ഉന്തുവണ്ടിയിൽ കയറ്റുന്ന പോർട്ടർ ഗീത
കൊയിലാണ്ടി: ബോഗികളില്‍നിന്ന് അമ്പതും അറുപതും കിലോയുള്ള ചാക്കുകെട്ടുകള്‍ ഒറ്റയ്ക്ക് ഇറക്കി മിനിറ്റുകള്‍ക്കിടെ ഉന്തുവണ്ടിയില്‍ കയറ്റി വലിച്ചുകൊണ്ടുപോകും ഗീത. മാരാമുറ്റം തെരുവിലെ പൂണുക്കണ്ടി ഗീത കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ അംഗീകൃത പോര്‍ട്ടറാണ്. പത്തുവര്‍ഷത്തോളമായി ഇവര്‍ ചുമടെടുക്കാന്‍ തുടങ്ങിയിട്ട്. പ്രായം 60 കഴിഞ്ഞെങ്കിലും തീവണ്ടികളുടെ ആവര്‍ത്തിക്കുന്ന കുതിപ്പിലും കിതപ്പിലും ഗീതയ്ക്ക് ഇന്നും മടുപ്പില്ല.
ജീവിതം താങ്ങാനാവാത്ത ഭാരമായി മാറിയതോടെയാണ് പ്രാരാബ്ധങ്ങള്‍ ഇറക്കിവെക്കാന്‍ ഗീത ചുമട്ട് തൊഴിലാളിയുടെ വേഷംകെട്ടിയത്. 40 വര്‍ഷത്തോളം റെയില്‍വേ സ്റ്റേഷനിലെ ചുമട്ടു തൊഴിലാളിയായിരുന്ന ഭര്‍ത്താവ് ബാലന്റെ മരണത്തെത്തുടര്‍ന്നാണ് ഗീതയ്ക്കും പോര്‍ട്ടറാകേണ്ടി വന്നത്.
ഒരുമിനിറ്റ് മാത്രം സ്റ്റേഷനില്‍ നിര്‍ത്തുന്ന വണ്ടിയില്‍ കയറി ചരക്കിറക്കുന്നത് പലപ്പോഴും ഒറ്റയ്ക്കായിരിക്കുമെന്ന് ഗീത പറഞ്ഞു. സമയം വൈകിയാല്‍ പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഗാര്‍ഡുമാര്‍ മറുപടി പറയേണ്ടിവരും. അതുകാരണം അവര്‍ വേഗത്തില്‍ ചരക്കിറക്കാന്‍ പറഞ്ഞുകൊണ്ടേയിരിക്കും.
ബോഗികളില്‍ വരുന്ന മോട്ടോര്‍ സൈക്കിള്‍ പോലും ഇറക്കേണ്ടി വരും. അപ്പോഴൊക്കെ കൈത്താങ്ങാകാന്‍ ആരെങ്കിലുമുണ്ടാകും. തമിഴ്നാട് തൂത്തുക്കുടിയില്‍ നിന്നുളള തൈര് വീപ്പ, മംഗലാപുരം, ഉഡുപ്പി എന്നിവിടങ്ങളില്‍ നിന്നുളള മത്സ്യബന്ധനവലകള്‍, മുംബൈ, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തുണിക്കെട്ടുകള്‍ എന്നിവയെല്ലാം ഇറക്കാനുണ്ടാവും. രണ്ടുവര്‍ഷം മുമ്പ് വരെ വെളുത്തുളളി ചാക്കുകളും വരുമായിരുന്നുവെന്ന് ഗീത പറഞ്ഞു. സ്റ്റേഷനില്‍ ഒരുമിനിറ്റു മാത്രം വണ്ടികള്‍ നിര്‍ത്തുന്നത് കൊണ്ട് തീവണ്ടിമാര്‍ഗമുള്ള ചരക്ക് നീക്കം കുറവാണ്.
തീവണ്ടിയില്‍നിന്ന് ചരക്കിറക്കാന്‍ അംഗീകൃത പോര്‍ട്ടര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. റെയില്‍വേസ്റ്റേഷന് പുറത്തെത്തിച്ചാല്‍ മാത്രമേ ഉടമയ്ക്ക് അത് കൊണ്ടുപോകാന്‍ കഴിയൂ. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട ഇവര്‍ക്ക് താങ്ങായത് റെയില്‍വേ പോര്‍ട്ടറുടെ ജോലിയാണ്. ശാരീരികാധ്വാനം ഏറെ വേണ്ട ഈ ജോലി ആദ്യമൊക്കെ വലിയ പ്രയാസമായിരുന്നുവെന്ന് ഗീത പറയുന്നു. പിന്നീട് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. കൊയിലാണ്ടി സ്റ്റേഷനില്‍ ഗീതയോടൊപ്പം പ്രദീപനെന്ന പോര്‍ട്ടര്‍ കൂടിയുണ്ട്. രണ്ടുപേരും സഹകരിച്ചാണ് ജോലിചെയ്യുക.
മക്കളില്ലാത്ത ഗീത സഹോദരന്മാര്‍ക്കൊപ്പമാണ് കഴിയുന്നത്. പെന്‍ഷനോ, മറ്റ് ആനുകൂല്യങ്ങളോ ഇല്ല. കെട്ടിറക്കിയാല്‍ ഉടമസ്ഥര്‍ നല്‍കുന്ന കൂലി മാത്രമാണ് വരുമാനം. എങ്കിലും ആരോഗ്യം അനുവദിക്കുന്നതുവരെ ഈ തൊഴില്‍ തുടരാനാണ് ഗീതയുടെ ആഗ്രഹം.
Content Highlights: Geetha, Woman porter at Koyilandy