ഇത് ഒരു പോരാട്ടത്തിന്റെ കഥമാത്രമല്ല ഒരു മധുര പ്രതികാരത്തിന്റെ കഥകൂടിയത്. ഗുജറാത്തിലെ അംറേലി ജില്ലയിലെ സാവര്‍കുണ്ടള ജില്ലയിലായിരുന്നു കോമള്‍ ഗണാത്രയുടെ ജനനം. നാലുവയസുള്ളപ്പോള്‍ തന്നെ പിതാവ് കോമളിന് യു.പി.എസ്.സിയെക്കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു നല്‍കിയിരുന്നു. ഇന്നത്തെക്കാലത്ത് ചെറിയ പ്രായത്തില്‍ സിവില്‍ സര്‍വീസിനെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ 1980 കളില്‍ അത് വളരെ അപൂര്‍വമായ ഒരു ചിന്തയായിരുന്നു. പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കിയ ശേഷം അവള്‍ സിവില്‍ സര്‍വീസിനുള്ള പഠനം തുടങ്ങി. പഠനം നടക്കുന്നതിനിടയില്‍ 2008 ല്‍ കോമളിന് ഒരു വിവാഹാലോചന വന്നു. വീട്ടുകാരുടെ ചിന്തയില്‍ അത് മികച്ച ആലോചനയായിരുന്നു.
മാത്രമല്ല സിവില്‍ സര്‍വീസ് കിട്ടുമോ എന്നകാര്യത്തില്‍ വ്യക്തതയും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ വീട്ടുകാര്‍ കോമളിനെ വിവാഹം കഴിച്ചയക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അത് പൂര്‍ണ്ണമായും തെറ്റായ തിരഞ്ഞെടുപ്പായിരുന്നു എന്ന് പിന്നീട് മനസിലായി. കോമളിന്റെ ഭര്‍ത്തൃവീട്ടുകാര്‍ പുരോഗമന ചിന്താഗതിയുള്ളവരായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്തൃവീട്ടുകാര്‍ കോമളുമായി കലഹം തുടങ്ങി. വീട്ടില്‍ ചെന്ന് സ്ത്രീധനം വാങ്ങി വരാന്‍ അവര്‍ കോമളിനെ നിര്‍ബന്ധിച്ചു. ഇതിനു തയാറാകാതിരുന്ന കോമളിന് പിന്നീട് നേരിടേണ്ടി വന്നത് ക്രൂരമായ തിരസ്‌കരണമായിരുന്നു.
വിവാഹം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ കലഹിച്ച കോമളിനെ ഉപേക്ഷിച്ച് ഭര്‍ത്താവ് ന്യൂസിലന്‍ഡിനു പോയി. കൂടാതെ സ്ത്രീധനം വാങ്ങി വന്നില്ലെങ്കില്‍ ഒപ്പം ജീവിക്കില്ലെന്ന ഭീഷണിയും. നീതികിട്ടില്ലെന്ന് ഉറപ്പയാതോടെ കോമള്‍ പോലീസിനെ സമീപിച്ചു. എന്നാല്‍ സഹായം ഒന്നും ലഭിച്ചില്ല. ന്യൂസിലന്‍ഡ് ഗവര്‍ണര്‍ ജനറലിനു വരെ കത്തയച്ചു എങ്കിലും നീതി ലഭിച്ചില്ല. ഇതോടെ തനിക്കു നീതി ലഭ്യമാക്കാത്ത സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി അത് നന്നാക്കും എന്ന തീരുമാനത്തിലേയ്ക്ക് കോമള്‍ എത്തുകയായിരുന്നു. അങ്ങനെ മുടങ്ങിപോയ സിവില്‍ സര്‍വീസ് പഠനം അവര്‍ വീണ്ടും തുടങ്ങി. അത് അ്രത എളുപ്പമായിരുന്നില്ല. പഠനചെലവു വലിയൊരു തടസമായി. ഇതിനായി തന്റെ ഗ്രാമത്തിലെ തന്നെ ഒരു വിദ്യാലയത്തില്‍ അവര്‍ അധ്യാപികയായി. അതുവഴി 5000 രൂപ മാസം ശമ്പളം ലഭിക്കാന്‍ തുടങ്ങി. ജോലിക്കു ശേഷം കിട്ടുന്ന രണ്ട് ദിവസം കൊണ്ട് പഠിക്കുക എന്നത് തികച്ചും ദുഷ്‌കരമായിരുന്നു.
മുമ്പിലെ വെല്ലുവിളി കൂടുതോറും പോരാട്ടത്തിനുള്ള വീര്യം വര്‍ധിച്ചു വന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ സ്‌കൂളില്‍ പഠിപ്പിച്ച ശേഷം ആഴ്ചയുടെ അവസാനം അഹമദാബാദിലെ സിവില്‍ സര്‍വീസ് അക്കാദമിയിലേയ്ക്ക് അവര്‍ വണ്ടികയറി. അവിടുെത്ത അക്കാദമികളിലൊന്നില്‍ ചേര്‍ന്ന് ക്ലാസുകളില്‍ പങ്കെടുത്തു. ആദ്യത്തെ രണ്ടു പരിശ്രമങ്ങളും പരാജയമായിരുന്നു. എന്നാല്‍ പിന്തിരിയാന്‍ അവര്‍ തയാറായിരുന്നില്ല. മൂന്നാമത്തെ ശ്രമത്തില്‍ മുംബൈയായിരുന്നു അവള്‍ക്ക് സെന്റര്‍ കിട്ടിയത്. ഈ ശ്രമത്തില്‍ കോമളിനെ തേടി വിജയമെത്തി. ഇന്ന് ഡല്‍ഹിയില്‍ പ്രതിരോധമന്ത്രലയത്തില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായി കോമളുണ്ട്. മാത്രമല്ല പുനര്‍വിവാഹിതായായി രണ്ടു വയസുള്ള മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം അവര്‍ സന്തോഷമായി ജീവിക്കുന്നു. തന്റെ മുമ്പില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ പോരാടാനുള്ള ഊര്‍ജം ലഭിക്കില്ലായിരുന്നു എന്ന് വിജയിച്ച ശേഷം കോമള്‍ പറയുന്നു.
Content Highlights: meet the brave woman who was abandoned in the name of dowry