വടകര: സെറിബ്രൽ പാൾസി ബാധിച്ച് ജന്മനാ കഴുത്തിന് താഴെ തളർന്നവൾ... പേര് അർഷിന, പ്രായം പതിനെട്ട്... ഇവളെയും ചുമലിൽ കിടത്തി ഉമ്മ ഷെറീഫ എല്ലാദിവസവും വീടിന്റെ പടിയിറങ്ങുന്നത് ആശുപത്രിയിലേക്കല്ല. വിദ്യാലയത്തിലേക്കാണ്. അറിവിലൂടെ വേദനകളെ മറികടക്കാനുള്ള യാത്ര.
13 വർഷമായി ഉമ്മയും മകളും ഈ യാത്ര തുടങ്ങിയിട്ട്. കുറ്റ്യാടിക്ക് സമീപം തളീക്കരയിലെ പുന്നോള്ളതിൽ ഹമീദിന്റെയും ഷെറീഫയുടെയും മകളായ അർഷിനയുടെ ജീവിതം വീടിന്റെ നാലു മൂലകൾക്കുള്ളിൽ ഒതുങ്ങേണ്ടതായിരുന്നു. തളീക്കര എൽ.പി. സ്കൂളിലെ പ്രധാനാധ്യാപകൻ കെ.ടി. മധുസൂദനന്റെ നിർബന്ധപ്രകാരമാണ് ഒന്നാംക്ലാസിൽ ചേർന്നത്. എല്ലാ ദിവസവും ഉമ്മ ചുമലിൽ കിടത്തി സ്കൂളിൽ കൊണ്ടുപോകും.
അധ്യാപകരും വിദ്യാർഥികളുമെല്ലാം സഹായിക്കും. പിന്നീട് അതൊരു പതിവായി. നാലാം ക്ലാസിന് ശേഷം ഏഴാംക്ലാസ് വരെ കുറ്റ്യാടി എം.ഐ. യു.പി. സ്കൂളിൽ, പത്താംക്ലാസും പ്ലസ് ടുവും കുറ്റ്യാടി എച്ച്.എസ്.എസിൽ. ആവേശത്തോടെ അക്ഷരങ്ങളെ കൂട്ടുപിടിച്ച അർഷിനയ്ക്ക് പത്തിലും പ്ലസ്ടുവിനും 80 ശതമാനം മാർക്ക് കിട്ടി. എല്ലാദിവസും ഉമ്മ ഷെറീഫ സ്കൂളിൽ പോയിരുന്നത് മൂന്നുതവണയാണ്. രാവിലെ കൊണ്ടുവിടാൻ, ഉച്ചയ്ക്ക് മകളെ ശൗചാലയത്തിൽ എത്തിക്കാൻ, വൈകീട്ട് തിരികെക്കൂട്ടാൻ.
പ്ലസ് ടുവിന് നല്ല മാർക്ക് കിട്ടിയതിനാൽ കോളേജിൽ പോകണമെന്നത് വലിയ ആഗ്രഹമായിരുന്നു. പക്ഷേ, ബി.എ. ഹിസ്റ്ററിക്ക് പ്രവേശനം കിട്ടിയത് 14 കിലോമീറ്റർ അകലെയുള്ള പേരാമ്പ്ര സി.കെ.ജി. കോളേജിൽ. അർഷിനയുടെ ആഗ്രഹങ്ങൾക്കു മുന്നിൽ ദൂരം തടസ്സമായില്ല. എല്ലാ ദിവസവും അർഷിനയെയും ചുമലിലേറ്റി ഉമ്മ വീട്ടിൽ നിന്നിറങ്ങും. ഏതെങ്കിലും ഓട്ടോറിക്ഷ വിളിച്ച് കോളേജിലേക്ക് പോകും.
അതേ ഓട്ടോയിൽ തന്നെ ഉമ്മ മടങ്ങും. വൈകീട്ട് ഉമ്മയോ അല്ലെങ്കിൽ ഉപ്പയോ വീണ്ടും ഓട്ടോറിക്ഷ വിളിച്ച് കോളേജിൽ പോയി മകളെയും കൂട്ടി തിരിച്ചുവരും. ദിവസം ഓട്ടോക്കൂലി മാത്രം നാനൂറ് രൂപവേണം. ഇറച്ചിവെട്ട് തൊഴിലാളിയായ ഹമീദിന്റെ വരുമാനം കൊണ്ടുവേണം എല്ലാം നടക്കാൻ. കോളേജിലെത്തിയാൽ അർഷിനയെ സഹായിക്കാൻ കൂട്ടുകാരുണ്ട്. അവിടെ ഒരു വീൽചെയറുമുണ്ട്.
ഇരുന്നിടത്തുനിന്ന് ഒന്നനങ്ങണമെങ്കിൽ പോലും പരസഹായം വേണം. കഴുത്ത് ഇടയ്ക്കിടെ ചെരിഞ്ഞുപോകും. ഇത് നേരെയാക്കാൻ പോലും അർഷിനയ്ക്ക് കഴിയില്ല. പക്ഷേ, പഠനത്തിലും മറ്റ് ഹോബികളിലും അർഷിന പിന്നോട്ടില്ല. കരകൗശല വസ്തുനിർമാണത്തിൽ വിദഗ്‌ധയാണ്. സഹോദരൻ അജ്‌നാസ് ഇതിനുള്ള സാധനങ്ങളൊക്കെ വാങ്ങി നൽകും. കഥയും കവിതയും എഴുതും, നന്നായി വായിക്കും. സഹോദരി അസ്മിനയാണ് ലൈബ്രറിയിൽനിന്ന് പുസ്തകങ്ങൾ എടുത്തുകൊടുത്തിരുന്നത്.
അസ്മിനയുടെ വിവാഹം കഴിഞ്ഞതോടെ ഇത് നിലച്ചു. സ്വന്തമായി ഒരു ഇലക്‌ട്രിക് വീൽചെയറാണ് അർഷിനയുടെ സ്വപ്നം. ഒപ്പം ഒരു സർക്കാർജോലിയും. ഉപ്പയുടെ പ്രയാസങ്ങൾ ഇവൾക്കറിയാം. എന്തിനാണ് വീൽചെയർ എന്നു ചോദിച്ചപ്പോൾ അർഷിന പറഞ്ഞു. ‘‘സ്വന്തമായി എനിക്കുതന്നെ ലൈബ്രറിയിൽ പോകാം... ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുക്കാം...’’ അവിടെയും അർഷിനയുടെ ലക്ഷ്യം അക്ഷരങ്ങൾ മാത്രം.