ഒരു ഫെയറിടെയ്ല്‍ പോലെ മനോഹരമാണ് ഹാരി രാജകുമാരന്റെ പ്രിയതമയായി കെന്‍സിങ് രാജകൊട്ടാരത്തിലേക്ക് വലതുകാല്‍ വെച്ചുകയറുന്ന മേഗന്‍ മാര്‍ക്കലിന്റെ ജീവിതം. തിയേറ്ററിലും ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും ബിരുദം എടുത്ത് അതിഥി വേഷങ്ങളിലൂടെ അഭിനയലോകത്ത് പ്രവേശിച്ച മേഗന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം യാദൃച്ഛികമായിരുന്നു. അതുകൊണ്ടുതന്നെയാകണം വെറുമൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും രാജകുമാരിയിലേക്കുള്ള മേഗന്റെ വളര്‍ച്ച മാധ്യമങ്ങള്‍ക്ക് വര്‍ണിച്ചിട്ടും വര്‍ണിച്ചിട്ടും മതിയാകാതെ വരുന്നത്. മേഗന്റെ പൂര്‍വകാലചരിതം മുതല്‍ മേഗന്‍ അണിയുന്ന വസ്ത്രങ്ങളും ആക്‌സസറികളും ഇത്രമേല്‍ ശ്രദ്ധ നേടുന്നതും ആ രാജകുമാരി പദവിയുടെ പ്രത്യേകത കൊണ്ടുതന്നെ.
കുട്ടിക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം സുഹൃത്തിന്റെ വീട്ടില്‍ കളിക്കുന്ന മേഗന്റെ വീഡിയോ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. എട്ടുവയസ്സുള്ള മേഗന്‍ കൂട്ടുകാരിയായ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്ന പതിനൊന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. അതിന് കാരണവുമുണ്ട്, കിരീടമെല്ലാം ധരിച്ച് ഒരു രാജകുമാരിയായി കളിക്കുന്ന മേഗനാണ് വീഡിയോയില്‍ ഉള്ളത്.
1990 ജനുവരി 29ന് നിനക്കിയുടെ പിറന്നാള്‍ ദിനത്തിലാണ് വീഡിയോ എടുത്തിരിക്കുന്നത്. നിക്കിയെന്ന് മേഗന്‍ വിളിക്കുന്ന നിനക്കിയുടെ ഒമ്പതാം പിറന്നാളിന്. നിക്കിയുടെ വീടിന്റെ പിറകുവശമാണ് കുട്ടികളുടെ കളിസ്ഥലം. ' അന്നെടുത്ത ദൃശ്യങ്ങള്‍ ഇന്ന് കാണുമ്പോള്‍ വല്ലാത്ത കൗതുകം തോന്നുന്നു. അന്ന് കളിയിലെ രാജകുമാരിയായിരുന്ന മേഗന്‍ ഇന്ന് യഥാര്‍ത്ഥ രാജകുമാരിയാകുന്നു. അവളുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ എനിക്ക് വളരെയേറെ സന്തോഷം നല്‍കുന്നുണ്ട്. എന്നും ഞങ്ങളുടെയിടയിലെ ശ്രദ്ധാകേന്ദ്രം അവളായിരുന്നു. അവളായിരുന്നു ഞങ്ങളുടെ നേതാവ്. ആ വീഡിയോ നോക്കൂ അന്ന് എന്റെ പിറന്നാളായിരുന്നു. പക്ഷേ വീഡിയോയിലെ താരം അവളായിരുന്നു.'
ഒരു ചുവന്ന ബ്ലാങ്കറ്റില്‍ കൂട്ടുകാര്‍ക്കൊപ്പമിരിക്കുന്ന മേഗന്‍ തനിക്കടുത്ത് വരുന്ന കുട്ടിക്ക് ഒരു രാജ്ഞിയെ പോലെ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കൗതുകത്തോടെ മാത്രമേ കാണാന്‍ സാധിക്കൂ. 'അല്ലയോ രാജകുമാരി, ഈ രാജ്യത്ത് ഞാന്‍ ഇനിയെന്താണ് ചെയ്യേണ്ടത്? ' എന്ന് മേഗനോട് സുഹൃത്ത് ചോദിക്കുമ്പോള്‍ ഒമ്പതുലക്ഷം കുക്കീസ് ഉടന്‍ ഉണ്ടാക്കാനും തനിക്കായി ഒരു നല്ല വസ്ത്രം ഉടന്‍ തുന്നിയെടുക്കാനും കുട്ടി മേഗന്‍ രാജകുമാരി ആവശ്യപ്പെടുന്നുണ്ട്.
മേഗനും നിക്കിയും ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായിരുന്നു. ഹോളിവുഡ്‌സ് ലിറ്റില്‍ റെഡ് സ്‌കൂള്‍ ഹൗസിലെ വിദ്യാര്‍ത്ഥിനികളായിരുന്നു ഇരുവരും. നിക്കിയുടെ അച്ഛനും അമ്മ ഓഡിയോ/വീഡിയോ മേഖലയിലാണ് ജോലി ചെയ്തിരുന്നത്. അതിനാല്‍ തന്നെ കൈയില്‍ എല്ലായ്്‌പ്പോഴും ക്യാമറ ഉണ്ടായിരിക്കും. മേഗനും കൂട്ടുകാരും രാജകുമാരിയും ഭൃത്യരുമായി കളിക്കുന്ന വീഡിയോ പകര്‍ത്തിയത് നിക്കിയുടെ അമ്മ മരിയ ആണ്.
Courtesy : Daily Mail