കേറിക്കിടക്കാന്‍ ഒരു വീടുണ്ടാകും,അധികൃതരുടെ കണ്ണു തുറന്നതറിയാതെ അബോധാവസ്ഥയില്‍ ബിന്ദു


2 min read
Read later
Print
Share

അര്‍ഹമായ സഹായം നല്‍കാതെ അവഗണന കാട്ടിയ സര്‍ക്കാര്‍ സംവിധാനത്തോടുള്ള നിരാശയാണ് ഈ സാധാരണ വീട്ടമ്മയെ വിഷം കഴിച്ച് എല്ലാം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

നെടുങ്കണ്ടം: ഉദ്യോഗസ്ഥര്‍ വരുത്തിയ പിഴവ് തിരുത്തുന്നതിനും ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനും ബിന്ദുവിന് എത്തേണ്ടിവന്നത് ആത്മഹത്യ എന്ന സാഹസത്തിന്റെ വക്കോളം. അര്‍ഹമായ സഹായം നല്‍കാതെ അവഗണന കാട്ടിയ സര്‍ക്കാര്‍ സംവിധാനത്തോടുള്ള നിരാശയാണ് ഈ സാധാരണ വീട്ടമ്മയെ വിഷം കഴിച്ച് എല്ലാം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.

തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ മരണത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു. എങ്കിലും തന്റെ സാഹസം അധികാരികളുടെ കണ്ണ് തുറപ്പിച്ചതും ദുരിതാശ്വാസ സഹായമായി നാലുലക്ഷം രൂപ അനുവദിച്ചതും ഇപ്പോഴും അബോധാവസ്ഥയില്‍ കഴിയുന്ന ബിന്ദു അറിഞ്ഞിട്ടില്ല.

കാത്തിരുന്നു മടുത്തു

പ്രളയത്തില്‍ മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായ വീട് വീണ്ടും കെട്ടിപ്പൊക്കുവാന്‍ മാവടി ചീനിപ്പാറ വെള്ളാപ്പള്ളില്‍ ബിന്ദുവും ഭര്‍ത്താവ് രഘുവും അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സഹായമായ 10,000 രൂപയും പഞ്ചായത്തില്‍നിന്ന് നല്‍കിയ കിറ്റുകളും മാത്രമാണ് ഈ കുടുംബത്തിനു ലഭിച്ചത്. കടംവാങ്ങിയ പണംകൊണ്ട് വീടിനുള്ള അടിത്തറകെട്ടി. എന്നാല്‍, ജിയോ ടാഗിങ് കണക്കെടുപ്പില്‍ മറ്റാരോ വരുത്തിയ തെറ്റ് ബിന്ദുവിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളെ തല്ലിക്കെടുത്തി. ആദ്യഘട്ടത്തില്‍ പ്രസിദ്ധീകരിച്ച പ്രളയ ദുരിതാശ്വാസ പട്ടികയില്‍ ബിന്ദുവും കുടുംബം ഉണ്ടായിരുന്നില്ല.

പ്രളയത്തില്‍ തകര്‍ന്ന മാവടി ചീനപ്പാറ വെള്ളാപ്പള്ളില്‍ ബിന്ദുവിന്റെ വീട്

നിരവധി തവണ സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങി തെറ്റുകള്‍ തരുത്തി. ഒടുവില്‍ ജനവുവരി എട്ടിന് പ്രസിദ്ധീകരിച്ച പട്ടികയില്‍ പേരുവന്നു. എന്നാല്‍, ഉടുമ്പന്‍ചോല താലൂക്കിലെ ദുരിതാശ്വാസ സഹായ വിതരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിട്ടും സഹായം ലഭിക്കാതിരുന്നതോടെയാണ് ബിന്ദു നിരാശയായത്. തകര്‍ന്ന വീടിനോടുചേര്‍ന്നുള്ള തൊഴുത്തിന്റെ പിന്‍വശം മറച്ചുകെട്ടി നിര്‍മിച്ച ഷെഡ്ഡിലാണ് ബിന്ദുവിന്റെ കുടുംബം താമസിച്ചിരുന്നത്. രണ്ടു മക്കളെയുംകൊണ്ട് അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കുന്നതില്‍ ബിന്ദു അസ്വസ്ഥയായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

തകര്‍ന്ന വീടിന്റെ സ്ഥാനത്ത് അവശേഷിക്കുന്ന മുന്‍വാതിലും കട്ടളയും കുറച്ച് ഇഷ്ടികക്കൂനയുമാണ്. സ്വന്തമായി 27 സെന്റ് സ്ഥലമുള്ളതിനാല്‍ ലൈഫ് പദ്ധതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. ഇത്തരത്തില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതായതോടെയാണ് ബിന്ദു ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ഭര്‍ത്താവ് രഘു പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ പണമടയ്ക്കുന്നതിനുപോലും നിര്‍വാഹമില്ലാത്ത അവസ്ഥയാണ്. ബിന്ദുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ദുരിതാശ്വാസ സഹായം ലഭിക്കാത്തതിനാല്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത പരന്നതോടെ വില്ലേജ് അധികൃതര്‍ അപേക്ഷയുടെ നമ്പരും തിയതിയും വാങ്ങിക്കൊണ്ട് പോയതായി രഘു പറഞ്ഞു. എ.ഡി.എമ്മിന്റെ നിര്‍ദേശപ്രകാരം നാലുലക്ഷം രൂപ സഹായം അനുവദിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല താലൂക്കോഫീസില്‍നിന്ന് ട്രഷറിയിലേക്ക് ആദ്യഗഡു പണം അനുവദിക്കുന്നതിനുള്ള ബില്ല് നല്‍കിയിട്ടുണ്ടെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ അറിയിച്ചു.

Content Highlights: kerala flood issues

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram