ഹാരി രാജകുമാരനും മേഗന്‍ മെര്‍ക്കലും കടിഞ്ഞൂല്‍ കണ്‍മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കുഞ്ഞുപിറക്കാന്‍
ഏതാനും ആഴ്ചകള്‍ മാത്രമാണ് ഇനി ഉള്ളത്. കുഞ്ഞിന്റെ സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കി മേഗന്‍ പ്രസവം വീട്ടില്‍ തന്നെ ആക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞ് ജനിച്ചവിവരം കൊട്ടാരം ഔദ്യോഗികമായി പുറത്തുവിടുമ്പോള്‍ മാത്രമേ അറിയാന്‍ കഴിയു. എന്നാല്‍ ഇരുവര്‍ക്കും കുഞ്ഞു ജനിച്ചു എന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സസെക്‌സ് റോയല്‍ എന്ന് ഔദ്യോഗിക ഇന്‍സ്റ്റ്ഗ്രാം പേജില്‍ വന്ന കുറിപ്പാണ് ഈ സംശയം ഉയര്‍ത്താന്‍ കാരണം.
വില്യം-കേറ്റ് ദമ്പതികളുടെ മൂന്നു കുട്ടികളുടെയും ജനനസമയത്ത് ലണ്ടനിലെ സെന്റ് മേരിസ് ആശുപത്രിയിലെ സ്വകാര്യ മെറ്റേണിറ്റി യൂണിറ്റിന് മുമ്പില്‍ മാധ്യമങ്ങളുടെ വന്‍പട തന്നെ തടിച്ചു കൂടിയിരുന്നു. കുഞ്ഞ് ജനിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വിടുകയും ചെയ്തിരുന്നു. എന്നാല്‍ മേഗന്‍-ഹാരി ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിന്റെ ജനനം സ്വകാര്യമാക്കി വയ്ക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. കുഞ്ഞ് ജനിക്കുന്നതിന്റെ മുന്നോടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സഹായവും സമ്മാനവും നല്‍കാന്‍ ഇരുവരും പൊതുജനത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു.
മേഗന്റെയും ഹാരിയുടേയും ഈ ഉത്തരവ് നടപ്പിലാക്കിയതായും എന്തൊക്കെയാണ് ചെയ്തത് എന്ന് പൊതുജനങ്ങളോട് വ്യക്തമാക്കുന്നതായുമുള്ള കുറിപ്പാണ് സസെക്‌സ് റോയല്‍ എന്ന ഔദ്യോഗിക ഇന്‍സ്റ്റ്ഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെയാണ് കുഞ്ഞ് ജനിച്ചു എന്ന സംശയം ബലപ്പെട്ടത്. എന്നാല്‍ പതിവുരീതികള്‍ പിന്തുടരേണ്ടതില്ലെന്ന് മേഗന്‍-ഹാരി ദമ്പതികളുടെ തീരുമാനം മൂലം കുഞ്ഞിന്റെ ജനനം എപ്പോള്‍ സ്ഥിരീകരിക്കും എന്നു വ്യക്തമല്ല. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് അവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിക്കാന്‍ അവസരം നല്‍കിയ ശേഷമായിരിക്കും ബക്കിങ്ഹാം പാലസ് കുഞ്ഞിന്റെ ജനന വിവരം ഔദ്യോഗികമായി അറിയിക്കുക.
Content Highlights: Has Meghan Markle already given birth to baby Sussex? New Instagram post sends royal fans into a tizzy