പ്രതീക്ഷിക്കാതെ കടന്നുവരുന്ന വിരുന്നുകാരനാണ് കാന്‍സര്‍. കാന്‍സറാണെന്ന് തിരിച്ചറിയുന്ന നിമിഷത്തെ അതിജീവിക്കുന്നവരും തളര്‍ന്ന് കീഴ്‌പെടുന്നവരുമുണ്ട്. ഷിയാന്‍ ഷാ ആദ്യത്തെ വിഭാഗത്തില്‍ പെട്ടവളായിരുന്നു. ആ നിമിഷത്തെ അതിജീവിച്ച് കാന്‍സറിനെതിരെ പൊരുതാന്‍ തീരുമാനിച്ചവള്‍.
വാഷിംഗ്ടണ്‍ സ്വദേശിയായ 23കാരിയാണ് ഷിയാന്‍. ബാസ്‌ക്കറ്റ് ബോള്‍, സോഫ്റ്റ് ബോള്‍, സോക്കര്‍ എന്നിവയില്‍ തല്പരയായിരുന്ന ഷിയാനിന്റെ മറ്റൊരു ഇഷ്ടമായിരുന്നു ബോഡി ബില്‍ഡിംഗ്. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഒരു ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ ഷോകള്‍ക്കായി ശരീരത്തെ ഒരുക്കുന്നതിനിടയിലാണ് തനിക്ക് ഒവേറിയന്‍ കാന്‍സറാണെന്ന് അവള്‍ അറിയുന്നത്.
തുടക്കം ഒരു വയറുവേദനയിലായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ വയറില്‍ അസ്വാഭാവികമായ ഒരു വളര്‍ച്ച കണ്ടെത്തിയെങ്കിലും അത് സിസ്റ്റോ, കഠിനമായ ശാരീരിക വ്യായാമങ്ങള്‍ കൊണ്ടുണ്ടായ എന്തെങ്കിലും വ്യതിയാനങ്ങളോ ആയിരിക്കും എന്നാണ് ഷിയാനും ഷിയാനെ പരിശോധിച്ച ഡോക്ടറും കരുതിയത്. എന്നാല്‍ തുടര്‍ന്നു നടന്ന പരിശോധനകളില്‍ ഷിയാന് ഓവേറിയന്‍ കാന്‍സറാണെന്ന് സ്ഥിരീകരിച്ചു.
ഞെട്ടലോടെയാണ് ഷിയാന്‍ സത്യത്തെ ഉള്‍ക്കൊണ്ടത്. പക്ഷേ പതറിയിരിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. തന്റെ വര്‍ക്കൗട്ടുകളും ഹെല്‍ത്ത് ടിപ്‌സും പ്രേക്ഷകരുമായി യുട്യൂബ് വീഡിയോയിലൂടെ പങ്കുവെച്ചിരുന്ന ഷിയാന്‍ അതേ പ്ലാറ്റ്‌ഫോമിലൂടെ രോഗനിര്‍ണയത്തിന് ശേഷമുള്ള ഓരോ നിമിഷവും പങ്കുവെക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിന് മൂന്നാഴ്ച മുമ്പാണ് അവള്‍ ആദ്യമായി ഒരു വീഡിയോ പോസ്‌ററ് ചെയ്യുന്നത്. തന്റെ വര്‍ക്കൗട്ടിനെ കുറിച്ചും സൗന്ദര്യസംരക്ഷണത്തെ കുറിച്ചും ആരോഗ്യ ശീലങ്ങളെ കുറിച്ചും എല്ലാമായിരുന്നു അത്. ആ വീഡിയോ കണ്ടത് നിരവധി പേരാണ്. ലൈക്കുകളും ആശംസകളും കൊണ്ട് അവളെ അവര്‍ പൊതിഞ്ഞു. അതേ വേദിയിലൂടെ തന്നെ തന്റെ വേദനകളും പങ്കുവെക്കാനായിരുന്നു അവളുടെ തീരുമാനം.
പരിശോധനയുടെയും ചികിത്സയുടെയും ഓരോഘട്ടവും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ലോകരുടെ മുന്നില്‍ പങ്കുവെച്ചു. ' ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നല്ലതും മോശവും ഒരുപക്ഷേ അങ്ങേയറ്റം വിരൂപവുമായത് അവതരിപ്പിക്കാന്‍ പോവുകയാണ്. അതിലൂടെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്ന ഒവേറിയന്‍ കാന്‍സര്‍ എല്ലാവര്‍ക്കും കൂടുതല്‍ പരിചിതമാകും.' രോഗനിര്‍ണയത്തിന് ശേഷം യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അവള്‍ പറഞ്ഞു.
പറയുക മാത്രമല്ല, തുടര്‍ന്നുള്ള തന്റെ ജീവിതത്തിലെ ഓരോ നിമിഷവും അവള്‍ ഇന്‍സ്റ്റഗ്രാമിലൂടെ അവതരിപ്പിച്ചു. മുടി കളയുന്നതും, അഴകളവുകള്‍ ഒത്തുചേര്‍ന്ന ശരീരം എല്ലും തോലുമായി മാറുന്നതും ആസപ്ത്രിക്കിടക്കയില്‍ കിടക്കുന്നതും അങ്ങനെയെല്ലാം.
കഴിഞ്ഞ നലുമാസമായി കീമോ തെറാപ്പി ചെയ്യുന്നുണെങ്കിലും ശരീരത്തില്‍ പടര്‍ന്ന കാന്‍സര്‍ വേരുകളെ പിഴുതെറിയുന്നതില്‍ കീമോ പരാജയപ്പെട്ടു. ഇനി മുമ്പിലുള്ളത് വലിയൊരു ശസ്ത്രക്രിയയാണ്. പ്രത്യുല്പാദന അവയവങ്ങള്‍, പ്ലീഹ, അപ്പെന്‍ഡിക്‌സ്, വന്‍കുടലിന്റെ ചില ഭാഗങ്ങള്‍ എന്നിവയെല്ലാം ശസ്ത്രകിയയിലൂടെ നീക്കം ചെയ്യും
'കാന്‍സറിന് ശേഷം ബോഡി ബില്‍ഡിംഗ് തുടരണം, മത്സരങ്ങളില്‍ വീണ്ടും പങ്കെടുക്കണം. ഇപ്പോഴത്തെ എന്റെ ശരീരത്തില്‍ ഞാന്‍ ഒട്ടും സംതൃപ്തയല്ല.' പ്രതീക്ഷയോടെയാണ് ഷിയാന്‍ തന്റെ ഭാവിയെ നോക്കിക്കാണുന്നത്.
വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന കാന്‍സറുകളില്‍ ഒന്നാണ് ഒവേറിയന്‍ കാന്‍സര്‍. പൊതുവെ ആര്‍ത്തവം നിലച്ച സ്ത്രീകളിലാണ് ഇത് കണ്ടുവരാറുള്ളത്.