പ്രാര്‍ഥനകളിലും സന്നദ്ധപ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുന്നവര്‍- ഇതാകും സന്ന്യാസിനിമാരെ കുറിച്ചുള്ള പൊതുവായ ധാരണ. എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഹിമാലയത്തിലൂടെ സൈക്കിള്‍ റാലി നടത്തുന്ന സന്ന്യാസിനിമാരെ കുറിച്ച് കേട്ടിട്ടുണ്ടോ? ഹിമാലയത്തിലെ ചെങ്കുത്തായ പാതയിലൂടെ അവര്‍ സൈക്കിള്‍ ചവിട്ടി മുന്നേറിയത് പേരിനും പ്രശസ്തിക്കും വേണ്ടിയായിരുന്നില്ല. പകരം ദക്ഷിണേഷ്യയില്‍ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന മനുഷ്യക്കടത്തെന്ന വലിയ കുറ്റത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായായിരുന്നു.
ടിബറ്റന്‍ ബുദ്ധിസത്തിലെ കാഗ്യു വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് ദ്രുക്പാ ബുദ്ധിസം. വജ്രായന സന്യാസിയായിരുന്ന ലിങ് രേപയുടെ ശിഷ്യനായിരുന്ന സാങ്പാ ഗ്യാരെയാണ് ദ്രുക്പാ വിഭാഗത്തിന്റെ സ്ഥാപകന്‍.
നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നായിരുന്നു ഇവരുടെ യാത്ര ആരംഭിച്ചത്. ജൂലായ് ആദ്യത്തോടെ ആരംഭിച്ച യാത്ര സപ്തംബര്‍ പതിനേഴിന് ജമ്മു ആന്‍ഡ് കശ്മീരിലെ ലേയില്‍ അവസാനിച്ചു. നേപ്പാളിലെ ഭൂകമ്പ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടതും കേട്ടതുമായ ചില സംഭവങ്ങള്‍ ഞങ്ങളുടെ മനസിനെ വല്ലാതെ ഉലച്ചിരുന്നു. അതിലൊന്ന് പോറ്റാന്‍ ശേഷിയില്ലാത്തതു കൊണ്ട് പെണ്‍മക്കളെ വില്‍ക്കുന്നതിനെ കുറിച്ചായിരുന്നു. -ജിഗ്മെ കൊഞ്ചോക്ക് ലാമോ എന്ന സന്ന്യാസിനി പറയുന്നു.
പെണ്‍കുട്ടികളെ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും അതുകൊണ്ട് അവരെ വില്‍ക്കുന്നതില്‍ അപാകമില്ലെന്നുമുള്ള ധാരണ മാറ്റുകയാണ് സൈക്കിള്‍ റാലി കൊണ്ട് ഉദ്ദേശിക്കുന്നത്. മാത്രമല്ല പുരുഷന്മാരുടെതിനു സമാനമായ ശക്തി സ്ത്രീകള്‍ക്കുമുണ്ടെന്ന് ഈ റാലി തെളിയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വനിതാ നേതാക്കളുണ്ടെങ്കിലും ദേവതമാരെ ആരാധിക്കുന്നുണ്ടെങ്കിലും ദക്ഷിണേഷ്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. അടിസ്ഥാന അവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്കു നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. പാകിസ്താനില്‍ ദുരഭിമാനക്കൊലകളും ഇന്ത്യയില്‍ പെണ്‍ഭ്രൂണഹത്യകളും നേപ്പാളില്‍ ശൈശവ വിവാഹവും സാധാരണമാണ്.
ദ്രുക്പ സന്ന്യാസിനികളെ സംബന്ധിച്ചിടത്തോളം അത്ര വലിയ കാര്യമൊന്നുമല്ല ഈ സൈക്കിള്‍ യാത്ര. ഇത്തരത്തിലുള്ള നാലാമത്തെ യാത്രയാണ് ഇവരുടെത്. തദ്ദേശിയരെയും സര്‍ക്കാര്‍ ഉദ്യേഗസ്ഥരെയും മത നേതാക്കളെയും സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട് ഇവര്‍.
സ്ത്രീ- പുരുഷ സമത്വത്തെ കുറിച്ചും സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വത്തെ കുറിച്ചുമുള്ള സന്ദേശങ്ങളാണ് ഇത്തരം കൂടിക്കാഴ്ചകളില്‍ കൈമാറുക. പാവപ്പെട്ട ഗ്രാമവാസികള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കുക തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനങ്ങളും ഇവര്‍ ചെയ്യാറുണ്ട്. ആയോധനകലയില്‍ പ്രാവീണ്യം നേടിയവരായതു കൊണ്ട് കുങ്ഫു സന്ന്യാസിനിമാര്‍ എന്നും ഇവര്‍ അറിയപ്പെടാറുണ്ട്.