സിനിമയിലെ പുരുഷകഥാപാത്രങ്ങള്‍ ആശ്രമക്കിടാങ്ങളോ?


ശ്രീകാന്ത് കോട്ടക്കല്‍

6 min read
Read later
Print
Share

മതേതര- മാര്‍ക്‌സിസ്റ്റ് -സ്ത്രീപക്ഷ- ആര്‍ഷഭാരത -സംവരണ ദേശീയ കൂട്ടുകള്‍ സമംചേര്‍ത്ത് പാകം ചെയ്യുന്ന കറിയല്ല സിനിമ

കാഡ്ബറി പ്രണയത്തിന്റെയും കങ്കാരുനൃത്തങ്ങളുടെയും കാലത്തിന് മുന്‍പ് ഹിന്ദി സിനിമയില്‍ ഒരു ഘട്ടമുണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു: കുപിത യൗവനത്താല്‍ തീപിടിച്ച വര്‍ഷങ്ങള്‍. യൗവനത്തിന് കോപത്തിന്റെ തീകൊളുത്തിയത് സിനിമാമോഹവും ജീവിതസാധ്യതകളും തേടി മുംബൈയിലെത്തിയ സലിം-ജാവേദ് എന്നറിയപ്പെട്ട യുവദ്വയമായിരുന്നു. ഇന്‍ഡോറില്‍നിന്ന് വന്ന സലിം ഖാനും (ഇന്നത്തെ സല്‍മാന്‍ ഖാന്റെ പിതാവ്) ലഖ്നൗവില്‍നിന്ന് അനാഥനെപ്പോലെ എത്തി, തെരുവോരങ്ങളിലും ഈസ്റ്റ് അന്ധേരിയിലെ മഹാകാളി ഗുഹകളിലും 'പക്കീസ' പിറന്ന കമാല്‍ സ്റ്റുഡിയോയിലും അന്തിയുറങ്ങിയ ജാവേദ് അക്തറും (ശബാന ആസ്മിയുടെ ഭര്‍ത്താവ്, ഫര്‍ഹാന്‍ അക്തറിന്റെ പിതാവ്).

ഇവര്‍ എഴുതിയ സിനിമകളിലെ ഡയലോഗുകളില്‍നിന്നും വെല്‍ഡിങ് യൂണിറ്റില്‍ നിന്നെന്നപോലെ തീ ചിതറി. 'സഞ്ജീര്‍', 'ദീവാര്‍', 'ഷോലെ', 'ഡോണ്‍', 'തൃശ്ശൂല്‍', 'കാലാപത്ഥര്‍', 'ഷാന്‍'... ഇതില്‍ ഷോലെ ലോകസിനിമയിലെതന്നെ അദ്ഭുതമായി. ഗബ്ബര്‍ സിങ് എന്ന കഥാപാത്രം അതുവരെ ഇന്ത്യന്‍ സിനിമ കാണാത്തതരത്തിലുള്ള വില്ലനായി.

കൈയറപ്പുതീര്‍ന്നവനും കണ്ണില്‍ച്ചോരയില്ലാത്തവനുമാണ് ഗബ്ബര്‍ സിങ്. ഗ്രാമ്യവും ക്രൂരവും പലപ്പോഴും ശ്ലീലമല്ലാത്തതുമാണ് അയാളുടെ സംഭാഷണങ്ങള്‍. ഒരിടത്ത് അയാള്‍ പറയുന്നു: ''നോക്ക് പെണ്ണേ, വലിയ നാട്യങ്ങളൊന്നും എന്നോട് വേണ്ട. നിന്റെ വെളുത്ത ശരീരത്തിലെ തൊലി ഓരോന്നോരോന്നായി ഞാന്‍ ചീന്തിയെടുക്കും.'' ഗബ്ബര്‍ സിങ്ങിന്റെ വാക്കുകളെക്കുറിച്ചും പെരുമാറ്റങ്ങളെക്കുറിച്ചും പിന്നീട് ഒരഭിമുഖത്തില്‍ ജാവേദ് അക്തര്‍ പറഞ്ഞു: ''ഗബ്ബറിന് അയാളുടെതായ ഭാഷയുണ്ട്. അയാള്‍ വളര്‍ന്നതും വരുന്നതുമായ പശ്ചാത്തലം വേറെയാണ്. അയാളെ സംബന്ധിച്ച് ആ വാക്കുകള്‍ ക്രൂരമല്ല. മാത്രമല്ല, അതയാള്‍ ആസ്വദിക്കുകയും ചെയ്യുന്നു. വിചിത്രമായ ഒരു ക്രൂരത അയാളുടെ എല്ലാ പെരുമാറ്റങ്ങളിലുമുണ്ട്. അതിനോട് പരമാവധി നീതിപുലര്‍ത്തിയാണ് അവ എഴുതിയിരിക്കുന്നത്. അതുകൊണ്ടാണ് ഗബ്ബര്‍ സിങ് ഇപ്പോഴും ജീവിക്കുന്നത്.''

* * *
മറ്റൊരു സംഭവം പറയാം: പറഞ്ഞത് പ്രശസ്ത ബംഗാളി എഴുത്തുകാരനായ ശങ്കര്‍. അദ്ദേഹത്തിന്റെ 'ജനാരണ്യ', 'ചൗരംഗി', 'എത്ര എത്ര അറിയപ്പെടാത്തവര്‍', 'സീമാബദ്ധ' എന്നിവ വായിച്ച് ആവേശഭരിതനായി കാണാന്‍ ചെന്നതായിരുന്നു ഞാന്‍. ജനാരണ്യ സിനിമയാക്കിയ അനുഭവം ശങ്കര്‍ പറഞ്ഞു. ആദ്യ ചര്‍ച്ചയില്‍ത്തന്നെ സത്യജിത് റായ്, ശങ്കറിനോട് ചോദിച്ചു: ''താങ്കളുടെ നായകന്‍ കൊല്‍ക്കത്താനഗരത്തിന്റെ ഏത് ഭാഗത്തുനിന്നും വരുന്നയാളാണ്?''

നോവല്‍ എഴുതുമ്പോള്‍ ശങ്കര്‍ അതേക്കുറിച്ച് ആലോചിച്ചിട്ടേയില്ലായിരുന്നു. എന്നാല്‍, സിനിമയ്ക്ക് അത് പോര എന്നു പറഞ്ഞ റായ് കാരണവും വ്യക്തമാക്കി: ''കൊല്‍ക്കത്തയുടെ ഓരോ ഭാഗത്തുനിന്നും വരുന്നവരുടെ സംസാരം, പെരുമാറ്റം എന്നിവയില്‍ സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ട്. സംഭാഷണം എഴുതുമ്പോള്‍ അത് വരണം.''

കാര്യത്തിന്റെ ചുരുക്കം ഇത്രയേയുള്ളൂ: മനുഷ്യന്‍ എന്ന സങ്കീര്‍ണ യാഥാര്‍ഥ്യത്തിന്റെ വ്യത്യസ്തതകളുടെ പ്രതിഫലനം എഴുത്തുകാര്‍ എഴുതുന്ന കഥകളിലും കഥാപാത്രങ്ങളിലുമുണ്ടാവും. ഒരിക്കലും അവര്‍ ഒരേ അച്ചില്‍ ഉണ്ടായതാവില്ല. അവരുടെ അകം പുറം വ്യത്യസ്തമായിരിക്കും. ഒരേ സന്ദര്‍ഭത്തില്‍ വ്യത്യസ്ത മനുഷ്യര്‍ വ്യത്യസ്തമായി പെരുമാറുന്നതുപോലെയാണ് കഥാപാത്രങ്ങളും. ഒരിക്കലും അവര്‍ക്ക് ഒരേ നീതിബോധമാവില്ല, ആവുകയുമരുത്. ഒരേ മനുഷ്യന്‍തന്നെ പല മൂഡുകളില്‍ പലതരത്തില്‍ പെരുമാറുന്നു. അപ്പോള്‍ ജീവിതത്തില്‍നിന്നുണ്ടാവുന്ന കഥാപാത്രങ്ങള്‍ അങ്ങനെയാവാതിരിക്കുന്നതെങ്ങനെ?

ചുറ്റിലും വലിയ ബഹളമാണ്: ദേശീയത, രാജ്യസ്‌നേഹം, മതം, സ്ത്രീപക്ഷം, മാര്‍ക്‌സിസം, മതേതരം, സംവരണം, ആര്‍ഷഭാരതം... ഈ ബഹളത്തിനിടയിലൂടെ സര്‍വത്ര ബേജാറായി ഒരു പാവം എഴുത്തുകാരന്‍ പമ്മിപ്പമ്മി കടന്നുപോവുന്നത് കാണാം. അയാള്‍ക്ക് ഒരു കഥയെഴുതണം, നോവലെഴുതണം, സിനിമയുണ്ടാക്കാണം.

പക്ഷേ, എഴുതാന്‍ പേടിയാണ്. ഏത് വാക്കാണ് ശരി, ഏതാണ് അപകടമാവുക എന്നയാള്‍ക്ക് അറിയാന്‍ സാധിക്കുന്നില്ല. കഥാപാത്രങ്ങള്‍ക്ക് മുന്‍വിധികളില്ലാതെ സ്വഭാവം നല്‍കാന്‍ അയാള്‍ക്ക് സാധിക്കുന്നില്ല. പണ്ട് നമ്പൂതിരിയോട് പശുവിനെ തല്ലാന്‍ പറഞ്ഞ അവസ്ഥയായി എഴുത്തുകാരന്റെയും. പശുവിനെ തല്ലുമ്പോള്‍ മര്‍മത്ത് കൊള്ളരുത് എന്നായിരുന്നു തിരുമേനിക്ക് കിട്ടിയ ഉപദേശം. വടിയുമെടുത്ത് വടക്കേപ്പറമ്പില്‍ചെന്ന തിരുമേനി കണ്ടത് പശുവിന്റെ ശരീരത്തില്‍ സര്‍വത്ര മര്‍മം.

വടി ഇറയത്തുവെച്ച് നമ്പൂതിരി പറഞ്ഞവത്രേ: ''ഇതിലും ഭേദം തല്ലാതിരിക്കുകയാണ്.'' അതുപോലെതന്നെയായി എഴുത്തുകാരന്‍. ഭേദം എഴുതാതിരിക്കുകയാണ്, വിചാരണ നേരിടേണ്ടതില്ലല്ലോ. പെരുമാള്‍ മുരുകന്‍ മാത്രമല്ല ആരും എഴുത്ത് നിര്‍ത്തിപ്പോകും; ഇപ്പോള്‍ അടിയന്‍ ചത്തു എന്നുപറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടുപോകും...
* * *
എഴുത്തില്‍ എത്രത്തോളും പുരോഗമനമുണ്ട് എന്നതായിരുന്നു മുന്‍പ് അന്വേഷിക്കപ്പെട്ടിരുന്നത്. തൊഴിലാളിയുടെ വേദന എത്ര കനത്തില്‍ ഒപ്പിയെടുത്തിട്ടുണ്ട്, അവന്റെ വിയര്‍പ്പിന്റെ നനവ് എത്രയുണ്ട് എന്നതിനനുസരിച്ചാണ് കലയുടെ മഹത്ത്വം കൂടുകയും കുറയുകയും ചെയ്യുക. ഈ അടിസ്ഥാനത്തില്‍, സ്വന്തം വീട്ടുകാര്‍കൂടി കേള്‍ക്കാത്ത എഴുത്തുകാര്‍ സൂത്രത്തില്‍ മഹാകവികളായി; നാട് മുഴുവന്‍ അറിയുന്ന എഴുത്തുകാര്‍ എഴുത്തുകാരേ അല്ല, അറുപിന്തിരിപ്പന്മാരാണ് എന്ന് പ്രചരിക്കപ്പെട്ടു. അപ്പോള്‍ പറമ്പില്‍ അധ്വാനിക്കുന്ന കഥാപാത്രങ്ങളെ ഉണ്ടാക്കാന്‍ തുടങ്ങി. തലങ്ങും വിലങ്ങും സാഹിത്യകാരന്മാര്‍.

ആ പുസ്തകങ്ങളെല്ലാം ഇന്നെവിടെ എന്ന് മറ്റൊരു വിഷയവും കിട്ടാതിരിക്കുകയാണെങ്കില്‍ ഏതെങ്കിലും ഗവേഷണ വിദ്യാര്‍ഥിയ്ക്ക് അന്വേഷിക്കാവുന്നതാണ്. പിന്നെ കുറേക്കാലം കഴിഞ്ഞപ്പോള്‍ കലയിലെ വരേണ്യതയും സവര്‍ണതയും തിരയുന്ന സംഘം വന്നു. പിന്നെ അവരുടെ നായാട്ടായിരുന്നു. വീടായ വീട്ടിലെല്ലാം കയറി പോലീസ് റെയ്ഡ് ചെയ്യുന്നതുപോലെ ഇവര്‍ എല്ലാ കലാസൃഷ്ടികളുടെയുമകത്ത് കയറി സവര്‍ണപാത്രങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്ന് തിരഞ്ഞുനോക്കും.

ഒറ്റയൊന്ന് കിട്ടിയാല്‍ മതി പിന്നെ ആ എഴുത്തുകാരന്‍ ആജന്മ സവര്‍ണമൂരാച്ചിയായി. സന്ന്യാസിയെപ്പറ്റിയുള്ള സിനിമയാണെങ്കിലും വാക്കുകളും ബിംബങ്ങളും വളരെ സൂക്ഷിച്ചുപയോഗിക്കണം. ഇല്ലെങ്കില്‍ പിടിക്കപ്പെടും. വാക്കുകളിലെ പ്രയോഗങ്ങള്‍ മാത്രമല്ല, കിണ്ടി, കോളാമ്പി, ആവണപ്പലക, പഴയ മന, ഇടിഞ്ഞുപൊളിഞ്ഞ അമ്പലം, വെറ്റിലമുറുക്കല്‍, കസവുമുണ്ട്, ഒന്നര, ഓഢ്യാണം, നെറ്റിയിലെ കുറി, ചില പേരുകള്‍ എന്നിവയെല്ലാം വരേണ്യതയുടെയും സവര്‍ണതയുടെയും അസഹ്യമായ ചിഹ്നങ്ങളാണ് എന്ന് കണ്ടെത്തപ്പെട്ട് ഗസറ്റില്‍ വിളംബരം ചെയ്യപ്പെട്ടിട്ടുണ്ട്.

വരിക്കാശ്ശേരി മന വഴി പോകുന്നവരെ ആളെ വിട്ടടിപ്പിക്കാന്‍വരെ ശക്തിയുള്ളവരായിരുന്നു ഈ അന്വേഷണസംഘം. വാട്സ് ആപ്പ്-ഫേസ്ബുക്ക് കാലത്തിനും മുമ്പായിരുന്നു മുകളില്‍പ്പറഞ്ഞ രണ്ട് ലോക മഹായുദ്ധങ്ങളും. പത്രമാസികകളായിരുന്നു അന്ന് പടക്കളങ്ങള്‍. എത്ര മഷി, എത്ര സമയം, എത്ര സ്ഥലം ചെലവാക്കി എന്നതിന് കൈയും കണക്കുമില്ല. കലയിലെ വരേണ്യതയും ഫ്യൂഡല്‍ ഭാവങ്ങളും ഒറ്റനോട്ടത്തില്‍ കണ്ടുപിടിച്ച് വിഷമിറക്കുന്ന വൈദ്യന്മാര്‍ ഇപ്പോഴും അവിടവിടെയുണ്ട്. പക്ഷേ, പഴയ ഡിമാന്റില്ല.
* * *
ഫേസ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും ഈ കാലത്ത് സജീവമായത് കലയിലെ സ്ത്രീവിരുദ്ധത കണക്കെടുപ്പാണ്. തൂണിലും തുരുമ്പിലും സ്ത്രീവിരുദ്ധത കണ്ടെത്താം എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. വളരെ സൂക്ഷ്മതയോടെ കണ്ണില്‍ നല്ല എണ്ണതന്നെ ഒഴിച്ച് കാത്തിരുന്നാലേ ഒളിച്ചുകടത്തുന്ന സ്ത്രീവിരുദ്ധത കണ്ടെത്താന്‍ സാധിക്കൂ. സാഹിത്യത്തില്‍ ഇത് കണ്ടെത്തുന്ന ഡിറ്റക്ടീവുകള്‍ മുന്‍പേ സജീവമായിരുന്നെങ്കിലും സിനിമയില്‍ ഇപ്പോഴാണ് ഉഷാറായത്. ഒരുപാട് സിനിമകള്‍ ഇതിനകം ഈ സംഘം പിടികൂടിക്കഴിഞ്ഞു. ഇനിയുമുണ്ട് പിടിക്കാന്‍.

ഇതിനിടെ ചിലത് കണ്ണില്‍പ്പെടാതെ പോയിട്ടുണ്ട്. 'ഒരു വടക്കന്‍ വീരഗാഥ' അതില്‍പ്പെട്ടതാണ്. അതിന്റെ 28-ാമത്തെ സീനില്‍ നമ്മുടെ ചന്തു അരിങ്ങോടരുടെ മകള്‍ കുഞ്ഞിയോട് പറയുന്ന ഒരു ഡയലോഗുണ്ട്. അതിങ്ങനെ: ''മാലോകരുടെ ചോദ്യത്തിനോ നിനക്കോ മറുപടി വേണ്ടത്? പറഞ്ഞുതരാം. നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും കാണാത്തത് കാണും നിങ്ങള്‍ ശപിച്ചുകൊണ്ട് കൊഞ്ചും ചിരിച്ചുകൊണ്ട് കരയും മോഹിച്ചുകൊണ്ട് വെറുക്കും.''

ഈ സ്ത്രീവിരുദ്ധത എത്രത്തോളം ശിക്ഷയ്ക്ക് പാത്രീഭൂതമാണ് എന്നറിയില്ല. ഇന്നാണെങ്കില്‍ ഈ ഡയലോഗ് ഞാന്‍ പറയില്ല എന്ന് ചില നടന്മാരെങ്കിലും പറയുമായിരുന്നു. വേണമെങ്കില്‍ ആംഗ്യഭാഷയില്‍ കാണിക്കാം എന്ന് പറഞ്ഞുകൂടായ്കയുമില്ല. എന്തിനാണ് ചന്തുവിനെക്കൊണ്ട് ഇത്ര കടുപ്പത്തില്‍ സ്ത്രീവിരുദ്ധത പറയിപ്പിച്ചത് എന്നന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, രാത്രി അറയില്‍ വരാന്‍ ഉണ്ണിയാര്‍ച്ച കമ്പത്തോടെ പറഞ്ഞപ്പോള്‍ പാവം ചന്തു കുമരംപുഴ നീന്തിച്ചെന്നു.

കിട്ടിയതോ, തുപ്പല്‍കോളാമ്പികൊണ്ട് മോന്തയ്ക്ക് ഏറ്. അപ്പോള്‍ ഇതില്‍ക്കൂടുതല്‍ ആ സാധു പറഞ്ഞില്ലെങ്കിലേ ഉള്ളൂ. കോളാമ്പിക്ക് പകരം ഒരു കുലപ്പൂവുമായാണ് ചന്തു അറയില്‍ സ്വീകരിക്കപ്പെട്ടതെങ്കില്‍ കളി മാറിയേനേ. ഈ സ്ത്രീവിരുദ്ധ സംഭാഷണവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടില്ല. അല്ലെങ്കില്‍, ഏറ് കിട്ടിയാലും പരമ സാത്വികനായി മാത്രം പെരുമാറുന്നയാളായിരിക്കണം കഥാപാത്രം. എന്നാല്‍ അത്തരം മാനസികാവസ്ഥയില്‍ എത്തിയ ആളുകള്‍ ആരും ഇതുവരെ കാമുകിക്കുവേണ്ടി നെടുംപാതിരയ്ക്ക് പുഴ നീന്താന്‍ പോയതായും കേട്ടിട്ടില്ല.
* * *
ചര്‍ച്ചമുറുകിയപ്പോള്‍ സ്ത്രീവിരുദ്ധത കേസ് അന്വേഷിക്കുന്ന സംഘം നാടെങ്ങും പരതുന്ന കൂട്ടത്തില്‍ രാമായണത്തിലും ഒന്ന് പാഞ്ഞുകയറി വാല്മീകിയ്ക്കും കൊടുത്തു ഒരു അറസ്റ്റ് വാറണ്ട്. തൊണ്ടി ഇതാണ്: രാമനെ മോഹിച്ചുവന്നതിന് ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മൂക്കും മുലയും മുറിച്ചുകളഞ്ഞു. ലക്ഷ്മണനും കടുത്ത സ്ത്രീവിരുദ്ധതയുടെ ആള്‍രൂപം തന്നെ. സംഘം കേസ് ചാര്‍ജ് ചെയ്ത് പോയതിനുശേഷമാണ് രാമായണത്തില്‍നിന്ന് മറ്റൊരു സാധനം ലഭിച്ചത്. അതും സ്ത്രീവിരുദ്ധനായ ലക്ഷ്മണന്റെ വകതന്നെ. സംഗതി ഇങ്ങനെ: സീതാപഹരണം കഴിഞ്ഞിരിക്കുന്നു. അന്വേഷണം തകൃതിയായി നടക്കുന്നു. അപ്പോഴാണ് രണ്ട് കുണ്ഡലങ്ങള്‍ വീണുകിട്ടുന്നത്. അത് സീതയുടെതുതന്നെയോ എന്നറിയാന്‍ ലക്ഷ്മണനോടാണ് ചോദിക്കുന്നത്.

അപ്പോള്‍ ലക്ഷ്മണന്‍ പറയും:
നാഹം ജാനാമി കേയൂരേ
നാഹം ജാനാമി കുണ്ഡലേ
നൂപുരം ത്വഭി ജാനാമി
നിത്യം പാദാഭി വന്ദനാത്

(ജ്യേഷ്ഠപത്നിയുടെ കുണ്ഡലവും കേയൂരവുമൊന്നും എനിക്ക് കണ്ടാല്‍ തിരിച്ചറിയില്ല. അവയിലേക്കൊന്നും ഞാന്‍ നോക്കാറില്ല. നിത്യവും സീതയെ നമസ്‌കരിക്കുന്നതുകൊണ്ട് നൂപുരങ്ങള്‍ കണ്ടാല്‍ തിരിച്ചറിയാം). പാവം ലക്ഷ്മണന്‍ ഇപ്പോള്‍ ഈ ശ്ലോകവുമായി സ്ത്രീവിരുദ്ധതയില്‍നിന്ന് രക്ഷപ്പെടാന്‍ അന്വേഷണസംഘത്തിന്റെ വരാന്തയില്‍ കാത്തുനില്‍ക്കുകയാണ് എന്നറിയുന്നു.

* * *
രസികനായ പോള്‍ സക്കറിയയാണ് ഭാസ്‌കരപ്പട്ടേലരെ സൃഷ്ടിച്ചത്. ഗാന്ധിയനായ അടൂര്‍ ഗോപാലകൃഷ്ണനാണ് 'വിധേയന്‍' എന്ന പേരില്‍ അത് സിനിമയാക്കിയത്. ഇന്നാണ് പട്ടേലരുടെ വരവെങ്കില്‍ അതിര്‍ത്തിയില്‍വെച്ചുതന്നെ പിടിക്കപ്പെട്ടേനെ, സ്ത്രീവിരുദ്ധതയുടെ പേരില്‍. അടിമുടി സ്ത്രീവിരുദ്ധനാണ് അയാള്‍. ഊറുന്ന നോട്ടത്തിലുണ്ട് പെണ്ണിന്റെ ഉടലിനോടുള്ള മദം.

ഇക്കൂട്ടത്തില്‍ സ്ത്രീവിരുദ്ധതയുടെ പേരില്‍ തൂക്കിക്കൊല്ലപ്പെടാന്‍ ഏറെ സാധ്യതയുള്ളയാള്‍ പട്ടേലരാണ്. പക്ഷേ, കൈയില്‍ തോക്കുള്ളതുകൊണ്ടും വെടിവെക്കാന്‍ യാതൊരു മടിയുമില്ലാത്തതുകൊണ്ടും അന്വേഷണസംഘം അങ്ങോട്ടടുക്കാന്‍ സാധ്യതയില്ല. വെടിയുണ്ടയ്ക്ക് സ്ത്രീയെന്നോ പുരുഷനെന്നോ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ഒരു നോട്ടവമില്ല.
* * *
ഇത്തരം ഒരു അന്തരീക്ഷത്തില്‍ സ്വതന്ത്രമായ ഒരു കലാസൃഷ്ടി എങ്ങനെയാണ് സംഭവിക്കുക? ഒരു കലാസൃഷ്ടിയെ അതിന്റെ ആകെത്തുകയില്‍ കാണാതെ അവിടവിടെനിന്ന് വലിച്ചൂരിയ കഷണങ്ങളെവെച്ചാണ് എല്ലാ പ്രത്യയശാസ്ത്രക്കാരും വിലയിരുത്തുന്നത്. ഇതിലും വലിയ മണ്ടത്തരമില്ല. മാത്രമല്ല ഇത് ഏറെ കഷ്ടവുമാണ്.

എഴുതപ്പെടുന്ന കഥാപാത്രങ്ങളെ ഓരോ പ്രത്യയശാസ്ത്രങ്ങളുടെയും സദാചാരശാസ്ത്രങ്ങളുടെയും കുറ്റികളില്‍ തളയ്ക്കാന്‍ ശ്രമിക്കുന്നവര്‍ മനസ്സിലാക്കാത്ത ഒരു പ്രധാനപ്പെട്ട കാര്യം കഥാപാത്രങ്ങള്‍ മനോനിയന്ത്രണം വശമാക്കിയ ആശ്രമക്കിടാങ്ങളല്ല എന്ന കാര്യമാണ്. അതില്‍ കാരുണ്യവാനും കാമിയുമുണ്ട്; സത്യസന്ധനും കള്ളനും കൂട്ടിക്കൊടുപ്പുകാരനും മാവോവാദിയും സര്‍വസംഗപരിത്യാഗിയായ സന്ന്യാസിയും മതപണ്ഡിതനും മന്ത്രവാദിയും കമ്പനി സി.ഇ.ഒ.യും അധോലോകരാജാവും തവളപിടിത്തക്കാരനും ഒരു പണിയുമില്ലാത്തവനും നിരാശാകാമുകനും തോട്ടിയും എല്ലാമുണ്ട്.

അവര്‍ അങ്ങനെ വിഹരിക്കുന്നതാണ് കലയുടെ ഭംഗിയും ആനന്ദവും. അവരെ പ്രത്യേക സ്വഭാവങ്ങളില്‍ പിടിച്ചുകെട്ടുമ്പോള്‍, ഇസ്തിരിയിട്ട വാക്കുകള്‍ മാത്രം അവരുടെ വായില്‍ കൊളുത്തിക്കൊടുക്കണം എന്ന് വാശിപിടിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് പകരം കുറേ റോബോട്ടുകള്‍ മാത്രമേ ശേഷിക്കൂ. ഏറ്റവും നല്ല എല്ലാ സര്‍ഗസൃഷ്ടികളുടെയും പിറകില്‍ വിദൂരത്ത് ഏതോ മലയില്‍പ്പെയ്ത മഴയുണ്ട്. അത് താഴ്വാരങ്ങളിലേക്ക് കുത്തിയൊലിച്ചുവരികയാണ്. അതില്‍ മരവും നരിയും ചളിയും മീനും മരിച്ചടിഞ്ഞ മനുഷ്യനും തകര്‍ന്ന വീടുകളും എല്ലാമുണ്ടാവും...

പ്രകൃതിയെ നമുക്ക് പ്രത്യയശാസ്ത്രത്തിന്റെ മുഴക്കോലുകള്‍വെച്ച് അളക്കാന്‍ സാധിക്കില്ല. അതുപോലെ നല്ല സര്‍ഗസൃഷ്ടികളെയും. അവ സംഭവിക്കട്ടെ. നല്ലത് നിലനില്‍ക്കും. അല്ലാത്തത് ആരുടെയും അധ്വാനമില്ലാതെ കൊഴിഞ്ഞുപോവും. ലോകത്തിന്റെയും മനുഷ്യന്റെയും വ്യത്യസ്തത കലയിലും നിലനില്‍ക്കും. അപ്പോള്‍ മാത്രമേ നമ്മുടെ ആവിഷ്‌കാരസ്വാതന്ത്ര്യവും നിലനില്‍ക്കൂ... അതിന്റെ മോളിലല്ലേ നമ്മുടെ കളി! ഏത്?

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
women

4 min

വൈറലായ വീഡിയോയിലെ ആക്രി വില്‍ക്കുന്ന സ്ത്രീയല്ല, സൂപ്പര്‍ വുമണാണ് സിസിലിയ

Aug 25, 2021


mathrubhumi

4 min

ചുടലഭൂമിയിലെ പാതിരാകളിയാട്ടം , മരിച്ചവരുടെ മണ്ണില്‍ മരിക്കാനിരിക്കുന്നവരുടെ സംഗമം

Feb 6, 2019


mathrubhumi

3 min

ചേലാകര്‍മം, സ്വത്വസംരക്ഷണ തല്പരതയുടെ ഹീനവും സ്ത്രീവിരുദ്ധവുമായ മുഖം

Aug 31, 2017