എന്റെ പേര് ഹനീഫ സാറ. അങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എളുപ്പം മനസ്സിലാവണമെന്നില്ല. പക്ഷേ അച്ഛനെതിരെ കേസുകൊടുത്ത തമിഴ് പെണ്‍കുട്ടി എന്നുപറഞ്ഞാല്‍ പലരും എന്നെ തിരിച്ചറിഞ്ഞേക്കാം. 'എന്താ നീ അച്ഛനെ കള്ളക്കേസില്‍ കുടുക്കിയതാണോ' എന്ന് ചോദിച്ചവരുണ്ട്. 'അച്ഛന് തെറ്റ് തിരുത്താന്‍ ഒരു അവസരം കൊടുത്തൂടേ...'എന്ന് പോലീസ് പോലും ചോദിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. ഇത്രയൊക്കെ കേട്ടപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത് എനിക്ക് മനസ്സിലായി, എന്താ ഈ കുട്ടിക്ക് പറ്റിയതെന്നല്ലേ. ഞാന്‍ പറയാം.
തമിഴ്‌നാട്ടിലെ ആമ്പൂര്‍ എന്ന സ്ഥലത്താണ് എന്റെ വീട്. പ്രശസ്തമായ ആമ്പൂര്‍ ബിരിയാണിയുടെ ജന്‍മസ്ഥലം. ജോലാര്‍പേട്ടയ്ക്കും കാട്പാടിക്കും ഇടയിലുള്ള ഗ്രാമം.ദേശീയപാതയ്ക്ക് ചുറ്റിലും താമസിക്കുന്ന നിരവധി കുടുംബങ്ങളിലൊന്നാണ് എന്റേതും. എന്റെ അപ്പ ഇഹ്‌സാനുള്ളയും ഉമ്മ മെഹറീനും പ്രണയിച്ച് കല്യാണം കഴിച്ചതാണ്. അപ്പ ഉമ്മയെ കിട്ടാനായി മതം മാറിയതാണ്. അതോടെ രണ്ടുപേരുംകുടുംബത്തില്‍നിന്ന് പുറത്തായി. ആരും സഹായിക്കാനുമില്ല. അപ്പ ബികോം വരെ പഠിച്ചിട്ടുണ്ട്. പക്ഷേ മുഴുവനാക്കാനായില്ല. മുനിസിപ്പാലിറ്റിയിലൊക്കെ ഓരോ അപേക്ഷകള്‍ എഴുതാന്‍ ആളുകളെ സഹായിക്കും. അതില്‍നിന്നുകിട്ടുന്ന പൈസയാണ് ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനം.
ക്ലാസില്‍ ഒന്നാമതെത്തിയാല്‍ സമ്മാനം
ഞാന്‍ എല്‍.കെ.ജിയില്‍ പഠിക്കുന്ന സമയം. ഞങ്ങളുടെ വീട്ടില്‍ ടോയ്‌ലെറ്റില്ല. നടരാജപുരം ഗ്രാമത്തിലെ ഒറ്റ വീട്ടിലും ടോയ്‌ലെറ്റില്ല. ഇതറിഞ്ഞപ്പോള്‍ സ്‌കൂളിലെ കൂട്ടുകാരൊക്കെ കളിയാക്കും. അത് കേട്ട് പലപ്പോഴും ഞാന്‍ സങ്കടപ്പെട്ടിട്ടുണ്ട്. വീട്ടില്‍ ടോയ്‌ലെറ്റില്ലാത്ത കാര്യം ആരെങ്കിലും അറിയുന്നത് എനിക്ക് നാണക്കേടായിത്തുടങ്ങി. അതുകൊണ്ട് ഞാന്‍ സ്‌കൂളിലൊന്നും അധികം ആരോടും ഈ കാര്യങ്ങള്‍ സംസാരിക്കാറില്ല. പക്ഷേ അന്നേ ഞാന്‍ അപ്പയോട് പറയാറുണ്ട്. 'ഞാന്‍ വലുതായി വരികയല്ലേ. ഇനിയും വെളിയില്‍ പോവാന്‍ പറ്റില്ലല്ലോ.' അപ്പോഴൊക്കെ അപ്പ എന്നെ സമാധാനിപ്പിക്കും. പിന്നാലെ എനിക്ക് വാക്ക് തരും, നീ ക്ലാസില്‍ ഒന്നാമതെത്തിയാല്‍ സമ്മാനമായി ഞാന്‍ ടോയ്‌ലെറ്റുണ്ടാക്കിത്തരാം.' അന്നുമുതല്‍ എല്ലാ ക്ലാസിലും ഞാന്‍ തന്നെയാണ് ഒന്നാമത്.
Content Highlights: Girl Power, Star kid