പഴമക്കാര്‍ പറഞ്ഞ 99-ലെ വെള്ളപ്പൊക്കത്തിന്റെ കഥകള്‍ നാട്ടില്‍ പലര്‍ക്കുമറിയാം. എന്നാല്‍, അന്നത്തെ വെള്ളപ്പൊക്കവും 18-ലെ വെള്ളപ്പൊക്കവും അതിനിടയില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളും കണ്ട, 100 വയസ്സ് കഴിഞ്ഞ രണ്ടുപേരുണ്ട്. ഈ രണ്ട് അമ്മൂമ്മമാരും ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു.
ചിറ്റാറ്റുകര കിഴക്കേ തൈക്കൂട്ടം വീട്ടില്‍ കാര്‍ത്തികേയന്റെ ഭാര്യ സുകുമാരിയുടെ 100-ാം ജന്മവാര്‍ഷികം ഓഗസ്റ്റ് 5-ന് ഇവരുടെ നാലുതലമുറ ചേര്‍ന്ന് ആഘോഷിച്ചു. പിന്നീടാണ് 15-ന് വീണ്ടുമൊരു വെള്ളപ്പൊക്കമുണ്ടായത്.
ചിറ്റാറ്റുകര ഗവ. എല്‍.പി. സ്‌കൂളിലും പിന്നീട് നന്ത്യാട്ടുകുന്നം ആദര്‍ശ് വിദ്യാഭവന്‍ സ്‌കൂളിലെ ക്യാമ്പിലുമായിരുന്നു ഈ അമ്മൂമ്മയും കുടുംബവും. കര്‍ക്കടകത്തിലെ ഒരു വെള്ളപ്പൊക്കക്കാലത്താണ് തന്നെ പ്രസവിച്ചതെന്ന് അച്ഛന്‍ അയ്യപ്പനും അമ്മ ജാനകിയും പറഞ്ഞത് സുകുമാരി ഓര്‍ത്തെടുത്തു.
99-ലെ വെള്ളപ്പൊക്കത്തില്‍നിന്ന് ഒരുകണക്കിനാണ് രക്ഷപ്പെട്ട് പറവൂരില്‍ കഴിഞ്ഞതെന്ന് ഇവര്‍ ഓര്‍ക്കുന്നു. 16-ലെ കൊടുങ്കാറ്റും 61-ലെ വെള്ളപ്പൊക്കവും ഓര്‍ത്തോര്‍ത്ത് പറയുമ്പോള്‍, ഇക്കഴിഞ്ഞ വെള്ളപ്പൊക്കം ക്യാമ്പിലെ ആള്‍ക്കൂട്ടത്തിനിടയില്‍ ആയതിനാല്‍ ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായെന്ന് സുകുമാരി അമ്മൂമ്മ പറഞ്ഞു.
പുത്തന്‍വേലിക്കര കോഴിത്തുരുത്ത് ഇക്കോരന്റെ തെറ്റയില്‍ വീട്ടില്‍ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ തളരി 99-ലെ വെള്ളത്തിലും 2018-ലെ വെള്ളപ്പൊക്കത്തിലും കഴിഞ്ഞത് എളന്തിക്കര ഗവ. എല്‍.പി. സ്‌കൂള്‍ ക്യാമ്പിലാണ്. തളരിക്ക് 10 വയസ്സുള്ളപ്പോഴാണ് 99-ലെ വെള്ളപ്പൊക്കം. ആറു മക്കളാണ് ഇവര്‍ക്കുള്ളത്. ദുരിതാശ്വാസ ക്യാമ്പിലും 104 വയസ്സുള്ള തളരി അമ്മൂമ്മ താരമായിരുന്നു.
പെരിയാറും ചാലക്കുടിയാറും സന്ധിക്കുന്നതിനരികെ, പുഴവക്കിലെ കോഴിത്തുരുത്തിലാണ് ഇവരുടെ വീട്. വെള്ളത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും ഒരുപിടി കഥകള്‍ തളരി അമ്മൂമ്മയുടെ മനസ്സില്‍ ഉണ്ടെങ്കിലും പറയാന്‍ ശരീരക്ഷീണം പൂര്‍ണമായും അനുവദിക്കുന്നില്ല.
content highlight: kerala flooding experinence