മുപ്പത്തിയേഴാം വയസ്സില്‍ ബൈക്കുകളോടുള്ള അഭിനിവേശം ഞാന്‍ തിരിച്ചറിഞ്ഞു


2 min read
Read later
Print
Share

3750 രൂപയായിരുന്നു എന്റെ ആദ്യ ശമ്പളം. അടുത്ത നാലുവര്‍ഷങ്ങള്‍ അതുപോലെ കടന്നുപോയി.

ജീവിതം നമുക്ക് കാത്തുവെച്ചിരിക്കുന്നത് എന്തെന്ന് തിരിച്ചറിയണമെങ്കില്‍ ആദ്യം അവനവനെ സ്‌നേഹിക്കണമെന്ന് പറഞ്ഞുതരികയാണ് ഈ യുവതി. ജീവിതത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയതോടെ തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ച് ഹ്യൂമൻസ് ഓഫ് മുംബൈ എന്ന ഫെയ്സ്ബുക്ക് പേജിൽ പറയുകയാണ് ഇവർ.

വളരുമ്പോള്‍ ഒന്നിനോടും ഇണങ്ങുന്നില്ല എന്നുള്ളതായിരുന്നു എന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. ഞാന്‍ പഠനത്തില്‍ വലിയ മിടുക്കിയൊന്നും ആയിരുന്നില്ല. ടീച്ചറുടെ മകളാണ് എന്നതുപോലും ഗുണം ചെയ്തില്ല. എന്റെ കരിയറിനെ കുറിച്ച് അച്ഛനോ എന്തിന് എനിക്ക് പോലും വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല.

ഞാന്‍ ഡെല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയി. പക്ഷേ കാര്യങ്ങള്‍ മോശമായിക്കൊണ്ടിരുന്നു. അവിടെയുള്ള ബന്ധുക്കള്‍ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. അതോടെ എനിക്കുണ്ടായിരുന്ന ആത്മാഭിമാനം പോലും നഷ്ടപ്പെട്ടു. എനിക്കുമാത്രം ഇതൊക്കെ സംഭവിക്കണമെങ്കില്‍ എനിക്കെന്തെങ്കിലും കുഴപ്പമുണ്ടെന്നല്ലേ കരുതേണ്ടത്? ജീവിതവുമായി മുന്നോട്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചു. കൊല്‍ക്കത്തയിലെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസം ആരംഭിച്ചു. കോളേജ് കഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് മാറി. എനിക്ക് യാതൊരു ലക്ഷ്യവുമുണ്ടായിരുന്നില്ല. ഞാന്‍ വല്ലാത്ത വിഷാദാവസ്ഥയിലായിരുന്നു. ആര്‍ക്കും ഞാന്‍ എന്തിലൂടെയാണ് കടന്നുപോകുന്നത് എന്നുപോലും മനസ്സിലാകുന്നുണ്ടായിരുന്നില്ല.

ഒന്നുമല്ലാത്തവളെന്ന് തോന്നിയിരുന്ന ഞാന്‍ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞ ആദ്യ ജോലിയില്‍ തന്നെ പ്രവേശിച്ചു. ഞാന്‍ ഒരു വെയ്റ്ററസ് ആയി. 3750 രൂപയായിരുന്നു എന്റെ ആദ്യ ശമ്പളം. അടുത്ത നാലുവര്‍ഷങ്ങള്‍ അതുപോലെ കടന്നുപോയി. ഇതെന്റെ ജീവിതമല്ലെന്ന് ഞാന്‍ തീരുമാനനിക്കുന്നത് വരെ. പ്രത്യേകിച്ച് യാതൊരു ലക്ഷ്യവുമില്ലാതെയാണ് ഞാന്‍ മുന്നോട്ട് പോയിരുന്നത്. മാനസികമായി തകരുമ്പോഴും കരുത്തയാണെന്ന് കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഒടുവില്‍ ഞാന്‍ എന്റെ ബാഗ് പാക്ക് ചെയ്ത് മുംബൈയിലേക്ക് തിരിച്ചു. ഒരു പുതിയ തുടക്കത്തിനായി.

ഞാന്‍ ഭയപ്പെട്ടു, മാനസികമായി തകര്‍ന്നു. ബില്ലുകള്‍ തീര്‍ക്കുന്നതിന് വേണ്ടി ഹോട്ടലുകള്‍ക്ക് വേണ്ടിയുള്ള ഒരു ട്രെയിനിങ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. അത് ഫലം കണ്ടു. ആളുകളുമായി ഇടപഴകുന്നതില്‍ എനിക്ക് പ്രാവീണ്യമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ കഴിവുകള്‍ അംഗീകരിക്കപ്പെട്ടു, എനിക്ക് പ്രമോഷന്‍ ലഭിച്ചു. എനിക്കാവശ്യമുണ്ടായിരുന്ന ഊര്‍ജം അതിലൂടെ ലഭിച്ചു. പതുക്കെ പതുക്കെ ഞാന്‍ എന്നെ ഇഷ്ടപ്പെടാന്‍ തുടങ്ങി. എനിക്ക് ഞാന്‍ സുന്ദരിയായി തോന്നി. പ്രത്യേകിച്ച് സാരിയുടുക്കുമ്പോള്‍. ഞാന്‍ ഒരിക്കലും കരുതിയതല്ല എനിക്ക് എന്നെ അങ്ങനെ കാണാന്‍ സാധിക്കുമെന്ന്. അതിനാല്‍ തന്നെ ജോലിയില്‍ കയറി കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്തിനൊപ്പം സ്വന്തമായി ഒരു കമ്പനി തുടങ്ങി. അദ്ദേഹം പരിശീലനത്തിലും ഞാന്‍ മാര്‍ക്കറ്റിങ്ങിലും ശ്രദ്ധിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തുടങ്ങുന്നതിന്റെ വളരെ കുറച്ച് മുമ്പ് അയാള്‍ പിന്‍വാങ്ങി.

ആ ചെറിയ വെല്ലുവിളി പുതിയ എന്നിലെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ ഞാന്‍ അനുവദിച്ചില്ല. അതുകൊണ്ട് ഞാന്‍ ഫോണെടുത്ത് ഓരോ ഹോട്ടലുകളിലേക്ക് തുടര്‍ച്ചയായി വിളിക്കാന്‍ തുടങ്ങി. ഒരുപാടുപേര്‍ നിരസിച്ചു. ട്രെയിനിങ്ങും മാര്‍ക്കറ്റിങ്ങും ഞാന്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചു. ആദ്യ ക്ലൈന്റിനെ കിട്ടി. ആദ്യമായി 500 രൂപയാണ് എനിക്ക് കിട്ടിയത്. ദിവസങ്ങളായി ഞാന്‍ ഒന്നും കഴിച്ചിരുന്നില്ല. വയറും മനസ്സും നിറയുന്നവരെ ഭക്ഷണം കഴിച്ചു. പതിയെ ബിസിനസ്സ് പച്ചപിടിച്ചു. എന്നെ വിമര്‍ശിക്കുന്ന പരിപാടി ഞാന്‍ അവസാനിപ്പിച്ചു.

ഞാന്‍ എന്നെ സ്‌നേഹിക്കാന്‍ തുടങ്ങിയതോടെ ജീവിതം എന്നെ സ്‌നേഹിക്കാന്‍ തുടങ്ങി. ഇന്നെനിക്ക് 4 ജിമ്മും ഒരു സ്പായുമുണ്ട്. 37-ാം വയസ്സില്‍ ബൈക്കുകളോടുള്ള എന്റെ പ്രണയം ഞാന്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് എനിക്ക് ഒരു ബൈക്ക് സമ്മാനിച്ചു. ഒരു മനോഹരമായ സാരിയുടുത്ത് അതോടിക്കുമ്പോള്‍, കാറ്റ് മുടിയിഴകളില്‍ നൃത്തം ചെയ്യുമ്പോള്‍..അവസാനം എനിക്ക് മനസ്സിലായി ഞാന്‍ ഇണങ്ങിക്കഴിയാന്‍ വേണ്ടി ജനിച്ചവളല്ല, ഒന്നിനോടും വിട്ടുവീഴ്ചചെയ്യാതെ ജീവിക്കേണ്ടവളാണെന്ന്..

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

4 min

മലയാള സിനിമ കെട്ടിപ്പടുത്തത് നടിമാരുടെ രക്തത്തിലോ?

Jul 11, 2017


mathrubhumi

2 min

നാല് ചക്രങ്ങളില്‍ പറന്നുയര്‍ന്ന ജീവിതം, അറിയണം ഈ മിടുക്കിയെ

Oct 22, 2018


mathrubhumi

4 min

മരിച്ച ഭര്‍ത്താവിന്റെ ബീജത്തില്‍നിന്ന് രണ്ട് പൊന്നോമനകളെ പ്രസവിച്ച ഷില്‍നയുടെ ജീവിതം

Oct 3, 2018