ടീനേജ് പ്രായത്തിലെത്തിയാല്‍ മിക്ക പെണ്‍കുട്ടികളും അമ്മമാരുമായി തല്ലുകൂടാന്‍ തുടങ്ങും. ഷോപ്പിങ്ങുമായി ബന്ധപ്പെട്ടാവും പ്രധാന വഴക്ക്. അതും അടിവസ്ത്രം വാങ്ങുന്നതിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍. ടീനേജിലെത്തുമ്പോള്‍ ഏറ്റവും മികച്ച ബ്രാ ഉപയോഗിച്ചു തുടങ്ങുന്നത് നല്ലതാണ്. കൃത്യമായ അളവിലുള്ളത് തിരഞ്ഞുപിടിച്ച് തന്നെ വാങ്ങുക. കൃത്യമായ അളവിലുള്ള ബ്രാ വാങ്ങിയില്ലെങ്കില്‍ സ്തനങ്ങളുടെ സ്വാഭാവികമായ വളര്‍ച്ചയെ അത് ബാധിക്കും.
ഏതു പ്രായത്തിലാണ് മകള്‍ക്ക് ആദ്യത്തെ ബ്രാ വാങ്ങിക്കേണ്ടത് എന്നതിന് പ്രത്യേക നിയമം ഒന്നുമില്ല. ധരിക്കാന്‍ ശരീരവളര്‍ച്ചയായി എന്ന് തോന്നുമ്പോള്‍ വാങ്ങിക്കൊടുക്കാം. സ്തനവളര്‍ച്ച അമിതമാണെങ്കില്‍ ചില ഫാഷന്‍ പൊടിക്കൈകള്‍ ഉപയോഗിച്ച് സ്തനങ്ങളുടെ വലിപ്പം കുറച്ചു കാണിക്കാം. സ്‌ട്രൈപ്‌സ്, ബിസി പ്രിന്റ്‌സ്, വലിയ പൂക്കള്‍, വരകള്‍ തുടങ്ങിയ ഡിസൈനിലുള്ള വസ്ത്രങ്ങളണിഞ്ഞും ഷാളണിഞ്ഞുമൊക്കെ വലിപ്പം കുറച്ചു കാണിക്കാനാവും.
തുടക്കക്കാര്‍ക്ക് ട്രെയിനിങ് ബ്രാ
ഹുക്കുകളും മറ്റുമായി ഇടാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ബ്രായേക്കാള്‍ തുടക്കക്കാര്‍ക്ക് എന്തു കൊണ്ടും നല്ലത് ട്രെയിനിങ് ബ്രാ അഥവാ സ്‌പോര്‍ട്‌സ് ബ്രാ ആണ്. ഇവ 'വയര്‍ലെസ്സ്' ആണെന്ന് മാത്രമല്ല നല്ല സപ്പോര്‍ട്ടും നല്‍കും. പല നിറങ്ങളിലും സ്‌റ്റൈലുകളിലും ഇവ ലഭ്യവുമാണ്. മാത്രമല്ല, അധികം വലിപ്പമില്ലാത്ത സ്തനങ്ങളുള്ളവര്‍ക്ക് സ്‌പോര്‍ട്‌സ് ബ്രാ ആണ് ഉചിതം.
കടയില്‍ പോയി വാങ്ങുന്നതിന് മുന്‍പ് തന്നെ വെബ്‌സൈറ്റുകളില്‍ വിവിധ സ്‌റ്റൈലുകളെക്കുറിച്ചു വായിച്ചു നോക്കുകയും പടങ്ങള്‍ നോക്കുകയും ചെയ്യാം. ആശയക്കുഴപ്പമില്ലാതെ ശരിയായ ബ്രാ തിരഞ്ഞെടുക്കാന്‍ ഇത് സഹായിക്കും. വാങ്ങുന്നതിനു മുന്‍പ് കടയിലെ സെയില്‍സ് ഗേളിനെ കൊണ്ട് 'ഫിറ്റിങ്' നടത്തുന്നത് നല്ലതാണ്. ശരീരത്തിന്റെ അളവനുസരിച്ചുള്ള ശരിയായ ബ്രാ തിരഞ്ഞെടുക്കാന്‍ ഇത് സഹായിക്കും.
ട്രെയിനിങ് ബ്രാ ധരിച്ച് ആത്മവിശ്വാസം വന്നാല്‍ റെഗുലര്‍ ബ്രാ വാങ്ങാം. എപ്പോഴും അളവെടുത്തു ധരിച്ചു നോക്കി ഫിറ്റിങ് ശരിയാണെന്ന് ഉറപ്പുവരുത്തി വേണം ബ്രാ വാങ്ങാന്‍. കപ്പ് സൈസ് ശരിയായതാണെങ്കിലേ ബ്രാ ധരിക്കുമ്പോള്‍ ശരിയായ സപ്പോര്‍ട്ട് ലഭിക്കുകയുള്ളൂ. അതുപോലെ തന്നെ വയേര്‍ഡ് ബ്രാ ധരിച്ചുനോക്കുമ്പോള്‍ വല്ലാതെ ഇറുകുന്നില്ലെന്നു ഉറപ്പുവരുത്തണം.
കോട്ടണ്‍ ബ്രാ ആണ് ചൂട് കാലാവസ്ഥയില്‍ ധരിക്കാന്‍ ഏറ്റവും നല്ലത്. ബ്രാകള്‍ വളരെ നേരിയ മെറ്റീരിയല്‍ കൊണ്ടുണ്ടാക്കുന്നതു കൊണ്ട് എല്ലാ പന്ത്രണ്ടു മാസം കൂടുമ്പോഴും പുതിയത് വാങ്ങാന്‍ ഓര്‍ക്കണം.
ചെറുതായി പാഡിങ് ഉള്ള ബ്രാ സ്തനങ്ങള്‍ക്ക് ആകൃതി നല്‍കും. ടി ഷര്‍ട്ടുകള്‍ ധരിക്കുമ്പോള്‍ അല്പം പാഡിങ് ഉള്ള ബ്രാ ആണ് നല്ലത്. കുട്ടികള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത് കൊണ്ട് സ്തനങ്ങളുടെ വളര്‍ച്ചയ്ക്കനുസരിച്ച് ബ്രായുടെ അളവ് കൂട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ലേസ് ഉള്ളവ, മെഷ് ഉള്ളവ, ബ്രാലേറ്റസ് തുടങ്ങി ഒരുപാട് ഡിസൈനുകളുമുണ്ട്.
ലൈന്‍ ലെസ്സ് പാന്റീസ്
കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ധരിക്കുന്ന അടിവസ്ത്രങ്ങള്‍ക്കും മാറ്റം വരുന്നത് സ്വാഭാവികമാണ്. ബ്രീഫ്‌സ്, പാന്റീസ്, തോങ്‌സ്, ജി സ്ട്രിങ്‌സ്, ഹിപ്‌സ്‌റ്റെര്‍സ്, ബോയ് ഷോര്‍ട് സ് തുടങ്ങിയ സ്‌റ്റൈലുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ആരുടേയും നിര്‍ബന്ധത്തിനു വഴങ്ങാതെ സ്വന്തം ഇഷ്ടത്തിനും സൗഖ്യത്തിനും അനുസരിച്ചുള്ള അടിവസ്ത്രം വേണം തിരഞ്ഞെടുക്കാന്‍. നേര്‍ത്ത മെറ്റീരിയലിന്റെ സ്‌കര്‍ട്ടോ പാന്റ്‌സോ ധരിക്കുമ്പോള്‍ 'പാന്റി ലൈന്‍ ' കാണാതിരിക്കാന്‍ ലൈന്‍ ലെസ്സ് പാന്റീസ് നിലവിലുണ്ട്. അധികം ഇറുകിക്കിടക്കാത്തതും വായു സഞ്ചാരം ലഭിക്കുന്ന തരത്തിലുമുള്ളതായ മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കാം.
ആണ്‍കുട്ടികള്‍ അടിവസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും സൗകര്യപ്രദവും സപ്പോര്‍ട്ടും നല്‍കുന്നത് തന്നെ വാങ്ങണം. ബോക്‌സര്‍സ്, ജോക്കിസ്, റ്റൈറ്റി വൈറ്റിസ് തുടങ്ങിയവ പോലെ...
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: how to select underwear for teenagers