ജമൈക്കന്‍ സുന്ദരി ടോണി ആന്‍ സിങ്ങിനെ 2019 ലെ ലോകസുന്ദരിയായി പ്രഖ്യാപിക്കുമ്പോള്‍ അത് കണ്ട് കൊണ്ടിരുന്ന ലോകത്താകമാനമുള്ള കാഴ്ചക്കാര്‍ ആഘോഷിച്ചത് റണ്ണര്‍ അപ്പായ ന്യെകാച്ചി ഡഗ്ലസിന്റെ ആഹ്‌ളാദപ്രകടനമായിരുന്നു.
നൈജീരിയയെ പ്രതിനിധീകരിച്ച് ലോകസുന്ദരി മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ന്യെകാച്ചി ലോകസുന്ദരിയായി ടോണിയുടെ പേര് പ്രഖ്യാപിക്കുന്നതും കാത്ത് വേദിയില്‍ ടോണിയുടെ സമീപത്ത് തന്നെ നിലയുറപ്പിച്ചിരുന്നു. ലോകസുന്ദരിയുടെ പേര് പ്രഖ്യാപിച്ചയുടന്‍ ആഹ്‌ളാദം അടക്കാനാവാതെ ന്യെകാച്ചി ആര്‍ത്തുവിളിച്ചു, തുള്ളിച്ചാടിയെത്തി ടോണിയെ ആലിംഗനം ചെയ്തു.
ന്യെകാച്ചിയുടെ ആഹ്‌ളാദപ്രകടനത്തിന്റെ വീഡിയോ 23 ലക്ഷത്തിലധികം പേരാണ് ട്വിറ്ററിലൂടെ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടത്.
ന്യെകാച്ചിയുടെ സന്തോഷപ്രകടനത്തിന്റെ രംഗങ്ങള്‍ ന്യെകാച്ചിയ്ക്ക് നല്‍കിയത് എണ്ണമറ്റ അനുമോദനങ്ങളും ഒപ്പം ആരാധകരേയുമാണ്. ലോകസുന്ദരിമത്സരം പോലെയൊരു വേദിയില്‍ സാധാരണ കാണാനിട വരാത്ത രംഗമാണിതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. തനിക്ക് ലഭിക്കാത്ത വിജയം മറ്റൊരാള്‍ നേടുന്നതില്‍ നേരിയതോതിലെങ്കിലും വിഷമം തോന്നുന്നവരാണ് അധികമെങ്കിലും ടോണി നേടിയ വിജയത്തില്‍ മതിമറന്നോഘോഷിച്ച ന്യെകാച്ചിയെ അനുമോദനങ്ങള്‍ കൊണ്ടു മൂടുകയാണ് ലോകം.
ന്യെകാച്ചിയെ പോലെ ഒരു സുഹൃത്ത് എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകണമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ എല്ലാവരുടെ ഉള്ളിലും ന്യെകാച്ചിയെ പോലൊരാള്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ചവരും നിരവധിയാണ്. അഞ്ചാം സ്ഥാനമാണ് ന്യെകാച്ചി സൗന്ദര്യമത്സരത്തില്‍ നേടിയത്.
Content Highlights: Miss Nigeria had the best reaction to Jamaica winning the Miss World title