ആന്‍മരിയ ഇന്നു ജീവിച്ചിരിപ്പില്ല. എന്‍ഡോസള്‍ഫാന്‍ ഇരയാണ് ആന്‍മരിയ എന്ന് അധികൃതര്‍ക്കും സംശയമില്ല. കാരണം അത് സ്ഥിരീകരിക്കുന്ന രേഖകള്‍ ഇന്നും ബാക്കിയുണ്ട്. എന്‍ഡോസള്‍ഫാന്‍ സെല്‍ അധികൃതര്‍ പുതിയ കണക്ക് പറയുകയാണ്, കുഞ്ഞിന്റെ മരണശേഷം.
പത്തുമാസം വയറ്റില്‍ ചുമന്ന് ഏറെ പ്രതീക്ഷയോടെ ഒരുകുഞ്ഞിന് ജന്മം നല്‍കിയ അമ്മ. 12 വര്‍ഷക്കാലയളവില്‍ ഭൂമി സന്ദര്‍ശിച്ച് മടങ്ങിയ ആ കുഞ്ഞിനുവേണ്ടി അമ്മ വാത്സല്യത്തിന്റെ മുലപ്പാല്‍ ചുരത്തി കുറേനാള്‍ കാത്തിരുന്നു. പക്ഷേ ഒരിക്കല്‍പ്പോലും അമ്മിഞ്ഞപ്പാല്‍ നുകരാന്‍ വാ തുറന്നില്ല, ഒരിക്കല്‍ പോലും അമ്മേയെന്ന് വിളിച്ചില്ല. തല വളര്‍ന്ന്, ഓരോ നിമിഷവും എല്ലുകള്‍ തകര്‍ന്ന്, പല്ലുകള്‍ കൊഴിഞ്ഞ് ഒരുതുള്ളി വെള്ളംപോലും ഇറക്കാനാവാതെ ജീവിച്ച ആ കുഞ്ഞ് പൊള്ളുന്ന നൊമ്പരമായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിതച്ച വിപത്തിന്റെ പ്രതീകം. ആ കുഞ്ഞില്‍ ജീവന്റെ തെളിവ് ശ്വാസോച്ഛ്വാസം മാത്രമായിരുന്നു. എല്ലു നുറുങ്ങുന്ന വേദനയിലും അത് ഒന്നുറക്കെ കരഞ്ഞില്ല. വെസ്റ്റ് എളേരി പഞ്ചായത്തിലെ പൊയ്കയില്‍ റെസിമോള്‍ ബാബു എന്ന അമ്മ ആ കുഞ്ഞിനെ ആന്‍ മരിയ എന്ന് വിളിച്ചു. രണ്ട് വര്‍ഷം മുന്‍പ് ആന്‍മരിയ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി, അമ്മയ്ക്ക് വേദനമാത്രം ബാക്കിയായി.
റെസിമോള്‍ ബാബു ഇപ്പോള്‍ ഒരു വേദനകൂടി നേരിടുന്നു. ശ്വാസം മാത്രമുണ്ടായിരുന്ന, മനുഷ്യസാദൃശ്യമില്ലാതിരുന്ന ആന്‍മരിയയുടെ ചികിത്സയ്ക്കായി എടുത്ത ബാങ്ക് വായ്പ ഇപ്പോള്‍ ജപ്തിയായി തലയ്ക്കുമുകളില്‍ നില്‍ക്കുകയാണ്. കാനറ ബാങ്ക് ചിറ്റാരിക്കാല്‍ ശാഖയില്‍ 2,03,000 രൂപയും സ്റ്റേറ്റ് ബാങ്ക് കടുമേനി ശാഖയില്‍ 69,000 രൂപയുമുണ്ട് കടം. പണമടച്ചില്ലെങ്കില്‍ ജപ്തിയാണെന്ന് മുന്നറിയിപ്പും ലഭിച്ചുകഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കടം എഴുതിത്തള്ളുമെന്ന സര്‍ക്കാര്‍ വാക്ക് എവിടെ?
ജീവിച്ചിരുന്നപ്പോഴും പട്ടികയ്ക്ക് പുറത്ത്
പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എ.ടിഎം. കാര്‍ഡും പാസ്ബുക്കുമെല്ലാം ആന്‍മരിയക്ക് കിട്ടിയത് ഈ അമ്മയുടെ കൈയിലുണ്ട്. കാര്‍ഡില്‍ ആ കുഞ്ഞിന്റെ ചുണ്ടൊപ്പുമുണ്ട്. ഇതൊന്നും കള്ളമല്ല. പക്ഷേ അന്നും അധികൃതരുടെ പട്ടികയില്‍ ആന്‍മരിയ ഇല്ലായിരുന്നു. 2011 ഓഗസ്റ്റില്‍ കാഞ്ഞങ്ങാട്ട് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തതാണ് ഈ കുട്ടി. അന്ന് കളക്ടറേറ്റില്‍നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ലഭിച്ച ഉത്തരവനുസരിച്ചാണ് കുഞ്ഞിന് എ.ടി.എം. കാര്‍ഡും പാസ്ബുക്കും നല്‍കിയതെന്ന് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ അധികൃതര്‍ പറയുന്നു. എന്നിട്ടും ആന്‍മരിയ പട്ടികകയ്ക്ക് പുറത്തുതന്നെയായിരുന്നു.
ജീവിക്കാന്‍ മറ്റു വഴികളില്ലാത്ത, കയറിക്കിടക്കാന്‍ സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്ത റെസിമോള്‍ സ്വന്തം അച്ഛന്റെ സംരക്ഷണയില്‍ കഴിയുമ്പോഴും സര്‍ക്കാര്‍ ഓഫീസുകള്‍ തോറും കുഞ്ഞുമായി കയറിയിറങ്ങി. അവസാനം പട്ടികയില്‍ പേരില്ലെങ്കിലും എല്ലാ ആനുകൂല്യവും ആന്‍മരിയക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്ന് കാണിച്ച് 2014 ഒക്ടോബര്‍ ഒന്നിന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കി. ആന്‍മരിയക്ക് വേണ്ടിമാത്രം. ആ ഉത്തരവിലും റേഷന്‍കാര്‍ഡിലും എല്ലാം കുഞ്ഞിന്റെ മേല്‍വിലാസമെല്ലാം അന്നും ഇന്നും കുഞ്ഞിന്റെ അമ്മയുടെ അച്ഛന്റെ പേരിലാണ്. കുഞ്ഞിനെ നോക്കാനുള്ള സൗകര്യത്തിന് സ്വന്തം വീട്ടിലായിരുന്നു റെസിമോളുടെ താമസം. കുറച്ചുനാള്‍ ആന്‍മരിയക്ക് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കിട്ടുന്ന സഹായം കിട്ടി. പക്ഷേ, കുഞ്ഞിനുവേണ്ടിയെടുത്ത കടം ജപ്തിയോളം എത്തിനില്‍ക്കുന്നു.
ഇനി ഞാന്‍ ആത്മഹത്യ ചെയ്യണമെന്നാണോ?
കുഞ്ഞിന്റെ അമ്മയുടെ അച്ഛന്റെ പേരിലാണ് കടമെന്ന് പറഞ്ഞ് എന്‍ഡോസള്‍ഫാന്‍ സെല്ലിലെ അധികൃതരും ജില്ലാ ഭരണകൂടവും ഇന്ന് റെസിമോളെ കൈയൊഴിയുകയാണ്. മേല്‍വിലാസത്തിന്റെ പേരുപറഞ്ഞ് ജില്ല എന്‍ഡോസള്‍ഫാന്‍ സെല്ലിലുള്ളവര്‍ ഈ അമ്മയെ പീഡിപ്പിക്കുമ്പോള്‍ അറിയുക: അങ്ങനെയെങ്കില്‍ ഇതിനുമുന്‍പും ആന്‍മരിയക്ക് ആനുകൂല്യം കിട്ടിയതൊക്കെ ഇതേ മേല്‍വിലാസത്തിലായിരുന്നു. അച്ഛന്റെയോ അമ്മയുടെയോ പേരില്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലെങ്കില്‍ പിന്നെ വായ്പയെടുക്കാന്‍ മറ്റാരെയെങ്കിലും ആശ്രയിക്കാതെ എന്തുചെയ്യാനാണ് ഇവര്‍.
ആന്‍മരിയയുടെ കടമെഴുതിത്തള്ളാന്‍ തിരുമാനിച്ചുവെന്ന് പറഞ്ഞ് കളക്ടറേറ്റില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഇറക്കിയ ഉത്തരവ് വെറുതെ ആയിരുന്നോ. എല്ലാ രേഖകളും റെസിമോളുടെ കൈയിലുണ്ട്. കളക്ടറേറ്റില്‍നിന്നും സെല്ലില്‍നിന്നും കൊടുക്കേണ്ട റിപ്പോര്‍ട്ടുകള്‍ സമയകാലാവധി കഴിഞ്ഞിട്ടും അവിടത്തെ അധികൃതര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൊടുക്കാന്‍ കൂട്ടാക്കാത്തതാണ് ഇന്ന് ജപ്തിഭീഷണി നേരിടാന്‍ കാരണമെന്നാണ് റെസിമോള്‍ പറയുന്നത്.
''... സങ്കടം പറഞ്ഞ് കയറിച്ചെല്ലാന്‍ ഇനി ഒരു ഓഫീസുമില്ല. മോളുണ്ടായിരുന്നപ്പോള്‍ വയ്യാത്ത ആ കുഞ്ഞിനെയും കൊണ്ട് ഞാന്‍ ഓഫീസുകള്‍ കയറി ഇറങ്ങി. എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിനുശേഷം കളക്ടറെ കാണാന്‍ പോയപ്പോള്‍ നിങ്ങള്‍ക്ക് ഇനി ഒന്നും കിട്ടാനാല്ലെന്ന് പറഞ്ഞ് ഇറക്കിവിട്ടു. സെല്ലിലേക്ക് വിളിച്ചപ്പോള്‍ തരാനുള്ളതെല്ലാം തന്നുവെന്നും കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്റെ അഞ്ചു ലക്ഷം രൂപ കിട്ടിയില്ലേ അതേ ഒള്ളുവെന്ന് പറഞ്ഞ് പരിഹസിക്കുന്നു.. ഇനി ഞാന്‍ ആത്മഹത്യ ചെയ്യണോ? വേറെ വഴിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ എരക്കണത് ...'' റെസിമോള്‍ പൊട്ടിക്കരഞ്ഞു.
Content Highlights: endosulfan victim ann maria bank loan