ചരിത്രമുന്നേറ്റവുമായി തൃപ്തി ദേശായി


By എല്‍.കെ.എല്‍.

2 min read
Read later
Print
Share

സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയിലും തൃപ്തി ദേശായിയുടെ പാദങ്ങള്‍ പതിഞ്ഞിരിക്കുന്നു. തൃപ്തി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

വിലക്കുകള്‍ എപ്പോഴും അടിച്ചമര്‍ത്തപ്പെടുന്നവരുടെ മേലാണ്; അതിനി ജാതിപരമായാലും, സാമൂഹ്യപരമായാലും, ലിംഗപരമായാലും. ഈ സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും എതിര്‍ത്തുനില്‍ക്കാനും പലരും ധൈര്യം കാണിച്ചു തുടങ്ങിയപ്പോഴാണ് ഇതില്‍ പലതിനും മാറ്റം സംഭവിച്ചത്. അത്തരമൊരു ശബ്ദത്തിനുടമയാണ് തൃപ്തി ദേശായി. പൂനെ സ്വദേശിയായ ഈ മുപ്പത്തിയൊന്നുകാരി അടിച്ചമര്‍ത്തപ്പെട്ട സ്ത്രീശബ്ദങ്ങള്‍ക്ക് ഉടലും ഉയിരുമാവുകയാണ്. ക്ഷേത്രപ്രവേശനത്തിന്റെ പ്രഥമ മാനദണ്ഡമായി ആര്‍ത്തവത്തെ കാണുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് പൂനെ കേന്ദമായുള്ള 'ഭൂമാതാ ബ്രിഗേഡ്' എന്ന തന്റെ സംഘടനയുടെ പ്രവര്‍ത്തനങ്ങളിലൂടെ തൃപ്തി നല്‍കുന്നത്.

പ്രാചീന അനുഷ്ഠാനങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ആരാധനാലയങ്ങളില്‍ കടന്നു ചെന്ന് പ്രതിഷേധത്തിന്റെ ശബ്ദം ഉയര്‍ത്തുകയാണ് അവര്‍. ആചാരങ്ങളുടെ പേരില്‍ നടക്കുന്ന അസമത്വത്തിന് അറുതി വരുത്തി ലിംഗസമത്വം ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് കയറാന്‍ വിലക്കുള്ള മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാണ് തൃപ്തി തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് തുടക്കമിട്ടത്. പിന്നീട് നാസികിലെ ത്രൈയംബകേശ്വര ക്ഷേത്രത്തിലും തന്റെ സമരവിജയം തൃപ്തി ആവര്‍ത്തിച്ചു. ഒടുവില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയിലും അവരുടെ പാദങ്ങള്‍ പതിഞ്ഞിരിക്കുന്നു. ലിംഗസമത്വത്തിനായുള്ള അവരുടെ പോരാട്ടത്തിന് ഇതോടെ കരുത്തേറിയിരിക്കുകയാണ്.

പൂനെയിലെ എസ്.എന്‍.ഡി.ടി. കോളേജിലെ പഠനകാലത്തുതന്നെ സാമൂഹികസംഘടനകളിലും അവരുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഇവര്‍. നിരവധി സാമൂഹികപ്രശ്നങ്ങളില്‍ ഇതിനുമുന്‍പും ഭാഗഭാക്കായിട്ടുള്ള തൃപ്തിയുടെ ആദ്യ സമരവിജയം 2009-ലായിരുന്നു. മഹാരാഷ്ട്ര മന്ത്രിസഭയിലുണ്ടായിരുന്ന അജിത് പവാറിന്റെ ഉടമസ്ഥതയിലുള്ള അജിത് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ആ സമരം. നിരവധി വധഭീഷണികളെ മറികടന്ന് 2007-ല്‍ തുടങ്ങിയ ആ സമരം 2009-ല്‍ വിജയം കണ്ടു. പണം നഷ്ടപ്പെട്ട 35,000 പേരില്‍ 29,000 പേര്‍ക്കും അവരുടെ പണം തിരികെ ലഭിച്ചു.

തുടര്‍ന്ന് 2010-ല്‍ തൃപ്തി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയ്ക്ക് തുടക്കമിട്ടു. 40 വയസിനു മുകളിലുള്ളവരാരും സംഘടനയിലില്ല. ഇപ്പോള്‍ 21 ശാഖകളുള്ള ബ്രിഗേഡില്‍ 4,000 അംഗങ്ങളുണ്ട്. സ്ത്രീകള്‍ മാത്രമടങ്ങിയ ബ്രിഗേഡിന്റെ സംഘമാണ് 'രണരാഗിണി ബ്രിഗേഡ്'. അംഗബലമൊഴിച്ചാല്‍ ഔദ്യോഗികമായി ചാരിറ്റി കമ്മീഷണറുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയല്ല ബ്രിഗേഡ്. ഒരു സംഘടന എന്നതിലുപരി പ്രതിഷേധ പ്രസ്ഥാനമായി ബ്രിഗേഡ് നിലനില്‍ക്കണം എന്നാണ് തൃപ്തി ദേശായിയുടെ ആഗ്രഹം.

സ്ത്രീകള്‍ പ്രവേശിക്കരുതെന്ന വിലക്കുകള്‍ ലംഘിച്ച് മഹാരാഷ്ട്രയിലെ ശനി ശിംഗനാപൂര്‍ ക്ഷേത്രത്തിലേക്ക് തൃപ്തിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ പ്രവേശിക്കുന്നത് കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലേക്ക് 1000 സ്ത്രീകളുമായി മാര്‍ച്ചുനടത്തിയ തൃപ്തി എവിടെയെങ്കിലും വച്ച് തങ്ങള്‍ തടയപ്പെടുകയാണെങ്കില്‍ ഹെലികോപ്ടറിലെത്തി ക്ഷേത്രത്തിനുള്ളില്‍ കടക്കാനും പദ്ധതിയിട്ടിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ എല്ലാ ഭാഗത്തുനിന്നും എതിര്‍പ്പുണ്ടായി. തൃപ്തിയെയും കൂട്ടരേയും പോലീസെത്തി അറസ്റ്റ് ചെയ്തു. ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്ത്രീകള്‍ക്കനുകൂലമായി സംസാരിച്ചു.

നാസികിലെ തൃംബകേശ്വര ക്ഷേത്ര പ്രവേശനമായിരുന്നു അടുത്ത ലക്ഷ്യം. പൂനെ ആസ്ഥാനമാക്കി വനിത ഗുട്ടെയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വരാജ്യ മഹിളാ സംഘടന തൃംബകേശ്വര ക്ഷേത്രത്തിലെ 'ഗര്‍ഭ ഗൃഹ'ത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ നടത്തിയതിനു തൊട്ടടുത്ത ദിവസം തന്നെ ബ്രിഗേഡ് പ്രവര്‍ത്തകരും ക്ഷേത്രത്തിനുള്ളില്‍ കയറി. തന്റെ പാതയില്‍ തുടര്‍വിജയങ്ങള്‍ പൂര്‍ത്തിയാക്കിയ തൃപ്തിയുടെ അടുത്ത ലക്ഷ്യം ശബരിമലയാണ്.

ശബരിമലയില്‍ നിന്ന് സ്ത്രീകളെ അകറ്റിനിര്‍ത്തുന്നത് ലിംഗവിവേചനവും നിയമവിരുദ്ധവുമാണെന്ന് അഭിപ്രായപ്പെട്ട തൃപ്തി കേരളസര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുത്ത നിലപാടിനെയും നിശിതമായി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഇടപെടണമെന്നും തൃപ്തി ആവശ്യപ്പെട്ടു. രാജ്യത്ത് നിലനില്‍ക്കുന്ന ഇത്തരം അസമത്വങ്ങള്‍ തുടച്ചുനീക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടുമെന്നും ഈ ആവശ്യവുമായി അദ്ദേഹത്തെ ഉടനെ കാണുമെന്നും തൃപ്തി വ്യക്തമാക്കിയിരുന്നു.

ചിത്രം: ഇന്ത്യാടുഡെ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram