മേനക ശ്രദ്ധിച്ചാണ് നടക്കുന്നത്. മുഖത്തെ നിഷ്‌കളങ്കതകൂടി ചേര്‍ത്താല്‍ പിച്ചവെയ്ക്കുന്നതുപോലെയേ തോന്നൂ. കസേരയില്‍ ഇരിക്കാന്‍ അവര്‍ ഇത്തിരി സമയമെടുത്തു. മുട്ടുവരെയെത്തുന്ന ട്രൗസേഴ്‌സ്, ഉടലില്‍ ഭംഗിയായി ചുറ്റിയിട്ട പുതപ്പ്, പുറത്തേക്ക് കാണുന്ന വേഷം അതാണ്. അതുകഴിഞ്ഞാല്‍ പിന്നെ ശരീരമെന്ന് പറയാന്‍ ഒന്നുമില്ല. ട്രൗസറിന്റെ താഴേക്ക് വെപ്പുകാല്‍. പുതപ്പിനുള്ളില്‍ കൈയില്ല, വെപ്പുകൈപോലുമില്ല. കൈ തേടിയാണ് മേനക വന്നത്; മലേഷ്യയില്‍നിന്ന് കേരളംവരെ. ആ കാത്തിരിപ്പിന്റെ ആഴമുണ്ട് മേനകയുടെ കണ്ണില്‍.
പുറകില്‍ ഒരു താങ്ങുപോലെ അരവിന്ദ്. മേനകയുടെ മകനാണ്. വെളുത്ത് കൊലുന്നനെയുള്ള ഒരു യുവാവ്. കുറച്ചുനേരം ഇരുവരും ഒന്നും മിണ്ടാതിരുന്നു. ഒടുവില്‍, പറേഞ്ഞാളൂ എന്ന മട്ടില്‍ മേനക അരവിന്ദിനെ നോക്കി. എന്നിട്ടും അവന്‍ നിശബ്ദനായതേയുള്ളൂ. ഏറെ നേരത്തിന് ശേഷം, അമ്മയുടെ കൈകാലുകള്‍ ഇല്ലാതായ കഥ പറയാന്‍ അരവിന്ദ് ഒരുങ്ങി. ''അമ്മയ്ക്ക് സിംഗപ്പൂരില്‍ വീട്ടുജോലിയായിരുന്നു. സത്യത്തില്‍ മലേഷ്യയില്‍നിന്ന് സിംഗപ്പൂര്‍വരെ പോയ്‌വരാന്‍ നല്ല പാടാണ്. പക്ഷേ അവിടെയാവുമ്പോ കുറച്ചുകൂടി പണം കിട്ടും. അച്ഛന്‍ വീടുനോക്കിയിരുന്നില്ല. എപ്പോഴും കുടിക്കും. അമ്മയാണ് എല്ലാം ചെയ്തിരുന്നത്. എന്നിട്ടും അമ്മ സിംഗപ്പൂരില്‍ പോവുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നു. മറ്റെേന്താ മോശം കാര്യത്തിന് പോവുന്നു എന്ന മട്ടില്‍ അച്ഛന്‍ എന്നും അമ്മയോട് വഴക്കുണ്ടാക്കി.'' അരവിന്ദ് അഞ്ച് വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍ക്കാനിഷ്ടമില്ലെങ്കിലും ഓര്‍ത്തെടുത്തു.
അരവിന്ദിന് അന്ന് 18 വയസ്സ്. ചേച്ചിക്ക് 20. അനിയനന്ന് കുഞ്ഞാണ്. 10 വയസ്സേയുള്ളൂ. അവനാണ് അന്ന് വീട്ടിലുണ്ടായിരുന്നത്. ഒരാഴ്ചത്തെ ജോലിക്ക് ശേഷം മേനക വീട്ടില്‍ വന്ന ദിവസമായിരുന്നു അത്. ഭര്‍ത്താവ് അന്നും മേനകയോട് വഴക്കിട്ടു. ഏതോ ഒരു നിമിഷത്തില്‍ അയാള്‍ അകത്തേക്ക് ഓടിപ്പോയി വലിയ കത്തിയുമായി വന്നു. മേനകയെ മുറ്റത്തേക്ക് വലിച്ചിറക്കി തുരുതുരാ വെട്ടി. ആദ്യം ഇടത് കൈ, പിന്നെ വലതുകൈ, പിന്നാലെ കാലുകള്‍. പത്തുവയസ്സുകാരന്‍ എല്ലാം കണ്ടുനിന്നു.
മേനക കസേരയില്‍ കുനിഞ്ഞിരിക്കുകയാണ്. നിവര്‍ന്നപ്പോള്‍ തുളുമ്പുന്ന കണ്ണുകള്‍. പതുക്കെ കണ്ണീര്‍ പടര്‍ന്നു. മുഖം ചെരിച്ച് അവര്‍ കൈത്തണ്ടയില്‍ കണ്ണ് തുടച്ചു. അരവിന്ദ് അമ്മയുടെ മുഖത്തുനോക്കി കഥ മുഴുമിക്കാനാവാതെ നിന്നു. ''എനിക്ക് ബോയ്ഫ്രണ്ടുണ്ട് എന്നും പറഞ്ഞായിരുന്നു വഴക്ക്.'' ബാക്കി പറഞ്ഞത് മേനകയാണ്. മലേഷ്യന്‍ ഇന്ത്യക്കാരിയാണ് മേനക. തമിഴറിയാം. ഇത്തിരി മലയാളവും. ''കൈയും കാലും മുട്ടിന് മീതെ മുറിച്ചു മാറ്റേണ്ടിവന്നു. മൂന്നുമാസം ആശുപത്രിയില്‍ കിടന്നു...'' മേനക നിര്‍വികാര സ്വരത്തില്‍ പറഞ്ഞു. ഭര്‍ത്താവ്? ആ ചോദ്യത്തിനും തണുത്ത ഉത്തരം.''അയാള്‍ അന്നുതന്നെ ആത്മഹത്യ ചെയ്തു.''
മൂന്നുമാസം കഴിഞ്ഞ് കൈയും കാലുമില്ലാത്ത ആളായി മേനക ആശുപത്രിയില്‍നിന്ന് പുറത്തുവന്നു. പിന്നെ പതുക്കെ പതുക്കെ വെപ്പുകാലുകളില്‍ നടക്കാമെന്നായി. പക്ഷേ എളുപ്പമല്ല. വേച്ചുപോവും. കൈയില്ലാതെ ബാലന്‍സ് കിട്ടാന്‍ പ്രയാസം. പണമെല്ലാം അപ്പോഴേക്കും തീര്‍ന്നുപോയിട്ടുണ്ടായിരുന്നു; ജീവിതവും ഏറെക്കുറെ. എന്നിട്ടും പ്രതീക്ഷമാത്രം തീര്‍ന്നുപോയില്ല. ആ ദിവസങ്ങളിലൊന്നിലാണ് ചെന്നൈയില്‍നിന്ന് ഒരു വിളി വന്നത്.
''ബന്ധുക്കള്‍ ചെൈന്നയിലുണ്ട്. അതിലൊരാള്‍ ഇവിടെ നടന്ന ഒരു കൈമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ വാര്‍ത്ത കണ്ട് ഞങ്ങള്‍ക്ക് അയച്ച് തന്നു. മൂന്ന് വര്‍ഷം മുമ്പ്. കൈ കിട്ടിയേക്കാം എന്ന തോന്നല്‍ പോലും എന്നെ ആശ്വസിപ്പിച്ചു.'' ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നെ. നല്ല മനസ്സുകള്‍ കൈയയച്ച് നല്‍കി. 30 ലക്ഷത്തോളം രൂപയുമായാണ് മേനക കേരളത്തിലേക്ക് വന്നത്. അതില്‍ 20 ലക്ഷം സര്‍ജറിക്ക് തന്നെ വേണം. ബാക്കി പണംകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി മേനകയും അരവിന്ദും ആശുപത്രി പരിസരത്തൊരു വീട്ടില്‍ അരിഷ്ടിച്ച് കഴിയുന്നു. ''നാട്ടില്‍ കുട്ടികളെ പഠിപ്പിക്കണം. 25 ലക്ഷത്തിന്റെ ലോണുണ്ട്. ഇവിെട ഞങ്ങള്‍ക്ക് ജീവിക്കണം. മോന്‍തന്നെ ഭക്ഷണം വെച്ചുണ്ടാക്കും. പുറത്തുനിന്ന് വാങ്ങാനൊക്കെ വലിയ ചെലവാണ്...'' മേനക നിര്‍വികാരതയില്‍നിന്ന് പതുക്കെ അയയാന്‍ തുടങ്ങി.
ഭക്ഷണം ഉണ്ടാക്കുന്നത് മാത്രമല്ല, അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്യുന്നത് അരവിന്ദാണ്. പ്രാഥമിക കാര്യങ്ങള്‍ക്കുപോലും അരവിന്ദിന്റെ സഹായം വേണം. ''എന്റെ മോന് പഠിത്തം കഴിഞ്ഞ് ജോലിക്ക് പോവാന്‍പോലും പറ്റാതായി...'' അവര്‍ അരവിന്ദിന്റെ കൈയില്‍ പതുക്കെ തടവി. അവന്‍ കുറ്റിത്താടിക്ക് മുകളില്‍ ചക്കപ്പല്ലുകള്‍ കാട്ടി നിഷ്‌കളങ്കമായി ചിരിച്ചു. ''ഇളയവന്റെ കാര്യമോര്‍ത്തിട്ടാണ് സങ്കടം. അവന്‍ എല്ലാം കണ്ടതാണ്. അന്നുമുതല്‍ ആകെ പതറിപ്പോയി കുട്ടി. ഞാനില്ലാതെ അവന് നില്‍ക്കാന്‍ വയ്യ. എന്റെ കൂടെ കൊണ്ടുവരാമായിരുന്നു. പക്ഷേ ഫ്‌ളൈറ്റില്‍ കയറാനൊക്കെ അവന് പേടിയാണ്. എന്റെ അക്ക, അണ്ണ എല്ലാരുമുണ്ട്. പക്ഷേ അവന് ആരും വേണ്ട, ഞാന്‍ മതി. എനിക്കെന്ന് മടങ്ങിപ്പോവാനാവും?'' അവരുടെ വലിയ മുഖത്ത് ആദ്യമായി സങ്കടം പരന്നു.
''കൈ കിട്ടുമായിരിക്കും അല്ലേ?'' മേനക നിസ്സഹായതയോടെ നോക്കി. ''എന്റെ മക്കള്‍ക്ക് എന്തെങ്കിലും വെച്ചുണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു. അഞ്ചു വര്‍ഷം കൂടി ഞാന്‍ ജീവിച്ചിരുന്നാല്‍ മൂത്ത രണ്ട് മക്കളുടെയും കല്യാണം നടത്താം. അതിന് മുമ്പ് എനിക്കെന്റെ മക്കളെയൊന്ന് കെട്ടിപ്പിടിക്കണം...''
''ഇവിടെ കൈ കാത്തിരിക്കുന്നവര്‍ വേറെയുമുണ്ട്. പക്ഷേ മേനകയ്ക്ക് കൈ കിട്ടാന്‍ ഞങ്ങളും കാത്തിരിക്കുന്നുണ്ട്.'' ഡോ. സുബ്രഹ്മണ്യ അയ്യര്‍ അന്തരീക്ഷം ഒന്ന് ലഘുവാക്കാന്‍ ശ്രമിച്ചു. അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയാണ് ഡോ. സുബ്രഹ്മണ്യ അയ്യര്‍. ഒന്നോര്‍ത്താല്‍ അവിടെ കൈയ്ക്ക് കാത്തിരിക്കുന്നവരെല്ലാം അങ്ങേയറ്റത്തെ ആവശ്യക്കാര്‍ത്തന്നെ. യുദ്ധത്തില്‍ കൈയും കണ്ണും പോയ യമന്‍ സ്വദേശി, സ്‌ഫോടനത്തില്‍ കൈയറ്റുപോയ അഫ്ഗാന്‍കാരന്‍, യുദ്ധത്തിന്റെ തെന്ന ഇരയായ ശ്രീലങ്കന്‍ യുവാവ്... ''മസ്തിഷ്‌ക മരണം സംഭവിച്ച ആരുടെയെങ്കിലും കൈ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയ്യാറായാലേ ഇവര്‍ക്ക് കൈ കിട്ടൂ. കരളും വൃക്കയും ഹൃദയവും കൊടുക്കാന്‍ തയ്യാറാവുന്നവര്‍പോലും കൈ കൊടുക്കാന്‍ മടിക്കും. മരണശേഷം കൈയില്ലാതെ കാണുന്നതിലുളള പ്രയാസമാവും അവരോര്‍ക്കുക. പക്ഷേ മൃതദേഹത്തിന് കൃത്രിമ കൈ വെച്ചുകൊടുത്താല്‍ പിന്നെ ആ പ്രശ്‌നമില്ല.
കൈ കിട്ടിയവരൊക്കെ ഇടയ്ക്കിടെ വിളിക്കും. ലിംഗശെല്‍വി, മനു, അബ്ദുള്‍ റഹീം, ജീത്, ശ്രേയ... ലിംഗശെല്‍വി കഴിഞ്ഞ ദിവസം ഒരു വീഡിയോ അയച്ചിരുന്നു; ദോശ ചുടുന്നതിന്റെ. റഹീം വീണ്ടും സൈന്യത്തില്‍ ജോലി തുടങ്ങി. ശ്വേത കോളേജില്‍ പോവാന്‍ തുടങ്ങി. ഹാന്‍ഡ് റൈറ്റിങ് ഒക്കെ പഴയതുതന്നെയാണത്രേ...'' ഡോക്ടര്‍ ചിരിച്ചു. മനസ്സില്‍നിന്ന് ഊറി വരുന്ന സന്തോഷം.
പറഞ്ഞും കേട്ടും പ്രതീക്ഷകള്‍ പങ്കുവെച്ചും മേനക എപ്പോഴോ ഒരു കുഞ്ഞ് ചിരിയിലേക്ക് വന്നു. ദുരിതങ്ങള്‍ മറന്നുള്ള ചിരി. എല്ലാ ആഴ്ചയും മേനകയും അരവിന്ദും ഇതുപോലെ ആശുപത്രിയില്‍ വരും. കൈ കിട്ടാന്‍ വല്ല സാധ്യതയുമുണ്ടോ എന്നറിയാനാണ്. കുറച്ചുനേരമിരുന്ന് പതിയെ മടങ്ങും. ഇന്ന് മടങ്ങാനുള്ള സമയമായി. മേനകയുടെ തോളില്‍ പതിയെ ഒന്നുതട്ടി ഡോക്ടര്‍ പറഞ്ഞു '' സമാധാനമായി പോവൂ'' മേനക തലയുയര്‍ത്തി. മുഖത്ത് കുട്ടികളിലെന്നപോലെ നിഷ്‌കളങ്കമായ പ്രതീക്ഷ വിടര്‍ന്നു.
Content Highlights: husband chopped off maneka hands, Domestic violence