അച്ഛന്റെ ആഗ്രഹമായിരുന്നു മകള്‍ അറിയപ്പെടുന്ന സംഗീതജ്ഞയാകണമെന്നത്. ഓടക്കുഴല്‍ വാദകനായിരുന്ന ആ അച്ഛന്‍ സംഗീതത്തോടുള്ള അഭിനിവേശം കാരണം സ്വന്തം മകള്‍ക്ക് മീരാഭായിയെന്ന് പേരിട്ടു. സംഗീതവും പഠിപ്പിച്ചു. പക്ഷേ സങ്കടക്കടല്‍ നീന്തിക്കടക്കുമ്പോള്‍ മീരാഭായിയെന്ന ഗായികയ്ക്ക് അച്ഛന്റെ ആഗ്രഹത്തിനൊത്ത് ഉയരാനായില്ല. ജീവിതം നല്‍കിയ പ്രതിസന്ധികള്‍ ഈ ഗായികയെ സാമ്പത്തിക പരാധീനതകളില്‍ തളച്ചിടുകയാണ്. കൊല്ലം ജില്ലയിലെ ഉളിയക്കോവില്‍ ഐലന്റ് നഗറിലെ ശബരിയില്‍ വാടകയ്ക്ക് താമസിക്കുന്ന സംഗീതാധ്യാപികയായ മീരാഭായിയുടെ കഥയാണിത്.
ജനിച്ചത് വാടകവീട്ടില്‍; സ്വന്തമായി ഭൂമിയില്ല
താന്‍ ജനിച്ചതും വളര്‍ന്നതും വാടകവീട്ടിലാണെന്നും അച്ഛനും അമ്മയ്ക്കും സ്വന്തമായി ഭൂമിയില്ലായിരുന്നുവെന്നും മീരാഭായി പറയുന്നു. ഏഴാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ ജവഹര്‍ ബാലഭവനില്‍ കര്‍ണാടക സംഗീതം അഭ്യസിച്ച മീര പിന്നീട് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നാല് വര്‍ഷങ്ങള്‍ ഗാനഭൂഷണും പഠിച്ചു. അതിനുശേഷം ഗാനപ്രവീണയില്‍ പോസ്റ്റ് ഡിപ്ലോമയും അഭ്യസിച്ചു. ഗാനപ്രവീണയ്ക്ക് അഡ്മിഷന്‍ കിട്ടിയ 10 പേരില്‍ ഒരാളായിരുന്നു മീരാഭായി.
പിന്നീട് ജോലിക്കായുള്ള അന്വേഷണമായി. പി.എസ്.സി ഇന്റര്‍വ്യു കഴിഞ്ഞ മീരയ്ക്ക് 46 പേരില്‍ ആറാമത്തെ റാങ്കായിരുന്നു ലഭിച്ചത്. ജോലി കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ആ ലിസ്റ്റ് തള്ളിപ്പോയി. ' സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം വളരെ കഷ്ടപ്പെട്ടാണ് സംഗീത പഠനം പൂര്‍ത്തിയാക്കിയത്. വെളുപ്പിന് നാല് മണിക്ക് എഴുന്നേറ്റ് ട്രെയിനില്‍ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയാണ് ഗാനഭൂഷണും ഗാനപ്രവീണും നേടിയത്. ഹോസ്റ്റലില്‍ താമസിക്കുമ്പോഴുള്ള ചെലവ് താങ്ങാനാകാത്തതു മൂലമായിരുന്നു ദിവസവുമുള്ള ട്രെയിന്‍ യാത്ര.' സംഗീതപഠനത്തിനായി ഉഴിഞ്ഞുവെച്ച കാലത്തെക്കുറിച്ച് മീര ഓര്‍ക്കുന്നു.
'ഞാന്‍ സംഗീത കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ശനിയും ഞായറും കുട്ടികളുടെ വീടുകളില്‍പ്പോയി പാട്ട് പഠിപ്പിക്കുമായിരുന്നു. പതിനേഴാമത്തെ വയസ് മുതല്‍ കുട്ടികളെ പഠിപ്പിച്ച് കിട്ടുന്ന പണം എന്റെ പഠനത്തിനായി ഉപയോഗിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ കോളേജില്‍ പഠിക്കാന്‍ പോകും. അതിനോടൊപ്പം തന്നെ പരിപാടികളില്‍ പാടാനും പോകുമായിരുന്നു. സംഗീത പഠനത്തിന് ശേഷം 18 വര്‍ഷക്കാലം സംഗീതാദ്ധ്യാപികയായി ജോലി നോക്കി.'.
' ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എ.സി ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഭര്‍ത്താവ് അനില്‍കുമാര്‍. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പക്ഷാഘാതം ബാധിച്ച് ഒരു വശം തളര്‍ന്നുപോയത്. അവിചാരിതമായി ഒരു ദിവസം സ്‌ട്രോക്ക് വന്നു. പെട്ടെന്ന് പ്രഷര്‍ കൂടി. അടുത്തുള്ള ആസ്പത്രിയില്‍ പോയപ്പോള്‍ ന്യൂറോളജിസ്റ്റ് ഇല്ലായിരുന്നു. പെട്ടെന്ന് രോഗിക്ക് നല്‍കേണ്ട ഇന്‍ജക്ഷന്‍ നല്‍കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല. കാര്‍ഡിയോളജിസ്റ്റാണ് ഭര്‍ത്താവിനെ പരിശോധിച്ചത്. ന്യൂറോളജിസ്റ്റ് ഇല്ലെന്ന വിവരം അവിടെ ആരും പറഞ്ഞതുമില്ല തക്ക സമയത്ത് നല്‍കേണ്ട ചികിത്സ കിട്ടിയതുമില്ല. തലയില്‍ രക്തം കട്ട പിടിക്കുകയും വലതുഭാഗത്ത് നീരുണ്ടാകുകയും ചെയ്തു.
48 മണിക്കൂറിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കാനായത്. ആറു മണിക്കൂറോളം 'കോമ' സ്‌റ്റേജിലായിപ്പോയിരുന്നു. അവിടെ എത്തിയപ്പോളാണ് നാല് മണിക്കൂറിനുള്ളില്‍ എടുക്കേണ്ട ഇന്‍ജക്ഷന്‍ കൊടുത്തിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞത്. ഡോക്ടര്‍മാര്‍ വലിയൊരു ഓപ്പറേഷന്‍ നടത്തി. പുനര്‍ജന്മം പോലെ ജീവന്‍ തിരിച്ചുകിട്ടി. കാഴ്ചയ്‌ക്കോ സംസാരത്തിനോ പ്രശ്‌നമുണ്ടായിരുന്നില്ല. ശരീരത്തിന്റെ ഇടതുഭാഗം പൂര്‍ണമായും തളര്‍ന്നു പോയി. ഓപ്പറേഷന്റെ ഭാഗമായി 48 സ്റ്റിച്ചുകള്‍ തലയിലും 20 സ്റ്റിച്ചുകള്‍ വയറിലുമുണ്ടായിരുന്നു.
6 മാസത്തിന് ശേഷം വീണ്ടും ഓപ്പറേഷന്‍ നടത്തിയെന്ന് മീര പറയുന്നു. ഇപ്പോള്‍ ഇടയ്ക്ക് ഡിപ്രഷന്‍ വരുന്നത് കൊണ്ട് മരുന്നു കഴിക്കുന്നു.
തുടര്‍ച്ചയായുള്ള ചികിത്സയുടെ ഫലമായി എഴുന്നേറ്റ് കട്ടിലില്‍ ഇരിക്കുന്ന അവസ്ഥയിലായി. " ഏകദേശം 10 ലക്ഷത്തിന് മുകളില്‍ ചികിത്സയ്ക്ക് ചെലവായി. ഫിസിയോ തെറാപ്പി ചെയ്യാന്‍ ഒരു മണിക്കൂര്‍ ഡോക്ടര്‍ ദിവസവും വീട്ടില്‍ വന്നുപോകുമ്പോള്‍ അതിനുള്ള പണം കണ്ടെത്തണം. ഭര്‍ത്താവിന് എഴുന്നേല്‍ക്കാന്‍ കഴിയാത്തതുകൊണ്ട് എനിക്ക് ജോലിക്ക് പോകാന്‍ പറ്റാറുമില്ല. ഇതിനിടയില്‍ 2016 ല്‍ 'പഞ്ചരത്‌ന ഗ്രൂപ്പ് ഓഫ് മ്യൂസിക് 'എന്ന സംഗീത ട്രൂപ്പ് ആരംഭിച്ചു. സംഗീത കോളേജില്‍ പഠിച്ചിറങ്ങിയ 12 സംഗീതാദ്ധ്യാപകരടങ്ങിയ കേരളത്തിലെ ആദ്യത്തെ സംഗീത ട്രൂപ്പായിരുന്നു ഇത്. അന്‍പതിലേറെ വേദികളില്‍ പഞ്ചരത്‌ന സംഗീത പരിപാടി അവതരിപ്പിച്ചു . മകളുടെ പഠനം, വിവാഹം എല്ലാം കഴിഞ്ഞു."
ഫിസിയോതെറാപ്പി തുടങ്ങി കുറെക്കാലം കഴിഞ്ഞപ്പോള്‍ സാമ്പത്തിക പ്രതിസന്ധി കാരണം ചികിത്സ മുടങ്ങി. അനിലിന്റെ അവസ്ഥ മോശമായി. ഇതുവരെയുള്ള കടങ്ങള്‍ വീട്ടിത്തീര്‍ക്കാനാകാതെ, സംഗീതം ജീവിതമാര്‍ഗമായി മുന്നോട്ട് കൊണ്ടു പോകാന്‍ പ്രയാസപ്പെടുന്ന മീരാഭായിയെ ഒരിക്കലും വിഷാദ ഗായികയായി നമുക്ക് കാണാന്‍ കഴിയില്ല. സംഗീതസംവിധായികയാവണമെന്ന വലിയൊരു മോഹം മീരയുടെ മനസിലുണ്ടായിരുന്നു. കൊല്ലം ഉമാ മഹേശ്വരി ക്ഷേത്രത്തിലേക്കായി ഒന്‍പത് ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ മീരയുടെ സംഗീത മോഹങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനും സാമ്പത്തിക ബാധ്യതയില്‍ നിന്ന് കര കയറാനുമുള്ള അവസരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Account details:
Meerabhai.M
AC/no : 326 495 6076
IFSC CODE: CBIN0280941
Central bank of India
Chinnakkda branch
Kollam
Content highlights: Music, Stroke, Kollam, Music teacher, Treatment