തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ വര്‍ഷംതോറും പുരസ്‌കാരം നല്‍കും. ഇതിന് രണ്ടുകോടി രൂപ ട്രഷറിയില്‍ നിക്ഷേപിച്ചു. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ദളിത് വനിതയാണ് ദാക്ഷായണി വേലായുധന്‍.
ദളിതരായ ആളുകള്‍ക്ക് വഴിനടക്കാന്‍ പോലും അനുമതി നിഷേധിച്ചിരുന്ന കാലത്ത് കടത്തുവഞ്ചിയില്‍ കായല്‍ കടന്നുപോയി വിദ്യാഭ്യാസം ആര്‍ജിക്കുകയും പിന്നീട് ഭരണഘടനാനിര്‍മാണ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ സാന്നിധ്യവുമായി മാറിയ വ്യക്തിത്വമാണ് ദാക്ഷായണി വേലായുധന്‍. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് എര്‍പ്പെടുത്താന്‍ ഏറ്റവും യോഗ്യമായ പേരും ദാക്ഷായണിയുടേതാണ്.
കൊച്ചി വൈപ്പിന്‍കരയിലെ ഏറ്റവും ചെറിയ പഞ്ചായത്തായ മുളവ്കാടാണ് ഈ ചരിത്ര വനിതയുടെ ജനനം. കൊച്ചിയില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ആദ്യമായി വിദ്യാഭ്യാസം ആര്‍ജിച്ച സ്ത്രീയും ദാക്ഷായണിയായിരുന്നു. എറണാകുളം മഹാരാജാസില്‍ നിന്നും മദ്രാസില്‍ നിന്നും ബിരുദങ്ങള്‍ സ്വന്തമാക്കി അധ്യാപനത്തിലേക്ക് പ്രവേശിച്ചെങ്കിലും 1945ല്‍ കൊച്ചി നിയമസഭയിലെത്തുകയും തുടര്‍ന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഭരണഘടനാനിര്‍മാണ സഭയില്‍ അംഗമാവുകയും ചെയ്യുകയായിരുന്നു.
മുളവുകാട് സെയ്ന്റ് മേരീസ് എല്‍.പി. സ്‌കൂളിലായിരുന്നു പഠനാരംഭം. തുടര്‍ന്ന് കടത്തുവഞ്ചിയില്‍ കായല്‍ കടന്നുപോയി പച്ചാളത്തെ ചാത്ത്യാത്ത് എല്‍.എം.സി. ഗേള്‍സ് ഹൈസ്‌കൂളില്‍ പഠനം. എറണാകുളം മഹാരാജാസ് കോളേജില്‍ ശാസ്ത്ര വിദ്യാര്‍ഥിനിയായി. വിഷയം രസതന്ത്രം. അക്കാലത്ത് മഹാരാജാസില്‍ ശാസ്ത്രം പഠിക്കാന്‍ ചേര്‍ന്ന ഏക വിദ്യാര്‍ഥിനി. തൊട്ടുകൂടായ്മയാല്‍ മേല്‍ജാതിയംഗമായ ടീച്ചറുടെ സമീപത്തുനിന്ന് അകന്നു നില്‍ക്കണമായിരുന്നു കീഴ്ജാതിയംഗമായ ദാക്ഷായണി. ടീച്ചര്‍ പഠിപ്പിക്കുന്ന രസതന്ത്ര പരീക്ഷണങ്ങള്‍ അകലെ നിന്ന് കണ്ടു പഠിച്ചു.
അതിനുശേഷം, മദ്രാസിലെ സെയ്ന്റ് ക്രിസ്റ്റഫര്‍ ട്രെയ്‌നിങ് കോളേജില്‍നിന്ന് എല്‍.ടി. പാസായി അധ്യാപിക ജോലിക്കുള്ള യോഗ്യത നേടി. അധ്യാപികയായി. 'പുലയ ടീച്ചര്‍' എന്ന് വിളിക്കപ്പെട്ടു. അത് വകവയ്ക്കാതെ ദാക്ഷായണി ജോലി തുടര്‍ന്നു.
പിന്നീട്, 1945ല്‍ ദാക്ഷായണി കൊച്ചി ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 46ല്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വതന്ത്രമാകുന്ന ഇന്ത്യക്ക് ഭരണഘടന എഴുതിയുണ്ടാക്കാന്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട സമിതിയായിരുന്നു കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 299 അംഗങ്ങള്‍ സമിതിയില്‍. അതില്‍ 15 സ്ത്രീകള്‍. അവരില്‍ ഒരാള്‍ ദാക്ഷായണി.
Content Highlights: know about women empowerment leader dakshayani velayudhan