വാഴനാരിന് ആര്‍ത്തവവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തോന്നുന്നുണ്ടോ? ഇല്ലെന്നു പറയാന്‍ വരട്ടെ, വളരെ ശക്തമായ ബന്ധം തന്നെയുണ്ട്. വാഴനാര് ഉപയോഗിച്ച് സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കാമെന്ന വിപ്ലവകരമായ ഒരു കണ്ടുപിടുത്തമാണ് ഈ ബന്ധത്തിന്റെ അടിസ്ഥാനം. ക്രിസ്റ്റിന്‍ കഗേസ്റ്റു, അമൃതാ സൈഗാള്‍, ഗ്രേസ് കെയ്ന്‍ എന്നീ വനിതകളാണ് ഈ സംരംഭത്തിനു പിന്നില്‍.
വാഴനാരുപയോഗിച്ച് നിര്‍മിക്കുന്ന പാഡിന് സാഥി (സുഹൃത്ത്) എന്നാണ് പേരു നല്‍കിയിട്ടുള്ളത്. ഈര്‍പ്പം വലിച്ചെടുക്കാനുള്ള വാഴനാരിന്റെ ഗുണമാണ് പാഡ് നിര്‍മാണത്തിന് ഉപയോഗിക്കാന്‍ കാരണം. വാഴയുടെ നാര് വിവിധഘട്ടങ്ങളിലൂടെയുള്ള സംസ്‌കരണത്തിനു വിധേയമാക്കിയാണ് പാഡുകള്‍ നിര്‍മിക്കുന്നത്. അസംസ്‌കൃത വസ്തുവായ വാഴനാര് വളരെ എളുപ്പത്തില്‍ ലഭിക്കുന്നതിനാല്‍ നിര്‍മാണച്ചെലവും വളരെ കുറവാണ്. ഒരു പാഡിന് രണ്ടു രൂപയെ വിലയാകുകയുള്ളു.
വിലകൂടിയ സാനിറ്ററി നാപ്കിനുകള്‍ വാങ്ങാനും ഉപയോഗിക്കാനും സാധിക്കാത്ത ഗ്രാമീണസ്ത്രീകളെ ലക്ഷ്യം വച്ചായിരുന്നു വാഴനാര് കൊണ്ട് നിര്‍മിക്കുന്ന പാഡിന്റെ നിര്‍മാണത്തിലേക്ക് ഇവര്‍ കടന്നു ചെന്നത്. ആര്‍ത്തവകാലത്തെ ശുചിത്വമില്ലായ്മ പലതരം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമെന്ന ബോധവും ഇവര്‍ക്കുണ്ടായിരുന്നു. മാസാച്യൂട്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സഹപാഠികളായിരുന്നു മൂവരും.
സാഥിയെ കുറിച്ച് ക്രിസ്റ്റിന്റെ വാക്കുകളിലൂടെ... 'വികസന പ്രവര്‍ത്തനങ്ങളും എന്‍ജിനീയറിങ്ങും എനിക്ക് ഏറെ ഇഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു. എം ഐ ടിയിലെ പഠന കാലം രണ്ട് ഇഷ്ടങ്ങളെയും പ്രോല്‍സാഹിപ്പിച്ചു. നാചുറല്‍ ക്രയോണ്‍സുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ഞാന്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്.
പ്രോജക്ട് പൂര്‍ത്തിയായ ശേഷം ഉത്തരാഖണ്ഡിലെ അവന്തി എന്ന സന്നദ്ധ സംഘടനയ്‌ക്കൊപ്പം ജോലി ചെയ്തു. ഈ സമയത്താണ് ആളുകളുടെ ജീവിതത്തിനു മാറ്റം വരുത്താന്‍ സാധിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ശക്തമാകുന്നത്". തിരികെ അമേരിക്കയില്‍ എത്തിയ ക്രിസ്റ്റിന്‍ ഒറാക്കിളിലെ ജോലി രാജിവച്ചു.
അങ്ങനെയിരിക്കെയാണ് എം ഐ ടിയിലെ സഹപാഠിയായിരുന്ന അമൃതയെ ക്രിസ്റ്റിന്‍ കണ്ടുമുട്ടുന്നത്. ഗ്രാമീണസ്ത്രീകള്‍ക്കു വേണ്ടി കുറഞ്ഞ ചിലവില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ചുള്ള ആശയവുമായി നടക്കുകയായിരുന്നു അമൃത. ഇവര്‍ക്കൊപ്പം ഗ്രേസും ചേര്‍ന്നതോടെ സാഥി എന്ന ആശയം യാഥാര്‍ഥ്യമായി. പരിസ്ഥിതി സൗഹൃദസ്വഭാവം പുലര്‍ത്തുന്നവയാണ് സാഥി പാഡുകള്‍.
വാഴനാരു കൊണ്ട് നിര്‍മിച്ചിട്ടുള്ളതിനാല്‍ ഉപയോഗശേഷം നശിപ്പിക്കാനും എളുപ്പമാണ്. കുറഞ്ഞ ചിലവില്‍ സാനിറ്ററി പാഡുകള്‍ നിര്‍മിക്കാനായിരുന്നു സാഥി ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പരിസ്ഥിതി സൗഹൃദ നാപ്കിനുകള്‍ നിര്‍മിക്കാമെന്ന ആശയത്തിലേക്ക് പിന്നീടാണെത്തുന്നത്. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള സാനിറ്ററി നാപ്കിനുകള്‍ പരിസ്ഥിതിക്ക് ദോഷകരമാണെന്ന വസ്തുത മനസിലാക്കിയായിരുന്നു ഈ തീരുമാനം.
ഫോട്ടോ: ഫേസ്ബുക്ക്/ സാഥി. കോം