ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസതാരങ്ങളെക്കുറിച്ചുള്ള സിനിമകൾ ബോക്സ് ഓഫീസിൽ തരംഗംതീർത്ത മാസങ്ങളാണ് കടന്നുപോയത്. ഒരാൾ വലിയ വിജയങ്ങളിലേക്ക് ഇന്ത്യയെ മുന്നിൽനിന്ന് നയിച്ച മഹേന്ദ്രസിങ് ധോനി. മറ്റൊരാൾ ഇന്ത്യൻ ക്രിക്കറ്റിന്റെ നാണംകെട്ട ഏടുകളിലൊന്നിൽ നായകനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ. രണ്ടുപേരുടെയും ജീവിതം അഭ്രപാളികളിൽ നിറഞ്ഞപ്പോൾ കാണികൾ ആവേശത്തോടെ കണ്ടിരുന്നു.
ടോണി ഡിസൂസ സംവിധാനം ചെയ്ത അസ്ഹർ എന്ന സിനിമയിൽ ജനപ്രിയനായകൻ ഇമ്രാൻ ഹഷ്മിയാണ് ക്രിക്കറ്ററുടെ വേഷത്തിലെത്തിയത്. സുശാന്ത് സിങ് രജ്പുത്ത് നായകനായ നീരജ് പാണ്ഡെയുടെ എം.എസ്. ധോനി അൺടോൾഡ് സ്റ്റോറി സ്‌ക്രീനിലും വൻവിജയം കണ്ടു. ധോനിയുടെ കഷ്ടതകൾനിറഞ്ഞ ചെറുപ്പവും ക്രിക്കറ്റിലെ വീരനായകനിലേക്കുള്ള ഉയർച്ചയും സിനിമയെ ജനപ്രിയമാക്കി.
കായികതാരങ്ങളുടെ ജീവിതം പകർത്തിയ രണ്ടു സിനിമകൾ തരംഗമാകുന്നതിനിടെ, അത്തരത്തിലൊരു സിനിമയ്ക്ക് താത്പര്യമില്ലെന്ന പ്രഖ്യാപനത്തിലൂടെ മറ്റൊരുതാരം ശ്രദ്ധേയയായി. ഇന്ത്യയിൽ ക്രിക്കറ്റ് താരങ്ങൾക്ക് മാത്രം ലഭിക്കുന്ന സെലിബ്രിറ്റി പദവിയിലേക്ക് ഉയർന്ന അപൂർവം കായികതാരങ്ങളിലൊരാളായിരുന്നു അത്. വനിതാ ഡബിൾസ് ടെന്നീസിലെ ഒന്നാം നമ്പർ സാനിയ മിർസ.
മറ്റേതു കായികതാരത്തെക്കാളും സംഭവബഹുലമാണ് സാനിയയുടെ ജീവിതം. ഗ്രാൻസ്ലാം കിരീടങ്ങളുൾപ്പെടെ കളിക്കളത്തിൽ അവർ വെട്ടിപ്പിടിച്ച വിജയങ്ങളേറെ. ഹൈദരാബാദിൽനിന്ന് ലോകടെന്നീസിന്റെ തലപ്പത്തേക്കുള്ള മുന്നേറ്റം കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെതുമാണ്. അതിനിടെ, പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്‌ബ് മാലിക്കുമായുള്ള വിവാഹം ഉയർത്തിയ വിവാദങ്ങളും വിമർശനങ്ങളും. മുമ്പുപറഞ്ഞ രണ്ടു സിനിമകളെക്കാളും കയറ്റിറക്കങ്ങൾ സാനിയയുടെ ജീവിതത്തിലുണ്ട്. പക്ഷേ, തന്റെ ജീവിതം സിനിമയാക്കുന്നതിനോട് സാനിയ യോജിക്കുന്നില്ല. ജീവിതത്തിൽ പരസ്യമാക്കാവുന്ന കാര്യങ്ങൾക്ക് പരിധിയുണ്ടെന്ന് സാനിയ പറയുന്നു. തന്റെ ജീവിതം സിനിമയാക്കുന്നതിന് സമീപിച്ചവരെയൊക്കെ സാനിയ നിരുത്സാഹപ്പെടുത്തിയത് സ്വകാര്യ ജീവിതം പരസ്യമാക്കുന്നതിനോടുള്ള എതിർപ്പുകൊണ്ടുതന്നെ.
ഡബിൾസിൽ ഓസ്‌ട്രേലിയൻ ഓപ്പൺ, വിംബിൾഡൺ, യു.എസ്. ഓപ്പൺ എന്നീ ഗ്രാൻസ്ലാം കിരീടങ്ങളും രണ്ടുവട്ടം ടൂർ ഫൈനൽസും വിജയിച്ച സാനിയ, ഫ്രഞ്ച് ഓപ്പണിൽ ഫൈനലിലുമെത്തി. മിക്സഡ് ഡബിൾസിലുമുണ്ട് മൂന്ന് ഗ്രാൻസ്ലാമുകൾ. ലിയാൻഡർ പേസും മഹേഷ് ഭൂപതിയും കഴിഞ്ഞാൽ ഏറ്റവും ഗ്രാൻസ്ലാം നേട്ടങ്ങളുണ്ടാക്കിയതും ഇന്ത്യയുടെ ഒരേയൊരു ഡബ്ല്യു.ടി.എ. ജേത്രി തന്നെ.
അർജുന അവാർഡും പദ്മശ്രീയും ഖേൽരത്നയും പദ്മഭൂഷണും ലഭിച്ച സാനിയ ഇന്ത്യൻ കായികലോകത്തെ മുൻനിര നക്ഷത്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. സ്വാഭാവികയും സാനിയയുടെ ജീവിതത്തെ അടുത്തറിയാൻ ടെന്നീസ് ആരാധകർക്കുമാത്രമല്ല, സാധാരണക്കാർക്കും താത്പര്യമുണ്ടാകും. എന്നാൽ, ആ സിനിമ ഉയർത്തിയേക്കാവുന്ന വിവാദങ്ങൾ അത്തരമൊരു ആലോചനയിൽനിന്നുതന്നെ അവരെ വിലക്കുന്നു.
സാനിയ-ഷൊയ്‌ബ് ദാമ്പത്യം ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുണ്ട്. കളിക്കളത്തിലെ ഓരോ തോൽവിയെയും സാനിയയുടെ ദേശഭക്തിയുടെ അളവുകോലായും ചിലർ ചിത്രീകരിച്ചു. പലപ്പോഴും കണ്ണീരണിഞ്ഞും ചിലപ്പോൾ പൊട്ടിത്തെറിച്ചും അതിനോടൊക്കെ അവർക്ക് പ്രതികരിക്കേണ്ടിവന്നിട്ടുണ്ട്. ജീവിതകഥ സിനിമയാകുമ്പോൾ, താൻ വെറുക്കാനാഗ്രഹിക്കുന്ന ഈ വിമർശന കൂരമ്പുകൾ ആവർത്തിക്കുമെന്ന ചിന്തയാകാം അവരെ പിന്തിരിപ്പിക്കുന്നത്.
സാനിയ ടെന്നീസ് താരമാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരം. ലോകത്തെതന്നെ ഏറ്റവും മികച്ച ഡബിൾസ് താരങ്ങളിലൊരാൾ. കളിക്കളത്തിൽനിന്ന് അവർ നേടിയ നേട്ടങ്ങൾ മാത്രം മതി തലമുറകൾക്ക് പ്രചോദനമാകാൻ. അതിനൊരു സാങ്കല്പിക തിരക്കഥയുടെ പിന്തുണ ആവശ്യമില്ല. തന്റെ ജീവിതത്തെ ചർച്ചകളിലേക്ക് വലിച്ചെറിയാൻ നിൽക്കാതെ, ടെന്നീസ് കോർട്ടിലേക്ക് മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന സാനിയയാണ് യഥാർഥ വീരനായിക.
rgirishkumar@mpp.co.in