വയസ്സിനു ശേഷമാണെന്റെ റീബര്‍ത്ത്..!
യാത്ര ചെയ്യാന്‍ ഒരുപാടിഷ്ടമുണ്ടായിരുന്നിട്ടും അതൊക്കെ മനസ്സില്‍ മാത്രം വെയ്ക്കേണ്ടി വന്ന ഒരാളാണ് ഞാന്‍..കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ കോഴിക്കോടും ഗുരുവായൂരും കോയമ്പത്തൂരുമൊക്കെ പോയതുമാത്രമാണ് എന്റെ യാത്രാ ഓര്‍മകള്‍. അതുകഴിഞ്ഞ് പിന്നെ എവിടേക്കും പോവാന്‍ പറ്റിയില്ല. 17വയസ്സില്‍ തന്നെ കല്ല്യാണം കഴിഞ്ഞു. പിന്നെ കുടുംബം, കുട്ടികള്‍ അങ്ങനെയൊക്കെയായി ജീവിതം.
കല്ല്യാണം കഴിഞ്ഞപ്പോള്‍ ദുബായ് പോയിരുന്നു അതാണ് ആദ്യം നടത്തിയ വലിയ യാത്ര. അന്നത്തെ കാലത്ത് ദുബായ് ഒരു മായാലോകം തന്നെയായിരുന്നു. പക്ഷെ അത് യാത്ര ചെയ്യാന്‍ വേണ്ടി ചെയ്തതല്ലല്ലോ..പിന്നെ നാട്ടിലേക്ക് തിരിച്ചുവന്നു. മക്കളും കുടുംബവുമായി ജീവിതമങ്ങനെ പോയി. മക്കള്‍ വളര്‍ന്നു. ഇളയ മകന്‍ ശരത്തിനാണ് ബൈക്കിനോടും യാത്രകളോടുമൊക്കെ വലിയ കമ്പം. അവന്‍ കുറേ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഓരോ യാത്രയും കഴിഞ്ഞുവന്നാല്‍ വിശേഷങ്ങള്‍ പറയും, കണ്ട കാഴ്ചകളൊക്കെയും പറയും.. കഥകളൊക്കെ കേള്‍ക്കുമ്പോള്‍ യാത്രയോടുള്ള പ്രണയം എന്റെ മനസ്സിലും കൂടിക്കൂടി വരികയായിരുന്നു.
അങ്ങനെയിരിക്കെയാണ് ശരത്തിന്റെ ഒരാവശ്യത്തിനായി ബോംബെയില്‍ പോയത്. ബോംബെ കണ്ട് തിരിച്ചുവന്നതോടെ പിന്നെ യാത്രയോട് ഹരമായി. പോവുന്നിടത്തൊക്കെ ഒപ്പം കൂട്ടാന്‍ ശരത്തും റെഡിയായതോടെ ബംമ്പര്‍ ലോട്ടറി അടിച്ചതുപോലെയായി എനിക്കും. അങ്ങനെ അമ്പത് അറുപത് വയസ്സിനു ശേഷമാണ് ഞാന്‍ യാത്രകളൊക്കെ ചെയ്തത്. അതെന്റെ പുനര്‍ജന്മം തന്നെയായിരുന്നു.
പെട്ടന്നൊരു കാശി യാത്ര, പിന്നെ ഷിംല, മണാലി ലഡാക്ക് കൈലാസം...
ബോംബെ യാത്രയ്ക്ക് ശേഷം തികച്ചും പ്രതീക്ഷിക്കാത്തൊരു നേരത്താണ് എന്റെ കാശി യാത്ര. ഒരു വര്‍ഷം മുന്‍പൊരു ഫെബ്രുവരിയില്‍. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷമാണ് ശരത്ത് യാത്രയെ കുറിച്ച് എന്നോട് പറഞ്ഞത്. അങ്ങനെ കാശിക്ക് വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ അജന്ത എല്ലോറ, ഷിംല, മണാലി, നാസിക്ക്, കൈലാസം, മൂന്നാര്‍... യാത്രയോട് യാത്ര തന്നെയായിരുന്നു. എല്ലാ യാത്രയ്ക്ക് കൂട്ടു നില്‍ക്കാന്‍ എന്റെ മോനും. ഈ ജന്മം ഇങ്ങനെ കുറേ യാത്രകള്‍ പോവാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. അതിനുളള നന്ദി എന്റെ മകനോട് മാത്രമാണ്.
എനിക്ക് അധികം പഠിക്കാനോ ജോലി നേടാനോ ഒന്നും കഴിഞ്ഞിട്ടില്ല. പക്ഷെ ഞാന്‍ നന്നായി വായിക്കും. പാത്രങ്ങളിലും മാഗസിനുകളിലും വരുന്ന യാത്ര ഫീച്ചറുകള്‍ ഒന്നൊഴിയാതെ ഞാന്‍ സൂക്ഷിച്ചുവെയ്ക്കാറുണ്ട്. മാതൃഭൂമിയുടെ യാത്ര മാഗസിന്‍ ഇറങ്ങിയ കാലം തൊട്ടുള്ള എല്ലാ ലക്കങ്ങളും എന്റടുത്തുണ്ട്. അതുനോക്കിയും വായിച്ചും ഇരിക്കേണ്ടി വന്ന എന്റെ ഉള്ളിലെ സ്വപ്നത്തെ വീണ്ടെടുത്തത് എന്റെ മകനാണ്..ശരത്തിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ഷിംലയിലെ തണുപ്പും ശരത്തിന്റെ സ്നേഹത്തിന്റെ ചൂടും
ഷിംല, കുളു-മണാലി യാത്രയൊന്നും ഒരിക്കലും മറക്കാനാവില്ല. നല്ല തണുപ്പായിരുന്നു അവിടെ. ഞാനാണേല്‍ സാരി മാത്രമേ ഉടുക്കുള്ളൂ. അവിടെ ചെന്നിട്ട് സ്വെറ്ററും ക്യാപ്പും സോക്സും എല്ലാം വാങ്ങി. ചെറുതായിരിക്കുമ്പോള്‍ മക്കള്‍ക്ക് യൂണിഫോമിന്റെ കൂടെ ഷൂസ് ഇട്ടുകൊടുത്തിട്ടുണ്ടെന്നല്ലാതെ ഞാന്‍ അതുവരെ സോക്സും ഷൂസുമൊന്നും ഇട്ടിട്ടില്ല. അവിടെ ചെന്നപ്പോള്‍ ശരത്താണ് സോക്സും ഷൂസുമൊക്കെ ഇട്ടുതന്നത്. കുട്ടിക്കാലത്ത് അവരെ സ്‌കൂളില്‍ പോവാന്‍ ഒരുക്കിയതാണ് എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്. ശരത്തെന്നെ പൊന്നുപോലെ നോക്കി നടന്നു. എനിക്ക് മഞ്ഞില്‍ കളിക്കാന്‍ തോന്നിയപ്പോ അമ്മ എന്തുവേണേലും ചെയ്തോ എന്നും പറഞ്ഞ് ഫുള്‍ സപ്പോര്‍ട്ട്. മഞ്ഞ് വാരി കളിച്ചപ്പോള്‍ ഒറ്റയടിക്ക് ചെറുപ്പമായെന്ന തോന്നലായിരുന്നു എനിക്ക്. ശരത്താണ് എല്ലാം പ്ലാന്‍ ചെയ്യുന്നത്, അവനാണ് കാരണവന്‍. ഞാന്‍ എല്ലാം അനുസരിച്ച് നല്ല കുട്ടിയായി കൂടെക്കൂടുന്നേ ഉള്ളൂ.
നാട്ടുകാര്‍ എന്തും പറഞ്ഞോട്ടെ, വയസ്സ് കൂടിയെന്നു കരുതി വീട്ടിലിരിക്കണോ?
ഇനിയും കുറേ യാത്ര ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. എന്റെ യാത്രാക്കമ്പത്തിനോട് പലരും പലതരത്തിലാണ് പ്രതികരിക്കുന്നത്. ചിലര്‍ കൈയ്യടിച്ച് സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചിലര്‍ ഒന്നും നോക്കാതെ കുറ്റം പറയും. പക്ഷെ ഞാനും ശരത്തും അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. പറയുന്നവര്‍ പറഞ്ഞോട്ടെ, അതുകൊണ്ടിപ്പോള്‍ നമ്മള്‍ക്കെന്താ..! ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ എന്റെ അമ്മയേയും കൂട്ടിയല്ലേ പോവുന്നത് അതിനിപ്പോള്‍ നിങ്ങള്‍ക്കെന്താണെന്നാണ് ശരത്തും ചോദിക്കുന്നത്. 'ഈ പ്രായത്തില്‍ ഈ തള്ളയ്ക്കിത് എന്തിന്റെ കേടാണ്' എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ എന്റെ മകന്‍, എന്റെ യാത്ര.. അതിനപ്പുറത്തേക്കില്ല എനിക്ക് നാട്ടുകാരുടെ കമന്റുകള്‍.
ഒരുപാട് പേര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തും പറയാറുണ്ട്. ചെറുപ്പമായിട്ടും ഞങ്ങള്‍ക്കിതൊന്നും പറ്റുന്നില്ലല്ലോ, എവിടുന്നാണിത്രയും എനര്‍ജി, ഇങ്ങനെ കൂടെ കൂട്ടാന്‍ ഒരു മകനില്ലല്ലോ എന്നൊക്കെ എന്റെ പ്രായത്തിലുള്ളവരും അല്ലാത്തവരും പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ഇനി ആരെന്ത് പറഞ്ഞാലും പറ്റാവുന്നിടത്തോളം കാലം യാത്ര ചെയ്യണം. അതും മകനോടൊപ്പം തന്നെ.. അതാണെന്റെ ആഗ്രഹം.
(പുന:പ്രസിദ്ധീകരണം.)
Content Highlights: Oh Mother India Movie based on a true story of travelling mother Geetha Ramachandran and her son Sarath