ഒമ്പതുവയസ്സില്‍ റേസിങ് കാറില്‍ ചീറിപ്പാഞ്ഞ മിറ


By ടി.എസ്. ധന്യ

3 min read
Read later
Print
Share

ഇന്ത്യയിലെ ആദ്യത്തെ ഫോര്‍മുല ബി.എം.ഡബ്ല്യു. റേസര്‍... എല്‍.ജി.ബി. റൂര്‍ക്കി ചാമ്പ്യന്‍ഷിപ്പ്....

റേസിങ് കാറില്‍ ചീറിപ്പാഞ്ഞുപോവുമ്പോള്‍ മിറ എര്‍ദയ്ക്ക് ഒമ്പതുവയസ്സാണ് പ്രായം. ഫോര്‍മുല4 കാറോട്ടത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പെണ്‍കുട്ടി. ഇന്ത്യയിലെ ആദ്യത്തെ ഫോര്‍മുല ബി.എം.ഡബ്ല്യു. റേസര്‍... എല്‍.ജി.ബി. റൂര്‍ക്കി ചാമ്പ്യന്‍ഷിപ്പ്....

നൂറോളം കാറോട്ടമത്സരങ്ങളില്‍ പങ്കെടുത്ത് ഇന്ത്യയ്ക്ക് അഭിമാനം സൃഷ്ടിച്ച ആറടിപ്പൊക്കക്കാരി. പതിനഞ്ചാമത്തെ വയസ്സില്‍ ഫോര്‍മുല 4 കാറോട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയതാണീ മിടുക്കിയായ 'സ്പീഡ് ലയണസ്'. മൂന്നുവര്‍ഷമായി ഫോര്‍മുല 4 ല്‍ ചീറിപ്പായുന്ന റേസിങ് കാറുകളിലൊന്നില്‍ മിറയുണ്ട്. ഗുജറാത്ത് സ്വദേശിനിയായ ഈ പ്ലസ്ടുകാരി കാര്‍ റേസിങ് എന്ന തന്റെ പാഷനെക്കുറിച്ച് സന്തോഷം പങ്കുവെക്കുകയാണ്.

ലക്ഷ്യങ്ങളിലേക്ക് ചീറിപ്പാഞ്ഞ് മിറ

മിറയുടെ അച്ഛന്‍ കിറിറ്റിന് ഗുജറാത്തില്‍ ഗോകാര്‍ട്ടിങ് റേസിങ് ട്രാക്കുണ്ട്. മിന്നിപ്പാഞ്ഞ് പോകുന്ന റേസിങ് കാറുകളുടെ ഇരമ്പല്‍ കണ്ടും കേട്ടും വളര്‍ന്ന മിറ കാറോട്ടത്തിലേക്ക് കാലെടുത്തുവെച്ചതില്‍ അടുപ്പമുള്ളവര്‍ അത്ഭുതപ്പെടുന്നില്ല.

റെക്കോഡുകള്‍ സൃഷ്ടിച്ച് കാറോട്ടം തുടരുന്ന മിറയിലവര്‍ നല്ലൊരു റേസറെ കാണുന്നുണ്ട്. മിറയാവട്ടെ ആ ധാരണ ഉറപ്പിക്കുകയും ചെയ്തു. വളരേ ചെറുപ്പത്തില്‍ത്തന്നെ റേസിങ് ട്രാക്കില്‍ അച്ഛന്റെയൊപ്പം കുഞ്ഞുമിറ പോയിത്തുടങ്ങിയിരുന്നു. റേസിങ്ങിനോടുള്ള കമ്പം തലപൊക്കിയപ്പോള്‍ കുഞ്ഞുമിറ കാറുകളുമായി കൂട്ടുകൂടാന്‍ തുടങ്ങി.

അച്ഛന്‍ കിറിറ്റും മിറയുടെ ഇഷ്ടത്തോട് ചേര്‍ന്നുനിന്നു. കാര്‍ റേസിങ് പഠിക്കണമെന്ന മിറയുടെ ആഗ്രഹത്തിനു മുമ്പില്‍ കുഞ്ഞുമിറയ്ക്ക് അച്ഛന്‍ കിറിറ്റ് ഗുരുവായി. പ്രാഥമികപാഠങ്ങള്‍ അങ്ങനെ അച്ഛനില്‍നിന്ന് സ്വായത്തമാക്കി. സ്വന്തം ഗോകാര്‍ട്ടിങ് റേസിങ് ട്രാക്കില്‍ കാറില്‍ അങ്ങനെ ചീറിപ്പാഞ്ഞു. പ്രഥമഗുരു അച്ഛനാണെങ്കിലും പ്രൊഫഷണലായി പരിശീലനം നേടിയെടുത്തു.

നേട്ടങ്ങളുടെ നെറുകയില്‍

അന്തര്‍ദേശീയതലത്തില്‍ ആദ്യമായി ട്രോഫി നേടുന്നത് 2012ലെ യമഗ എസ്.എല്‍. ഇന്റര്‍നാഷണല്‍ ഓള്‍ സ്റ്റാര്‍സ് കാര്‍ട്ടിങ്ങിലാണ്. അഞ്ചാം സ്ഥാനം ലഭിച്ചു. 2011ല്‍ എം.എം.എസ്. ജെ.കെ. ടയര്‍ റോട്ടക്‌സ് റൂക്കി കപ്പില്‍ മൂന്നാം സ്ഥാനം നേടി. ജെ.കെ. ടയര്‍ നാഷണല്‍ റോട്ടക്‌സ് മാക്‌സ് ചാമ്പ്യന്‍ഷിപ്പ് 2011ല്‍ അഞ്ചാംസ്ഥാനക്കാരിയായി. ഈവര്‍ഷംതന്നെ ബെസ്റ്റ് ഇംപ്രൂവ്ഡ് ഡ്രൈവര്‍ ഓഫ് ദി ഇയര്‍ ആയി. 2010ല്‍ ബെസ്റ്റ് ന്യൂ അപ്കമിങ് ഡ്രൈവര്‍ ഓഫ് ദി ഇയര്‍ പട്ടം. ഈവര്‍ഷം മലേഷ്യയില്‍നടന്ന പ്ലസ് യമഹ എസ്.എല്‍. ഇന്റര്‍നാഷണല്‍ ചലഞ്ചില്‍ പങ്കെടുത്തു.

ഇനിയുമേറെ നേടാനുണ്ട്

റേസിങ്ങിലിറങ്ങുമ്പോള്‍ ആ ഒമ്പതുവയസ്സുകാരിയില്‍ ലക്ഷ്യങ്ങള്‍ ഒരുപാടായിരുന്നു. 'എനിക്കു തെളിയിക്കണമായിരുന്നു എന്റെ വഴിയായിരുന്നു ശരിയെന്ന്. പിന്നിട്ട വഴികളിലും നേട്ടങ്ങളിലും താനെന്നും സംതൃപ്തയാണ്. നേട്ടങ്ങള്‍ ഇനിയുമേറെ നേടാനുണ്ട്. അതിനുള്ള കഠിനാധ്വാനത്തിലാണ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുകതന്നെ ചെയ്യും' ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ പ്ലസ്ടുകാരി മിറ പറഞ്ഞു.

കാര്‍ റേസിങ് തന്റെ പാഷനാണ്. ഇതുവരെ 100 റേസുകളിലാണ് മിറ മിന്നിപ്പാഞ്ഞത്. ഗോ കാര്‍ട്ടിങ് റേസില്‍ ആദ്യമായെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയാണ് മിറ.

തനിക്കുശേഷം സ്‌നേഹശര്‍മ എന്ന വനിത രണ്ടുവട്ടം ഗോകാര്‍ട്ടിങ്ങില്‍ മത്സരിച്ചിരുന്നു. ഇപ്പോഴില്ലെന്ന് മിറ. അടുത്തത് അന്തര്‍ദേശീതലത്തിലേക്ക് മത്സരിക്കാനിറങ്ങുകയാണ് മിറ. ഈവര്‍ഷം ബി.എം.ഡബ്ല്യു. മത്സരങ്ങളില്‍ പങ്കെടുക്കും.

ട്രാക്കുകളിലേക്ക് അമ്മയ്‌ക്കൊപ്പം

റേസിങ് ട്രാക്കുകളിലേക്ക് മിറയ്‌ക്കൊപ്പം വരുന്നത് അമ്മ നിമയാണ്. റേസിനിറങ്ങുമ്പോള്‍ മിറയെ 'ഗോ ഫാസ്റ്റ്' എന്നുപറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് അമ്മയാണ്. തനിക്ക് നന്നായി ഡ്രൈവ് ചെയ്യാനാവുമെന്ന് അമ്മയ്ക്ക് ഉറച്ച വിശ്വാസമുണ്ട്. തനിക്കത് പാലിക്കാനുമാവുന്നുണ്ട്. കുടുംബമായാലും കൂട്ടുകാരായാലും അധ്യാപകരായാലും നല്ല പിന്തുണയാണ്.

ഗുജറാത്ത് ന്യൂ ഉര്‍മി കണ്‍സപ്റ്റ് സ്‌കൂളില്‍ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിയാണ് മിറയിപ്പോള്‍. റേസിങ് ട്രാക്കുകളില്‍ വെന്നിക്കൊടി പാറിച്ച മിറ സ്‌കൂളിലും താരമാണ്. പഠനത്തിനും കാര്‍ റേസിലും തുല്യപ്രാധാന്യമാണ് നല്‍കുന്നത്. പഠനസമയത്ത് റേസിങ് മാറ്റിനിര്‍ത്തും. പഠനത്തില്‍ 75 ശതമാനം മാര്‍ക്ക് വാങ്ങാറുണ്ടെന്ന് മിറ പറഞ്ഞു. ഇന്റീരിയര്‍ ഡിസൈനറായ മൂത്ത സഹോദരന്‍ വ്രജേഷിനൊപ്പമാണ് മോട്ടോര്‍ ഷോയിലെത്തിയത്. കാര്‍ റേസിങ്ങിനായി പ്രത്യേകം ഡയറ്റൊന്നും പാലിക്കാറില്ല. ആരോഗ്യകരമായ ഭക്ഷണം കഴിക്കുമെന്നുമാത്രം. മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അപകടങ്ങളൊന്നും നേരിട്ടിട്ടില്ലെന്ന് മിറ പറഞ്ഞു.

കേരളത്തിലേക്ക് മൂന്നാംവരവ്
കാറോട്ടമത്സരങ്ങളില്‍വെച്ചാണ് റേസിങ് ചാമ്പ്യന്‍ ദില്‍ജിത്തിനെ പരിചയപ്പെടുന്നത്. ഫോര്‍മുല റേസുകളില്‍ പങ്കെടുത്തു തുടങ്ങിയ സൗഹൃദം. ദില്‍ജിത്തുമായുള്ള സൗഹൃദം രണ്ടുതവണ കേരളത്തിലെത്തിച്ചിട്ടുണ്ട് മിറയെ.

ദില്‍ജിത്തിന്റെ വീട് സന്ദര്‍ശിക്കാനായിരുന്നു ആ സന്ദര്‍ശനങ്ങള്‍. മൂന്നാമത്തെ സന്ദര്‍ശനം തേക്കിന്‍കാട് മൈതാനത്ത് ഗവ. എന്‍ജിനീയറിങ് കോളേജ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം നടത്തുന്ന മോട്ടോര്‍ ഷോയിലേക്ക്.

ഫോര്‍മുല കാറുകളില്‍ മിന്നിപ്പായുന്ന മിറയില്‍ കുട്ടിത്തം നിറഞ്ഞ പുഞ്ചിരി മാഞ്ഞിട്ടില്ല. വര്‍ഷങ്ങളുടെ കണക്കുകളെക്കുറിച്ച് ആലോചിച്ചും വിരലിലെണ്ണിയുമെല്ലാം പറഞ്ഞുതരുമ്പോള്‍ ചിരിയായിരുന്നു ആ മുഖത്ത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram