ഇന്ത്യൻ സ്ത്രീകളുടെ അഭിമാനം എന്നു വിശേഷിപ്പിക്കാവുന്ന മനീഷ ഗിരോത്ര എന്ന പെൺകരുത്തിനെയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടി ഇന്ത്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്ങിന്റെ മുഖച്ഛായയായി മാറിയ കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. ഇടത്തരം കുടുംബപശ്ചാത്തലത്തിലും മകളെ ഉയർന്ന നിലയിൽ എത്തിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ട ആളായിരുന്നു മനീഷയുടെ അച്ഛൻ. അച്ഛന്റെ സ്വപ്നങ്ങളെ സാക്ഷാത്‌കരിക്കുന്നതിൽ മകളും ശ്രദ്ധാലുവായിരുന്നു. ഡൽഹി സെയ്‌ന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും ഗോൾഡ് മെഡലോടുകൂടി നേടിക്കൊണ്ടാണ് ആ പെൺകുട്ടി മാതാപിതാക്കളുടെയും തന്റെയും സ്വപ്നങ്ങൾക്ക് നിറം പകർന്നത്.
സാമ്പത്തിക ശാസ്ത്രത്തിലെ സുവർണ മെഡൽ ജേത്രി എന്ന നിലയിൽ ലോക സാമ്പത്തിക മേഖലയിൽ വലിയ വിപ്ളവങ്ങൾ സൃഷ്ടിക്കണം എന്ന സ്വപ്നവുമായി കാമ്പസിന്റെ പടിയിറങ്ങിയ മനീഷയ്ക്ക് ആദ്യം ബാങ്കിങ് മേഖലയിൽ ലഭിച്ച ജോലി അവരുടെ വസ്തുവകകളുടെ സ്റ്റോക്ക് തയ്യാറാക്കുക എന്നതായിരുന്നു. 30 ഫാൻ, ഇരുനൂറ് മേശ, രണ്ടായിരം പെൻസിൽ, 300 കസേര.... ഇങ്ങനെ സ്റ്റോക്ക് തയ്യാറേക്കണ്ടിവന്നപ്പോൾ തന്റെ സ്വപ്നങ്ങൾ എല്ലാം നിറംമങ്ങുന്നതായി അവൾക്ക് തോന്നി. അതിനും പുറമേ സ്ഥാപനത്തിലേക്ക് ആവശ്യമുള്ള ‘പിസ’ എത്തിക്കുന്ന ജോലികൂടി മനീഷയുടെ ചുമലിലായി.
ഒരു സാമ്പത്തിക ശാസ്ത്രജ്ഞ ആകാനുള്ള സ്വപ്നങ്ങൾ ഒരു പിസ ഡെലിവറിഗേളിൽ ഒതുങ്ങിയ സമയം. ഉയർന്ന സ്വപ്നങ്ങൾ കണ്ട ഒരു പെൺകുട്ടിയെ സംബന്ധിച്ച് ഏറെ വേദനാജനകമായിരുന്നു ആ അവസ്ഥ. എന്നാൽ, മനീഷ ഈ അവസ്ഥയെക്കണ്ടത് മറ്റൊരു വീക്ഷണകോണിൽ നിന്നാണ്. ‘ബിസിനസിന്റെ എല്ലാ തലങ്ങിലുമുള്ള പരിശീലനമാണ് എനിക്ക് അവിടെ ലഭിച്ചത്. എന്നെ രൂപപ്പെടുത്തിയ പരിശീലനം. എന്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ അത് ഉപകരിച്ചു.’ പഠിച്ച ബിരുദത്തിനനുസരിച്ച് ജോലി കിട്ടിയില്ലാ എന്നും ആഗ്രഹിച്ച ജോലിയല്ല ലഭിച്ചത് എന്നുമൊക്കെ പരിതപിക്കുന്നവർക്ക് മാതൃകയാക്കാവുന്നതാണ് മനീഷയുടെ ഈ മനോഭാവം. ഡൽഹിലേക്കും ലണ്ടനിലേക്കും തുടർച്ചയായി ആ കാലയളവിൽ അവർക്ക് യാത്ര ചെയ്യേണ്ടിവന്നു.
അതിനിടെ 24-ാം വയസ്സിൽ വിവാഹം. പിന്നെ കുടുംബജീവിതത്തിരക്കുകൾ. അതിനിടയിലും പരിശ്രമശാലിയായ അവർ പുതിയ അവസരങ്ങൾ തേടിക്കൊണ്ടേയിരുന്നു. ഒടുവിൽ യു.ബി.എസിന്റെ സി.ഇ.ഒ. ആയിത്തീർന്നു മനീഷ. അങ്ങനെ ഒരു ‘പിസ’ ഡെലിവറിഗേളിൽ നിന്ന് അന്താരാഷ്ട്ര ബാങ്കിങ് ശൃംഖലയുടെ മേധാവിയായി കേവലം 33 വയസ്സുള്ളപ്പോൾ മനീഷ മാറി. പ്രസവാനന്തരം നാലു മാസത്തെ ലീവിനു ശേഷം തന്റെ പിഞ്ചുകുഞ്ഞുമായാണ് മനീഷ ജോലിസ്ഥലത്തേയ്ക്ക് പോയത്. തൊട്ടടുത്ത ഹോട്ടലിൽ റൂമെടുത്ത് കുഞ്ഞിനെ നോക്കാനുള്ള സംവിധാനങ്ങളൊരുക്കി.
ലഭിക്കുന്ന കൊച്ചുകൊച്ച് ഇടവേളകൾ മകൾ താരയ്ക്കായി മാറ്റിവച്ചുകൊണ്ട് തന്റെ മാതൃത്വത്തിന്റെ മഹനീയതയും മനീഷ ലോകത്തിന് കാണിച്ചുകൊടുത്തു. ബാങ്കിങ് മേഖലയിലെ എല്ലാ വെല്ലുവിളികളെയും കരുത്തോടെയും കരുതലോടെയും നേരിട്ട് ലോകത്തെ തന്നെ വിസ്മയിപ്പിക്കാൻ മനീഷയ്ക്ക് കഴിഞ്ഞു. നീണ്ട 20 വർഷം സ്തുത്യർഹമായി യു.ബി.എസിൽ സേവനം ചെയ്തശേഷം വിജയത്തിന്റെ ഏറ്റവും മുകളിലെ പടിക്കെട്ടിൽ നിൽക്കുമ്പോൾ മനീഷ മറ്റൊരു സുപ്രധാന തീരുമാനത്തിലെത്തി. തന്റെ പഴയ ബോസിന്റെ moelies (മൊയലിസ്) എന്ന ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ ചുമതല ഏറ്റെടുക്കാനായി അവർ യു.ബി.എസിൽ നിന്ന് രാജിവച്ചു. യു.ബി.എസുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ പിന്നിലായിരുന്നു മൊയലീസിന്റെ സ്ഥാനം. സാമ്പത്തിക വിദഗ്‌ധരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു മനീഷയുടെ ആ തീരുമാനം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു ഈ തീരുമാനം എന്നതായിരുന്നു മറ്റൊരു പ്രത്യേകത.
കടുത്തവെല്ലുവിളിയായിരുന്നു മനീഷയ്ക്ക് മുന്നിലുണ്ടായിരുന്നത്. ഇന്ന് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് രംഗത്തെ മികച്ച പത്തു ബാങ്കുകളിൽ ഒന്നാണ് മൊയലിസ്. വളയിട്ട കൈകളിൽ പണം സുരക്ഷിതമാണെന്നും അത് വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ സ്ത്രീകൾ പ്രാപ്തരാണെന്നും മനീഷ തെളിയിച്ചു. സ്ത്രീകൾക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ കാലങ്ങളായി സ്ത്രീൾക്കായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള മുൻവിധികളുടെ ചങ്ങലകളെ പൊട്ടിച്ചെറിയാനാകുമെന്ന് മനീഷ പലപ്പോഴും പറയാറുണ്ട്. പറയുക മാത്രമല്ല സ്വന്തം ജീവിതത്തിലൂടെ അവരത് തെളിയിക്കുകയും ചെയ്തു.
ഇന്ന് അശോക് ലെയ്‌ലാൻഡ്, മൈൻഡ് ട്രീ പ്രൈവറ്റ് ലിമിറ്റഡ്, ടെക്‌നിപ് എന്ന പാരീസ് ആസ്ഥാനമായുള്ള കൺസ്‌ട്രക്ഷൻ കമ്പനി, ജിയോ പെയ്‌മെന്റ് തുടങ്ങിയവയുടെ മുഖ്യഉപദേശക സമിതിയിലെ അംഗം കൂടിയാണ് മനീഷ. അവരുടെ നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കുമായി വൻകിട കമ്പനികൾ കാത്തുനിൽക്കുന്നു. കുടുംബത്തിനും ജോലിക്കും ഒരുപേലെ പ്രാധാന്യം നൽകി രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്ന മനീഷ ഇന്ന് എല്ലാ സ്ത്രീകളുടെയും അഭിമാനവും മാതൃകയുമാണ്. കഴിഞ്ഞ ആറു വർഷമായി തുടർച്ചയായി ‘വ്യവസായ മേഖലയിലെ കരുത്തുറ്റ 25 വനിതകളിൽ ഒരാളാണ് മനീഷ. ഫോർച്യൂൺ ഇന്ത്യയുടെ അൻപത് വ്യവസായ മേഖലയിലെ ശക്തരായ സ്ത്രീകളിൽ ഒരാളാണ് മനീഷ.
ഇങ്ങനെയെല്ലാം കരുത്തുതെളിയിച്ച് മുന്നോട്ടുപോകുമ്പോഴും മനീഷ തന്റെ ഇഷ്ടവിനോദമായ ഗോൾഫ് കളിക്കും സമയം കണ്ടെത്തുന്നു. മികച്ച ഗോൾഫ് കളിക്കാരികൂടിയാണ് അവർ. മികച്ച സംരംഭക, മികച്ച സാരഥി, സാമൂഹികപ്രവർത്തക എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തയായ മനീഷ നമുക്കെന്നും മാതൃകയാണ്. ഏത് അവസ്ഥയെയും അംഗീകരിക്കാനും കിട്ടുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും മനീഷയ്ക്ക് കഴിഞ്ഞു. നമുക്കു ചുറ്റും അവസരങ്ങൾ ഏറെയുണ്ട്. അവയെ നാം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിലാണ് കാര്യം. ആത്മവിശ്വാസവും ഉൾക്കരുത്തും കഠിനാദ്ധ്വാനവും ഒന്നു ചേരുമ്പോൾ ആർക്കും എവിടെയും വിജയിക്കാനാകുമെന്ന് മനീഷ നമ്മെ പഠിപ്പിക്കുന്നു.
മാതാപിതാക്കളോട്
അച്ഛൻ പകർന്ന പ്രോത്സാഹനവും കരുത്തുമാണ് മനീഷയുടെ ജീവിതവിജയത്തിന്റെ രഹസ്യം. അതേ കരുതലാണ് മനീഷ തന്റെ മകൾക്കും നൽകിയത്. മക്കൾക്കെന്നും കരുത്തും കരുതലുമായി കൂടെ നിൽക്കാൻ കഴിയണം.
‘ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് ഒരു വിഷമം പിടിച്ച ജോലിയാണ്. നിങ്ങൾക്ക് നേട്ടമുണ്ടാകാം..... നഷ്ടമുണ്ടാകാം. ജയത്തേക്കാൾ കൂടുതൽ പരാജയമായിരിക്കാം. അപ്പോൾ പറയാൻ കഴിയണം.. നാളെ എനിക്ക് ഇത് വീണ്ടും ചെയ്യുവാനും വിജയിക്കുവാനും കഴിയുമെന്ന്’ -മനീഷ ഗിരോത്ര.