ഡിസൈന്‍ കോണിനായി (ഡിസൈന്‍ കോണ്‍ഫറന്‍സ്) കഴിഞ്ഞദിവസം കോഴിക്കോട് ഒത്തുചേര്‍ന്നവര്‍ക്ക് മുന്നില്‍ കുറെ കുഞ്ഞു കടലാസുതോണികള്‍ നിരന്നു. കളിത്തോണിയും ഡിസൈനും തമ്മിലെന്ത് ബന്ധമെന്ന് ചോദിച്ചാല്‍ ഇടമുണ്ടെന്നുപറയും അതിനുപിന്നിലുണ്ടായിരുന്ന രാധാ ഗോമതി. ഒരുതരത്തില്‍ സ്‌നേഹത്തിന്റെ പൂന്തോണിയാണ് അതെല്ലാം.
പാഴാക്കിക്കളയുന്ന തുണി ഉപയോഗിച്ച് നിര്‍മിക്കുന്ന ബാഗുകളിലൂടെയും ആര്‍ട്ടിസ്റ്റെന്ന രീതിയിലും എഴുത്തുകാരിയായുമെല്ലാം ഭാവംമാറുന്ന രാധയുടെ മറ്റൊരു മുഖമായിരുന്നു അത്.
മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ സാമൂഹികപ്രവര്‍ത്തക ലക്ഷ്മി മേനോന്‍ തുടങ്ങിയ ാമസലളൃശലിറവെശു.ീൃഴ ന്റെ ഒരു തുടര്‍ച്ചയായിരുന്നു രാധാ ഗോമതിയുടെ കുഞ്ഞുതോണി. ടൈകോണ്‍ കേരളയും അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും ചേര്‍ന്നാണ് ഡിസൈന്‍ കോണ്‍ നടത്തിയത്. പ്രളയസമയത്തുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആദരമായിട്ടാണ് നേരത്തേ കടലാസുതോണികള്‍ ചെയ്തത്.
തോണിയില്‍ എന്തുവേണമെങ്കിലും കുറിക്കാം. ഉണ്ടാക്കുന്ന തോണികളെല്ലാം കൊച്ചിയില്‍ ഇന്‍സ്റ്റലേഷനായി കൊണ്ടുപോകുന്നതാണ് പതിവ്. അത് പല രീതിയില്‍ പലയിടങ്ങളില്‍ കലാസൃഷ്ടികളായി മാറുന്നു. ''ലക്ഷ്മി മെയ്ക്ക് ഫ്രന്‍ഡ്ഷിപ്പ് തുടങ്ങിയപ്പോഴാണ് കുഞ്ഞുതോണികളിലേക്കും കടന്നത്. മത്സ്യ ത്തൊഴിലാളികളെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 24 രൂപ വാര്‍ഷിക പ്രീമിയത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി എടുക്കാം. തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചാല്‍ അതിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. സമൂഹത്തിലേക്കുള്ള ആ കരുതലിന്റെ മറ്റൊരു വശമാണിത്'' -രാധാ ഗോമതി പറഞ്ഞു.
ഭാവനാത്മകമായ, ക്രിയാത്മകമായ ചെറിയ ഇടപെടലുകളിലൂടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താമെന്ന് ഇതിനു മുമ്പും പലവട്ടം ഓര്‍മിപ്പിച്ചിട്ടുണ്ട് രാധാ ഗോമതി. പാഴാക്കുന്നതെന്തും ഭാവനാപരമായ ഇടപെടലിലൂടെ പുതിയൊരു സൃഷ്ടിയാകുമെന്ന കാഴ്ചപ്പാടാണ് രാധ എപ്പോഴും മുന്നോട്ടുവെക്കുന്നത്. തയ്യല്‍ക്കടകളില്‍നിന്ന് പുറന്തള്ളുന്ന തുണിക്കഷണങ്ങള്‍ എത്രയെന്ന് ആലോചിച്ചിട്ടുണ്ടോ.
അതെല്ലാം പെറുക്കിയെടുത്താണ് രാധ ബാഗും മൊബൈല്‍ കവറും പൗച്ചുമെല്ലാം ഉണ്ടാക്കിയത്. സുഹൃത്തായ ബിനുഷ ഗാര്‍ബി പാവകളെ സൃഷ്ടിച്ചപ്പോള്‍ അതിനൊപ്പവും കൂടി രാധ. ബാര്‍ബി ഫ്രം ഗാര്‍ബേജ് എന്ന ആശയത്തിന്റെ പ്രതിഫലനമാണ് ഗാര്‍ബി.
ഉപയോഗിക്കാന്‍ പറ്റുന്ന(പിഞ്ഞിക്കീറാത്ത) തുണിയില്‍നിന്നാണ് ഗാര്‍ബിയുണ്ടാക്കിയത്. ഏതാനും മാസം മുമ്പാണ് ഗാര്‍ബി ജനിച്ചത്. ഇതേ ആശയവുമായി സുഹൃത്ത് തോമസ് അഗസ്റ്റിയുമുണ്ട് ഒപ്പം.
ഇത്തരത്തില്‍ പഴയ സാധനങ്ങള്‍ പുതിയതാക്കി മാറ്റുക മാത്രമാണ് രാധയെന്ന് കരുതിയാല്‍ തെറ്റി. 'ഏക്റസ'യിലൂടെ ചുറ്റുവട്ടത്തേക്കിറങ്ങുകയാണ് രാധാ ഗോമതി, ശില്പശാലകള്‍, കലാപ്രദര്‍ശനം അങ്ങനെ പലതരത്തില്‍.
ജോലിയും കുടുംബവുമെല്ലാമാകുമ്പോള്‍ തങ്ങളുടെ ഇഷ്ടങ്ങളെ മനഃപൂര്‍വമോ അല്ലാതെയോ മൂടിവെക്കേണ്ടിവരും പലര്‍ക്കും. 'ഏക്റസ' നടത്തിയ ശില്പശാലകളില്‍ എത്തിയവരില്‍ പലരും അങ്ങനെയുള്ളവരായിരുന്നു. തിയേറ്ററിനെ ആധാരമാക്കിയുള്ള ശില്പശാലയും എഴുത്ത് ശില്പശാലയുമെല്ലാം അതിനുള്ള അവസരമായി. കൊച്ചി കേന്ദ്രീകരിച്ചാണ് കൂടുതലായും പ്രവര്‍ത്തനം.
'സ്ത്രീകളാണ് കൂടുതലായും വൈകാരിക സമ്മര്‍ദത്തിനടിമപ്പെടുന്നത്. അവര്‍ക്കൊരിടം ആവശ്യമാണ്. സ്വയം തിരിച്ചറിയാന്‍. തിയേറ്ററുമായി ഒരു ബന്ധമില്ലാത്തവരായിരുന്നു വന്നത്. പക്ഷേ, അസാധ്യമായിരുന്നു അവരുടെ ചിന്തകള്‍. എഴുത്ത് ശില്പശാലയും വിഭിന്നമായിരുന്നില്ല. അതുകഴിഞ്ഞപ്പോള്‍ തങ്ങളുടെ ചെറിയ സൃഷ്ടികള്‍ പോലും പങ്കുവെക്കാന്‍ അവര്‍ എന്തുമാത്രം ഉത്സാഹം കാണിക്കുന്നുണ്ടെന്നോ. ഒരു ദിവസം പൂര്‍ണമായി വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതു പോലും വലിയ കാര്യമാണ്. അത്തരത്തില്‍ വലിയ ആഹ്ലാദമാണ് ശില്പശാല സമ്മാനിച്ചതെന്നതു തന്നെയാണ് വലിയ നേട്ടം'' -രാധ പറഞ്ഞു.
ആര്‍ട്ടിസ്റ്റുമാര്‍ക്കൊപ്പം ഒരു ക്യുറേറ്ററായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് മറ്റൊരു തരത്തിലുള്ള സന്തോഷമാണ് നല്‍കുന്നതെന്നാണ് രാധ പറയുന്നത്.
ഇത്തരത്തില്‍ രണ്ട് പ്രദര്‍ശനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. ഉള്ളിലുള്ള ആര്‍ട്ടിസ്റ്റിന്റെ സന്തോഷം രാധയുടെ കണ്ണുകളില്‍ നിറഞ്ഞു.
സ്വന്തം ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും ചേര്‍ത്തുവെക്കുന്നതോടൊപ്പം ചുറ്റുവട്ടത്തെയും അതില്‍ കണ്ണിയാക്കുമ്പോള്‍ രാധയുടെ പാത മാറിക്കൊണ്ടേയിരിക്കുന്നു.
Content Highlights: handcrafts