'ആര്‍ത്തവം കൃത്യമായി വരാതിരിക്കുന്നത് അനുഗ്രഹമായി കരുതുന്നവരാണ് മിക്ക വിദ്യാര്‍ഥികളും'


6 min read
Read later
Print
Share

ദേഹംമുഴുവന്‍ കുഴയുന്നതുപോലെ, സഹിക്കാനാവാത്ത വയറുവേദന... ഇത് കൃത്യമായി ഇല്ലെങ്കില്‍ സമാധാനമുണ്ട്. അത് വന്നാല്‍, എന്തൊക്കെ സഹിക്കണം...

ആര്‍ത്തവദിനങ്ങള്‍ പലപ്പോഴും ആവര്‍ത്തനമാണ്, ഒരുപാട് പ്രശ്നങ്ങളുടെ.മിക്കവര്‍ക്കും ആര്‍ത്തവദിനങ്ങളെക്കുറിച്ചോര്‍ക്കാന്‍ പേടിയാണ്. ഒരു നാപ്കിന്‍കൊണ്ട് എങ്ങനെയൊക്കെയോ ഒപ്പിച്ചുവെന്ന് പറഞ്ഞ് സമാധാനിക്കുന്നവര്‍, നാലുമണിക്കൂര്‍ മാത്രം ഉപയോഗിക്കേണ്ട നാപ്കിന്‍ 12 മണിക്കൂര്‍ വരെ മാറ്റാതിരിക്കുന്നവര്‍, പറ്റുമെങ്കില്‍ ആ ദിവസങ്ങളിലൊക്കെ മൂത്രമൊഴിക്കല്‍ ഒഴിവാക്കുന്നവര്‍. കൂട്ടത്തില്‍ ബസ്സില്‍ ഒന്നും രണ്ടും മണിക്കൂര്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്ത് ദുരിതം കൂടുതല്‍ അനുഭവിക്കുന്നവര്‍. ഇതിനൊന്നും വയ്യെങ്കില്‍, രണ്ടും മൂന്നും ദിവസം ആര്‍ത്തവം കാരണം ക്ലാസില്‍ പോകാത്തവര്‍.

ആര്‍ത്തവകാലശുചിത്വത്തില്‍ കേരളത്തിലെ സ്ത്രീകള്‍ ഇനിയും മുന്നേറാനുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യയിലെ 15 - 24 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ 58 ശതമാനം മാത്രമാണ് ആര്‍ത്തവകാലത്ത് ശുചിത്വപൂര്‍ണമായ മാര്‍ഗം സ്വീകരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.

പാലക്കാട്ടെ സ്ഥിതിയും വ്യത്യസ്തമല്ല. ചില സ്‌കൂളുകളിലെങ്കിലും ശൗചാലയങ്ങള്‍ ആവശ്യത്തിനില്ല. ഇവയുള്ള സ്‌കൂളുകളില്‍ എല്ലാം ഉപയോഗയോഗ്യമല്ല. ആവശ്യത്തിന് വെള്ളമില്ലായ്മ, ശുചിത്വക്കുറവ് എന്നിവമൂലം ഉപയോഗിക്കാന്‍ സാധിക്കാത്ത നിലയിലാണ് ചിലത്. സംസ്ഥാനസര്‍ക്കാര്‍ തുടങ്ങിയ നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കലും വ്യാപകമായിട്ടില്ല. ഇന്നും ബാഗിലെ ഉള്ളറകളിലും പുസ്തകത്തിനിടയിലും സൂക്ഷിച്ചുവെച്ച് നാപ്കിന്‍ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനാണ് വിധി. ഉപയോഗശേഷം മാറ്റേണ്ടിവന്നാല്‍ കടലാസിലോ കവറിലോ പൊതിഞ്ഞ് സ്‌കൂള്‍ ബാഗില്‍ സൂക്ഷിക്കേണ്ടിവരുന്ന ഗതികേടിലാണ് ഇപ്പോഴും കുട്ടികള്‍.

എന്തൊക്കെ സഹിക്കണം

ദേഹംമുഴുവന്‍ കുഴയുന്നതുപോലെ, സഹിക്കാനാവാത്ത വയറുവേദന... ഇത് കൃത്യമായി ഇല്ലെങ്കില്‍ സമാധാനമുണ്ട്. അത് വന്നാല്‍, എന്തൊക്കെ സഹിക്കണം... പല സ്‌കൂളിലും ഇത്തരത്തിലുള്ള സംഭാഷണം വിദ്യാര്‍ഥികള്‍ക്കിടയില്‍ ധാരാളം കേട്ടിട്ടുണ്ട്. ആര്‍ത്തവം കൃത്യമായ ഇടവേളകളില്‍ വരാതിരിക്കുന്നത് ഒരനുഗ്രഹമായി കരുതുന്നവരാണ് മിക്ക വിദ്യാര്‍ഥികളുമെന്ന് ജില്ലാ ആശുപത്രിയിലെ ഭൂമിക കൗണ്‍സിലര്‍ കെ.ജി. ശിവകാമി പറയുന്നു. സ്‌കൂളുകളിലെ കുട്ടികള്‍ക്ക് അത്രയേറെ പ്രശ്നങ്ങളുണ്ട് എന്നതാണ് ഇതിനുള്ള പ്രധാന കാരണം.

ആര്‍ത്തവസമയത്ത് പെണ്‍കുട്ടികള്‍ക്ക് മാനസികനിലയില്‍ ഇടയ്ക്കിടെ മാറ്റമുണ്ടാവുന്നത് സര്‍വസാധാരണമാണ്. ചിലര്‍ക്ക് പെട്ടെന്ന് ദേഷ്യംവരികയും ചിലര്‍ക്ക് ചെറിയകാര്യങ്ങളില്‍പ്പോലും പെട്ടെന്ന് വിഷമംവരികയും കരയുകയുമെല്ലാം ചെയ്യാറുണ്ട്. ഈ സമയങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ മൂത്രമൊഴിക്കാതിരിക്കുന്നതും നാപ്കിന്‍ വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യാതിരിക്കുന്നതും മാനസിക പിരിമുറുക്കത്തിനും മാനസികനിലയില്‍ മാറ്റമുണ്ടാകുന്നതിനും കാരണമാകുന്നു.

ശാരീകമായ പല അസ്വസ്ഥതകളും ഉണ്ടാവുന്ന സമയംകൂടിയാണിത്. ഈ സമയത്ത് നാപ്കിന്‍ മാറ്റാതിരിക്കുന്നതും മറ്റും കൂടുതല്‍ ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്നു. ശുചിത്വം ഏറ്റവുംകൂടുതല്‍ ആവശ്യമുള്ള സമയംകൂടിയാണിത്. ഇതേക്കുറിച്ച് പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര അറിവില്ലാത്തത് അണുബാധയടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

പെണ്‍കുട്ടികള്‍ അധികമുള്ള സ്‌കൂളില്‍ ശൗചാലയത്തിന് 19 ലക്ഷം

സംസ്ഥാനത്തെതന്നെ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന ഗവ. മോയന്‍ മോ!ഡല്‍ ഗേള്‍സ് എച്ച്.എസ്. സ്‌കൂള്‍ പാലക്കാട് നഗരസഭാപരിധിയിലാണ്. സ്‌കൂളില്‍ വൃത്തിയുള്ള ശൗചാലയം പണിയാന്‍ പ്രത്യേകപദ്ധതിയാണ് നഗരസഭ ഒരുക്കിയത്. 19 ലക്ഷംരൂപ ഇതിനായി നീക്കിവെച്ചതായി നഗരസഭാധ്യക്ഷ പ്രമീളാശശിധരന്‍ പറഞ്ഞു.
നഗരസഭാപരിധിയിലെ ഏഴ് വിദ്യാലയങ്ങളില്‍ സാനിറ്ററി നാപ്കിന്‍ ലഭിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. പാലക്കാട് നഗരസഭാ പ്ലാന്‍ഫണ്ടില്‍നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് നാപ്കിന്‍ വെന്‍ഡിങ് യന്ത്രം സ്ഥാപിച്ചത്. പത്തുരൂപയുടെ നാണയമോ പത്തു ഒരുരൂപ നാണയങ്ങളോ യന്ത്രത്തിലിട്ടാല്‍ വെന്‍ഡിങ് യന്ത്രത്തില്‍നിന്ന് മൂന്ന് സാനിറ്ററി നാപ്കിനടങ്ങിയ ഒരു പായ്ക്കറ്റ് ലഭിക്കും വിധമാണ് ഒരുക്കിയത്.

പി.എം.ജി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുമരപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബിഗ് ബസാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെണ്ണക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടത്. അടുത്തഘട്ടത്തിലേക്കുള്ള സ്‌കൂളുകളുടെ കണക്ക് സമര്‍പ്പിക്കാന്‍ ഇംപ്ലിമെന്റിങ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനുകരിക്കാം... ചിറ്റൂര്‍ മാതൃക

ചിറ്റൂര്‍ താലൂക്കില്‍ ഏറ്റവുമധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലൊന്നാണ് ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. 3,000ത്തോളം വിദ്യാര്‍ഥിനികള്‍ ഇവിടെയുണ്ട്. ചിറ്റൂര്‍തത്തമംഗലം നഗരസഭയില്‍ ഉള്‍പ്പെടുന്ന ഈ സ്‌കൂളില്‍ സൗജന്യമായി ഗുണമേന്മയുള്ള സാനിറ്ററി നാപ്കിനുകള്‍ നല്‍കുന്നുണ്ട്. അവ നശിപ്പിക്കുന്നതിനായി എട്ട് ഇന്‍സിനറേറ്ററുകളും സ്‌കൂളില്‍ സ്ഥാപിച്ചിട്ടുണ്ട്. വനിതാ വികസന കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ നഗരസഭയുടെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ചിറ്റൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തത്തമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും ഷീപാഡ് എന്ന പേരില്‍ ഈ പദ്ധതി നഗരസഭ നടപ്പാക്കുന്നുണ്ട്. 6.5 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. നാപ്കിനുകള്‍ക്ക് പുറമേ അവ സൂക്ഷിക്കുന്നതിനുള്ള അലമാരകളും ഉപയോഗിച്ച നാപ്കിനുകള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള ഇന്‍സിനറേറ്ററുകളും പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

സൗകര്യങ്ങളൊരുക്കാന്‍ ഫണ്ടും കുറേ നൂലാമാലകളും

സമഗ്രശിക്ഷാ അഭിയാന്‍ (എസ്.എസ്.എ.), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ.) എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂളുകളിലേക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ഫണ്ടനുവദിക്കുന്നത്. എസ്.എസ്.എ.യില്‍നിന്നുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ആകെ 220 കോടിയോളംരൂപ മാത്രമാണ് അനുവദിക്കുന്നത്. ഈ ഫണ്ടുതന്നെ പലപ്പോഴും അപര്യാപ്തമാണ്. ഇതില്‍നിന്ന് തുകയുടെ വിഹിതം ഇനിയും കുറയുമെന്നതാണ് പ്രതിസന്ധിയിലാക്കുന്നത്.

ഇതില്‍ത്തന്നെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇത്തരം ഫണ്ടുകള്‍ ലഭ്യമല്ല. ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ ഗ്രാമപ്പഞ്ചായത്തുകളോട് പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി പരിധിയിലുള്ള സ്‌കൂളുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ടനുവദിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം മരുതറോഡ് പഞ്ചായത്ത്, ശ്രീകൃഷ്ണപുരം പഞ്ചായത്ത് തുടങ്ങിയ ചില പഞ്ചായത്തുകള്‍ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നുണ്ട്. എം.എല്‍.എ., എം.പി. ഫണ്ടുകള്‍ ലഭ്യമാണെങ്കിലും ഇത് പലപ്പോഴും സ്മാര്‍ട്ട് ക്ലാസ്റൂം, മറ്റ് പഠനസൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഉപയോഗപ്പെടുത്തുന്നതെന്നും അധ്യാപകര്‍ പറയുന്നു.

സ്‌കൂളുകളിലെ ശൗചാലയ സൗകര്യങ്ങളും അനുപാതവും

വിദ്യാഭ്യാസവകുപ്പില്‍നിന്നുള്ള കണക്കുപ്രകാരം ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ശൗചാലയങ്ങളുണ്ട്. 2014ലാണ് എല്ലാ സ്‌കൂളുകളിലും ശൗചാലയങ്ങള്‍ നിര്‍ബന്ധമാക്കണമെന്നും ഇതില്ലാത്ത സ്‌കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നും അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. നാലുവര്‍ഷം പിന്നിടുമ്പോള്‍ ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ശൗചാലയ സൗകര്യമുറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസവകുപ്പധികൃതര്‍ പറഞ്ഞു.

20 പെണ്‍കുട്ടികള്‍ക്ക് ഒരു ശൗചാലയമെന്നും ആണ്‍കുട്ടികള്‍ക്ക് 40 പേര്‍ക്ക് ഒരുശൗചാലയം എന്നുമാണ് അനുപാതം. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആവശ്യത്തിന് ശൗചാലങ്ങള്‍ നിര്‍മിക്കുന്നുണ്ട്. എന്നാല്‍ എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഈ അനുപാതം പലപ്പോഴും പാലിക്കപ്പെടുന്നില്ല. മാനേ!ജ്മെന്റ് സ്‌കൂളുകളായതിനാല്‍ ഇത്തരം സൗകര്യം സജ്ജമാക്കാനുള്ള ഉത്തരവാദിത്വവും ചെലവും മാനേജ്മെന്റ് വഹിക്കണം. പലപ്പോഴും സര്‍ക്കാര്‍ സ്‌കൂളിനോളം കുട്ടികളില്ലെന്ന പേരിലാണ് അടിസ്ഥാനസൗകര്യങ്ങളില്‍ കുറവ് വരുത്തുന്നത്.

പാലക്കാട്ട്

വിദ്യാഭ്യാസജില്ലയില്‍ 89 ഗവ. ഹൈസ്‌കൂളുകളും 77 എയ്ഡഡ് ഹൈസ്‌കൂളുകളും 41 അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്. കൂടാതെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന് കീഴില്‍ പാലക്കാട് വിദ്യാഭ്യാസജില്ലയില്‍ 34 ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും 40 എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും 10 സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകളുമുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവുമധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്ന് ഈ വിദ്യാഭ്യാസജില്ലയിലാണ്. സാമൂഹികനീതി വകുപ്പിന്റെ കണക്കനുസരിച്ച് ആകെ 13 വിദ്യാലയങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനുള്ളത്. ഇതില്‍ തന്നെ മിക്ക സ്‌കൂളുകള്‍ക്കും ഇന്‍സിനറേറ്റര്‍ സൗകര്യവുമില്ല.

ജില്ലാപഞ്ചായത്ത്, നഗരസഭ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പരിധിയിലെ മിക്ക സ്‌കൂളുകളിലും അടിസ്ഥാനസൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍, ഇവ പൂര്‍ണമായും ഉപയോഗിക്കാനാകുന്നില്ലെന്നത് പ്രശ്നമാണ്. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് ജില്ലാപഞ്ചായത്ത് ഹൈസ്‌കൂളുകളിലേക്ക് നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ നല്‍കിയിരുന്നു. 201718 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു വിതരണം. 40 സ്‌കൂളുകളിലേക്കായി 60 വെന്‍ഡിങ് മെഷീനുകളാണ് നല്‍കിയത്. പെണ്‍കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ രണ്ട് മെഷീനുകളാണ് നല്‍കിയത്. ഇത്തവണ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാലികാസൗഹൃദ (ഗേള്‍സ് ഫ്രെന്‍ഡിലി) ശൗചാലയങ്ങള്‍ നിര്‍മിക്കും. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചു. തിരഞ്ഞെടുക്കുന്ന ഏഴ് സ്‌കൂളുകളില്‍ ഇത്തവണ ശൗചാലയസമുച്ചയം നിര്‍മിക്കും.

ഒറ്റപ്പാലത്ത്

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില്‍ 28 സര്‍ക്കാര്‍ സ്‌കൂളുകളും 20 എയ്ഡഡ് സ്‌കൂളുകളും ഒമ്പത് അണ്‍എയ്ഡഡ് ഹൈസ്‌കൂളുകളുമാണുള്ളത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ രണ്ടുമാസം മുമ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും ഇത് നടപ്പാക്കിയിട്ടില്ല. എത്ര സ്ഥാപനങ്ങളില്‍ വെന്‍ഡിങ് യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും ഇതുവരെ വിദ്യാഭ്യാസ ഓഫീസിന് ലഭിച്ചിട്ടില്ല. ഉപയോഗിച്ച നാപ്കിനുകള്‍ സംസ്‌കരിക്കാന്‍ മാര്‍ഗവുമില്ല.

മണ്ണാര്‍ക്കാട്ട്

വിദ്യാഭ്യാസജില്ലയ്ക്ക് കീഴില്‍ ആകെ 44 ഹൈസ്‌കൂളുകളാണുള്ളത്. ഇതില്‍ ഒമ്പതെണ്ണം അണ്‍എയ്ഡഡ് സ്‌കൂളുകളാണ്. 18 എയ്ഡഡ് സ്‌കൂളുകളും 17 ഗവ. ഹൈസ്‌കൂളുകളുമാണ് മറ്റുള്ളവ. ഇതില്‍ 16 സ്‌കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗമില്ല. ചില വിദ്യാലയങ്ങളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്. പലതും പക്ഷേ, പ്രവര്‍ത്തിക്കുന്നില്ല. ഭൂരിഭാഗം വിദ്യാലയങ്ങളിലും നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിട്ടില്ല. നാപ്കിന്‍ ലഭിക്കാനുള്ള സൗകര്യമില്ലെങ്കിലും ചില സ്‌കൂളുകളില്‍ ഇത് സംസ്‌കരിക്കുന്നതിനുള്ള സൗകര്യമുണ്ട്. എയ്ഡഡ് സ്‌കൂളുകളിലും സ്വകാര്യ മാനേജ്മെന്റ് സ്‌കൂളുകളിലും നാപ്കിന്‍ ലഭിക്കുന്നതിനും സംസ്‌കരിക്കുന്നതിനും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്.

ചിറ്റൂരില്‍

15 സര്‍ക്കാര്‍ ഹൈസ്‌കൂളുകളും എട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളും ചിറ്റൂര്‍ താലൂക്കിലുണ്ട്. എല്ലാ സ്‌കൂളുകളിലും ടോയ്ലെറ്റുകളുണ്ടെങ്കിലും വൃത്തിയില്ലായ്മയാണ് പ്രധാനപ്രശ്നം. പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് മെഷീനടക്കം എല്ലായിടത്തും ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലെറ്റ് ഒരുക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും നടപ്പായിട്ടില്ല. എട്ട് സ്‌കൂളുകളില്‍മാത്രം നാപ്കിന്‍ നശിപ്പിച്ച് കളയാന്‍ സംവിധാമുണ്ട്. മൂന്ന് സ്‌കൂളില്‍ ഈ സംവിധാനത്തിന് വൈദ്യുതി കണക്ഷന്‍ കിട്ടുന്നതിനുള്ള കാത്തിരിപ്പിലാണ്. രണ്ട് സ്‌കൂളില്‍ ഇപ്പോഴും പ്രവര്‍ത്തനം നടന്നുവരുന്നു. സ്‌കൂളിലെ സ്ഥലക്കുറവമൂലം കുട്ടികള്‍ക്കാനുപാതികമായുള്ള മൂത്രപ്പുരകള്‍ ഒരുക്കുന്നതിനും ചില സ്‌കൂളുകളില്‍ അധികൃതര്‍ ബുദ്ധിമുട്ടുന്നുണ്ട്. ശുചീകരണജീവനക്കാരില്ലാത്തതും വലയ്ക്കുന്നുണ്ട്.

പട്ടാമ്പിയില്‍

പട്ടാമ്പി ഉപജില്ലയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ആനുപാതിക എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റ് സൗകര്യമില്ല.സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി മൊത്തം എഴുപതിലധികം സ്‌കൂളുകള്‍ ഉപജില്ലയിലുണ്ട്.
വിളയൂര്‍ ഗവ. ഹൈസ്‌കൂളില്‍ 30 ലക്ഷംരൂപ ചെലവില്‍ ടോയ്ലറ്റ് സമുച്ചയം പൂര്‍ത്തിയായിവരുന്നുണ്ട്. ഉപജില്ലയില്‍ ഹൈടെക് നിലവാരത്തിലേക്കുയര്‍ത്താന്‍ തിരഞ്ഞെടുത്തിട്ടുള്ള ഗവ. ജനത ഹൈസ്‌കൂളും പട്ടാമ്പി, കൊപ്പം ജി.എച്ച്.എസ്.എസ്. സ്‌കൂളുകളും വികസനത്തിനായുള്ള പ്രതീക്ഷയിലാണുള്ളത്. വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ള പട്ടാമ്പി ഗവ. ഹൈസ്‌കൂളിലടക്കം ശൗചാലയസൗകര്യം കുറവാണ്.ഉപയോഗിച്ച നാപ്കിനുകള്‍ക്ക് മാലിന്യവീപ്പകള്‍പോലും സ്ഥാപിക്കാത്ത സ്ഥിതിയാണ്. മൂന്ന് സ്‌കൂളില്‍മാത്രമാണ് നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്.

ആലത്തൂരില്‍

കുഴല്‍മന്ദം, ആലത്തൂര്‍ വിദ്യാഭ്യാസ ഉപജില്ലകളില്‍ സ്‌കൂളുകളില്‍ പെണ്‍സൗഹൃദ ശൗചാലയങ്ങള്‍ വളരെക്കുറവ്. സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കുന്ന സ്‌കൂളുകളും ഏറെയില്ല. വെന്‍ഡിങ് മെഷീന്‍ ഉള്ളിടത്തുതന്നെ ഉപയോഗം കഴിഞ്ഞവ സംസ്‌കരിക്കുന്നതിനുള്ള ഇന്‍സിനറേറ്റര്‍ സംവിധാനമില്ല.

അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ്മെന്റുകള്‍ സ്വന്തംനിലയില്‍ വെന്‍ഡിങ് മെഷീനും ഇന്‍സിനറേറ്ററും സജ്ജമാക്കിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിരുന്ന സംവിധാനം കുറേക്കാലമായി പ്രവര്‍ത്തനരഹിതമാണ്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ കുറേയെണ്ണത്തില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത് ഇവ ക്രമീകരിച്ചിട്ടുണ്ട്.

ആലത്തൂര്‍ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസനപദ്ധതിയില്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി വെന്‍ഡിങ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കാനുള്ള രൂപരേഖ സമര്‍പ്പിക്കുന്നതില്‍ പല സ്‌കൂളുകള്‍ക്കും വീഴ്ചപറ്റി.

ശ്രമങ്ങള്‍ നടക്കുന്നുണ്ട്

എല്ലാ സ്‌കൂളുകള്‍ക്കും അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി അനുവദിക്കുന്ന തുകയില്‍നിന്ന് പലപ്പോഴും നിര്‍ബന്ധമായും മാറ്റിവെക്കേണ്ട ഫണ്ടുകള്‍ ഉണ്ടാകാറുണ്ട്. അതിനാല്‍ എല്ലാ സ്‌കൂളുകളിലേക്കും അടിസ്ഥാനസൗകര്യം എത്തിക്കാന്‍ സാധിക്കുന്നില്ല. ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പദ്ധതി രൂപവത്കരിക്കുകയാണ് ചെയ്യുന്നത്.
കെ. ശാന്തകുമാരി,
ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

നിര്‍ദേശം നല്‍കി

നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ ആവശ്യമുള്ള സ്‌കൂളുകള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാഭ്യാസവകുപ്പില്‍നിന്ന് നേരിട്ട് ഫണ്ട് നല്‍കുകയോ അനുമതി നല്‍കുകയോ ചെയ്യുന്നില്ല.
ജില്ലാ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍

ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാന്‍ കൈകോര്‍ക്കാം

ജില്ലയിലെ വിദ്യാലയങ്ങളില്‍ സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്റര്‍/ഡിസ്പോസര്‍ സ്ഥാപിക്കാന്‍ മാതൃഭൂമി സീഡിനൊപ്പം കൈകോര്‍ക്കാം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പങ്കാളികളാവാം. 'സമൂഹനന്മ വിദ്യാര്‍ഥികളിലൂടെ' എന്ന ലക്ഷ്യവുമായി ഫെഡറല്‍ബാങ്കിന്റെ സഹകരണത്തോടെയാണ് സ്‌കൂളുകളില്‍ സീഡ്പദ്ധതി നടപ്പാക്കുന്നത്. സീഡിലെ ശുചിത്വപ്രവര്‍ത്തനഭാഗമായാണിത്. സ്‌കൂളുകളില്‍ ഇന്‍സിനറേറ്റര്‍/ ഡിസ്പോസര്‍ സ്ഥാപിച്ച് നല്‍കാന്‍ താല്പര്യമുള്ളവര്‍ക്ക് വിളിക്കാം. Phone:9249990334


തയ്യാറാക്കിയത്: പി.പ്രജിന, പി.ജി വിജി, കെ.ഇന്ദു, കൃപേഷ് കൃഷ്ണകുമാര്‍, കെ.ജനാര്‍ദ്ദനന്‍, ജോബ് ജോണ്‍, എ.എസ് സന്ദീപ്ദാസ്, ആര്‍.അജേഷ്‌

Content Highlights: Menstruation Problems Every Girl Faces

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

നാടകലോകത്തിന്റെ വനിതാ സാരഥി

Nov 26, 2016


chenda

2 min

പെൺകുട്ടികൾ ചെണ്ട കൊട്ടാനോ എന്നു ചോദിച്ചവർ കാണുക ഈ കുറുങ്കുഴൽ കൂട്ടത്തെ

Nov 3, 2021


mathrubhumi

2 min

ടീനേജിന് വേണം ട്രെയിനിങ് ബ്രാ; അമ്മമാര്‍ അറിയാന്‍

Dec 31, 2019